മ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റെതായ ധര്‍മങ്ങളുണ്ട്. ഒരു വ്യക്തിയുടെ കണ്ണുകള്‍ അവരുടെ ആത്മാവിലേക്കുള്ള  ജാലകമാണെന്ന് അനേകര്‍ കരുതുന്നു. കണ്ണുകള്‍ പോലെതന്നെ അത്യന്തം മുഖ്യമായ ഒന്നാണ് അധരങ്ങള്‍. കണ്ണുകള്‍ നോക്കി അസുഖങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുന്നതുപോലെ, ചുണ്ടുകളിലൂടെയും ആരോഗ്യത്തെ വിലയിരുത്താന്‍ കഴിയും.
ശരിയായ രീതിയില്‍ സമീകൃതാഹാരം കഴിക്കുന്നതുവഴി നമ്മുടെ ചുണ്ടുകള്‍ക്ക് വേണ്ട പോഷകങ്ങള്‍ ലഭിക്കുകയും അതുവഴി ആരോഗ്യഗുണങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
ചുണ്ടുകളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ജീവകങ്ങളാണ് -വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ. ഇവ എങ്ങനെയെന്ന് നോക്കാം. 
 
വിറ്റാമിന്‍ എ
രോഗപ്രതിരോധ ശക്തി വര്‍ധിക്കുന്നതോടെ വിറ്റാമിന്‍ എ ചില രോഗങ്ങള്‍, വിഷവസ്തുക്കള്‍, വൈറസ്, അണുബാധകള്‍ എന്നിവയ്‌ക്കെതിരേ ചുണ്ടുകളെ സംരക്ഷിക്കും. വൈറസ് അണുബാധകള്‍ ചുണ്ടുകളെ ഉണങ്ങിയ അവസ്ഥയില്‍ എത്തിക്കുകയും അതുവഴി വിണ്ടുകീറുന്നതിലേക്ക് വഴിതെളിക്കുകയും ചെയ്യും.  വിറ്റാമിന്‍ എ-യുടെ മറ്റൊരു ധര്‍മം ചുണ്ടിനു വേണ്ടുന്ന ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ട നൈസര്‍ഗികമായ എണ്ണ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക എന്നതാണ്. മഞ്ഞ പച്ചക്കറികള്‍ (മത്തങ്ങ, സ്‌ക്വാഷ്, സ്വീറ്റ് ഉരുളക്കിഴങ്ങ്, കാരറ്റ്), ബ്രൊക്കോളി, കേല്‍ (ഗമഹല) തുടങ്ങിയ ബീറ്റ കരോട്ടീനുകളില്‍ അടങ്ങിയിട്ടുള്ള ആഹാരങ്ങളില്‍ വിറ്റാമിന്‍ എ ഉണ്ട്.
 
വിറ്റാമിന്‍ സി
ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ശരീരത്തിന് വേണ്ടത്ര വിറ്റാമിന്‍ സി എത്തിക്കുന്നത്. ചര്‍മത്തെ തിളക്കമുള്ളതും അയഞ്ഞ ചര്‍മത്തെ ദൃഢീകരിക്കുന്നതും മറ്റും വിറ്റാമിന്‍ സി-യുടെ പ്രവര്‍ത്തനം മൂലമാണ്. ചുണ്ടുകളിലെ മൃദുലതയുടെ കാരണമായ കൊളാജെന്‍ (ഇീഹഹമഴലി) ഉത്പാദിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. 
വിറ്റാമിന്‍ സി ചര്‍മ സംരക്ഷണ വ്യവസായത്തില്‍ ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി അധരത്തില്‍ കൊളാജെന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് ചര്‍മത്തില്‍ സുഗമമായി വര്‍ത്തിക്കുകയും ചെയ്യും. 
ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികള്‍, പപ്പായ, ഓറഞ്ച്, നാരങ്ങ, ബെറികള്‍ എന്നിവ വിറ്റാമിന്‍ സി ശരീരത്തിലെത്തിക്കാന്‍ വളരെ നല്ലതാണ്. ഇവ കഴിക്കുകയാണെങ്കില്‍ നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുകയും അധരങ്ങള്‍ മൃദുലമാകുകയും ചെയ്യും. 
 
Orange
 
 
വിറ്റാമിന്‍ ഇ 
ചുണ്ടുകള്‍ വിണ്ടുകീറുന്നത് മിക്കവാറും കാലാവസ്ഥയിലെ മാറ്റങ്ങളുമായി ചുണ്ടുകള്‍ പൊരുത്തപ്പെടാത്തപ്പോഴാണ്. സൂര്യന്റെ അധിക ചൂട് (സൂര്യതാപം), കൊടും തണുപ്പ് എന്നിവയാണ് ഉദാഹരണങ്ങള്‍. ഇങ്ങനെയുള്ള പരുക്കന്‍ കാലാവസ്ഥ കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിന് വളരെ വേണ്ടപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ഇ. ഫ്രീ റാഡിക്കലുകളുമായി പോരാട്ടം നടത്തി കോശങ്ങളെ സംരക്ഷിക്കുകയും ചുണ്ടുകള്‍ എപ്പോഴും ഉര്‍ജസ്വലതയോടെ, ചുളിവുകളും പാടുകളും ഇല്ലാതിരിക്കാന്‍ വിറ്റാമിന്‍ ഇ ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ബദാം, ചീര, അവകാഡോ, സൂര്യകാന്തി വിത്തുകള്‍  എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 
 
ചുണ്ടുകളിലെ കറുത്ത കലകള്‍ മാറ്റുന്നതിനുള്ള ചില പ്രകൃതിദത്ത പരിഹാരങ്ങള്‍:
 
നാരങ്ങ
നാരങ്ങയില്‍ പ്രകൃതിദത്തമായി ബ്ലീച്ചിങ് നടത്തുന്നതിനുള്ള ഘടകങ്ങളും നിര്‍ജീവ ത്വക്കിനെ നീക്കം ചെയ്യാനുള്ള കഴിവും ഉണ്ട്. പകുതി കഷ്ണം നാരങ്ങയില്‍ ഒരു പഞ്ഞി മുക്കി അത് ചുണ്ടുകളില്‍ തേച്ചുപിടിപ്പിച്ചതിനു ശേഷം മൃദുലമായി മസാജ് ചെയ്യുക. ചുണ്ടുകളില്‍ നിര്‍ജീവ കോശങ്ങളോ, പരുക്കളോ ഉണ്ടെങ്കില്‍ കുറച്ച് പഞ്ചസാര കൂടി നാരങ്ങാ ലായനിയില്‍ ചേര്‍ക്കുകയും അതുകൊണ്ട് നന്നായി മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുകയും ചെയ്യുക. ചുണ്ടുകളിലെ കറുത്ത അടയാളങ്ങള്‍ മാറ്റി സ്വാഭാവികനിറം കൊണ്ടുവരാന്‍ ഇത് സഹായിക്കും. 
 
ബീറ്റ്‌റൂട്ട്
ചുണ്ടുകള്‍ക്ക് നൈസര്‍ഗിക ചുവപ്പുനിറം ലഭിക്കാന്‍ ബീറ്റ്റൂട്ട് അരച്ച് ചുണ്ടില്‍ പുരട്ടുക. ഇങ്ങനെ ചെയ്യുന്നതുവഴി ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍ (ആലമേിശി), വള്‍ഗാസേന്തിന്‍ (vulgaxanthin) എന്നിവ ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുകയും ചുണ്ടുകളിലെ ഇരുണ്ടനിറം കുറയ്ക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
 
വെളിച്ചെണ്ണ
പ്രകൃതിദത്ത മോയ്ചറൈസര്‍ ആണ് വെളിച്ചെണ്ണ. ഇത് അധരങ്ങളുടെ ഈര്‍പ്പം കൂട്ടുകയും അത് മൃദുവാക്കുകയും ചെയ്യുന്നു. ഇത് ചുണ്ടുകളുടെ മൊരിച്ചിലിനെയും വിണ്ടുകീറലുകളെയും നീക്കംചെയ്യുന്നതിന് സഹായിക്കുന്നു. ചുണ്ടുകളിലെ വീക്കം കുറയ്ക്കാനും ഇവ ഫലപ്രദമാണ്.  
 
തക്കാളി
ചുവന്ന തക്കാളി സെലിനിയത്തില്‍ സമ്പുഷ്ടമാണ്. സെലീനിയം എന്നത് വളരെ നല്ല ഒരു ആന്റി ഓക്‌സിഡന്റ് ആണ്. സൂര്യതാപംകൊണ്ട് ഉണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിന് തക്കാളിനീര് വളരെ ഫലപ്രദമാണ്. 
 
ചുണ്ടുകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് മറ്റു ചില പൊടിക്കൈകള്‍
1 . ചുണ്ടുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകം ജലമാണ്. ധാരാളം വെള്ളം കുടിക്കുക എന്നത് ഒരു ശീലമാക്കുക. അത് ആരോഗ്യകരമായ ചുണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും. ശരീരത്തിലെ ജലാംശം ചുണ്ടുകള്‍ക്ക് ചുവന്ന നിറവും  മൃദുലതയും  ഓജസ്സും നല്‍കുന്നു. കാലാവസ്ഥ ഏതുമാകട്ടെ വെള്ളം കുടിക്കാന്‍ മറക്കരുത് . 
2. ചുണ്ടുകള്‍ വിണ്ടുകീറുമ്പോള്‍ നമുക്ക് നാക്കുകൊണ്ട് ചുണ്ട് നനയ്ക്കാനുള്ള ഒരു പ്രവണത തോന്നാറുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ചുണ്ടുകള്‍ കൂടുതല്‍ ഉണങ്ങുകയും അങ്ങനെ കൂടുതല്‍ വിണ്ടുകീറുകയും ചെയ്യും.  
3 സൂര്യതാപം അമിതമായി കൊള്ളുന്നത് ചുണ്ടുകള്‍ക്കും ചര്‍മത്തിനും നല്ലതല്ല. മെലാനിന്റെ അളവ് ശരീരത്തില്‍ കൂടുമ്പോഴാണ് ചുണ്ടുകളുടെ നിറം കൂടുതലും കറുപ്പാകുന്നത്. അതുകൊണ്ട് എസ്.പി.എഫ്. തുടങ്ങിയ സണ്‍സ്‌ക്രീന്‍ അടങ്ങിയ ലിപ് ബാം ഉപയോഗിക്കുക. ഇവ സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചുണ്ടുകളെ രക്ഷിക്കുന്നു.
4. ചായ, കാപ്പി, വെറ്റില മുറുക്കല്‍, പുകവലി എന്നിവയെല്ലാം ചുണ്ടിനെ കറുപ്പിക്കുകയും ചുണ്ടുകളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും.
5. ചുണ്ടുകള്‍ വരണ്ടിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ ശ്രമിക്കുക. സൂര്യതാപം തടയുന്നതിന് മോയ്ചറൈസര്‍, ലിപ് ബാം എന്നിവ ഉപയോഗിക്കുക. 
6. ലിപ്സ്റ്റിക്കുകളും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളും  തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, മികച്ച ഉത്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക.
 
Content Highlights: Health Tips for Lips