ശരീരഭാരം കുറയ്ക്കാനും മലബന്ധത്തെ തടയാനും കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എണ്ണിയാല്‍ തീരത്തത്ര ആരോഗ്യഗുണങ്ങള്‍ ഉള്ള സ്‌നാക്‌സുകളിലൊന്നാണ് കറുത്ത ഉണക്കമുന്തിരി.

കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ആയുര്‍വേദ ഡോക്ടറായ ഡോ. ദിക്‌സ ഭാവ്‌സര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പ് നോക്കാം.

അസ്ഥിക്ഷയത്തിന്റെ(ഓസ്റ്റിയോപോറോസിസ്) ആഘാതം കുറയ്ക്കുന്നു

പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ എന്നിവയുടെ കലവറയാണ് കറുത്ത ഉണക്കമുന്തിരി. കാല്‍സ്യത്തിന്റെ ഉയര്‍ന്ന അളവ് എല്ലുകളെ ബലപ്പെടുത്തുന്നതിനൊപ്പം അസ്ഥിക്ഷയം തടയുകയും ചെയ്യുന്നു. 

മുടികൊഴിച്ചില്‍ കുറയ്ക്കുന്നു

കറുത്ത ഉണക്കമുന്തിരി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനൊപ്പം പുതിയ മുടിയിഴകള്‍ വളരാനും സഹായിക്കുന്നു. തണുപ്പുകാലത്തെ മുടികൊഴിച്ചില്‍ ചെറുക്കുന്നതിന് കറുത്ത ഉണക്കമുന്തിരി ശീലമാക്കിയാല്‍ മതി. ഉണക്കമുന്തിരിയിലുള്ള അയണും വിറ്റാമിന്‍ സിയും ഭക്ഷണത്തിലൂടെയും മറ്റും ലഭിക്കുന്ന ധാതുക്കള്‍ വളരെ വേഗത്തില്‍ ആഗിരണം ചെയ്യാനും മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്നു.

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

കറുത്ത ഉണക്കമുന്തിരിയിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. 

മലബന്ധം തടയുന്നു

കറുത്ത ഉണക്കമുന്തിരിയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം തടയാന്‍ സഹായിക്കുന്നു.

വിളര്‍ച്ച തടയുന്നു

ഉണക്കമുന്തിരിയിലെ അയണിന്റെ സാന്നിധ്യം വിളര്‍ച്ച തടയുന്നു. ഒരു പിടി കറുത്ത ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.

ഇതിനുപുറമെ ആര്‍ത്തവകാലത്തെ ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും രക്തത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കറുത്ത ഉണക്കമുന്തിരി മികച്ചതാണ്.

Content highlights: health benefit of black raisins, Prevent hair fall, Anemia