ഴകുള്ള ഇടതൂര്‍ന്ന തലമുടി ഏതൊരു പെണ്ണിന്റെയും സ്വപ്‌നമാണ്. നീളമിത്തിരി കുറഞ്ഞാലും കുഴപ്പമില്ല, ഉള്ളുള്ള മുടി വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. താരനും മുടികൊഴിച്ചിലും മുടിയുടെ സ്വഭാവവും എന്നുവേണ്ട പാരമ്പര്യം വരെ ഈ ആഗ്രഹത്തിന് എതിര് നില്‍ക്കുന്ന അവസ്ഥയുണ്ടാവുമ്പോഴാണ് ഹെയര്‍ എക്‌സ്റ്റന്‍ഷനുകളെക്കുറിച്ച് സുന്ദരിമാര്‍ ചിന്തിച്ചു തുടങ്ങുക. പലതരം ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പഴമക്കാര്‍ ഉപയോഗിച്ചിരുന്ന വെപ്പ്മുടിയുടെ ആധുനിക വകഭേദദങ്ങളാണ് ഈ ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍.

ഫാഫ് വിഗ്ഗ്

മുടിക്ക് കനമോ നീളമോ തീരെ ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ളതാണിത്. വിവാഹനിശ്ചയത്തിനോ വിരുന്നിനോ വേണ്ടി ഒരുങ്ങുമ്പോള്‍ ഹാഫ് വിഗ് സ്റ്റൈലായിരിക്കും മിക്കവരും താല്പര്യപ്പെടുക. ഇവ ഉപയോഗിക്കുമ്പോള്‍ നെറ്റി മുതല്‍ പിന്നിലേക്ക് ചെവി വരെ സ്വന്തം മുടി തന്നെ പുറത്ത് കാണാം. പിന്നിലുള്ള മുടി ഉയര്‍ത്തി ചുറ്റിക്കെട്ടി വയ്ക്കും. ഇതിന് ചുറ്റുമായാണ് ഹാഫ് വിഗ്ഗ് ഹെയര്‍ പിന്‍ ചെയ്ത് വയ്ക്കുന്നത്. ശേഷം മുന്‍വശത്തെ മുടിയിഴകള്‍ വിഗ്ഗിന് മീതേയും വശങ്ങളിലേയ്ക്കുമായി ക്രമീകരിക്കാം. 

പാച്ചസ്

നീളം കുറവുള്ള മുടിക്ക് ചേരുന്ന എക്സ്റ്റന്‍ഷന്‍ ഹെയറാണിത്. ഇവ ഉപയോഗിക്കാനും എളുപ്പമാണ്. കുറച്ച് മുടിയെടുത്ത് പിറകില്‍ കെട്ടിവയ്ക്കുക. ബാക്കി മുടിയില്‍ എക്സ്റ്റന്‍ഷനിലെ ജംപ് ക്ലിപ് ഉറപ്പിക്കുക.

hair
photo/ebay.com

പോണിടെയില്‍ ആന്ററ് ക്രാബ് ക്ലിപ്

പ്രായം കുറഞ്ഞവര്‍ക്ക് പോണിടെയില്‍ എക്‌സ്‌റ്റെന്‍ഷന്‍ നന്നാവും. പുറകിലെ മുടി മുകളില്‍ മധ്യത്തിലായി കുറച്ച് മാത്രമെടുത്ത് ചെറിയ പോണിയാക്കി കെട്ടുന്നു. ഇതിന് ചുറ്റുമായി പോണിടെയില്‍ എക്‌സ്റ്റന്‍ഷന്‍ ബാന്‍ഡ് മുറുക്കെ കെട്ടുന്നു. മുടികുറവുള്ള മുതിര്‍ന്നവര്‍ക്കാണ് ക്രാബ് ക്ലിപ്് ചേരുക. പിന്നില്‍ മുടി ചുറ്റിക്കെട്ടി പൂവ് പോലെയുള്ള ക്രാബ് ക്ലിപ് മുടി അമര്‍ത്തിവയ്ക്കാം. 

പെര്‍മനന്റ് ഹെയര്‍ എക്സ്റ്റന്‍ഷന്‍

താല്ക്കാലികമായും സ്ഥിരമായും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഹെയര്‍ എക്‌സ്റ്റന്‍ഷനുകളുണ്ട്. പെര്‍മനന്റ് ഹെയര്‍ എക്സ്റ്റന്‍ഷനാണ് സ്ഥിരമായ രീതി. ഇത് പ്രൊഫഷണല്‍ ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ സഹായത്തോടെ ചെയ്യാം. മറ്റുള്ള ഹെയര്‍ എക്‌സ്റ്റന്‍ഷനുകളില്‍ കൃത്രിമമുടി ഉപയോഗിക്കുമ്പോള്‍ പെര്‍മനന്റില്‍ സ്വാഭാവികമായ മുടി തന്നെ ഉപയോഗിക്കുന്നു. 

hair
photo/ebay.com

ഹെയര്‍ തിരഞ്ഞെടുക്കുമ്പോള്‍

100 ശതമാനം സ്വാഭാവികമായ മുടിയാണോ അതോ കൃത്രിമ മുടിയാണോ എന്ന് നോക്കുക. സ്വാഭാവിക മുടിക്ക് വിലക്കൂടുതലുണ്ട്.
സിന്തറ്റിക് ഹെയറില്‍ ചൂട് തട്ടാന്‍ പാടില്ല. ഡ്രയര്‍ ഉപയോഗിച്ചാല്‍ ഇവയുടെ ഗുണം പോവും. ഓരോ തവണയും ഉപയോഗത്തിന് ശേഷം ചീകി വൃത്തിയാക്കി സൂക്ഷിക്കണം.
സ്വന്തം മുടിയെക്കാള്‍ ഭാരക്കൂടുതലുള്ള വെപ്പുമുടി ഉപയോഗിക്കരുത്. അത് മുടി പൊട്ടാന്‍ ഇടയാക്കും.
വെപ്പ്മുടി വൃത്തിയാക്കാന്‍ പരന്ന വീതിയുള്ള പാഡില്‍ഡ് ബ്രഷ് ഉപയോഗിക്കുക