നീണ്ട് ഇടതൂര്‍ന്ന മുടിയോടുള്ള ഇഷ്ടം ഇപ്പോഴും നമ്മുടെ ഉള്ളിലുണ്ട്. പണ്ടൊക്കെ ഷാംപൂവിന് പകരം നല്ല നാടന്‍ ചീവയ്ക്ക പൊടിയോ ചെമ്പരത്തി ഇലയും താളിയും ചേര്‍ത്തു ചതച്ചു വെള്ളത്തില്‍ പതപ്പിച്ചതോ ഒക്കെ മുടിയില്‍ തേച്ചു കഴുകിക്കളയും. ഷാംപൂവിനേക്കാള്‍ പതിന്മടങ്ങു ഫലം തരുമായിരുന്നു ഈ പ്രകൃതിദത്ത കൂട്ടുകള്‍. പഴയകാലത്തെ ഇത്തരം ചില അപൂര്‍വ ഔഷധക്കൂട്ടുകള്‍ ഒന്നു പരീക്ഷിച്ചുനോക്കാം.
1. തൈലധാര- വൈദ്യനിര്‍ദേശ പ്രകാരം ഉചിതമായ തൈലമോ എണ്ണയോ കൊണ്ട് ധാര ചെയ്യാം.
2. വെളിച്ചെണ്ണയില്‍ ബ്രഹ്മിയും കറിവേപ്പിലയും ഇട്ട് കാച്ചി എണ്ണ തേച്ചാല്‍ മുടി വളരും. പേനും മാറും. മുടിക്കു നല്ല കറുപ്പു കിട്ടാനും ഇതു നല്ലതാണ്.
3. നീല അമരിനീര്, കഞ്ഞുണ്ണി നീര്, നെല്ലിക്ക നീര് ഇവയോടൊപ്പം ഇരട്ടി മധുരം പൊടിച്ച് വെള്ളത്തില്‍ കലക്കി പേസ്റ്റു രൂപത്തിലാക്കിയതും അഞ്ജനക്കല്ല് പൊടിച്ചതും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ കാച്ചുക. ഈ എണ്ണ മുടി കറുത്തു തഴച്ചു വളരാന്‍ ഏറെ നല്ലതാണ്.
4. നെല്ലിക്ക, താമരയില, എള്ള്, ഇരട്ടിമധുരം എന്നിവ പച്ചവെള്ളത്തില്‍ അരച്ച് ഹെയര്‍പാക്ക് ആയി ഇടാം.
5. വൈദ്യനിര്‍ദേശ പ്രകാരം ഭൃംഗരാജ ഓയില്‍, നീലി ഭൃംഗാദി ഓയില്‍, ബ്രഹ്മി-അംല ഓയില്‍ എന്നിവ ഉപയോഗിക്കാം.
6. കായം കലക്കിയ വെള്ളത്തില്‍ തുടര്‍ച്ചയായി മൂന്നുദിവസം മുടി കഴുകുക. മുടിക്കായ കുറയും.
7. അയ്യപ്പാല കേരതൈലം, ദുര്‍ദുരപത്രാദിതൈലം, കേര തൈലം, ദുര്‍വാദിതൈലം എന്നിവയിലേതെങ്കിലും ഒന്ന് മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകാം. ഇങ്ങനെ അടുപ്പിച്ചു ചെയ്താല്‍ താരന്‍ മാറും.
8. ആഴ്ചയില്‍ ഒരിക്കല്‍ ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ മുടി കഴുകുക കൂടി ചെയ്താല്‍ താരന്‍ മാറിക്കിട്ടും. കഴിവതും ഹെയര്‍ ഡ്രയര്‍ ഒഴിവാക്കുക.
10. അശ്വഗന്ധ പൗഡര്‍ മൂന്ന് ടേബിള്‍സ്പൂണ്‍, ഉണക്കിയ നെല്ലിക്കാപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍, ആറ് ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുപ്പത് മിനുട്ടിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നു ദിവസം ഇങ്ങനെ ചെയ്യാം.
ഹെയര്‍പാക്ക്
1. നെല്ലിക്ക പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ തലയില്‍ മുപ്പത് മിനുട്ട് തേച്ചു പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ മൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.
2. ഒരുപിടി ആര്യവേപ്പില രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുക്കുമ്പോള്‍ ഷാംപൂവിട്ട് വൃത്തിയാക്കി മുടി ഇതുകൊണ്ട് കഴുകുക.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: hair care tips home remedies