എണ്ണമയമുള്ള തലയോട്ടിയും വരണ്ട മുടിയുമുള്ള അവസ്ഥയാണെങ്കില്‍ ആ മുടി കോമ്പിനേഷന്‍ ഹെയര്‍ എന്നാണ് അറിയപ്പെടുക. ഇത്തരം അവസ്ഥയിലുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വേണം നല്ലൊരു ഷാംപൂ
മുടിയെ മിനുസമാക്കുകയും അതേസമയം തന്നെ തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്ന തരത്തില്‍ നല്ലൊരു ഷാംപൂ ഉപയോഗിക്കണം. മുടിയുടെ വേരുകളില്‍ നിന്നും അറ്റം വരെ സെബം എത്താത്തതിന്റെ ഫലമാണ് കോമ്പിനേഷന്‍ ഹെയര്‍. അതിനാല്‍ തലയോട്ടി എപ്പോഴും എണ്ണമയമുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. അപ്പോള്‍ മുടിക്ക് നിര്‍ജ്ജലീകരണം ഉണ്ടാവില്ല. തിളക്കം മങ്ങുകയും ഇല്ല.
ഷാംപൂ ഉപയോഗിക്കുന്ന രീതി മാറ്റണം
ആവശ്യത്തിന് വേണം മുടി കഴുകാന്‍. അമിതമായി കഴുകരുത്. അമിതമായി കഴുകുന്നത് മുടി കേടാകാന്‍ ഇടയാക്കും. തലയോട്ടിയില്‍ നേരിട്ടും മുടിയിഴകളില്‍ നേര്‍പ്പിച്ചുമാണ് ഷാംപൂ പുരട്ടേണ്ടത്.
കണ്ടീഷണര്‍ ഉപയോഗിക്കണം
മുടിയുടെ മാര്‍ദവം നഷ്ടപ്പെടാതിരിക്കാന്‍ മുടി കണ്ടീഷനിങ് ചെയ്യുന്നത് നല്ലതാണ്. മുടി വരണ്ടുപോകാതിരിക്കാന്‍ ഇത് നല്ലതാണ്. മുടി പിഴിഞ്ഞ് വെള്ളം നീക്കിയശേഷം മുടിയുടെ മധ്യഭാഗത്തു നിന്ന് താഴേക്ക് കണ്ടീഷണര്‍ പുരട്ടി രണ്ട് മിനിറ്റിന് ശേഷം വെള്ളമൊഴിച്ച് കഴുകണം.
മുടിയ്ക്ക് അമിതമായി ചൂടേല്‍പിക്കരുത്
കടുത്ത ചൂടില്‍ ബ്ലോ ഡ്രൈയിങ് ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും. ചൂടേല്‍ക്കുമ്പോള്‍ മുടി വരണ്ടതായി മാറും. ഒപ്പം തലയോട്ടിയിലെ എണ്ണമയത്തിന്റെ തോത് കൂടുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ ഡ്രൈയിങ് ചെയ്യുന്നതിന് മുന്‍പ് ഒരു പ്രൊട്ടക്ടര്‍ പുരട്ടേണ്ടതുണ്ട്.
മുടി ചീകുമ്പോള്‍ ശ്രദ്ധിക്കണം
മൃദുവായ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ചുവേണം മുടി ചീകാന്‍. ഇതുവഴി ശിരോചര്‍മത്തില്‍ നിന്നും സെബം മുടിയുടെ വേരുകളിലേക്ക് ഇറങ്ങാന്‍ സഹായിക്കും. ഇത് തലയോട്ടിയില്‍ എല്ലായിടത്തും, മുടിയില്‍ മുഴുവനായും എണ്ണമയം ബാലന്‍സ് ചെയ്യാന്‍ സഹായിക്കും.
Content Highlights: Hair care tips for combination hair when you have an oily scalp and dry hair end, Beauty, Women