പുറത്തെ ചൂടിലും പൊടിയിലും ചര്‍മസൗന്ദര്യത്തിന് മങ്ങലേറ്റോ. മുഖത്ത് പൊടിയും വിയര്‍പ്പുമടിയുന്നത് മുഖക്കുരു, ചര്‍മത്തിലെ പാടുകള്‍, ചര്‍മത്തില്‍ പൊട്ടലുകള്‍.. എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം ചര്‍മം വേഗത്തില്‍ പ്രായമാകുന്നതിനും വഴിവയ്ക്കും. ഫേഷ്യലും ക്ലീന്‍ അപ്പും ചെയ്യാന്‍ എപ്പോഴും പാര്‍ലറിലേക്ക് ഓടാന്‍ സമയമില്ലെങ്കില്‍ വീട്ടില്‍ തന്നെ ഇവയെല്ലാം ലളിതമായി ചെയ്യാനാവും. 

1. ക്ലെന്‍സിങ്

മുഖചര്‍മം വൃത്തിയായി സൂക്ഷിക്കാനുള്ള ആദ്യ പടിയാണ് ഇത്. മുഖത്ത് അടിഞ്ഞ അഴുക്കും മൃതചര്‍മങ്ങളും നീക്കം ചെയ്ത് ചര്‍മത്തെ വൃത്തിയാക്കാന്‍ ഇത് സഹായിക്കും. 

മുഖത്തും കഴുത്തിലും ഏതെങ്കിലും ഓയില്‍ ക്ലന്‍സര്‍ ഉപയോഗിച്ച് മസാജ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം. അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യണം. ചെറുചൂടുവെള്ളത്തില്‍ കഴുകാം.

2. എക്‌സഫോളിയേറ്റ്

മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനുള്ള വഴിയാണ് ഇത്. ചര്‍മത്തിനിണങ്ങുന്ന സ്‌ക്രബുകള്‍ കണ്ടെത്തി വാങ്ങാം. സ്‌ക്രബുകള്‍ വീട്ടിലുണ്ടാക്കുകയും ചെയ്യാം. സ്‌ക്രബ് പുരട്ടി കൈവിരലുകള്‍ ഉപയോഗിച്ച് വൃത്താകൃതിയില്‍ വേണം മുഖം മസാജ് ചെയ്യാന്‍. കണ്ണിനു ചുറ്റും സ്‌ക്രബ് ചെയ്യേണ്ടതില്ല. മുക്കിനിരുവശവും താടിയിലുമാണ് ബ്ലാക്ക ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ധാരാളമുണ്ടാവുക. അതുകൊണ്ട് ഈ ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

വീട്ടിലുണ്ടാക്കാം സ്‌ക്രബുകള്‍

1. ഹണി ഷുഗര്‍ സ്‌ക്രബ്- ഒരു മിക്‌സിങ് ബൗളില്‍ അരകപ്പ് ബ്രൗണ്‍ ഷുഗറും, കാല്‍ കപ്പ് വെളിച്ചെണ്ണയും രണ്ട് ടേബിള്‍ സ്പൂണ്‍ തേനും മിക്‌സ് ചെയ്‌തെടുക്കുക. 

2. ഗ്രീന്‍ടീ ഷുഗര്‍ സ്‌ക്രബ്- രണ്ട് ടീബാഗുകള്‍ നല്ല തിളച്ച വെള്ളത്തിലിട്ട് ഗ്രീന്‍ ടീ തയ്യാറാക്കുക. ഒരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍ ഇടുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കാം. തണുത്ത ചായ ഈ മിശ്രിതത്തില്‍ ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി മുഖത്ത് പുരട്ടാം. 

3. ഓട്ട്മീല്‍ ഫേസ് സ്‌ക്രബ്- കാല്‍ കപ്പ് തേന്‍, കാല്‍ കപ്പ് ബ്രൗണ്‍ ഷുഗര്‍, കാല്‍ കപ്പ് പാല്‍, അരകപ്പ് വേവിച്ച ഓട്‌സ് എന്നിവ ഒരു ബൗളില്‍ കട്ടികൂടിയ പേസ്റ്റ് പോലെ മിക്‌സ് ചെയ്‌തെടുക്കുക.

4. ഗ്രൗണ്ട് കോഫീ ഫേസ് സ്‌ക്രബ്- അരകപ്പ് ഗ്രൗണ്ട് കോഫി, അരകപ്പ് തൈര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം. 

3. ആവികൊള്ളിക്കാം

മുഖത്ത് ആവി കൊള്ളിക്കുന്നത് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കാനും ചര്‍മം നന്നായി ശ്വസിക്കാനും സഹായിക്കും. ഒരു നല്ല ആഴമുള്ള പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. മുടി ഒരു ടവ്വല്‍ കൊണ്ട് മൂടി വയ്ക്കാം. ഇനി മുഖത്ത് നന്നായി ആവി കൊള്ളിക്കണം. 10 മിനിറ്റ് ഇങ്ങനെ ചെയ്യാം. 

4. ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യാം

ബ്ലാക്ക് ഹെഡുകളും വൈറ്റ് ഹെഡുകളും നീക്കം ചെയ്യാനുള്ള ടൂളുകള്‍ വിപണിയില്‍ ലഭ്യമാണ്. മൂക്ക്, താടി, നെറ്റി ഈ ഭാഗങ്ങളിലാണ് ഇവ ധാരാളമായി ഉണ്ടാവുക. ഇവ നീക്കം ചെയ്യാം.

5. ഫേസ് മാസ്‌ക്

ചര്‍മത്തില്‍ അവശേഷിക്കുന്ന അഴുക്കുകളെ നീക്കാനും ചര്‍മത്തിന് നിറം നല്‍കാനും സ്വാഭാവികത തിരിച്ചു നല്‍കാനും ഫേസ്മാസ്‌കുകള്‍ സഹായിക്കും. വീട്ടില്‍ തയ്യാറാക്കുന്നവയോ വിപണിയില്‍ നിന്ന് വാങ്ങിയതോ ആയ ഫേസ്മാസ്‌കുകള്‍ ഉപയോഗിക്കാം. 

തൈര്, തേന്‍, അലോവേര, ഉടച്ച് നേന്ത്രപ്പഴം..എന്നിവ മിക്‌സ് ചെയ്താല്‍ മികച്ച് ഫേസ് മാസ്‌കായി. കണ്ണിന് മുകളില്‍ വെള്ളരി കഷണങ്ങളാക്കി വയ്ക്കുന്നത് കണ്ണിന് തണുപ്പ് നല്‍കും. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. 

6. ടോണര്‍

ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ടോണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗറില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ ചെയ്യുക. ഇനി ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി മുഖം നന്നായി തുടയ്ക്കാം. 

7. മോയിസ്ചറൈസര്‍

ചര്‍മത്തിനിണങ്ങുന്ന മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കേണ്ട. ചര്‍മത്തിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ടുണങ്ങുന്നത് തടയാന്‍ ഇത് സഹായിക്കും. ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത മോയിസ്ചറൈസര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 

Content Highlights: Give a spa-like facial at home in these  simple steps