വേനലില്‍ ഫ്രൂട്ട് ക്രീമുകള്‍ പുരട്ടി സുന്ദരിയാവാം...ഫാഷന്‍ പ്രേമികള്‍ ത്രീഫോര്‍ത്തും, സ്‌കര്‍ട്ടും, സ്ലീവ് ലെസ്സ് ടോപ്പും ധരിച്ച് കറങ്ങി നടക്കുന്ന കാലമാണ് വേനല്‍. എന്നാല്‍ വേനല്‍ കാലം ചര്‍മ്മത്തെ സംബന്ധിച്ച ദുരിതം നിറഞ്ഞതാണ്. വെയില്‍ ഏറ്റവും കൂടുതല്‍ ഏല്‍ക്കുന്നത് മുഖത്തും കൈകാലുകളാണ്. അതുകൊണ്ടുതന്നെ ചര്‍മ്മപ്രശ്‌നങ്ങള്‍ കൂടും. കുളിക്കുമ്പോള്‍ ചുരങ്ങ, പീച്ചിങ്ങ പോലുള്ള സ്‌ക്രബുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ശരിയായ നിറം നിലനിര്‍ത്തും. പപ്പായ, നാരങ്ങ, ചെറുനാരങ്ങ, വെള്ളരിക്ക എന്നിവയുടെ നീര് കൈകളില്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഇരുളിച്ച മാറ്റും. കോട്ടണ്‍ പാലില്‍ മുക്കി തുടയ്ക്കുന്നതും കൈകള്‍ക്ക് നിറം നല്‍കും.


നഖങ്ങള്‍ക്ക് തിളക്കം


ചെറുനാരങ്ങയുടെ നീരെടുത്തശേഷം തൊലികൊണ്ട് തടവി നഖങ്ങള്‍ വൃത്തിയാക്കുക. ബദാം പരിപ്പ്, മുട്ട, തേന്‍ എന്നിവ ചേര്‍ത്ത് കുഴമ്പാക്കി കൈകളില്‍ തേക്കുന്നത് കൈകളെ മൃദുവാക്കും. പപ്പായ, കൈതച്ചക്ക, അവക്കാഡോ എന്നിവ സമം ചേര്‍ത്ത് അതിലേക്ക് നാല് ടേബിള്‍സ്പൂണ്‍ തേനും ഒരു കപ്പ് തവിടും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി കൈമുട്ടിലും വിരലുകളിലും തേച്ചിടുക. അരമണിക്കൂര്‍ ശേഷം കഴുകിക്കളയുക.

നഖങ്ങളുടെ സംരക്ഷണത്തിന് വീട്ടിലിരുന്ന് ചെയ്യാവുന്നതാണ് കോളിഫ്ലാവര്‍ ട്രീറ്റ്‌മെന്റ്. കോളിഫ്ലാവര്‍ നീരെടുത്ത് നഖത്തില്‍ ദിവസവും പുരട്ടുക, 5-10 മിനുട്ട് പുരട്ടിയാല്‍ നഖത്തിന്റെ ആരോഗ്യം നിലനില്‍ക്കും. കുഴിനഖം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്. വെളുത്തുള്ളി പകുതി മുറിച്ച് നഖത്തില്‍ ഉരയ്ക്കുന്നത് നഖങ്ങളുടെ വേനല്‍കാല സംരക്ഷണത്തിന് നല്ലതാണ്. ഉരുളക്കിഴങ്ങ് ഉടച്ച് നീരെടുത്ത നഖത്തില്‍ ഉരയ്ക്കുന്നതും നഖസംരക്ഷണത്തിന് നല്ലതാണ്.


സമ്മര്‍ സ്പ്ലാഷസ്


നീല ചേര്‍ന്ന ബോഹോ പച്ച, വയലറ്റ് ചേര്‍ന്ന ഇളം ഡെനിം നിറം, പര്‍പ്പിള്‍ പിങ്ക്, മെറ്റാലിക്ക് ഗോള്‍ഡ്, ബബിള്‍ഗം പിങ്ക്, പീച്ച്, പവിഴനിറം, ടര്‍ക്വസ് നീല എന്നീ നിറത്തിലുള്ള നെയില്‍ പോളീഷുകളാണ് വേനല്‍കാലത്ത് ഭംഗി.


കാലുകളുടെ സംരക്ഷണം


വേനലില്‍ ദിവസവും രണ്ടുതവണയെങ്കിലും കുളിക്കുണം. കുളി കഴിഞ്ഞ ഉടനെ മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടുന്നത് നല്ലതാണ്. പഴങ്ങളുടെ സത്തുള്ള മോയിസ്റ്ററൈസറാണ് ഉപയോഗിക്കേണ്ടത്. ചര്‍മ്മത്തില്‍ നനവുള്ള സമയത്ത് മോയിസ്റ്ററൈസര്‍ പുരട്ടിയാല്‍ ചര്‍മ്മം അത് പെെട്ടന്ന്് വലിച്ചെടുക്കും. അതുകൊണ്ട് കുളികഴിഞ്ഞ ഉടനെ പുരട്ടി ചെറുതായി മസാജ് ചെയ്യാം.


കാല്‍പാദങ്ങള്‍ ഫ്രൂട്ട് സ്‌ക്രബ് കൊണ്ട് ഉരയ്ക്കുന്നത് ചര്‍മ്മത്തെ മൃദുവാക്കും. ഒലീവ് ഓയിലില്‍ അല്‍പം ഉപ്പോ പഞ്ചസാരയോ ഇട്ട് കാലില്‍ താഴെ നിന്ന് മുകളിലേക്ക് തടവുക. കിടന്നുറങ്ങുന്നതിനു മുമ്പായി വെളിച്ചെണ്ണയോ, ഒലീവ് എണ്ണയോ, ക്രീമോ കൊണ്ട് മടമ്പുകള്‍ തിരുമ്മുക. ഇത് കാല്‍ മടമ്പുകള്‍ വിണ്ടുപൊട്ടുന്നത് തടയും. കാലുകളുടെ ക്ഷീണം മാറ്റാനുള്ള എളുപ്പവിദ്യയാണ് പുതിന കൊണ്ടുള്ള മസാജ്. പുതിനയുടെ നാരും ഉപ്പും ഒലീവ് ഓയിലും ചേര്‍ത്ത് കാലില്‍ പുരട്ടിയാല്‍ ചര്‍മ്മത്തിനും നല്ലതാണ.് കാലുകളുടെ വേദനയ്ക്കും ആശ്വാസമാകും.

അല്‍പം ഉപ്പിട്ട ചൂടുവെള്ളത്തില്‍ കൈകാലുകള്‍ ഇറക്കി വയ്ക്കുന്നത് നഖങ്ങളും വിരലുകളും വൃത്തിയാക്കും. ഇത് ആഴ്ചയിലൊരിക്കല്‍ അരമണിക്കൂര്‍ നേരം ചെയ്യാവുന്നതാണ്. വെളളത്തില്‍ അല്‍പം ചോളപ്പൊടികൂടി ചേര്‍ത്താല്‍ ചര്‍മ്മം മൃദുലമാകും. പ്യുമിക്ക് കല്ല് അല്‍പം ബോഡി ലോഷന്‍ ചേര്‍ത്ത് ചര്‍മ്മത്തിലൂടെ പതുക്കെ വട്ടത്തില്‍ തടവുന്നതും നല്ലതുതന്നെ.മുട്ടുകളിലെ കറുപ്പുനിറമാണ് മറ്റൊരു പ്രശ്‌നം. ഇതൊഴിവാക്കാനായി നാരങ്ങാനീരും പനിനീരും സമം ചേര്‍ത്ത് മുട്ടുകളില്‍ പുരട്ടുക. രണ്ടു ദിവസം ഇടവിട്ട് ചെയ്താല്‍ ഗുണം ചെയ്യും. ഒരു സവാള വഴറ്റി അത് അരച്ചു വിണ്ടുകീറിയ കാലുകളില്‍ പുരട്ടുന്നത് നല്ലതാണ്. അര ടീസ്പൂണ്‍ സുര്‍ക്കയും അരകപ്പ് തൈരും ചേര്‍ത്ത് കാല്‍പാദങ്ങളിലും കണങ്കാലിലും പുരട്ടുന്നതും നല്ലതുതന്നെ.


ബോഡി ലോഷന്‍

ബോഡി ലോഷന്‍ വാങ്ങുമ്പോള്‍ ആല്‍ഫാ ഹൈഡ്രോക്‌സി ആസിഡ് അടങ്ങിയിട്ടുള്ളവ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും അതേ അളവില്‍ ഗ്ലിസറിനും പനിനീരും ചേര്‍ത്ത് ഒരു കുപ്പിയിലാക്കി വയ്ക്കുക. കുളിക്കുന്നതിനു അരമണിക്കൂര്‍ മുമ്പായി ദേഹത്തു പുരട്ടാം.

ചര്‍മ്മത്തിലെ രോമങ്ങള്‍ കളയാന്‍ ഷേവ് ചെയ്യുന്നതാണ് പതിവെങ്കില്‍ വേനലില്‍ ആ ശീലം മാറ്റിവയ്ക്കാം. പാര്‍ലറില്‍ പോയി വാക്‌സ് ചെയ്യുന്നതാണ് നല്ലത്. ഇതിനുവേണ്ടി സമയമില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ വാക്‌സ് ഉണ്ടാക്കാം. ചെറുനാരങ്ങാനീര്, പഞ്ചസാര, തേന്‍ എന്നിവയാണ് ഇതിനാവശ്യം. ആദ്യം പഞ്ചസാര ചൂടാക്കി കരിക്കുക, ഇതിലേക്ക് നാരങ്ങാനീരും തേനും ചേര്‍ത്ത് കട്ടിയുള്ള കുഴമ്പ് പരിവത്തിലാക്കുക. ചൂടു പോയാല്‍ വാക്‌സായി ഉപയോഗിക്കാം. വാക്‌സിങ്ങിന് ശേഷം ചര്‍മ്മം ചുവന്നതായി കാണപ്പെട്ടാല്‍ മൊയിസ്ചറൈസര്‍ പുരട്ടി ചര്‍മ്മം തടവുക.