മുടിക്ക് നിറവും തിളക്കവും നൽകാൻ എന്തും ചെയ്യാൻ തയ്യാറാണ് യുവതികൾ. നാട്ടു വൈദ്യം മുതൽ പുത്തൻ ട്രെൻഡുകൾ വരെ അവർ പരീക്ഷിക്കും. മുടിയഴകിന് ഇതു മാത്രം പോരെന്നാണ് ഇപ്പോൾ പെൺമണികളുടെ സാക്ഷ്യം. അതിനായി പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുകയാണ് അവർ.  മുടി ഇഴകൾക്കിടയിൽ ഹെയർ റൂട്ടിൽ ഗ്ലിറ്ററുകൾ നൽകുന്നതാണ് പുതിയ  ട്രെൻഡ് . ഇതിനെ ഗ്ലിറ്റർ റൂട്ട്‌സ് എന്നറിയപ്പെടുന്നു. വിവിധ നിറങ്ങളിലുള്ള ഗ്ലിറ്ററുകൾ മുടിയിൽ ഉപയോഗിക്കാം. ഇന്ന് 'ക്രേസി ഫാഷൻ' ആയാണ് ഈ ഗ്ലിറ്റർ റൂട്ട്‌സ് അറിയപ്പെടുന്നത്. ഇത്തിരി തലതിരിഞ്ഞതായാലെന്താ ശ്രദ്ധിക്കപ്പെടുമല്ലോ എന്നതാണ് കാമ്പസുകളിൽ ഗ്ലിറ്റർ റൂട്ട്‌സിനെ പ്രിയങ്കരമാക്കുന്നത്. പഴയ glitterതലമുറ അയ്യേ എന്ന് പറയുമോ എന്ന പേടിയൊന്നും ഇവർക്കില്ല. ഹെയർ റൂട്ട്‌സിൽ ഗ്ലിറ്ററുകൾ വിതറാൻ ഇവർ തയ്യാറാണ്. 

മുടിയിഴകളിൽ പശ പുരട്ടിയ ശേഷം ഇഷ്ട നിറത്തിലുള്ള ഗ്ലിറ്ററുകൾ വിതറിയാൽ സെറ്റായി നിങ്ങളുടെ പുത്തൻ ഫാഷൻ. നിറങ്ങൾ വ്യക്തിയുടെ ഇഷ്ടത്തിന് തിരഞ്ഞെടുക്കാം. ഗ്ലിറ്റർ റൂട്ട്‌സിന്റെ കാര്യത്തിൽ ഫാഷൻ ലോകത്തിന് പ്രിയം റെയിൻബോ ഗ്ലിറ്ററിനോടാണ്. മഴവില്ലിന്റെ ചാരുത ഗ്ലിറ്ററിലൂടെ നൽകാനാണ് ഫാഷൻ ലോകം ശ്രമിക്കുന്നത്. വ്യത്യസ്ത നിറങ്ങൾ നൽകി ഫാഷന് നാടകീയമായ ലുക്ക് നൽകാനും ഇവർ ശ്രമിക്കുന്നു. 

ചെറു പ്രായത്തിലെ മുടി നരയ്ക്കുന്നത് പണ്ട് ഒരു മോശം കാര്യമാണെങ്കിൽ ഇന്ന് കറുത്ത മുടി വെളുപ്പിക്കാനാണ് യുവത്വം ശ്രമിക്കുന്നത്. യുവത്വത്തിന്റെ പ്രിയപ്പെട്ട ലേഡി ഗാഗയും മോഡൽ കെയ്‌ലി ജെന്നറുമാണ് ഈ ഫാഷൻ ലോകത്തിന് പരിചയപ്പെടുത്തിയത്. പിന്നീട് മറ്റൊന്നും ചിന്തിക്കാതെ യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു ഈ ട്രെൻഡ്. എന്നിട്ട് അതിനൊരു പേരുമിട്ടു 'ഗ്രാനി ഹെയർ'. ഇന്ന് എല്ലാവരും മുടിയിൽ നര വരുത്താനുള്ള പദ്ധതികളിലാണ്. നര വന്നാൽ മാത്രം പോര അത് സ്‌റ്റൈലിഷ് ആയി കൊണ്ടു നടക്കുകയും വേണം.