പണ്ട് എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി വെളിച്ചെണ്ണയായിരുന്നു. മുടിവളരാനും ചര്‍മം തിളങ്ങാനുമൊക്കെ വെളിച്ചണ്ണയുടെ കൂട്ടുകള്‍ പറഞ്ഞുതരാന്‍ മുത്തശ്ശിമാരും റെഡി. ശരീരം നിറയെ എണ്ണ തേച്ച് കുളിക്കുന്നത് അക്കാലത്തെ ഒരു ശീലമായിരുന്നു. മുടി മൃദുലമാകാനും തഴച്ചു വളരാനും താരന്‍ പോകാനുമെല്ലാം വെളിച്ചെണ്ണ തന്നെയായിരുന്നു മരുന്ന്. കാല് വരണ്ട് പൊട്ടിയാല്‍, ചര്‍മം വരണ്ട് ഭംഗി നഷ്ടമായാല്‍ എല്ലാം വെളിച്ചെണ്ണ തന്നെ വേണം. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകളാണ് എണ്ണയെ ഇത്ര നല്ലൊരു ഔഷധകൂട്ടാക്കുന്നത്.
ഗുണങ്ങള്‍
1. വെളിച്ചെണ്ണയിലടങ്ങിയ നല്ല കൊഴുപ്പ് വരണ്ട ചര്‍മത്തെ മൃദുവാക്കാനും തിളക്കം നല്‍കാനും സഹായിക്കും.
2. ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍, ചര്‍മം ചെതുമ്പല്‍ പോലെയാകുക, ചൊറിച്ചില്‍, കുരുക്കള്‍ ഇവ കുറയാന്‍ വെളിച്ചെണ്ണ ദിവസേന പുരട്ടുന്നത് ഫലം ചെയ്യും.
3. പൊട്ടലും പാടുകളുമുള്ള ചര്‍മമാണോ? വെളിച്ചെണ്ണ പുരട്ടിയാല്‍ മതി.
ചര്‍മ സംരക്ഷണത്തിന് വെളിച്ചണ്ണ ചേര്‍ത്ത ചില സൗന്ദര്യകൂട്ടുകള്‍
ചര്‍മസംരക്ഷണത്തിന് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം
1. കോക്കനട്ട് ഓയില്‍ ബ്രൗണ്‍ഷുഗര്‍ ലിപ് സ്‌ക്രബ്
ഒരു പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍ എന്നിവ മിക്‌സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടി മൃദുവായി തടവാം. ചുണ്ടിലെ മൃതകോശങ്ങളെ നീക്കാനും സോഫ്റ്റാകാനും ഈ കൂട്ട് നല്ലതാണ്.
2. ബോഡി മോയിസ്ചറൈസര്‍
കാലുകളും കൈകളും വരണ്ടതായി തോന്നുന്നുണ്ടോ. ഒരു പാത്രത്തില്‍ രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും അവക്കാഡോ എസന്‍ഷ്യല്‍ ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് കാലുകളിലും കൈകളിലും പുരട്ടി നന്നായി മസാജ് ചെയ്യാം.
3. മേക്കപ്പ് റിമൂവര്‍
വെളിച്ചെണ്ണ പുരട്ടിയ കോട്ടണ്‍ ഉപയോഗിച്ച് മേക്കപ്പ് റിമൂവ് ചെയ്യാം. ആദ്യം കണ്ണ്, പിന്നെ കവിളുകള്‍, മൂക്ക്, ലിപ്‌സ് എന്ന ക്രമത്തില്‍ വേണം മേക്കപ്പ് മാറ്റാന്‍. വാട്ടര്‍പ്രൂഫ് മസ്‌കാര വരെ വെളിച്ചെണ്ണയുണ്ടെങ്കില്‍ ഈസിയായി തുടച്ച് കളയാം.
Content Highlights: Coconut Oil for gorgeous skin and skin care