സാധാരണയായി സ്ത്രീകളുടെ മുഖത്തും ശരീരത്തിലും നേര്‍ത്ത രോമങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ hirsutsimഎന്ന അവസ്ഥയെ തുടര്‍ന്ന് രോമങ്ങള്‍ പുരുഷന്മാരുടേത് പോലെ കട്ടിയേറിയതും കറുത്തതുമാകും. ആന്‍ഡ്രോജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ തുടങ്ങിയ പുരുഷ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. വലിയ ആരോഗ്യപ്രശ്‌നമല്ലിത്. Hirsutsim -ന്റെ പ്രധാന കാരണങ്ങളിലൊന്ന് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ആണ്.
പരിശോധനകള്‍
ചികിത്സയ്ക്ക് മുന്നോടിയായി മെഡിക്കല്‍ ഹിസ്റ്ററി മുഴുവന്‍ മനസ്സിലാക്കണം. രക്തത്തിലെ ഹോര്‍മോണ്‍ നിലയും കണ്ടെത്തണം. പ്രമേഹത്തിന്റെ തോത് മനസ്സിലാക്കുന്നതിനുള്ള രക്തപരിശോധന വേണ്ടിവരും. സിസ്‌റ്റോ മറ്റോ ഉണ്ടോയെന്നിയുന്നതിന് ഓവറികളുടെയും അഡ്രിനല്‍ ഗ്രന്ഥികളുടെയും അല്‍ട്രാ സൗണ്ട് എം.ആര്‍.ഐ സ്‌കാനുകളും ചെയ്യാം.
ചികിത്സകള്‍
ഹോര്‍മോണ്‍ നില കൃത്യമാക്കുകയെന്നതാണ് ആദ്യപടി. അമിതവണ്ണം ഹോര്‍മോണ്‍ ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുന്നതുകൊണ്ടുതന്നെ തടി കുറയ്ക്കാനാണ് ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദേശിക്കുക. കൃത്യമായ ഭാരം നിലനിര്‍ത്തിയാല്‍ മറ്റ് മരുന്നുകളൊന്നുമില്ലാതെ തന്നെ ആന്‍ഡ്രോജന്റെ അളവ് നിലനിര്‍ത്താനാകും. പിസിഒഎസ് മൂലമോ അഡ്രിനല്‍ ഗ്രന്ഥിയുടെ തകരാര്‍ മൂലമോയുള്ള രോമവളര്‍ച്ചയ്ക്ക് മരുന്നുകള്‍ കഴിക്കാവുന്നതാണ്. ഗര്‍ഭനിരോധനമരുന്നുകളും ആന്റി ആന്‍ഡ്രോജന്‍ മരുന്നുകളും കഴിച്ച് ഹോര്‍മോണ്‍ നില കൃത്യമാക്കാനാകും. എല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചെയ്യുക.
ക്രീമുകളുടെ ഉപയോഗം.
Eflornthine ക്രീമുകള്‍ ഉപയോഗിക്കുന്നതിലൂടെ ഒന്നുരണ്ട് മാസത്തിനിടെ മുഖത്തെ രോമവളര്‍ച്ച കുറയ്ക്കാനാകും. ചിലരില്‍ ഇവയുടെ ഉപയോഗം ചര്‍മത്തില്‍ ചിലപാടുകളോ അസ്വസ്ഥതകളോ ഉണ്ടാക്കിയേക്കാം.
രോമം നീക്കല്‍
സാധാരണയായി കാലിലെയും മറ്റ് ഭാഗങ്ങളിലെയും രോമം കളയുന്ന തരത്തില്‍ വാക്‌സിങ്, ഷേവിങ് തുടങ്ങിയ വഴികള്‍ ഉപയോഗിക്കാം. പെട്ടെന്നുതന്നെ മാറ്റം പ്രകടമാകുന്ന ഇവയ്ക്ക് വലിയ ചെലവാകാറില്ലെങ്കിലും രോമം വളരുന്നതിന് അനുസരിച്ച് വീണ്ടും വീണ്ടും ചെയ്യേണ്ടി വരും. ഹെയര്‍ ഫോളിക്കുകളെ നശിപ്പിക്കുന്നതിലൂടെ രോമവളര്‍ച്ച ഇല്ലാതാക്കുന്ന, ലേസര്‍ ഹെയര്‍ റിമൂവിങ് നല്ലൊരു പ്രതിവിധിയാണ്. ഇലക്ട്രിക് കറണ്ട് ഉപയോഗിച്ച് രോമവളര്‍ച്ച ചെറുക്കുന്ന രീതിയാണ് ഇലക്ട്രോളിസിസ്. ലേസര്‍ ഹെയര്‍ റിമൂവിങ്ങും ഇലക്ട്രോളിസിസും ഫലപ്രാപ്തി കൂടുതലുള്ളതാണെങ്കിലും ഏറെ ചെലവുള്ളതും ശ്രദ്ധ വേണ്ടതുമാണ്. ചിലരില്‍ ഇവ രണ്ടും വേദനാജനകവുമാകാറുണ്ട്. ഓരോ ഹെയര്‍ഫോളിക്കിനെയും പ്രത്യേകം പരിഗണിക്കുന്നതുകൊണ്ടുതന്നെ ചികിത്സ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കാലയളവ് വേണ്ടി വരാറുണ്ട്.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Hirsutism, causes and treatment, causes of excess facial hair