സൗന്ദര്യ സംരക്ഷണത്തില്‍ ഓറഞ്ചിന്റെ സ്ഥാനം വളരം വലുതാണ്. ഓറഞ്ച് ജ്യൂസും തൊലിയും ഫേസ്പാക്കിനായി ഉപയോഗിക്കാം. ഇത് കൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. ഓറഞ്ച് കൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന പൊടികൈകള്‍ പരിചയപ്പെടാം.

ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഓറഞ്ചിന്റെ തൊലി ചേര്‍ക്കുക. ഈ പാനീയം തണുക്കുന്നതിനായി 15 നിമിഷം വയ്ക്കുക. ഇതിലുള്ള തൊലി എടുത്തു കളഞ്ഞശേഷം തേന്‍ ചേര്‍ത്ത് കുടിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ ആഴ്ചയില്‍ 5 പ്രാവശ്യമെങ്കിലും ഇത് കുടിക്കുക. 

ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ലുകള്‍ മൂന്ന് മിനിറ്റ് നന്നായി ഉരച്ചു തേയ്ക്കുകയാണെങ്കില്‍ പല്ലുകള്‍ നന്നായി വെളുക്കും. മുഖത്തെ ഉണങ്ങിയ ചര്‍മം നീക്കം ചെയ്യുന്നതിന് ഓറഞ്ച് ജ്യൂസ് മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകിക്കളയാം. മുഖത്തിന് തിളക്കം കൂടുന്നത് കാണാം. 

മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനായി ഓറഞ്ച് തൊലി, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകിക്കളയാം. 

മുടിക്ക് കണ്ടീഷണറായി ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. ഓറഞ്ച് ജ്യൂസ്, തുല്യ അളവില്‍ വെള്ളം, ഒരു സ്പൂണ്‍ തേന്‍ എന്നിവകൊണ്ടുള്ള ജ്യൂസ് മിശ്രിതത്തിലൂടെ അദ്ഭുതകരമായ കണ്ടീഷന്‍ തയ്യാറാക്കുക. 

ഈ മിശ്രിതം ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടിയില്‍ പ്രയോഗിക്കുക. 10 മിനിട്ട് നേരം അനക്കാതെ വയ്ക്കുക, തുടര്‍ന്ന് കഴുകുക. ആരോഗ്യമുള്ളതും തിളങ്ങുന്നതും സുന്ദരവുമായ മുടി ലഭിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇത്. 

ഓറഞ്ച് തൊലിയില്‍ പഴത്തിനെക്കാള്‍ ഉയര്‍ന്ന അളവില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനകത്തുള്ള അല്ലികള്‍ എടുത്ത ശേഷം തൊലി കളയുന്നതിനു പകരം പകരം അവ വെയിലത്ത് വച്ച് നന്നായി ഉണക്കിയ ശേഷം ഓറഞ്ച് പീല്‍ പൊടി തയ്യാറാക്കാം. കുളിക്കുമ്പോള്‍ ഇത്  സ്‌ക്രബ്ബര്‍ ആയി ഉപയോഗിക്കാം.

മേല്‍പറഞ്ഞ ഓറഞ്ച് പീല്‍ പൊടി പാലില്‍ ചാലിച്ച ശേഷം മുഖത്തു പുരട്ടുക. ഇത് മുഖത്തിന് തത്ക്ഷണം തിളക്കം നല്‍കുകയും ചര്‍മ്മത്തിലെ ഇരുണ്ട പാടുകള്‍ കുറയ്ക്കുകയും ചെയ്യും.

ഓറഞ്ച് പീല്‍ പൊടിയും, തൈരുമായി ചേര്‍ത്ത് ഒരു കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മൃദുല വൃത്താകൃതിയിലുള്ള ചലനങ്ങളെ ഉപയോഗിച്ച് 15 മിനിട്ട് മുഖത്തു മസ്സാജ് ചെയ്തു പുരട്ടുക. അതിനു ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് സ്വാഭാവികവും, വേദനയില്ലാത്തതുമായ മാര്‍ഗമാണിത്.

Content Highlights: Beauty tips using orange