ഓഫീസിലും അഭിമുഖങ്ങളിലും കൂടുതല്‍ പ്രസരിപ്പോടെ തിളങ്ങാന്‍ ഇതാ കുറച്ച് ബ്യൂട്ടി ടിപ്‌സ്...

മനോഹരമായി ഒരുങ്ങുന്നത് ഒരു കലയാണ്. ലോകത്തിനു മുന്നില്‍ എങ്ങനെ നിങ്ങളെ അവതരിപ്പിക്കുന്നു എന്നുള്ളത് നിങ്ങളുടെ വ്യക്തിത്വത്തെ കൂടിയാണ് കാണിക്കുന്നത്. വസ്ത്രവും ആഭരണങ്ങളും എത്ര നല്ലതാണെങ്കിലും മുഖം മനോഹരമാക്കിയില്ലെങ്കില്‍ പോയില്ലേ...സാഹചര്യത്തിന് അനുസരിച്ചു വേണം ഒരുങ്ങാന്‍. കല്യാണത്തിനു ഒരുങ്ങുന്നപോലെയല്ല ഓഫീസിലേക്ക് ഒരുങ്ങുന്നത്. കോളേജില്‍ പോകും പോലെയല്ല ഇന്റര്‍വ്യൂവിനു പോകേണ്ടത്.

ഓഫീസില്‍ സ്മാര്‍ട്ടാവാം

ഓഫീസില്‍ പോകുമ്പോള്‍ മേക്കപ്പ് വേണോ എന്നു ചോദിക്കുന്ന കാലം കഴിഞ്ഞു. മിക്കവാറും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ജോലിക്കാരോട് വൃത്തിയായി ഒരുങ്ങി വരാന്‍ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് സമയക്കുറവാണ് പ്രധാന പ്രശ്‌നം. ഉള്ള സമയം കൊണ്ട് വൃത്തിയായി ഒരുങ്ങാവുന്നതേയുള്ളൂ. ആദ്യം മോയിസ്ച്ചറൈസര്‍ കൊണ്ട് മുഖം നന്നായി മസാജ് ചെയ്യുക. വരണ്ട ചര്‍മ്മക്കാര്‍ക്ക് ഇതിനു ശേഷം പൗഡര്‍ ഇടാം. എണ്ണമയമുള്ളവര്‍ ചര്‍മ്മത്തിന്റെ അതേ നിറത്തിലുള്ള ഫൗണ്ടേഷന്‍ പുരട്ടുക. കണ്ണിനു ചുറ്റിലും കറുപ്പ് ഉള്ളവര്‍ അതു മറയ്ക്കാനായി കണ്‍സീലര്‍ പുരട്ടുന്നത് നല്ലതാണ്.

കടുംനിറങ്ങള്‍ വേണ്ട: അധികം എടുത്തു കാണിക്കാത്ത നിറത്തിലുള്ള ഐപെന്‍സില്‍ ഉപയോഗിച്ച് കണ്ണെഴുതുക. ഏറെ നേരം നിലനില്‍ക്കാനായി കണ്‍പോളകളില്‍ ഐലൈനര്‍ ഉപയോഗിക്കുന്നതാകും നല്ലത്. കടും നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഒഴിവാക്കാം. അതിനു പകരം ഇളം നിറത്തിലുള്ള അല്ലെങ്കില്‍ നിറമില്ലാത്ത ലിപ് ഗ്ലോസ് അല്ലെങ്കില്‍ ലിപ് ജെല്‍ പുരട്ടാം. എസി മുറിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് നല്ലതാണ്. ഐഷാഡോ, ബ്ലഷ് എന്നിവ നിര്‍ബന്ധമുള്ളവര്‍ക്ക് ചര്‍മ്മത്തിന്റെ നിറത്തിനോട് ചേര്‍ന്നു നില്‍ക്കുന്നവ തിരഞ്ഞെടുക്കാം.

അഭിമുഖത്തിന് ഒരുങ്ങുമ്പോള്‍

ജോലിയുടേയോ പഠനത്തിന്റേയോ ഭാഗമായുള്ള അഭിമുഖങ്ങളിലും ഒരുക്കത്തിന് പ്രാധാന്യമുണ്ട്. ജീവിതത്തിലെ നിര്‍ണ്ണായക ദിവസങ്ങളില്‍ ഒന്നാകും ആ ദിവസം. നിങ്ങള്‍ നിങ്ങളെപ്പറ്റി ഉണ്ടാക്കുന്ന ആദ്യത്തെ അഭിപ്രായമാണ് ഇവിടെ ഏറ്റവും പ്രധാനം. ചുരുങ്ങിയ സമയം കൊണ്ട് നിങ്ങള്‍ ആരാണ്, എന്തിനായി നിലകൊള്ളുന്നു എന്നിവ ബോധിപ്പിക്കുകയാണ് ആവശ്യം. വൃത്തിയായി ഒരുങ്ങിവേണം അഭിമുഖത്തിനു പങ്കെടുക്കാന്‍. സാവകാശം ആവശ്യമുള്ള സമയം എടുത്തു വേണം ഒരുങ്ങാന്‍. ഒന്നും അധികമാകരുത് എന്നാല്‍ നിങ്ങള്‍ വൃത്തിയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണെന്ന് തോന്നുകയും വേണം.

മസ്‌കാര പുരട്ടാം: മുഖം നന്നായി കഴുകിയ ശേഷം അല്‍പം ഫൗണ്ടേഷന്‍ ഇടാം. എല്ലാ ഭാഗവും ഒരുപോലെയായെന്ന് ഉറപ്പു വരുത്തുക. ശേഷം പൗഡര്‍ ഇടാം. ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച കോംപാക്ട് പൗഡര്‍ ആണെങ്കില്‍ അതിടാം. പക്ഷെ നിങ്ങള്‍ കൂടുതലായി മേക്കപ്പ് ഇട്ടിട്ടുണ്ടെന്നത് മനസ്സിലാകരുത്്. കണ്‍സീലര്‍ ഉപയോഗിച്ച് കണ്ണിന്റെ തടത്തിലെ കറുപ്പ് മൂടിവെയ്ക്കാം. പെന്‍സില്‍ കൊണ്ട് പുരികം നേരിയതായി കറുപ്പിക്കാം. ഐപെന്‍സില്‍ കൊണ്ട് കണ്ണിനുള്ളില്‍ നേരിയതായി വരക്കാം. കട്ടികൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഐലൈനര്‍ കൊണ്ട് പുറം പോളയില്‍ എഴുതുന്നത് ഒഴിവാക്കാം. മസ്‌കാരകൊണ്ട് മുകളിലും താഴെയുമുള്ള കണ്‍പീലികള്‍ മനോഹരമാക്കുക.

എക്‌സിക്യുട്ടീവ് ലുക്കില്‍: ബ്ലഷ്, ഷിമ്മര്‍ തുടങ്ങി എടുത്തു കാണിക്കുന്നതായ മേക്കപ്പ് പാടേ ഒഴിവാക്കണം. ലിപ് ഗ്ലോസും ദോഷം ചെയ്യും. മാറ്റ് ഇഫക്ടുള്ള ലിപ്സ്റ്റിക്കാണ് ചുണ്ടിനു നല്ലത്. ചുണ്ടിന്റെ അതേ നിറത്തിലുള്ളവ അല്ലെങ്കില്‍ ഇളം പിങ്ക് എന്നിവ നല്ലതാണ്. മുടി വൃത്തിയായി ചീകി കെട്ടിവയ്ക്കുന്നതാണ് നല്ലത്. മുടിയിഴകള്‍ മുഖത്തു വീണുകിടക്കരുത്. വലിയ ക്ലിപ്പുകളും കടും നിറത്തിലുള്ള ഹെയര്‍ ബാന്റുകളും പൂക്കളും മുടിയില്‍ കുത്തിവയ്ക്കുന്നത് പാടേ ഒഴിവാക്കുക. ഇളം നിറത്തിലുള്ള എക്‌സിക്യൂട്ടീവ് രീതിയിലുള്ള വസ്ത്രധാരണം കൂടിയായാല്‍ ആ ജോലി നിങ്ങളുടേതെന്ന് ഉറപ്പിക്കാം.