വേനല്‍ച്ചൂട് മലയാളികളെ സംബന്ധിച്ച് ഒരു വിഷയമല്ല. പക്ഷേ, വേനലും ചൂടും സൂര്യരശ്മിയും ചര്‍മത്തിനും മുടിക്കുമൊക്കെ ഗൗരവമുള്ള വിഷയം തന്നെയാണ്. വേനല്‍ക്കാലത്ത് ചര്‍മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നാല്‍, പിന്നെ ടെന്‍ഷനടിക്കേണ്ട.

നിര്‍ജലീകരണം (ഡീ ഹൈഡ്രേഷന്‍)

വേനല്‍ക്കാലത്ത് ശരീരം കൂടുതല്‍ വിയര്‍ക്കുകയും ശരീരത്തില്‍ നിന്ന് കൂടുതല്‍ വെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട്, കൂടുതല്‍ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 'ഓ, ഇതൊക്കെ ഞങ്ങള്‍ക്കറിയാം' എന്നല്ലേ? പക്ഷേ, വെള്ളം കുടിക്കാതിരുന്നാല്‍ ചര്‍മത്തിന് പെട്ടെന്ന് പ്രായം തോന്നും എന്നത് അറിയാമോ? ഇല്ലെങ്കില്‍ അറിഞ്ഞോളൂ... ചര്‍മത്തിന് ഊര്‍ജവും ആരോഗ്യവും നല്‍കുന്നതില്‍ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. നല്ല ആഹാരം, ജീവിതരീതി, വൃത്തി, ആവശ്യത്തിന് വെള്ളം ഇതെല്ലാം ഉറപ്പുവരുത്തിയാല്‍ നമ്മുടെ ചര്‍മം കണ്ടാല്‍, അത്ര പെട്ടെന്ന് ആര്‍ക്കും പ്രായം തോന്നുകയേയില്ല.

വെറും വെള്ളം കുടിക്കാന്‍ മടിയുണ്ടെങ്കില്‍, അതില്‍ സാലഡ് വെള്ളരിക്കയും നാരങ്ങയും പുതിനയും ചെറിയ കഷ്ണങ്ങളായി നുറുക്കിയിട്ടു നോക്കൂ, വെള്ളത്തോടൊപ്പം, നാരങ്ങയില്‍ നിന്ന് വിറ്റാമിന്‍സി യും കിട്ടും.

വെയില്‍ക്കറുപ്പ് (സണ്‍ ടാന്‍)
വേനല്‍ക്കാലത്ത് വെയിലേറ്റുള്ള കറുപ്പ് (സണ്‍ ടാന്‍) ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആയതുകൊണ്ടുതന്നെ, നിങ്ങളുടെ ചര്‍മത്തിന് ചേര്‍ന്ന സണ്‍സ്‌ക്രീന്‍ ലോഷന്‍ സ്ഥിരമായി, പുറത്തേക്കിറങ്ങും മുന്‍പ് പുരട്ടുന്നത് ശീലമാക്കുക. 35 മുതല്‍ 50 എസ്.പി.എഫ്. (സണ്‍ പ്രൊട്ടക്ടീവ് ഫാക്ടര്‍) എങ്കിലുമുള്ള ലോഷനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് 98 ശതമാനം വരെ ചര്‍മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, ക്രീം, ജെല്‍, സ്‌പ്രേ രൂപങ്ങളിലും ലഭ്യമാണ്.

ഒരുപാട് സമയം വെയിലത്ത് ചെലവഴിച്ചാല്‍, ചര്‍മത്തില്‍ ഉണ്ടാകാവുന്ന പുകച്ചിലും അസ്വസ്ഥതയും മാറ്റാന്‍, 'കറ്റാര്‍വാഴ' യുടെ നീര് അല്ലെങ്കില്‍ 'വെള്ളരിക്ക'യുടെ നീര് തണുപ്പിച്ചു പുരട്ടാവുന്നതാണ്.

വിയര്‍പ്പുനാറ്റം

വിയര്‍പ്പുനാറ്റം കാലം നോക്കാതെ വന്ന് നാണംകെടുത്തുന്ന ഒരു പ്രശ്‌നമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍, നാണക്കേടിന്റെ കൂടെ, അണുബാധയും ആയേക്കാം. ബേക്കിങ്‌സോഡയും നാരങ്ങാനീരും ഇതിനൊരു ഉഗ്രന്‍ പരിഹാരമാണ്, എന്നും കുളിക്കുന്നതിനു മുന്‍പ്, കക്ഷഭാഗം നന്നായി തുടച്ച് ഈര്‍പ്പമില്ലാതാക്കിയതിനു ശേഷം ഒരു സ്പൂണ്‍ ബേക്കിങ്‌സോഡയും, ഒരു സ്പൂണ്‍ നാരങ്ങാനീരും നന്നായി യോജിപ്പിച്ച് കക്ഷത്തില്‍ പുരട്ടി, ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക. ഇത് സ്ഥിരമായി ചെയ്താല്‍, വിയര്‍പ്പുനാറ്റം, എന്ന പ്രശ്‌നം നിങ്ങളോടു 'ഗുഡ് ബൈ' പറയും.

മുഖം പോലെ തന്നെ, വേനല്‍ക്കാലം എന്നത് മുടിക്കും അത്ര ഇഷ്ടമുള്ള സീസണ്‍ അല്ല. വിയര്‍പ്പും വെയിലും മലിനീകരണവും മുടിയുടെ ആരോഗ്യത്തെ മോശമാക്കാന്‍ സാധ്യതയുണ്ട്, അതിനായി തണുപ്പുകാലത്തെ അപേക്ഷിച്ച് മുടി വൃത്തിയാക്കി വയ്‌ക്കേണ്ടതുണ്ട്. എണ്ണകൊണ്ടുള്ള മസ്സാജ്, പലതരം താളികള്‍... ഇതൊക്കെയാണ് പണ്ടുള്ളവര്‍ ഉപയോഗിക്കാറ്. അതിനോടൊപ്പം, ചില ഹോം മെയ്ഡ് ഹെയര്‍ പാക്കുകളും ഉപയോഗിക്കാവുന്നതാണ്.

വീട്ടിലുണ്ടാക്കാം ഹെയര്‍ പാക്ക്

മുട്ടയുടെ വെള്ള,കാസ്റ്റര്‍ ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ, ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഇതെല്ലാം നന്നായി യോജിപ്പിച്ച് തലയില്‍ തേച്ചുപിടിപ്പിക്കുക. ഉണങ്ങിക്കഴിഞ്ഞ് വീര്യംകുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് മുടിയുടെ സ്വാഭാവികമായ എണ്ണമായം നിലനിര്‍ത്താനും മുടിയെ വൃത്തിയാക്കാനും സഹായിക്കും.

ഐസ്‌ക്രീം കാലം
വേനല്‍ക്കാലത്ത് ഐസ്‌ക്രീം ഷോപ്പുകള്‍ക്കും ജ്യൂസ് കടകള്‍ക്കും ചാകരക്കാലമാണ്. കാരണം, ആളുകള്‍ക്ക് ദാഹം കൂടും. അപ്പോള്‍ ജ്യൂസോ ഐസ്‌ക്രീമോ കഴിക്കാനുള്ള തോന്നലും കൂടും. അത് ഇത്തരം ഷോപ്പുകാര്‍ നന്നായി മുതലാക്കുകയും ചെയ്യും. എന്നാല്‍, പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണവും ജ്യൂസും മറ്റും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണേ...

വീട്ടില്‍ത്തന്നെ ഫ്രഷ് ആയ പഴങ്ങള്‍ കൊണ്ടുള്ള 'ഫ്രോസണ്‍ യോഗര്‍ട്ട് റെസിപ്പി'കള്‍ ഉണ്ടാക്കിനോക്കാവുന്നതാണ്. സീസണില്‍ മാത്രം കിട്ടുന്ന പഴങ്ങള്‍തന്നെ എന്നും എപ്പോഴും ആരോഗ്യത്തിന് നല്ലത്. തണ്ണിമത്തന്‍, മുന്തിരി, മാമ്പഴം... ഇങ്ങനെ വേനല്‍ക്കാലത്ത് കിട്ടുന്ന പഴങ്ങള്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.

ഫ്രോസണ്‍ യോഗര്‍ട്ട് 
ലഭ്യമായതും നിങ്ങള്‍ക്കിഷ്ടമുള്ളതുമായ ഏതു പഴങ്ങള്‍ ഉപയോഗിച്ചും 'ഫ്രോസണ്‍ യോഗര്‍ട്' ഉണ്ടാക്കാം. ഉദാഹരണത്തിന്, സ്‌ട്രോബെറി
ഫ്രോസണ്‍ യോഗര്‍ട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

സ്‌ട്രോബെറി ഫ്രീസ് ചെയ്തത്
കട്ടിയുള്ള തൈര് തണുപ്പിച്ചത്
പഞ്ചസാര അല്ലെങ്കില്‍ തേന്‍

ഇത്രയും മിക്‌സിയില്‍ നിര്‍ത്തി നിര്‍ത്തി ഒരു അഞ്ചു മിനിറ്റ് അടിച്ചെടുത്തല്‍, ക്രീം പരുവത്തിലുള്ള ഫ്രോസണ്‍ സ്‌ട്രോബെറി യോഗര്‍ട് റെഡി. ഐസ്‌ക്രീമിന് വേണ്ടി പുറത്തുപോകാന്‍ ബഹളം കൂട്ടുന്ന കുട്ടികള്‍ക്ക്, പകരം എന്തുകൊണ്ടും കൊടുക്കാവുന്ന ഒരു ഹെല്‍ത്തി ഓപ്ഷന്‍ ആണ് ഫ്രോസണ്‍ യോഗര്‍ട്ടുകള്‍.

മുഖക്കുരു

വിയര്‍പ്പും ചൂടും മുഖക്കുരുകളെ വളരാന്‍ സഹായിക്കുന്ന സാഹചര്യങ്ങളാണ്. മുഖം വൃത്തിയാക്കി വയ്ക്കുന്നതിന്റെ കൂടെ, ചില ഹോം മെയ്ഡ് ഫേസ് പാക്കുകളും മറ്റും ഉപയോഗിക്കുന്നത്, മുഖക്കുരു വരുന്നതു തടയാന്‍ സഹായിക്കും.

ഫെയ്‌സ്പാക്ക് ഉണ്ടാക്കാനുള്ള സമയം ലഭിക്കാന്‍ ഒരു വഴി പറയേട്ട ?
സാലഡ് വെള്ളരിയും ഉരുളക്കിഴങ്ങും സമം എടുത്ത്, ഒരല്‍പ്പം തേനും ഒഴിച്ച് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക, ഈ മിശ്രിതം, ഐസ് ട്രേയില്‍ ആക്കി ഫ്രീസ് ചെയ്തു വച്ചാല്‍, വേണ്ടപ്പോള്‍ എടുത്ത് മുഖത്ത് മസ്സാജ് ചെയ്താല്‍ മതി.

വേനല്‍ക്കാല വസ്ത്രങ്ങള്‍
കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രധാരണം അത് കേരളത്തില്‍ പൊതുവെ കുറവാണ്. പക്ഷേ, വേനല്‍ക്കാലത്ത് ചൂടും വിയര്‍പ്പും കൂടുതലുള്ള സമയമായതിനാല്‍, ശരീരത്തിന്റെ ചൂട് കൂട്ടുന്ന പോളിസ്റ്റര്‍ പോലുള്ള വസ്ത്രങ്ങളെ അലമാരയില്‍ വച്ച്, കോട്ടണ്‍ പോലുള്ള നേര്‍മയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്, ചൂടുകാലത്തെ അസ്വസ്ഥത ഒഴിവാക്കാന്‍ സഹായിക്കും. വെയിലത്ത് പോകുമ്പോള്‍ ധരിക്കാന്‍ കൈയിലൊരു ഷാള്‍ ഇപ്പോഴും കരുതുന്നതും നല്ലതാണ്.  

ശരീരത്തിന് മുഴുവനും കൂടുതല്‍ ശ്രദ്ധ വേണ്ട കാലമാണ് വേനല്‍ക്കാലം. അതുകൊണ്ടു തന്നെ, നിങ്ങളുടെ ജീവിതരീതി, ഭക്ഷണം, ദിനചര്യകള്‍, വസ്ത്രരീതി... ഇതെല്ലാം ഈ സീസണിനനുസരിച്ച് ഒന്ന് ക്രമീകരിച്ചാല്‍, വേനല്‍ക്കാല രോഗങ്ങളെയും ബുദ്ധിമുട്ടുകളെയും അകറ്റാന്‍ സാധിക്കും.
ഈ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ പോപ്പുലര്‍ ആകാന്‍ പോകുന്ന ഫാഷനുകള്‍ കോട്ടണ്‍ ലൂസ് പാന്റ്‌സുകളും പാവാടകളും സല്‍വാര്‍ കമ്മീസുകളുമായിരിക്കും എന്നാണ് ഫാഷന്‍ എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്.

സാരികള്‍ക്കും പട്ടുസാരികള്‍ക്കും സിന്തറ്റിക് സാരികള്‍ക്കും തത്കാലം വിശ്രമം കൊടുത്തുകൊണ്ട്, കോട്ടണ്‍ സാരികള്‍ ധരിക്കാന്‍ ശ്രമിക്കൂ. പുരുഷന്മാര്‍ കൂടുതലും കോട്ടണ്‍, ലിനന്‍, പാന്റ്‌സുകളും ഷര്‍ട്ടുകളും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. 

വേനല്‍ക്കാല നിറങ്ങള്‍

ഇളം നിറങ്ങളാണ് വേനല്‍ക്കാലത്ത് നല്ലത്. വെള്ള, മഞ്ഞ, ഇളംനീല, ഇളംറോസ്, ഇങ്ങനെയുള്ള നിറങ്ങള്‍ നമ്മുടെ ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും. കാരണം ഇളം നിറങ്ങള്‍ സൂര്യപ്രകാശത്തെ  വളരെ കുറച്ചുമാത്രമേ ആഗിരണം ചെയ്യൂ. എന്നാല്‍ കടുത്ത നിറങ്ങളില്‍ കൂടുതല്‍ ചൂട് തങ്ങി നില്‍ക്കുകയും അത് വഴി നമ്മുടെ ശരീരത്തിന് കൂടുതല്‍ ചൂട് അനുഭവപ്പെടുകയും ചെയ്യും. വേനല്‍ക്കാലത്ത് അതുകൊണ്ടാണ് കറുപ്പ് പോലുള്ള നിറങ്ങള്‍ ധരിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ വിയര്‍ക്കുന്നത്.

കണ്ണുകളുടെ സുരക്ഷയ്ക്ക് സണ്‍ഗ്ലാസുകള്‍

ചൂടും പൊടിയും കാരണം ഉണ്ടാകുന്ന കണ്ണ് രോഗങ്ങളും വേനല്‍ക്കാലത്ത് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ സണ്‍ ഗ്ലാസുകളുടെ ഉപയോഗം ഒരു ശീലമാക്കുക. സമ്മര്‍ സണ്‍ഗ്ലാസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും രണ്ടുകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. 100% അള്‍ട്രാവയലറ്റ് പ്രൊട്ടക്ഷന്‍ ഉറപ്പുവരുത്തുന്ന സണ്‍ഗ്ലാസ് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുക. ഒരല്‍പ്പം വലിപ്പം കൂടിയ ഫ്രെയിമുകള്‍ തിരഞ്ഞെടുക്കുക, ഇത് കണ്ണിനും കണ്ണിന്റെ ചുറ്റുമുള്ള ഭാഗങ്ങള്‍ക്കും മാക്‌സിമം സുരക്ഷ കിട്ടാന്‍ സഹായിക്കും.