സുന്ദരിയായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏതൊരു പെണ്‍കുട്ടിയും. അതിനായി മണിക്കൂറുകള്‍ കണ്ണാടിക്കു മുന്നില്‍ ചെലവിടാന്‍ യാതൊരു മടിയുമില്ലാത്ത ഒരു വിഭാഗമുണ്ടെങ്കിലും, മടി മൂലം ഒരുങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും അത് വേണ്ടെന്നു വെക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. നല്ല ശ്രദ്ധയും അല്പം സമയവും വേണ്ട പ്രക്രിയ തന്നെയാണ് മേക്കപ്പ്. എന്നാല്‍ ആ സമയം കിടന്നുറങ്ങാന്‍ ഉപയോഗിച്ചൂടെ എന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടര്‍. അത്തരക്കാര്‍ക്കായി എളുപ്പത്തില്‍ സുന്ദരിയാവാന്‍ ചില മാര്‍ഗങ്ങള്‍. 

  • മോയ്‌സ്ച്ചുറൈസര്‍, സണ്‍സ്‌ക്രീന്‍, ഫൗണ്ടേഷന്‍, കോംപാക്ട് അങ്ങനെ പല ലെയറുകളായാണ് മേക്കപ്പ് കംപ്ലീറ്റ് ആകുന്നത്. ഇതിനൊന്നും സമയം ചിലവഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ഇതെല്ലം കൂടി ഒരുമിച്ചു വരുന്ന ബി ബി ക്രീമുകളോ ടിന്റഡ് മോയ്‌സ്ച്ചുറൈസറുകളോ ഉപയോഗിച്ച് സിംപിള്‍ ആക്കാം. അല്ലെങ്കില്‍ ഒരല്പം മോയ്‌സ്ച്യുറൈസറും ഫൗണ്ടേഷനും കൂടി മിക്‌സ് ചെയ്ത് മുഖത്തിടാം. ബ്ലെന്‍ഡ് ചെയ്യാനുള്ള സമയോം ലാഭിക്കാം.
  • പുരികക്കൊടി പെണ്ണിന്റെ അഴകിന് മാറ്റ് കൂട്ടുന്ന ഒന്നാണ്. ഐബ്രോ പെന്‍സില്‍ വച്ചും മറ്റും പുരികമെഴുതാന്‍ നേരമില്ലെങ്കില്‍ മസ്‌ക്കാരയുടെ ബ്രഷ് വൃത്തിയാക്കിയെടുത്ത് ഒരല്പം ഹെയര്‍ സ്‌പ്രേ അടിച്ച് പുരികത്തിനു മുകളിലൂടെ ഓടിച്ചാല്‍ മതി.
  • ഇത്തിരി ബ്ലഷ് കൊണ്ട് കവിളുകള്‍ക്ക് ചന്തം കൂട്ടാം. മറ്റൊന്നും ചെയ്തില്ലെങ്കിലും സ്‌കിന്നിന് നല്ല തിളക്കം നല്കാന്‍ ഇത് സഹായിക്കും.
  • മേക്കപ്പ് ചെയ്യാന്‍ ഒട്ടും മൂഡും സമയോം ഇല്ലെങ്കില്‍ ഒരല്പം മസ്‌ക്കാര കണ്‍പീലിയില്‍ കൂടി ഓടിച്ച്  ചുണ്ടുകളില്‍  ഏതെങ്കിലും ബോള്‍ഡ് നിറം നല്കിക്കോളു. അതല്ലെങ്കില്‍ കണ്ണിനു മുകളില്‍ ഐലൈനര്‍ കൊണ്ടെഴുതി ചുണ്ടുകള്‍ക്ക് കിടിലന്‍ ചുവപ്പ് നിറം നല്‍കാം. പ്രസരിപ്പും ഫ്രഷ്‌നെസ്സും നിങ്ങള്‍ക്ക് സ്വന്തം.
  • ഭംഗിയും തിളക്കവുമുള്ള മുടിയിഴകള്‍ക്ക് നിത്യവും ഷാംപൂ ചെയ്ത് കുളിക്കണമെന്നില്ല. മുടി ഓയിലി ആയി തോന്നുന്നുണ്ടെങ്കില്‍ ഒരല്പം ഡ്രൈ ഷാംപൂ സ്‌പ്രേ ചെയ്ത് കൊടുക്കുകയോ അല്ലെങ്കില്‍ കുറച്ച് ബേബി പൗഡര്‍ എടുത്ത് തലമുടി വേരുകളില്‍ മസ്സാജ് ചെയ്ത് മുടി ചീകി ഒതുക്കാം.
  • ഫാഷനില്‍ കറുപ്പ് നിറം എന്നും ഇന്‍ ആണ്. അധികം മിനക്കെടാതെ തന്നെ സ്‌റ്റൈലിഷ് ആവാന്‍ ബ്ലാക്ക് കോമ്പിനേഷന്‍ വരുന്ന വസ്ത്രം അണിയാം.
  • പല നിറത്തിലും തരത്തിലുമുള്ള  സ്‌റ്റോളുകളും സ്‌കാര്‍ഫുകളും മേക്കപ്പ് ചെയ്തില്ലെങ്കിലും സ്‌റ്റൈലിഷ് ലുക്ക് നല്കാന്‍ സഹായിക്കുന്ന വസ്തുക്കളാണ്. വേഷം അല്പം മോശമാണെങ്കിലും കൂടെ നല്ല കിടിലന്‍ സ്‌കാര്‍ഫ് അണിഞ്ഞ് പ്രസരിപ്പ് സ്വന്തമാക്കാം.
  • അത് പോലെ തന്നെയാണ് ആഭരണങ്ങളും. സാദാവസ്ത്രങ്ങളുടെ കൂടെ ആയാല്‍ പോലും മാചിങ് ആയ ഒരു സ്റ്റേറ്റ്‌മെന്റ്‌റ് ജ്വല്ലറി അണിഞ്ഞ് മൊത്തം ലുക്ക് തന്നെ മാറ്റിയെടുക്കാന്‍ സാധിക്കും 
  • ഉറക്കം തൂങ്ങിയ കണ്ണുകള്‍ ഒളിപ്പിക്കാന്‍ മേക്കപ്പ് ഒന്നും വേണ്ട. നല്ലൊരു സണ്‍ഗ്ലാസ് തന്നെ ധാരാളം. ഒരു കിടിലന്‍ സണ്‍ഗ്ലാസ്സിനൊപ്പം ചുണ്ടുകളില്‍ ബോള്‍ഡ് നിറവും നല്‍കിയാല്‍ ആത്മവിശ്വാസം നിറഞ്ഞ ലുക്ക് സ്വന്തമാക്കാം.