ലോകസൗന്ദര്യപ്പട്ടം നേടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മൂന്നുസുന്ദരികള്‍..മനസ്സിന്റെ സൗന്ദര്യമാണ് മുഖത്ത് പ്രതിഫലിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് മൂവരും. ഭക്ഷണത്തിലും വ്യായാമത്തിലും കൃത്യമായ അച്ചടക്കം പുലര്‍ത്തുന്ന മൂവരുടേയും സൗന്ദര്യ രഹസ്യങ്ങള്‍ അറിയാം.
ഐശ്വര്യ റായ് ബച്ചന്‍
ഇന്ത്യന്‍ സൗന്ദര്യത്തിന് ലോകത്തിന് മുന്നില്‍ പുതിയൊരു നിര്‍വചനം നല്‍കിയ വനിതയാണ് ഐശ്വര്യ റായ്, ഇന്ത്യയുടെ നിത്യഹരിത സൗന്ദര്യം. തന്റെ സൗന്ദര്യ സംരക്ഷണത്തിന് ഐശ്വര്യ എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കാറുള്ളത് പ്രകൃതിദത്ത മാര്‍ഗങ്ങളാണ്. ചര്‍മസംരക്ഷണത്തിനായി ഐശ്വര്യ ഉപയോഗിക്കാറുള്ള ഫെയ്‌സ്മാസ്‌ക് ഇതിനുള്ള ഉത്തമഉദാഹരണമാണ്.
കടലമാവ്, മഞ്ഞള്‍പൊടി എന്നിവ പാലില്‍ കുഴച്ച് തയ്യാറാക്കുന്ന മിശ്രിതം ചര്‍മത്തിന് വളരെ നല്ലതാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ഐശ്വര്യ പറയുന്നു. ചര്‍മത്തിലെ മൃതചര്‍മങ്ങള്‍ നീക്കം ചെയ്യുന്നതിന് ഈ പാക്ക് വളരെയധികം ഗുണം ചെയ്യുമത്രേ. കുക്കുംബര്‍ മാസ്‌കാണ് ഐശ്വര്യയുടെ മറ്റൊരു പ്രിയപ്പെട്ട സൗന്ദര്യ സംരക്ഷണ ഉപാധി. മുഖ ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ മുഖത്ത് യോഗര്‍ട്ട് ഇടുന്നതും ഐശ്വര്യയുടെ പതിവാണ്.
ഭക്ഷണകാര്യത്തിലും വളരെയേറെ ശ്രദ്ധ വച്ചുപുലര്‍ത്താന്‍ ഐശ്വര്യ ശ്രമിക്കാറുണ്ട്. പുഴുങ്ങിയ പച്ചക്കറികളും നാരുകൂടുതല്‍ അടങ്ങിയിട്ടുള്ള ബ്രൗണ്‍ റൈസുമാണ് ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിറ്റ്‌നെസ്സ് ഫ്രീക്കല്ലാത്ത ഐശ്വര്യ ജിമ്മില്‍ പോകുന്നത് പോലും അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ യോഗ ചെയ്യുന്നതില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറുമല്ല.
പ്രിയങ്ക ചോപ്ര
മുടിക്കും ചര്‍മത്തിനും പ്രത്യേക കരുതല്‍ നല്‍കുന്ന വ്യക്തിയാണ് പ്രിയങ്ക. എന്നാല്‍ ഇതിന് വേണ്ടി ബ്യൂട്ടിട്രീറ്റ്‌മെന്റുകള്‍ക്കൊന്നും പിസി മിനക്കെടാറില്ല. ചുണ്ടുകളുടെ സംരക്ഷണത്തിനായി സീ സാള്‍ട്ട് ലിപ് സ്‌ക്രബ്, ശിരോചര്‍മത്തിനായി യോഗര്‍ട്ടും തേനും ചേര്‍ന്ന മിശ്രിതം എന്നിവയാണ് പ്രിയങ്കയുടെ സൗന്ദര്യ സംരക്ഷണ ഉപാധികള്‍. ഹോട്ട് ഓയില്‍ ഹെയര്‍ മസാജും ദേസി ഗേളിന് പ്രിയമാണ്.
കൃത്യമായ ഡയറ്റ് ചാര്‍ട്ട് ഫോളോ ചെയ്യുന്ന പ്രിയങ്ക ധാരാളം വെള്ളം കുടിക്കുന്ന കൂട്ടത്തിലാണ്. നാളികേര വെള്ളം കുടിക്കുന്നതും ശരീരത്തിന് നല്ലതാണ് എന്നു പ്രിയങ്ക പറയുന്നു. ഒരു ഫിറ്റ്‌നെസ്സ് ഫ്രീക്കായ പ്രിയങ്ക വര്‍ക്കൗട്ടുകള്‍ മുടക്കാറില്ലെന്ന് തന്നെ പറയാം.
മാനുഷി ചില്ലര്‍
ബ്യൂട്ടി വിത് ബ്രെയിന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച വ്യക്തിയാണ് മാനുഷി. സന്തോഷമായിരിക്കുക എന്നുള്ളതാണ് സൗന്ദര്യവതിയായിരിക്കാനുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മാനുഷി. ധാരാളം വെള്ളം കുടിക്കുന്നതും കൃത്യമായി ഉറങ്ങാന്‍ ശ്രമിക്കുന്നതുമാണ് സൗന്ദര്യ സംരക്ഷണത്തിന്റെ ആദ്യപാഠങ്ങളായി മാനുഷി പറയുന്നത്.
ധാരാളം പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണമാണ് തന്റെ ഡയറ്റ് ചാര്‍ട്ടില്‍ മാനുഷി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയിട്ടുമുണ്ട്. ശരീരസൗന്ദര്യം നിലനിര്‍ത്തുന്നതിനായി ഭക്ഷണം ഒഴിവാക്കാന്‍ ഇവര്‍ തയ്യാറല്ല. ഭക്ഷണത്തിനൊപ്പം മികച്ച വ്യായാമമുറകള്‍ ശീലിച്ചാല്‍ ഊര്‍ജസ്വലതയുള്ള മനസ്സും ശരീരവും സ്വന്തമാക്കാമെന്നാണ് മാനുഷിയുടെ പക്ഷം.
Courtesy : IMBB