പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് പഴം. ശരീരത്തിനും മുടിക്കും വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് പഴം. പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും താരനെ തടയുകയും ചെയ്യും. മാത്രമല്ല നല്ല കണ്ടീഷണര്‍ കൂടിയാണ് പഴം. 

മാസ്‌ക് ഉണ്ടാക്കാം എളുപ്പത്തില്‍ 

ബനാന ഹെയര്‍മാസ്‌ക് ഉണ്ടാക്കുക വളരെ എളുപ്പമാണ്. പഴം, തേന്‍, റോസ് വാട്ടര്‍, കോക്കനട്ട് മില്‍ക്ക്, യോഗര്‍ട്ട്, വെളിച്ചെണ്ണ എന്നിവ അടുക്കളയിലുണ്ടെങ്കില്‍ നിമിഷ നേരങ്ങള്‍ കൊണ്ട് ബനാന മാസ്‌ക് തയ്യാറാക്കാം. 

മുടിയുടെ നീളത്തിനനുസരിച്ച് പഴം എടുക്കുക. ഉദാഹരണത്തിന് രണ്ടുപഴമാണ് എടുക്കുന്നതെങ്കില്‍ അത് നന്നായി അരിഞ്ഞ് കഷണങ്ങളാക്കി.തിന് ശേഷം അതിലേക്ക് രണ്ട് സ്പൂണ്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം. ഇത് രണ്ടും കൂട്ടിയരച്ച് നല്ലൊരു മിശ്രിതമാക്കുക. ഇത് തമ്മില്‍ ചേര്‍ന്നുവരുമ്പോള്‍ ഇതിലേക്ക് തേന്‍ ചേര്‍ക്കാം. തേനും നന്നായി ഇളക്കി യോജിപ്പിച്ച് കഴിയുമ്പോള്‍ അതിലേക്ക് രണ്ടുസ്പൂണ്‍ വെളിച്ചെണ്ണ, റോസ് വാട്ടര്‍ എന്നിവ ചേര്‍ക്കുക. അത് ന്നായി യോജിപ്പിച്ചതിന് ശേഷം അതിലേക്ക് യോഗര്‍ട്ട് ചേര്‍ത്ത് ഇളക്കുക. 

ഈ മിശ്രിതം ഇനി മുടിയില്‍ തേച്ചുപിടിപ്പിക്കാം. 10-15 മിനിട്ട് കഴിയുമ്പോള്‍ മെല്ലെ വിരലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്ത് ചെറുചൂടുവെള്ളത്തില്‍ മുടി കഴുകിയെടുക്കാം. 

ഇത്തരത്തില്‍ മാസത്തില്‍ മൂന്ന് തവണ ബനാന മാസ്‌ക് മുടിയില്‍ പുരട്ടുന്നത് മുടിയുടെ തിളക്കവും കരുത്തും വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Content Highlights: Banana Mask for Hair Growth, Hair Fall, Banana Hair Mask