രിക്കല്‍ വളരെ ആഴത്തിലുള്ള വാണിജ്യബന്ധങ്ങള്‍ നിലനിന്ന രാജ്യങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും. കാബൂളിവാല എന്ന ടാഗോറിന്റെ കഥപോലും ഈ  ആത്മബന്ധത്തിന്റെ പ്രതിഫലനമാണ്. അത്തരത്തില്‍ അഫ്ഗാനുമായി ബന്ധമുള്ള ഒരു സൗന്ദര്യസംരക്ഷണ ഉത്പന്നവും നമ്മുടെ നാട്ടിലുണ്ടായിരുന്നു. 1919ല്‍  അന്നത്തെ അഫ്ഗാന്‍ രാജാവായ അമാനുല്ല ഖാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ബോംബെയിലെത്തിയ അദ്ദേഹത്തിന്റെ മുന്നിലേക്ക് രാജസ്ഥാനില്‍ നിന്നുള്ള ഒരു യുവവ്യവസായി ഒരു സമ്മാനം നീട്ടി. ഇബ്രാഹിം സുല്‍ത്താനലി പഠാന്‍വാല എന്നായിരുന്നു ആ യുവാവിന്റെ പേര്. പെര്‍ഫ്യൂമുകളും സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുമുണ്ടാക്കുന്ന സംരംഭം നടത്തുകയായിരുന്ന ഇബ്രാഹിം ഒരു ഭരണി നിറയെ വെളുത്ത ക്രീമാണ് രാജാവിന് നല്‍കിയത്.  

രാജാവ് അത് തൊട്ടുനോക്കി 'അഫ്ഗാനിലെ മലനിരകളില്‍ പെയ്യുന്ന മഞ്ഞ് പോലെ' എന്ന് അഭിപ്രായപ്പെട്ടു. രാജാവ് അങ്ങനെ പറഞ്ഞതിനാല്‍ ഇബ്രാഹിം പഠാന്‍വാല ആ ക്രീമിന് അഫ്ഗാന്‍ സ്‌നോ എന്ന പേരും നല്‍കി. മെയ്ക്ക്അപ്പിനുള്ള ബേസ് ക്രീം, മോയ്‌സ്ചറൈസര്‍, സണ്‍സ്‌ക്രീന്‍ എന്നിങ്ങനെ മള്‍ട്ടിപര്‍പ്പസ് ക്രീമായിരുന്നു അത്.

താമസിയാതെ അഫ്ഗാന്‍ സ്‌നോ ഇന്ത്യയിലെ വീടുകളിലെ സുപരിചിത സൗന്ദര്യവര്‍ധക വസ്തുവായി മാറി. അക്കാലത്തെ ബോളിവുഡ് താരങ്ങളായ നര്‍ഗീസ്, രാജ് കപൂര്‍, പൂനം ധില്ലന്‍ തുടങ്ങിയവര്‍ ഈ ക്രീമിനായുള്ള  പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. 1952ല്‍ ബോംബെയില്‍ നടന്ന ആദ്യ മിസ് ഇന്ത്യ മത്സരം സ്‌പോണ്‍സര്‍ ചെയ്തതും അഫ്ഗാന്‍ സ്‌നോയാണ്.

എഴുപതുകളോടെ മറ്റ് വന്‍കിട കമ്പനികള്‍ രംഗത്തെത്തിയതോടെ അഫ്ഗാന്‍ സ്‌നോ വിപണി വിട്ടു. 

സ്വാതന്ത്യ സമരകാലത്ത് വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിച്ചപ്പോള്‍ വിദേശ രാജ്യത്തിന്റെ പേരിലുള്ളവയും ആളുകള്‍ ഉപേക്ഷിച്ചു തുടങ്ങി. എന്നാല്‍ ഇബ്രാഹിം പഠാന്‍വാല, പേരില്‍ അഫ്ഗാനുണ്ടെങ്കിലും ഇതൊരു സ്വദേശി ഉത്പന്നമാണെന്ന് ഗാന്ധിജിയെ അറിയിച്ചു. ഇതറിഞ്ഞ ഗാന്ധിജി അഫ്ഗാന്‍ സ്‌നോ ബഹിഷ്‌ക്കരിക്കേണ്ട എന്ന അറിയിപ്പും പുറത്തിറക്കി. 

Content Highlights: Afghan Snow, India’s first beauty cream and its  Afghan connection