റീമ കല്ലിങ്കല്‍ ഫസ്റ്റ് റണ്ണറപ്പായ 2008 -ലെ മിസ് കേരള മത്സരത്തിലും കൊറിയോഗ്രാഫി ചെയ്തത് ഡാലു കൃഷ്ണദാസ് ആയിരുന്നു. സിനിമകള്‍ക്ക് വേണ്ടി കാസ്റ്റിങ് ചെയ്യുന്നു.ടി.വി. സീരിയലില്‍ ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളിലും ഉണ്ടായിരുന്നു.


തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലേക്ക് റാമ്പില്‍ ചുവടുവെച്ച് സുന്ദരിമാര്‍ കടന്നുവന്നു... തിരശ്ശീലയ്ക്ക് പിന്നില്‍ ഏവരെയും ഉന്മാദത്തിലാഴ്ത്തുന്ന മാസ്മര സംഗീതം... നേവി ക്വീന്‍ മത്സരത്തിലെ ഓരോ റൗണ്ടുകള്‍ പിന്നിടുമ്പോഴും മത്സരം കൊഴുക്കുന്നു.
ഒടുവില്‍,തിരുവനന്തപുരം സ്വദേശി മെലീസ രാജു തോമസ് നേവി ക്വീന്‍ പട്ടം സ്വന്തമാക്കുമ്പോള്‍ ഡാലു കൃഷ്ണദാസ് എന്ന ഫാഷന്‍ കൊറിയോഗ്രാഫറുടെ അദൃശ്യസാന്നിധ്യം സദസ്സിലുണ്ടായിരുന്നു.

ആറ് വര്‍ഷമായി തുടര്‍ച്ചയായി നേവി ക്വീന്‍ ഷോയില്‍ ഡാലു കൃഷ്ണദാസുണ്ട്.

കേരളത്തിന്റെ ഫാഷന്‍ ഹബ്ബായ കൊച്ചി ഡാലുവിന് അപരിചിതമല്ല. കാരണം, വര്‍ഷത്തില്‍ പലതവണ ഷോകള്‍ക്കും മോഡലുകളുടെ ഗ്രൂമിങ്ങിനും ജ്വല്ലറി ഷോകള്‍ക്കുമായി ഡാലു കൊച്ചിയില്‍ എത്തുന്നുണ്ട്.

തെക്കേ ഇന്ത്യയുടെ ഫാഷന്‍ ലോകത്ത് വിലമതിക്കാനാവാത്ത താരമാണ് ഡാലു കൃഷ്ണദാസ്.കേരളത്തില്‍ നിന്ന് ചെന്നൈയ്ക്ക് പറക്കുമ്പോള്‍ ഡാലുവിന്റെ സ്വപ്നം ഫാഷന്‍ മാത്രമായിരുന്നു. എന്തായാലും പോയ വഴികളൊന്നും പിഴച്ചില്ല.

21-ാമത്തെ വയസ്സില്‍ തുടങ്ങിയ യാത്രയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നഷ്ടത്തിന്റെ കണക്കുകളില്ല. നിരവധി ഷോകളുടെയും പരസ്യ മോഡലുകളുടെയും കോറിയോഗ്രാഫികള്‍ ഡാലു ചെയ്തുകഴിഞ്ഞു. സില്‍ക്ക് ഷര്‍ട്ട് കിട്ടാനില്ലാതിരുന്ന കാലത്ത് അമ്മയുടെ സില്‍ക്ക് സാരി വെട്ടിയെടുത്ത് ഡാലു ഷര്‍ട്ടുകള്‍ തുന്നിയിരുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അന്നുമുതല്‍ ഡാലുവിന് നിറങ്ങളോടും വസ്ത്രങ്ങളോടും കമ്പമായിരുന്നു.

ഫാഷന്‍ യാത്രകള്‍

കോഴിക്കോടാണ് സ്വദേശം. വളര്‍ച്ചയ്ക്ക് ഗുണപ്പെടുക ചെന്നൈ ആണെന്ന് മനസ്സിലാക്കിയ ഡാലു അവിടേക്ക് ചേക്കേറുകയായിരുന്നു. ചെന്നൈ, കര്‍ണാടക, കേരളം എന്നിവയാണ് ഡാലുവിന്റെ പ്രവര്‍ത്തന മേഖലകള്‍.

നിരവധി സെലിബ്രിറ്റികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ ജീവിതത്തിലെ മറക്കാനാവാത്ത ഫാഷന്‍ അനുഭവങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാവും. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം താജ് ഗ്രൂപ്പില്‍ ജോലി നോക്കുമ്പോഴാണ് ഫാഷന്‍ ഡിസൈനിങ് പഠനത്തിന് ചേരുന്നത്.

വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമാണ് ജോലി ചെയ്തു പഠിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ദുബായില്‍ ജോലി നോക്കുമ്പോള്‍ അവിടത്തെ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്ക് വേണ്ടി ഷോകള്‍ ചെയ്തിരുന്നു. ഏഴ് വര്‍ഷം തുടര്‍ച്ചയായി സണ്‍സില്‍ക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം ചെയ്തു. മിസ് തമിഴ്‌നാട്, മിസ് ആന്ധ്ര, മിസ് കര്‍ണാടക എന്നിവ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ചെയ്തു.

റീമ കല്ലിങ്കല്‍ ഫസ്റ്റ് റണ്ണറപ്പായ 2008 -ലെ മിസ് കേരള മത്സരത്തിലും കൊറിയോഗ്രാഫി ചെയ്തത് ഡാലു കൃഷ്ണദാസ് ആയിരുന്നു. സിനിമകള്‍ക്ക് വേണ്ടി കാസ്റ്റിങ് ചെയ്യുന്നു.

ടി.വി. സീരിയലില്‍ ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളിലും ഉണ്ടായിരുന്നു. മൂന്ന് സീസണായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായിരുന്നു.

ഇതു കൂടാതെ ഡിസൈനര്‍ ഷോ, പ്രൊഡക്ട് ലോഞ്ച്, ഡീലേഴ്‌സ് മീറ്റ് എന്നീ പരിപാടികളിലും ഡാലു പ്രവര്‍ത്തിച്ചു. ശീമാട്ടിയുടെ മോഡലുകള്‍ക്ക് വേണ്ടിയും കൊറിയോഗ്രാഫി ചെയ്തു.

സിനിമയിലേക്ക് ചുവടുവെച്ച മോഡലുകള്‍

ഡാലു കൃഷ്ണദാസിനൊപ്പം മലയാളം, തമിഴ് സിനിമ മേഖലയിലേക്ക് ചുവടുകള്‍ വെച്ച മോഡലുകള്‍ ഏറെയാണ്. ഇഷാറാ നായര്‍, ലുക്ക്-പോണ്ടിച്ചേരി, കൊച്ചി നേവി ക്വീന്‍ മത്സരങ്ങളില്‍ പങ്കെടുത്ത മോഡലാണ്. ഇതിനോടകം മൂന്ന് തമിഴ് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കഴിഞ്ഞകൊല്ലം മിസ് മലബാറായി തിരഞ്ഞെടുക്കപ്പെട്ട അവന്തിക മോഹന്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലും തമിഴ്,തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളിലും ജ്വല്ലറി പരസ്യങ്ങളിലും രംഗത്തുവന്ന വിദ്യ 'കമ്മത്ത് ആന്‍ഡ് കമ്മത്ത്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി.

14 വര്‍ഷമായി ഡാലു കൃഷ്ണദാസ് സഞ്ചരിക്കുന്നത് മാറുന്ന ഫാഷനൊപ്പമാണ്. അമ്മയുടെ പൂര്‍ണ പിന്തുണ തന്റെ യാത്രയ്‌ക്കൊപ്പം ഉണ്ടെന്ന് ഡാലു പറയുന്നു. ഈമാസം 30 ന് നടക്കുന്ന മിസ് മലബാര്‍ മത്സരത്തിനായുള്ള അവസാനവട്ട മിനുക്കു പണികളിലാണിപ്പോള്‍ ഡാലു. കൊച്ചിയിലെ തിരക്ക് കണക്കിലെടുത്ത് തേവരയില്‍ ഒരു വീടും സ്വന്തമാക്കിയിട്ടുണ്ട്.