ചിത്രപ്പണികള്‍ ചെയ്തും വിവിധ ഡിസൈനുകളിലുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ചും കല്ലുകള്‍ ഒട്ടിച്ചും നഖ സൗന്ദര്യം വര്‍ധിപ്പിക്കല്‍ പണ്ടേ പെണ്‍കുട്ടികള്‍ക്ക് ഹരമാണ്. ഇപ്പോള്‍ നഖത്തിനെ മോടിപിടിപ്പിക്കാന്‍ പേപ്പര്‍ നെയില്‍ ആര്‍ട്ടിനോടാണ് ഇവര്‍ കൂട്ടു കൂടിയിരിക്കുന്നത്.

കടലാസോ? എന്ന് ചോദിക്കാന്‍ വരട്ടെ, ഹോളിവുഡില്‍ പോലും പേപ്പര്‍ നെയില്‍ ആര്‍ട്ടിന് കടുത്ത ആരാധകരാണുള്ളത്. നമ്മുടെ പിള്ളേരും അത് പരീക്ഷിച്ച് കടലാസ് സൗന്ദര്യം ആസ്വദിക്കുകയാണ്.

സിമ്പിള്‍ ആന്‍ഡ് യൂണിക്ക് അതാണിതിന്റെ പ്രത്യേകത. ഈ പ്രത്യേകത തന്നെയാണ് പേപ്പര്‍ നെയില്‍ ആര്‍ട്ടിന്റെ ആരാധകരുടെ എണ്ണം കൂട്ടുന്നത്. ദിനപത്രങ്ങളോ വാരികകളോ മാസികകളോ എന്തിന് നോട്ടുബുക്കിലെ എഴുത്തുകുത്തുകള്‍ വരെ പേപ്പര്‍ നെയില്‍ ആര്‍ട്ടിലൂടെ നഖത്തില്‍ ഫോട്ടാസ്റ്റാറ്റായി പതിപ്പിക്കാം. എഴുത്തുകുത്തുകള്‍ മാത്രമല്ല, കടലാസിലുള്ള എന്തും നഖത്തിലേക്ക് പകര്‍ത്താം.

ബേസ് കോട്ട്, ഇളം നിറത്തിലുള്ള നെയില്‍ പോളിഷ്, റബ്ബിംഗ് ആല്‍ക്കഹോള്‍, പിന്നെ കുറച്ച് പേപ്പര്‍ കഷ്ണങ്ങളും ഉണ്ടെങ്കില്‍ നഖങ്ങളില്‍ കടലാസ് സൗന്ദര്യം വിരിയിക്കാം. നഖത്തില്‍ ബേസ് കോട്ട് പൂശലാണ് ആദ്യ പടി. തുടര്‍ന്ന് റബിംഗ് ആല്‍ക്കഹോളില്‍ പേപ്പര്‍ കഷ്ണം അഞ്ച് സെക്കന്‍ഡ് മുക്കിയിടണം.

റബ്ബിംഗ് ആല്‍ക്കഹോള്‍ നനഞ്ഞ പേപ്പര്‍ കഷ്ണങ്ങള്‍ നഖത്തിന് മീതെ പതിപ്പിച്ച് പതിനഞ്ച് സെക്കന്‍ഡോളം അമര്‍ത്തി പിടിക്കണം. ശേഷം കടലാസ് കഷ്ണങ്ങള്‍ എടുത്ത് മാറ്റുമ്പോള്‍ നഖത്തില്‍ എഴുത്തുകുത്തുകള്‍ പതിഞ്ഞിട്ടുണ്ടാവും.

ഇനി ഇളം നിറത്തിലുള്ള നെയില്‍ പോളിഷ് നഖത്തില്‍ പുരട്ടി കഴിയുന്നതിലൂടെ പേപ്പര്‍ നെയില്‍ ആര്‍ട്ട് പൂര്‍ണമാവും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഈ വിധത്തില്‍ നഖങ്ങളിലേക്ക് ചേക്കേറുന്നുണ്ട്.