പണ്ടുതൊട്ടേ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സുഹൃത്താണ് ഐസ്‌ക്യൂബുകള്‍. മേക്കപ്പിടുന്നതിന് മുമ്പായി ഐസ്‌ക്യൂബ് കൊണ്ട് മുഖത്തുരസുന്നത് ചര്‍മ്മത്തിന് കുളിര്‍മ്മ നല്‍കുമെന്ന് മാത്രമല്ല ഫൗണ്ടേഷനും മറ്റു കോസ്‌മെറ്റിക്കുകളും ചര്‍മ്മവുമായി നന്നായി യോജിച്ചു നില്‍ക്കാനും സഹായിക്കും.

കല്യാണം പോലെ ദീര്‍ഘനേരം മേക്കപ്പിടേണ്ടി വരുന്ന അവസരങ്ങളില്‍ മേക്കപ്പ് ദീര്‍ഘസമയം നില്‍ക്കുന്നതിന് ഇത്തരത്തില്‍ ഐസ്‌ക്യൂബ് ഉരസുന്നത് നല്ലതാണ്. ലിപ്സ്റ്റിക് ഇട്ടതിനു ശേഷം അതിനുമുകളിലൂടെ ഐസ്‌ക്യൂബ് ഉരസുന്നത് ലിപ്സ്റ്റിക് മാഞ്ഞുപോകാതെ നില്‍ക്കാന്‍ സഹായിക്കും.


മുഖക്കുരുവിനും പരിഹാരംഇനിയിപ്പോള്‍ നെറ്റിയിലോ കവിളിലോ പ്രത്യക്ഷപ്പെട്ട മുഖക്കുരുവാണ് പ്രശ്‌നമെങ്കില്‍ അതിനും ഉണ്ട് ഒരു ഐസ്‌ക്യൂബ് പരിഹാരം. ഒന്നോ രണ്ടോ ഐസ്‌ക്യൂബുകള്‍ തുണിയില്‍ പൊതിഞ്ഞ് കുരുവിന് മുകളിലായി മെല്ലെ അമര്‍ത്തുന്നത് മുഖക്കുരു ഇല്ലാതാക്കും മാത്രമല്ല മുഖക്കുരുവിന്റെ പാടുകളും ഉണ്ടാകില്ല. ഇതിന് പുറമേ കുറച്ച് ഐസ്‌ക്യൂബുകള്‍ തുണിയില്‍ പൊതിഞ്ഞെടുത്ത് അതിലേക്ക് അല്‍പം ഓയില്‍ ചേര്‍ത്ത് മുഖത്തുരസുന്നതും മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കും.


ചര്‍മ്മ സംരക്ഷണത്തിനായി ചില ഐസ്‌ക്യൂബുകള്‍തേന്‍, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഐസ് ട്രേയില്‍ ഒഴിച്ച് ചെറിയ ഐസ് ക്യൂബുകള്‍ ഉണ്ടാക്കിയെടുക്കാം. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഈ ഐസ്‌ക്യൂബുകള്‍ കൊണ്ട് മുഖത്തും കഴുത്തിലും ഉരസുന്നത് ചര്‍മ്മത്തിന് മിനുസവും തിളക്കവും നല്‍കാന്‍ സഹായിക്കും.തേന്‍ മുഖചര്‍മ്മത്തിലെ ചെറിയ സുഷിരങ്ങളില്‍ വരെ ഇറങ്ങിച്ചെന്ന് അഴുക്കുകളയാന്‍ സഹായിക്കും. ഒലീവ് ഓയില്‍ ചര്‍മ്മത്തെ കൂടുതല്‍ മൃദുവാക്കുകയും ചെയ്യും.

ചെറുനാരങ്ങാനീരും തേനും ഒരേ അളവില്‍ എടുത്ത്് നല്ല പോലെ യോജിപ്പിച്ച് ഐസ്‌ക്യൂബ് ഉണ്ടാക്കാം. മുഖക്കുരു ഉളള ചര്‍മ്മത്തിന്് ഇത് വളരെയധികം ഫലപ്രദമാണ്. ജ്വലനത്തില്‍ നിന്നും ചര്‍മ്മത്തെ ഇത് രക്ഷിക്കുകയും ചെയ്യും.

സാധാരണവെളളത്തില്‍ കുറച്ച് ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത് നല്ല പോലെ യോജിപ്പിച്ചതിന് ശേഷം ഐസ്‌ക്യൂബുകള്‍ ഉണ്ടാക്കി അതുപയോഗിച്ച് മുഖത്തുരസുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ സൂക്ഷമ സുഷിരങ്ങളിലേക്ക് വരെ ഇറങ്ങി ചെന്ന് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ വര്‍ധിച്ച എണ്ണമയം ഇല്ലാതാക്കുന്നതിനും സഹായിക്കും. വിനാഗിരിയിലെ ആന്റി ഓക്‌സിഡന്റ്‌സ് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ ടോക്‌സിനുകളെ നശിപ്പിക്കുന്നതിനും ചര്‍മ്മത്തിന് അരുണ ശോഭ നല്‍കുന്നതിനും ആപ്പിള്‍ സിഡര്‍ ഐസ്‌ക്യൂബുകള്‍ നല്ലതാണ്.