തനി നാടന്‍ പെണ്‍കുട്ടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദന്‍. അടുത്തവീട്ടിലെ പെണ്‍കുട്ടിയോട് തോന്നുന്ന വാല്‍സല്യത്തോടെ പ്രേക്ഷകര്‍ മീരയെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നാടന്‍ ഇമേജ് വേണ്ടെന്നു വച്ച് ഫാഷനിലൂടെ ബോള്‍ഡാവാനായിരുന്നു മീരയുടെ തീരുമാനം. സിനിമാ ലോകത്ത് ലുക്കിനും ഫാഷനുമുള്ള പ്രാധാന്യമാണ് മീരയെ പുതിയ പരീക്ഷണങ്ങളില്‍ എത്തിച്ചത്.

മോഹന്‍ലാലിനൊപ്പം ജോഷി ചിത്രമായ 'ലോക്പാലില്‍' അഭിനയിക്കുന്നതിന്റെ സന്തോഷത്തിലുള്ള മീരയുടെ ഫാഷന്‍ സങ്കല്‍പങ്ങള്‍...


ഫാഷന്‍ എന്നാല്‍:

ഏറ്റവും സുഖവും സൗകര്യവും തരുന്ന വസ്ത്രം ധരിക്കുക എന്നതാണ് എന്റെ ഫാഷന്‍ സങ്കല്‍പം. എന്നാല്‍ ട്രെന്‍ഡി ആകുകയും വേണം. ധരിക്കുന്ന വേഷത്തിന് നമ്മളെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ സാധിക്കും. അതുകൊണ്ട് വസ്ത്രധാരണത്തില്‍ എന്റേതായ ഇഷ്ടങ്ങളുണ്ട്. ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുള്ളു. അത്തരം വസ്ത്രങ്ങള്‍ ആത്മവിശ്വാസവും പകരും.


ന്യൂ ലുക്ക്:

ന്യൂ ലുക്ക് ആഗ്രഹിച്ച് ചെയ്ത കാര്യമാണ്. മലയാള സിനിമയില്‍ സാരിയും ദാവണിയും ഉടുത്ത് തീര്‍ത്തും നാടന്‍ പെണ്‍കുട്ടിയായാണ് ഞാന്‍ വന്നത്. പൊതുവേ ലളിതമായി നടക്കാന്‍ ഇഷ്ടമുള്ള എനിക്ക് ലുക്കിലൊന്നും പ്രത്യേകിച്ച് കാര്യമുള്ളതായി തോന്നിയില്ല. എന്നാല്‍ സിനിമാ രംഗത്ത് ഫാഷനും ലുക്കിനും പ്രാധാന്യമുണ്ടെന്ന് പല സുഹൃത്തുക്കളും എന്നെ ഉപദേശിച്ചു. അങ്ങനെ ഒരു വ്യത്യാസം വേണമെന്ന തോന്നല്‍ എനിക്കും ഉണ്ടായി.

അതിനു മറ്റൊരു കാരണം കൂടിയുണ്ട്. തമിഴ് തെലുങ്ക് പ്രോജക്ടുകള്‍ക്കായി വിളിക്കുമ്പോള്‍ അവര്‍ ഫോട്ടോകള്‍ ആവശ്യപ്പെടും. അതിനായാണ് വ്യത്യസ്ത മെയ്ക്ക് ഓവറുകള്‍ പരീക്ഷിക്കുന്നത്. അങ്ങനെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ മഹേന്ദ്ര ഗുപ്തയുടെ സഹായം തേടി. സുസ്മിതാ സെന്നിനെയൊക്കെ അണിയിച്ചൊരുക്കിയ ആളാണ്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പുതിയ ലുക്ക് പരീക്ഷിച്ചത്. ഇങ്ങനെ എടുത്ത പടങ്ങള്‍ എന്റെ കരിയറില്‍ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. അമിതമായി ശരീരം പ്രദര്‍ശിപ്പിക്കാതെ എങ്ങനെ ഗ്ലാമറസ്സാകാം, എന്റെ പരിമിതികളും ഇഷ്ടവും എന്താണ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ അതിലൂടെ പറയാന്‍ സാധിച്ചു. നാടനായി നടന്ന മീരയ്ക്ക് ഇങ്ങനെയും ആകാന്‍ കഴിയുമെന്ന് അവ തെളിയിച്ചു. ഒരുപാട് അവസരങ്ങളും അതിനു ശേഷം എന്നെത്തേടി വന്നു. എപ്പോഴും ട്രെന്‍ഡി ആകണം എന്നാല്‍ ഗ്ലാമറിന്റെ പേരിലുള്ള ശരീരപ്രദര്‍ശനത്തിന് ഞാന്‍ ഒരുക്കവുമല്ല.


ഇഷ്ട വേഷം:

കല്യാണം, പാര്‍ട്ടി എന്നിവയ്ക്ക് സാരി. യാത്രയ്ക്കാണെങ്കില്‍ പജാമ, കാപ്രി... ഓരോ സന്ദര്‍ഭത്തിനും അനുസരിച്ച് വസ്ത്രങ്ങളുടെ ഇഷ്ടങ്ങള്‍ മാറും. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതല്‍ ഇഷ്ടം. ആഡംബരം കൂടുതലുള്ളതും മിന്നിത്തിളങ്ങുന്നതുമായ വസ്ത്രങ്ങളോടും ആഭരണങ്ങളോടും താല്‍പര്യം കുറവാണ്. പട്ടു സാരികളോട് പ്രത്യേക ഇഷ്ടമുണ്ട്. വസ്ത്രത്തിനനുസരിച്ച് ആക്‌സസറികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കാറുണ്ട്. ബാഗുകള്‍ ഇഷ്ടമാണ്. വലിയ സ്ട്രിങ്ങുള്ള ക്ലച്ച് ബാഗുകളാണ് ഇപ്പോഴത്തെ ഇഷ്ടം. അവയുടെ ചെറിയ കലക്ഷന്‍ ഉണ്ട്.


ഷോപ്പിങ് ക്രേസ്:

മേക്കപ്പും കോസ്‌മെറ്റിക്‌സുമെല്ലാം വിദേശത്തു പോകുമ്പോഴാണ് വാങ്ങുന്നത്. ഐ ഷാഡോകളുടെ നല്ല കലക്ഷനുണ്ട്. അവ ബ്രാന്‍ഡ് നോക്കാതെതന്നെ ഇഷ്ടപ്പെട്ട നിറങ്ങളിലെല്ലാം വാങ്ങി സൂക്ഷിക്കാറുണ്ട്. മറ്റെല്ലാ മേക്കപ്പ് വസ്തുക്കളും ബ്രാന്‍ഡ് നോക്കിയേ വാങ്ങാറുള്ളു. മാക്ക്, ബോബി ബ്രൗണ്‍ എന്നിവയാണ് കോസ്‌മെറ്റിക്‌സില്‍ എനിക്ക് ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍

ഫാഷന്‍ ഗുരു

: അങ്ങനെ ഒരു ഫാഷന്‍ ഗുരുവൊന്നും ഇല്ല. എന്നാല്‍ നിര്‍ദേശങ്ങള്‍ തരാനും സഹായം തേടാനും ഫാഷന്‍ ഡിസൈനര്‍മാരും എന്‍. ഐ. എഫ്. ടി യില്‍ പഠിക്കുന്ന സുഹൃത്തുക്കളുമുണ്ട്. വലിയ പരിപാടികള്‍ക്കെല്ലാം പോകുമ്പോള്‍ അവരോട് അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്.


സൗന്ദര്യ സംരക്ഷണം:

മുടിയുടെ ആരോഗ്യത്തിനായി മാസത്തില്‍ രണ്ടു തവണ സ്പാ ചെയ്യും. പുറത്തൊക്കെ പോയി മുഖം വല്ലാതെ ക്ഷീണിക്കുകയാണെങ്കില്‍ മാത്രമേ ഫേഷ്യല്‍ ചെയ്യാറുള്ളു. എന്നാല്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റുന്ന സംരക്ഷണമെല്ലാം ഞാനും ചെയ്യാറുണ്ട്. വീട്ടില്‍ അച്ഛന്റെ പച്ചക്കറിതോട്ടത്തിലെ തക്കാളിയും, കക്കിരിയും കറ്റാര്‍വാഴയും മുഖത്തും കൈയ്യിലും പുരട്ടി എന്റേതായ രീതിയിലുള്ള ചര്‍മ്മസംരക്ഷണം....


ഫിറ്റ്‌നസ്:

ഹെല്‍ത്ത് ക്ലബ്ബില്‍ പോകാറുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ ആവശ്യാനുസരണം തൂക്കം കൂടുകയും കുറയുകയും ചെയ്യുന്ന പ്രകൃതമാണ് എന്റേത്. അടുത്തിടെ ഒരു പ്രോജക്ടിനുവേണ്ടി തൂക്കം കുറയ്ക്കാനായി ഭക്ഷണം ക്രമീകരിച്ചു, ഒപ്പം വര്‍ക്ക് ഔട്ടും ചെയ്തു. ഒറ്റമാസം കൊണ്ട് ഞാന്‍ 8 കിലോ കുറഞ്ഞു. പക്ഷെ എന്റെ ആരോഗ്യത്തെ അതു ബാധിച്ചു. അമിതമായി നിയന്ത്രണങ്ങള്‍ വേണ്ട എന്ന് ഡോക്ടര്‍ ഉപദേശിച്ചു. അതുകൊണ്ട് പ്രത്യേകം ഡയറ്റിങ്ങൊന്നും ഇപ്പോഴില്ല. എന്നാല്‍ വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലവുമില്ല.


ഭക്ഷണം:

വെജിറ്റേറിയനാണ്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാറുണ്ട്. എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം അധികം കഴിക്കാറില്ല. ഷൂട്ടിനു പോകുമ്പോള്‍ പഴങ്ങളും ജ്യൂസും ധാരാളം കഴിക്കും.


ഫാഷന്‍ റോള്‍മോഡല്‍:

ബോളിവുഡ് ഫാഷന്‍ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. ദീപികാ പദുകോണിന്റെ ഫാഷന്‍ സെന്‍സ് ഇഷ്ടമാണ്. സോനം കപൂറിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ കൗതുകത്തോടെ നോക്കാറുണ്ട്.