കണ്ണെഴുതി പൊട്ട് തൊട്ടാല്‍ മാത്രമാണ് സ്ത്രീ സൗന്ദര്യം പൂര്‍ണ്ണമാകുന്നതെന്നാണ് വിശ്വാസം. പുരികങ്ങള്‍ക്ക് നടുവില്‍ പല നിറങ്ങളില്‍ പലതരത്തില്‍ നിറയുന്ന പൊട്ടുകള്‍ അവളുടെ സൗന്ദര്യത്തിന്റ അളവുകോല്‍ തന്നെയായി മാറ്റപ്പെടുന്നു. കാലമെത്ര മാറിയാലും പൊട്ട് എന്ന സങ്കല്പത്തിന് മാറ്റമുണ്ടാവില്ല. വട്ടപ്പൊട്ടുകള്‍ ഒരു കാലത്ത് വലിയ ട്രെന്‍ഡായിരുന്നു .എന്നാല്‍ കാലം മാറിയതോടെ പല ഡിസൈനുകളില്‍ പലരൂപത്തില്‍ പൊട്ടുകള്‍ വിപണിയില്‍ നിരന്നു. ഗോപി പൊട്ടുകളും, കല്ലു വച്ച പൊട്ടുകളും, വെള്ള നിറത്തില്‍ തിളങ്ങുന്ന പൊട്ടുകളുമൊക്കെ ഫാഷനായി. ഇതിന് പുറമെ ഓരോ വസ്ത്രങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ പൊട്ടുകളുടെ നിറവും മാറി.


സ്റ്റിക്കര്‍ പൊട്ടുകള്‍ :

ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ പൊട്ടുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വിവാഹിതരായവര്‍ക്കും അല്ലാത്തവര്‍ക്കും വിവിധ തരത്തിലുള്ള പൊട്ടുകള്‍ ലഭ്യമാണ്. സ്റ്റിക്കര്‍ പൊട്ടുകള്‍ക്ക് ഇന്നും പ്രിയം തന്നെയാണ്. സ്റ്റിക്കര്‍ പൊട്ടുകളിലാണ് ആദ്യത്തെ ഫാഷന്‍ ഇന്ന് ലഭ്യമാകുന്നത്. ഇതിന് പുറമെ റെഡിമെയ്ഡ് പൊട്ടുകളും സുലഭമാണ്. മുത്തുകളും,കല്ലുകളും,തിളങ്ങുന്ന വസ്തുക്കളും,പേള്‍സും,സ്വീകന്‍സുകളും പിടിപ്പിച്ച് അലങ്കരിച്ച പൊട്ടുകള്‍ക്കും ഡിമാന്റ് ഏറെയാണ്. ടാറ്റു രൂപത്തിലുള്ള പൊട്ടുകളും ലഭ്യമാണ്

പരമ്പരാഗത പൊട്ടുകള്‍ :

മലയാളികള്‍ പരമ്പരാഗതമായി തൊടുന്ന പൊട്ടാണ് ശിങ്കാറുകള്‍.ചുവന്ന പൊട്ടുകള്‍ ആണ് ഇതില്‍ പ്രധാനമായും. ഓരോ സ്ഥലത്തെയും പ്രദേശികതയ്ക്ക് അനുസരണമായി പരമ്പരാഗത പൊട്ടുകളുടെ രൂപം മാറുന്നു. മലയാളികള്‍ വലിയ വട്ടപ്പൊട്ടുകള്‍ തൊടുന്നത് ശീലമാണ്.സാരികള്‍ക്കൊപ്പവും മറ്റും ഇത്തരം പൊട്ടുകള്‍ അണിയുമ്പോള്‍ പ്രത്യേകം സൗന്ദര്യം ലഭിക്കുന്നു.


ഫ്ളോറല്‍ പൊട്ടുകള്‍ :

ഫ്ളോറല്‍ രൂപത്തില്‍ ഡിസൈന്‍ ചെയ്യുന്ന പൊട്ടുകളാണ് ഫ്ളോറല്‍ പൊട്ടുകള്‍. പുവു പോലെയും അതിന്റെ ഇതളുകള്‍ പോലെയുമായിരിക്കും ഇതിന്റെ ഡിസൈനുകള്‍. സ്റ്റോണുകളും വിവിധ നിറങ്ങളും ഉപയോഗിച്ചാണ് ഫ്ളോറല്‍ പൊട്ടുകള്‍ വരുന്നത്.


ചെറിയ കറുത്ത പൊട്ടുകള്‍ :

ചെറിയ കറുത്ത പൊട്ടുകളും ട്രെന്‍ഡാണ്.മീഡിയം വട്ടത്തിലുള്ള പൊട്ടുകള്‍ക്കാണ് ട്രെന്‍ഡ്. കോട്ടണ്‍ സാരികള്‍ക്കൊപ്പം അണിയാന്‍ ഇത്തരം പൊട്ടുകള്‍ നല്ലതാണ്.


സാന്‍ഡല്‍വുഡ് പൊട്ടുകള്‍ :

സാന്‍ഡല്‍വുഡ് പേസ്റ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പൊട്ടുകളാണ് സാന്‍ഡല്‍വുഡ് പൊട്ടുകള്‍.പ്രാര്‍ത്ഥനാ വേളകളിലാണ് ഇത്തരം പൊട്ടുകള്‍ ഉപയോഗിക്കുന്നത്.


സ്റ്റോണ്‍ പൊട്ടുകള്‍ :

എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത വസ്ത്രങ്ങള്‍ക്കൊപ്പം കല്ലു പതപ്പിച്ച സ്റ്റോണ്‍ പൊട്ടുകള്‍ ഉപയോഗിക്കുന്നത് ട്രെന്‍ഡാണ്. വിവിധ നിറങ്ങളിലുള്ള സ്റ്റോണുകള്‍ പതിപ്പിച്ച പൊട്ടുകള്‍ ലഭ്യമാണ്.


ലെയര്‍ പൊട്ടുകളും ബ്രൈഡല്‍ പൊട്ടുകളും :

മൂന്നോ നാലോ ലെയറുകള്‍ ഉപയോഗിച്ച് തൊടുന്നതാണ് ലെയര്‍ ബിന്ദികള്‍.ലെയര്‍ ലുക്ക് പ്രദാനം ചെയ്യുന്ന രീതിയിലാണ് ഈ പൊട്ട് തൊടുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ഈ പൊട്ട് സ്‌റ്റൈലിഷ് ആയി തൊടാന്‍ സാധിക്കും. വധുവിന് അണിയാനും വ്യത്യസ്തമായ പൊട്ടുകള്‍ ഉണ്ട്. ബ്രൈഡല്‍ പൊട്ടുകള്‍ക്ക് വിലയും ഡിമാന്റും ഏറെയാണ്.


ഫാന്‍സി പൊട്ടുകള്‍ :

ഫാന്‍സി പൊട്ടുകളും ഇന്ന് ട്രെന്‍ഡാണ്.ഡയമണ്ട് ഉള്‍പ്പടെയുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ച പൊട്ടുകള്‍ക്ക് വില അല്പം കൂടുതലാണ്. സ്റ്റാര്‍ ഷെയ്പ് ബിന്ദികളും ലഭ്യമാണ്.ഇതിന് പുറമെ ആരോ ഷെയ്പിലും, പാമ്പിന്റെ ഷെയ്പിലും, മിറര്‍ ഷെയ്പിലുമുള്ള പൊട്ടുകളും ഉണ്ട്.