മൂഖ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ആഭരണമാണ് മൂക്കുത്തി. എന്തിന് പറയുന്നു സിനിമയ്ക്ക് വേണ്ടി മൂക്ക് കുത്തിയ നടി നമിത പ്രമോദും ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പട്ടുപാവാടയും സെറ്റുസാരിയുമൊക്കെ അണിയുമ്പോള്‍ മാത്രം പണ്ടൊക്കെ പെണ്‍കുട്ടികള്‍ സ്റ്റൈലിന് മൂക്കുത്തി അണിഞ്ഞിരുന്നു. എന്നാല്‍ വീണ്ടും മൂക്കുത്തി ട്രെന്‍ഡാവുകയാണ്.

ജീന്‍സിനും ടോപ്പിനുമൊപ്പം അണിയാന്‍ കഴിയുന്ന മൂക്കുത്തികളും ഇന്ന് യുവത്വം ഏറ്റെടുത്തു കഴിഞ്ഞു. ചെറിയ കല്ലുവെച്ചവയും വളയം പോലുള്ളതുമായ മൂക്കുത്തികള്‍ക്കാണ് പ്രിയം.

മൂക്കില്‍ വലിയ വളയം ഇടുന്നത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുമെന്നാണ് സുന്ദരികളുടെ വിശ്വാസം. നോസ് റിങ് എന്നറിയപ്പെടുന്ന ഇത്തരം മൂക്കുത്തികള്‍ സെലിബ്രിറ്റികള്‍ക്കു പോലും ഇഷ്ടപ്പെട്ട ആഭരണമാണ്.

ഇന്ത്യയുടെ പരമ്പരാഗത വസ്ത്രരീതികള്‍ക്കൊപ്പവും വെസ്റ്റേണ്‍ സ്റ്റൈലിനൊപ്പവും നോസ് റിങ് യോജിക്കും. ഉത്തരേന്ത്യയിലെ നവവധു അണിയുന്നത് ഇത്തരത്തിലുള്ള വലിയ വളയങ്ങളുള്ള മൂക്കുത്തികളാണ്. സ്വര്‍ണത്തിലും വെള്ളിയിലും കല്ലുവച്ച രീതിയിലും വളയത്തിലുള്ള മൂക്കുത്തികള്‍ ലഭ്യമാണ്. നോസ് റിങ്ങുകളില്‍ ട്രഡീഷണല്‍ ഡിസൈനുകളായ പൂക്കളും ഇലകളുമൊക്കെയാണ് ട്രെന്‍ഡ്. വലിയ വളയങ്ങളില്‍ മുത്തുകള്‍ കോര്‍ത്തിട്ടതും കല്ലുകള്‍ പതിപ്പിച്ചതുമായ മൂക്കുത്തികള്‍ ലഭ്യമാണ്. കുന്ദന്‍ ഡിസൈനുള്ള റിങ്ങുകളുമുണ്ട്. കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പം അണിയാന്‍ പ്ലെയിന്‍ വളയങ്ങളും ലഭിക്കും.
ഫാന്‍സി ടൈപ്പ് മൂക്കുത്തികളാണ് മറ്റൊരു ആകര്‍ഷണം. ഡ്രസ് മാച്ച് അനുസരിച്ച് ഫാന്‍സി മൂക്കുത്തികള്‍ ലഭ്യമാണെന്നതാണ് പ്രത്യേകത. പത്തു രൂപ മുതല്‍ സ്വന്തമാക്കാം. പിസ്ത ഗ്രീന്‍, ലെമണ്‍ യെല്ലോ, ലൈലാക്ക് ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ കല്ലു പതിപ്പിച്ച മൂക്കുത്തികളാണ് ടീനേജേഴ്സിന് പ്രിയം. കൊച്ചു കല്ലോടു കൂടിയ വെള്ളി മൂക്കുത്തികളും ലഭ്യമാണ്. ഫാന്‍സി ടൈപ്പില്‍ സ്റ്റാര്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, പൂച്ച, പട്ടി, പക്ഷികള്‍ എന്നിവയുമുണ്ട്. പേള്‍ മൂക്കുത്തികള്‍ കറുപ്പും വെളുപ്പും നിറങ്ങളില്‍ വാങ്ങിക്കാം.

മൂക്കുത്തി അണിയാന്‍ മൂക്കു തുളയ്ക്കണമെന്നതിനാല്‍ അധികമാരും ആ സാഹസത്തിന് മുതിരില്ലായിരുന്നു. എന്നാല്‍, അവര്‍ക്കായി പ്രസ്സിങ് ടൈപ്പ് മൂക്കുത്തികള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്.

ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം മൂക്കുത്തികള്‍ മൂക്കില്‍ ഒട്ടിക്കാം. ഒറ്റക്കല്ലു മുതല്‍ ഏഴ് കല്ലുകള്‍ വരെ പതിപ്പിച്ച മൂക്കുത്തികള്‍ ഇതിലുണ്ട്. 15 രൂപയാണ് പ്രസ്സിങ് ടൈപ്പ് മൂക്കുത്തിയുടെ വില. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള കല്ലുകള്‍ വേണമെങ്കില്‍ അതും ലഭ്യമാണ്. ഒരു ഡസന്‍ സ്റ്റോണ്‍ ബിന്ദികള്‍ക്ക് 15 രൂപയാണ്. ഇതോടൊപ്പം ബിന്ദി ഗം ലഭിക്കും. ഇനി മൂക്കു തുളച്ച് മൂക്കുത്തി ഇടണമെന്നു വാശിയുള്ളവര്‍ വിഷമിക്കേണ്ട. അവര്‍ക്കായി സര്‍ജിക്കല്‍ സ്റ്റീല്‍ മൂക്കുത്തികളും വില്‍പനയ്ക്കുണ്ട്. റൗണ്ട്, ഓവല്‍, ചതുരം തുടങ്ങി വിവിധ ഡിസൈനുകളിലുള്ള ഇത്തരം മൂക്കുത്തികള്‍ക്ക് 40 രൂപയാണ് വില. അതേ പാറ്റേണിലുള്ള കമ്മലുകളും ലഭ്യമാണ്.