കുളിപ്പിന്നലിട്ട് നെറ്റിയില്‍ കുറിയണിഞ്ഞ പഴഞ്ചന്‍ ലുക്കില്‍ നിന്നും ന്യൂലുക്കാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. കല്യാണത്തിനും പാര്‍ട്ടികള്‍ക്കും മാത്രമൊരു മാറ്റമല്ല ഇവര്‍ക്ക് വേണ്ടത്. സ്ഥിരമായൊരു മാറ്റത്തിനാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്. ആനച്ചന്തത്തിലെ രമ്യാനമ്പീശനും നമ്മളിലെ ഭാവനയും മേക്ക് ഓവറിലൂടെ സിനിമാപ്രേക്ഷകരെ ഞെട്ടിച്ചതോടെ സാധാരണക്കാര്‍ക്കിടയിലും മേക്ക് ഓവര്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.
മേക്ക് ഓവര്‍ എന്നാല്‍ വാരിവലിച്ചുള്ള മേക്ക് അപ് അല്ല . ചിലപ്പോള്‍ കണ്ണെഴുതിയാല്‍ മതി...അല്ലെങ്കില്‍ ചുണ്ടില്‍ ലിപ്സിറ്റിക് ഇട്ടാല്‍ മതി... ഒളിഞ്ഞ് കിടക്കുന്ന സൗന്ദര്യത്തെ പുറത്തെടുക്കാം. ഇത്തരത്തില്‍ മുഖത്തെ ഏറ്റവും ആകര്‍ഷകമായ ഭാഗത്തെ മേക്ക്അപ്പിലൂടെ െൈഹെലറ്റ് ചെയ്യുകയാണ് മേക്ക് ഓവര്‍ എന്ന ആശയം നല്‍കുന്നത്. എന്നാല്‍ മാറ്റം എന്നത് മുഖത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.


തയ്യാറെടുപ്പുകള്‍കല്യാണത്തിനോ, പാര്‍ട്ടികള്‍ക്കോ തലേദിവസം ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് സുന്ദരിയാകാന്‍ നോക്കണ്ട. ഒന്നോ രണ്ടോ ദിവസം കൊണ്ട് മേക്ക് ഓവര്‍ നേടിയെടുക്കാന്‍ കഴിയില്ലെന്ന് പ്രമുഖ മേക്ക് അപ് ആര്‍ട്ടിസ്റ്റും ജൂലി മേക്ക് ഓവര്‍ സ്റ്റുഡിയോ ഉടമയുമായ ജൂലി അനില്‍ പറയുന്നു. മേക്ക് ഓവര്‍ നടത്തുന്നതിനൊപ്പം ഭക്ഷണം,വസ്ത്രം എന്നിങ്ങനെ നിത്യജീവിതത്തിലെ എല്ലാകാര്യങ്ങളിലും ശ്രദ്ധവയ്ക്കണം. എന്നാല്‍ മാത്രമെ മേക്ക് ഓവര്‍ പൂര്‍ണ്ണമായും കൈവരിക്കാന്‍ കഴിയു. മേക്ക്അപ്പിന് നിറം പോസിറ്റീവോ നെഗറ്റീവോ ആയ ഘടകമല്ല. അതിനാല്‍ നിറം കുറഞ്ഞവര്‍ , മാറിനില്‍ക്കേണ്ട നിറം കുറഞ്ഞവര്‍ക്കും മേക്ക് അപ്പിലൂടെ സുന്ദരിയാകാന്‍ കഴിയും. പ്രായവും മേക്ക് ഓവറിന് തടസ്സമാകുന്നില്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും മേക്ക് അപ്പിലൂടെ യുവത്വം കൈവരിക്കാം.


ഭക്ഷണംഓരോരുത്തരുടെയും ശരീരപ്രകൃതി വിഭിന്നമാണ്. കൈയില്‍ കിട്ടുന്നതെന്തും കഴിക്കാതെ തന്റെ ശരീരത്തിന് അനുയോജ്യമായതെന്തെന്ന് കണ്ടെത്തിവേണം കഴിക്കാന്‍. ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ ത്വക്ക് വളരെ ഡ്രൈ ആവുകയും കൂടുതല്‍ പരുക്കനാവുകയും ചെയ്യും. ഇത്തരത്തില്‍ വീട്ടില്‍ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങളും മേക്ക് ഓവറില്‍ പ്രാധാന്യമര്‍ഹിക്കുന്നു.


ഫാഷന്‍ചുരിദാര്‍ ധരിച്ചിരുന്ന പെണ്‍കുട്ടി പെട്ടെന്ന് ജീന്‍സിലേക്കും ഷോര്‍ട്ട് ടോപ്പിലേക്കും മാറിയാല്‍ അത് സമൂഹം വളരെ പെട്ടെന്ന് ശ്രദ്ധിക്കും. സിനിമാ-പരസ്യരംഗത്തുള്ളവര്‍ക്ക് നാലഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് മേക്ക് ഓവര്‍ നടത്തി തിരിച്ചെത്താം. എന്നാല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കോ, ഓഫീസ് ജോലിക്കാര്‍ക്കോ ഇത്തരത്തിലൊരു മേക്ക് ഓവര്‍ നടത്തുമ്പോള്‍ പതിയെ പതിയെയുള്ള മാറ്റമാണ് വേണ്ടത്. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുമ്പോള്‍ ആദ്യം കുര്‍ത്തിയിലേക്കും പിന്നീട് ജീന്‍സിലേക്കും മാറാം. ഇത്തരത്തില്‍ ആളുകള്‍ അറിയാതൊരു മാറ്റമാണ് നടത്തേണ്ടത്.


സൗന്ദര്യവസ്തുക്കളെ അറിയുകഒരു ലേഡീസ് സെന്ററില്‍ ചെന്നുകഴിഞ്ഞാല്‍ പരസ്യങ്ങളിലും ഫാഷന്‍ മാഗസിനുകളിലും കാണുന്ന സൗന്ദര്യ വസ്തുക്കളല്ല വാങ്ങേണ്ടത്. അനുയോജ്യമായ ഉത്പന്നങ്ങള്‍ വാങ്ങണം. കണ്ണുകള്‍ക്കും മുടിയ്ക്കും സ്‌കിന്നിനും യോജിച്ചതരത്തിലുള്ള സൗന്ദര്യ ഉത്പന്നങ്ങള്‍ വേണം വാങ്ങുവാന്‍.