ചിരി നമ്മുടെ സൗന്ദര്യം കൂട്ടും. ചിരിക്കുമ്പോള്‍ നല്ല വെളുക്കെ തന്നെ ചിരിക്കണം. പക്ഷേ ചിരിക്കുമ്പോള്‍ വിടരുന്നത് നല്ല മഞ്ഞപ്പല്ലുകളാണെങ്കിലോ ചിരിച്ചതിന്റെ മാറ്റൊക്കെ എവിടെ പോയെന്ന് ചേദിച്ചാല്‍ മതി. പല്ലുവെളുപ്പിക്കാനുള്ള ട്രീറ്റ്‌മെന്റുകള്‍ക്ക് പിറകേ പാഞ്ഞാല്‍ ചിലപ്പോള്‍ പോക്കറ്റ് തന്നെ വെളുത്തുവെന്ന് വരും. വീട്ടില്‍ ചെയ്ത് നോക്കാവുന്ന പൊടിക്കൈകള്‍ എല്ലാം പയറ്റിയതിന് ശേഷം പോരെ പല്ലുവെളുക്കാനുള്ള ട്രീറ്റ്‌മെന്റുകള്‍ക്ക് പിറകേ പായുന്നത്.


ഏത്തപ്പഴം പീല്‍സ്


ധാരാളം പോഷകങ്ങളുടെ ഒരു കലവറയാണ് ഏത്തപ്പഴം എന്നറിയാമല്ലോ. പല്ലുവെളുക്കാനുള്ള നല്ലൊരു ഉപാധി കൂടിയാണ് ഏത്തപ്പഴം. ഏത്തപ്പഴം അരച്ച് പല്ലില്‍ തേച്ച് പിടിപ്പിക്കുക. ഒന്നോ രണ്ടോ മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. ഇപ്രകാരം ചെയ്യുമ്പോള്‍ പഴത്തിലുള്ള മിനറല്‍സ് ആയ പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവ പല്ലിലേക്ക് ആഗിരണം ചെയ്യപ്പെടുകയും പല്ലിന് നല്ല നിറവും ആരോഗ്യവും ലഭിക്കുകയും ചെയ്യും. ഓറഞ്ച് പീലും പല്ല് വെളുക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗമാണ്.


ബെറി ബെറി സ്ട്രാബെറി


കാര്യം ചുവന്ന നിറമാണെങ്കിലും പല്ലുവെളുപ്പിക്കുന്നതില്‍ സ്‌ട്രോബെറിയും മിടുക്കനാണ്. സ്‌ട്രോബെറിയെ നല്ല കുഴമ്പ് രൂപത്തിലാക്കി പല്ലുകളില്‍ തേച്ചുപിടിപ്പിക്കണം. രണ്ടോ മൂന്നോ മിനിട്ടിന് ശേഷം കഴുകിക്കളയാം. വേണമെങ്കില്‍ ബ്രഷ്‌ചെയ്യാവുന്നതാണ്. പ്രകൃതിദത്ത എന്‍സൈമായ മാലിക് ആസിഡിന്റെ കലവറയായ സ്ട്രാബെറികള്‍ പല്ലിനെ നന്നായി വെളുപ്പിക്കും. സ്‌ട്രോബെറിയിലുള്ള ഫൈബര്‍ ഒരു പ്രകൃതിദത്ത ക്ലെന്‍സറിനെ പോലെ പ്രവര്‍ത്തിച്ച് വായിലുള്ള ബാക്ടീരിയയെയും നീക്കം ചെയ്യുന്നതിന് സഹായിക്കും.


കറും മുറും കാരറ്റ്


കാരറ്റും കൈയില്‍ പിടിച്ചിരിക്കുന്ന മുയലിനെ കണ്ടിട്ടില്ലേ. എന്താ പല്ലിന്റെ ഒരു തിളക്കം അല്ലേ. നല്ല ഫ്രഷായ കാരറ്റ് കടിച്ചു തിന്നുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പല്ലിന്റെ നിറം വര്‍ധിപ്പിക്കുന്നതിനും ബാക്ടീരിയകളെ അകറ്റുന്നതിനും കാരറ്റ് വളരെയധികം നല്ലതാണ്. അതുപോലെ ആപ്പിള്‍, സെല്ലറി എന്നീ പഴങ്ങള്‍ കടിച്ച് തിന്നുന്നതും നല്ലതാണ്. മോണരോഗങ്ങല്‍, വായ്‌നാറ്റം എന്നിവ അകറ്റുന്നതിന് ഇത് നല്ലതാണ്.

നല്ല ചൂടുള്ളതും തണുത്തതുമായ ഭക്ഷണ പാദര്‍ത്ഥങ്ങള്‍ പല്ലിനെ വളരെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണ പാനീയങ്ങള്‍ കുടിക്കുന്നതിന് വേണ്ടി സ്‌ട്രോ ഉപയോഗിക്കുന്നത് നല്ലതാണ്.