പെര്‍മിങ്ങാണ് ഇപ്പോള്‍ മുടിയിലെ പുതിയ ട്രെന്‍ഡ്...സ്‌ട്രെയിറ്റനിങ്, വോള്യുമൈസിങ്ങ്, സ്മൂത്തനിങ് എന്നിങ്ങനെ മുടി ട്രീറ്റ്‌മെന്റുകള്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ട്രെന്‍ഡായി മാറുന്നത് പെര്‍മിങ്ങാണ്. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പെര്‍മിങ്്. വിശേഷ ദിവസങ്ങള്‍ക്കോ പാര്‍ട്ടിക്കോ വേണ്ടി മുടി ചുരുട്ടുന്ന രീതിയായ ഹെയര്‍ കേളിങ് ടോംങ് കുറേ കാലമായി ചെയ്തു പോരുന്നതാണ്.

എന്നാല്‍ സ്ഥിരമായി മുടി ചുരുട്ടുന്ന പെര്‍മിങ് മാറുന്ന ഹെയര്‍സ്റ്റൈലിനൊപ്പം പുത്തന്‍ ട്രെന്‍ഡായി വന്നിരിക്കുന്നു. ഒരു തവണ പെര്‍മിങ് ചെയ്താല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കും. നീണ്ട മുടിയിലാണ് പെര്‍മിങ് കൂടുതല്‍ ഭംഗി. ചിലര്‍ക്ക് മുടി വല്ലാതെ ഒട്ടി നില്‍ക്കും, അത്തരക്കാര്‍ക്ക് വോള്യമൈസ് (മുടിയുള്ളതായി തോന്നിക്കാന്‍)ചെയ്യാനായി റൂട്ട് പെര്‍മിങ് ചെയ്യാം.

മറ്റു ട്രീറ്റ്‌മെന്റുകളൊന്നും ചെയ്യാത്ത, ഹെന്ന ചെയ്യാത്ത മുടിയിലാണ് പെര്‍മിങ് ഏറ്റവും ഫലപ്രദം. രണ്ടര മണിക്കൂര്‍ സമയം കൊണ്ട് പെര്‍മിങ് ചെയ്തു കഴിയും. മുടിയുടെ അറ്റത്താണ് പൊതുവെ പെര്‍മിങ്് ചെയ്യുന്നത്. അതുകൊണ്ട് കെമിക്കലുകള്‍ തലയില്‍ ആകുന്നതും ഒഴിവാക്കാം. റൂട്ട് പെര്‍മിങ് ചെയ്യുമ്പോള്‍ സൂക്ഷിച്ച് മുടി കേടുവരാതെ വേണം ചെയ്യാന്‍. 3000 രൂപ മുതലുള്ള പെര്‍മിങ് ട്രീറ്റ്‌മെന്റുകളുണ്ട്.
പെര്‍മിങ് ചെയ്ത മുടിയില്‍ ചീര്‍പ്പ് ഉപയോഗിക്കുന്നത് ചുരുളുകള്‍ അഴിഞ്ഞു പോകാന്‍ ഇടയാകും. പെര്‍മിങ് ചെയ്ത മുടിയില്‍, പതുക്കെ വിരലോടിച്ച് കുടുക്കുകള്‍ മാറ്റി ഒരുക്കുകയാണ് വേണ്ടത്. രണ്ടു ദിവസം കൂടുമ്പോള്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാം.

കണ്ടീഷണര്‍ മുഴുവനായി കഴുകി കളയരുത്. രണ്ടോ മൂന്നോ പ്രാവശ്യം മാത്രം മുടി കഴുകുക. സെറം കണ്ടീഷണര്‍ പെര്‍മിങ് ചെയ്ത മുടിയ്ക്ക് നല്ലതാണ്.


ഹെയര്‍ഡ്രയര്‍ പതിവായി വേണ്ട


ആഴ്ചയില്‍ ഒരിക്കല്‍മാത്രം ഷാംപൂ ഉപയോഗിക്കുക. വീര്യം കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കാം. സള്‍ഫേറ്റുകള്‍ മുടി കൊഴിച്ചിലിനു കാരണമാകും, അതിനാല്‍ സള്‍ഫേറ്റുകള്‍ ഇല്ലാത്ത ഷാംപൂ നോക്കി വാങ്ങുക. പതിവായി ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിയ്ക്ക് ദോഷമാണ്. കഴിവതും മുടി താനെ ഉണങ്ങാന്‍ വിടുക. ആറു മാസം കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുന്നത് മുടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ സഹായിക്കും. സ്ഥിരമായി മുടി കളര്‍ ചെയ്യുന്നത് മുടിയെ പരുപരുത്തതാക്കും. ഇത് ശീലമാക്കാതിരിക്കാം. ഇതോടൊപ്പം ഭക്ഷണകാര്യവും ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറിയും ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളം കഴിക്കുക. സോയാബീന്‍, മല്‍സ്യ എണ്ണ എന്നിവയില്‍ ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.