മങ്ങിയ വെളിച്ചമുള്ള മുറി, അകമ്പടിയായി നേര്‍ത്ത സംഗീതവും... ഇതല്ലേ മനസും ശരീരവും ഒന്ന് റിലാക്‌സ് ആവാന്‍ നമ്മള്‍ പലപ്പോഴും ചെയ്യുന്നത്? ഒപ്പം മൃദുവായ മസാജിങ് കൂടിയായാലോ? അതാണ് സ്പാ. സ്പായ്ക്ക് രണ്ടുണ്ട് ഗുണം. നിങ്ങളുടെ ഉന്‍മേഷവും സൗന്ദര്യവും കൂട്ടും.ശരീരം മുഴുവനായും, മുടി, കാല്‍ എന്നിങ്ങനെ ഓരോ ഭാഗങ്ങള്‍ക്ക് പ്രത്യേകമായും സ്പാ തെരഞ്ഞെടുക്കാം. 4500 രൂപയോളം ആകെ ചെലവ് വരും.

ശരീരത്തിലെ പാടുകള്‍ മാറ്റി ചര്‍മം മൃദുലമാക്കാനാണ് ബോഡിസ്പാ ചെയ്യുന്നത്. ചോക്ലേറ്റ് സ്പാ, മസാല സ്പാ, ബോഡി പോളിഷ്, വേദിക് സ്പാ എന്നിങ്ങനെ സ്പാ തെരഞ്ഞെടുക്കാം.
ചര്‍മരോഗങ്ങളായ അലര്‍ജി, തൊലിപ്പുറത്തുള്ള തടിപ്പ് എന്നിവയൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സ്പാ ചെയ്യുന്നത്. തുടക്കം കാലില്‍ നിന്നാണ്. വലിയ കളിമണ്‍ ഉരുളിയില്‍ വെള്ളമൊഴിച്ച് കാല്‍ അതിലേക്ക് മുക്കിവെയ്ക്കും. ശേഷം നനവുള്ള സ്പഞ്ചോ തുണിയോ കൊണ്ട് ശരീരം വൃത്തിയാക്കും.
ശരീരത്തിലെ അഴുക്കും മൃതകോശങ്ങളും കളയാനായി സ്‌ക്രബിടുന്നതാണ് അടുത്തപടി. ചോക്ലേറ്റ്, മസാല, കോക്കനറ്റ് എന്നിങ്ങനെ സ്‌ക്രബില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ബദാം തരി, പഞ്ചസാര എന്നിവയടങ്ങിയ ചോക്ലേറ്റ് സ്‌ക്രബ് എല്ലാ ചര്‍മക്കാര്‍ക്കും ഇണങ്ങിയതാണ്. മസാല സ്‌ക്രബ് ചര്‍മത്തെ കൂടുതല്‍ മൃദുലമാക്കും. മൃദുലമായ ചര്‍മമുള്ളവര്‍ക്ക് കോക്കനറ്റ് സ്‌ക്രബാണ് കൂടുതല്‍ അനുയോജ്യം.

ഇനി ചര്‍മത്തില്‍ കുറച്ച് ആവി കൊള്ളിക്കാം. ചര്‍മകോശങ്ങള്‍ക്ക് തടസ്സമില്ലാതെ ശ്വസിക്കാന്‍ ഇത് സഹായിക്കും. ശേഷം ശരീരം തുടച്ച് അരോമ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യും. എണ്ണ അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ രക്തയോട്ടം സുഗമമാക്കുന്ന 'ലിംഫ് നോട്‌സ് ദ്രാവകം' ആര്‍ത്തവ സമയത്തും മറ്റും ശരീരത്തില്‍ കെട്ടിക്കിടക്കും. എന്നാല്‍, പതിയെ മസാജ് ചെയ്യുമ്പോള്‍ ഈ ദ്രാവകത്തിന്റെ ഒഴുക്ക് സുഗമമാവും. അതുവഴി രക്തയോട്ടവും സാധാരണനിലയിലാവും.

ചര്‍മസംരക്ഷണത്തിനായി പാക്കിടുന്നതാണ് അടുത്തപടി. ശേഷം ഭക്ഷണം പൊതിയുന്ന അലൂമിനിയം ഫോയിലോ ക്ലിങ് ഫിലിമോ ഉപയോഗിച്ച് ശരീരം പൊതിയും. അതിനുമുകളില്‍ ടവ്വല്‍ ചുറ്റും. പത്ത് മിനുട്ടിനുശേഷം നേര്‍ത്ത തുണി ഉപയോഗിച്ച് ശരീരം തുടക്കാം. ശേഷം ചോക്ലേറ്റിന്റെയോ, മസാലയുടെയോ ക്രീം പുരട്ടണം. ഇത് ശരീരത്തിന് സുഗന്ധം നല്‍കും. വേദിക് സ്പാ ആയുര്‍വേദമായതിനാല്‍ വാട്ടിയ വാഴയില കൊണ്ടാണ് ശരീരം പൊതിയുക. മാസത്തിലൊരിക്കല്‍ സ്പാ ചെയ്യുന്നത് നല്ലതാണ്.


പ്രീത ബിജു മിയ വെല്‍നെസ് ക്ലിനിക്, കൊച്ചി