ഓരോ വ്യക്തിയുടെയും ഗന്ധം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇതിനൊപ്പം ഹൃദയഹാരിയായ മറ്റൊരു സുഗന്ധം കൂടി കലര്‍ന്നാലോ? ആരാണ് വന്നുപോയതെന്ന് കണ്ണടച്ചിരുന്നാലും അറിയാന്‍ കഴിയുന്നതാവണം ആ ഗന്ധം. സുഗന്ധത്തിലൂടെ തിരിച്ചറിയപ്പെടുക ഒരു രസം തന്നെയല്ലേ? വ്യത്യസ്തമായ സുഗന്ധം സ്വന്തമാക്കണമെന്ന ആഗ്രഹമില്ലേ? അടുത്തതവണ പെര്‍ഫ്യൂം വാങ്ങുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് സാധ്യമാക്കാവുന്നതേയുള്ളൂ.

കഴിയുന്നത്ര പണം ചെലവാക്കലാണ് തനതു സുഗന്ധം സ്വന്തമാക്കുന്നതിനുള്ള അടിസ്ഥാനം എന്ന തെറ്റിദ്ധാരണ ആദ്യംതന്നെ മാറ്റിവെക്കണം.

മൂന്ന് സ്വഭാവമുള്ള ഗന്ധമാണ് ഒരു പെര്‍ഫ്യൂമിനുള്ളത്. സ്‌പ്രേ ചെയ്യുമ്പോള്‍ തന്നെ ബാഷ്പീകരിച്ചുപോകും ഒന്ന്. അടുത്ത ഗന്ധമാകട്ടെ അല്‍പ്പം വൈകിയാലേ നമുക്ക് അനുഭവപ്പെടൂ. ദിവസം മുഴുവന്‍ നിലനില്‍ക്കുന്നതാണ് ആ പെര്‍ഫ്യൂമിന്റെ അടിസ്ഥാന ഗന്ധം.

ഇനി നിങ്ങളുടെ ഇഷ്ടഗന്ധം ഏതെന്ന് കണ്ടെത്തുക. ചെമ്പക മണമെന്നോ ചന്ദനമണമെന്നോ അങ്ങനെ ഏതും. അത് തിരയുമ്പോള്‍ അതിനോടടുത്തു നില്‍ക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു സുഗന്ധം കിട്ടിയേക്കും. ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിച്ച ഗന്ധം തന്നെയുമാകാം.

ഒന്ന് ദേഹത്ത് അടിച്ചുനോക്കി വേണം ഇവ വാങ്ങാന്‍. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു പെര്‍ഫ്യൂമേ ഒരേ സമയം ഈ രീതിയില്‍ പരീക്ഷിക്കാവൂ. കൈത്തണ്ടയില്‍ പൂശിയ ശേഷം പത്ത് മിനിറ്റ് കാക്കുക. അപ്പോഴേ അടിസ്ഥാന ഗന്ധം തിരിച്ചറിയാനാവൂ. ചിലപ്പോള്‍ മണിക്കൂറുകളെടുത്തെന്നുമിരിക്കും. അങ്ങനെയെങ്കില്‍ ഇഷ്ടമുള്ളത് പറഞ്ഞ് വെച്ചിട്ട് വാങ്ങല്‍ അടുത്ത ദിവസമാക്കാം.

പെര്‍ഫ്യൂം തണുപ്പില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.