മിസ് മാച്ചിംഗ് കളറിലുളള ജീന്‍സും ടോപ്പും, നിയോണ്‍ നിറങ്ങള്‍ വിരിഞ്ഞ നഖങ്ങള്‍ , ശരീരത്തെ ക്രോസ് ചെയ്ത് കിടക്കുന്ന സ്ലിംഗ് ബാഗ്, ഇട്ടിരിക്കുന്ന ഡ്രസിന്റെ കളറുമായി യാതൊരു ബന്ധവുമില്ലാത്ത കളറിലുളള ഷൂ, ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകി ആരേയും കൂസാതെയുളള അലസഗമനം.

ഒരു ന്യൂജെനറേഷന്‍ സുന്ദരിയെ കുറിച്ചോര്‍ക്കുമ്പോല്‍ മനസ്സിലേക്ക് ഓര്‍മ്മവരുന്ന രൂപമിതാണ്. അയ്യോ, വര്‍ണ്ണിക്കാന്‍ വിട്ടുപോയ മറ്റൊന്നുകൂടിയുണ്ട്. ചീകാന്‍ മറന്ന പോലെ വാരിവലിച്ച് സൈഡിലേക്ക് പിന്നിയിട്ട മുടി. പിന്നലിനുമുണ്ട് പ്രത്യേകത നല്ല വീതിയില്‍ തുടങ്ങുന്ന പിന്നല്‍ മുടിത്തുമ്പെത്തുമ്പോഴേക്കും ചുരുങ്ങി ചുരുങ്ങി കനം കുറഞ്ഞ് തീരെ ചെറുതായിരിക്കും.

ഓ, ഒന്നുമറിയാത്ത പോലെ നമ്മുടെ സൈഡ് ഫിഷ് ടെയില്‍ ബ്രെയ്ഡിന്റെ കാര്യമാ പറഞ്ഞത്.

വളരെ പെട്ടന്ന തരംഗമായി മാറിയ ഹെയര്‍സ്റ്റൈലാണ്് സൈഡ് ബ്രെയ്ഡ്. ബോളിവുഡ് താരസുന്ദരികള്‍ തുടങ്ങിവെച്ച ഈ ഹെയര്‍സ്‌റ്റൈല്‍ മോളിവുഡ് ന്യൂജനറേഷന്‍ താരസുന്ദരികളാണ് ആദ്യം സ്വീകരിച്ചത്. കേരളത്തിലെ ടീനേജേഴ്‌സും സൈഡ് ബ്രെയ്ഡിനെ ഏറ്റുപിടിച്ചതോടെ സംഭവം സൂപ്പര്‍ഹിറ്റ്.

ജീന്‍സായാലും ചുരിദാറായാലും സാരിയായാലും ചെറിയ ചെറിയ പരിഷ്‌ക്കാരത്തോടെ സൈഡ് ഫിഷ് ടെയില്‍ ബ്രെയ്ഡിനെ സുന്ദരികള്‍ പരീക്ഷിച്ചുതുടങ്ങി. ഏതുസ്റ്റൈലിനും ഇണങ്ങുമെന്നത് തന്നെയാണ് സൈഡ് ബ്രെയ്ഡിനെ കൗമാരം ഇത്ര ഇഷ്ടത്തോടെ ഏറ്റെടുക്കാനുളള പ്രധാനകാരണം. അധികം നീളമുളള മുടിക്കാരേക്കാല്‍ മീഡിയം ലെങ്ത്തുളള മുടിക്കാര്‍ക്കാണ് ഈ സ്റ്റൈല്‍ കൂടുതല്‍ ചേരുന്നത്.

എന്താ ഇനിയും സൈഡ് ഫിഷ് ടെയില്‍ ബ്രെയ്ഡ് ഹെയര്‍സ്റ്റൈല്‍ പഠിച്ചില്ലേ? എന്നാല്‍ വാ, മുടികെട്ടാനുളള എളുപ്പവഴി പഠിപ്പിച്ചു തരാം.

ആദ്യം തന്നെ മുടിയെ ഉളളില്‍ നിന്നും പുറത്തേക്ക് ചീകി മുടിയുടെ വോള്യം കൂട്ടുക. അതിനുശേഷം മുടിയെ നിങ്ങളുടെ മുഖത്തിനു യോജിച്ച രീതിയില്‍ ഏതെങ്കിലും ഒരു സൈഡിലേക്ക് കൊണ്ടു വന്ന് മുടി രണ്ടായി പകുത്തെടുത്തെടുക്കുക. ജീന്‍സാണെങ്കില്‍ ഒരു ഫ്രീക്ക് ലുക്ക് കിട്ടുന്നതിന് വേണ്ടി ചീപ്പുപയോഗിക്കാതെ കൈകൊണ്ട് പകുക്കുന്നതാണ് നല്ലത്. അതല്ല മുടി അലസമായി വാരിവലിച്ചിട്ടിരിക്കുന്ന ലുക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് ചീപ്പിന്റെ സഹായത്തോടെ മുടിയെ രണ്ടായി പകുത്തെടുക്കാം.

പകുത്തമുടിയുടെ ഇടത് വശത്ത് നിന്നും വളരെ കനംകുറവില്‍ മുടിയെടുത്ത് വലത് വശത്തേക്ക് പിന്നുക. തുടര്‍ന്ന് ഇതേപോലെ വലത് വശത്തുനിന്നും ഇടതു വശത്തേക്കും പിന്നുക. നമ്മുടെ പഴയ നാലുമെടച്ചില്ലിലേ അതു തന്നെ. അങ്ങനെ മുടിത്തുമ്പെത്തുന്ന വരെ പിന്നല്‍ തുടരുക. അറ്റത്ത് ഒരു കനം കുറഞ്ഞ കറുത്ത ബാന്‍ഡ് ഉപയോഗിച്ച് മുടി കെട്ടിയിടാം.

ഓരോ പ്രാവശ്യവും രണ്ടുസൈഡില്‍ നിന്നും എടുക്കുന്ന മുടി ഒരേ കനത്തിലായിരിക്കാന്‍ ശ്രദ്ധിക്കണം. എത്രത്തോളം കനം കുറച്ചെടുക്കുന്നോ അത്രത്തോളം വീതി കൂട്ടാം. അമിതമായി വലിച്ചടുപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം.

നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍... എന്ന പഴയസിനിമാഗാനമൊക്കെ മൂളി കണ്ണാടിയിലൊന്നു നോക്കിക്കേ.. സുന്ദരിയായിട്ടില്ലേ!