ഫാഷന്‍ ഇപ്പോള്‍ സ്റ്റേറ്റുമെന്റുകള്‍ക്ക് പിറകേയാണ്. മേക്കപ്പായാലും വസ്ത്രധാരണമായാലും ആഭരണമായാലും സ്വന്തം ആറ്റിറ്റിയൂഡ് വ്യക്തമാക്കുന്ന സൗന്ദര്യത്തോടാണ്് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് താല്പര്യം. സ്‌മോക്കി ഐയും, ത്രെഡ് ചെയ്യാത്ത ബോള്‍ഡ് പുരികവും ചുവപ്പ് ലിപ്സ്റ്റിക്കിട്ട ചുണ്ടുകളുമാണ് മേക്കപ്പിലെ സ്‌റ്റേറ്റ്‌മെന്റുകള്‍.

കറുപ്പും ഗ്രേ നിറവും കൂട്ടിക്കലര്‍ത്തിക്കൊണ്ടുള്ള സ്‌മോക്കി ഐയുമാണ്് സുന്ദരികള്‍ കൂടുതലും ഇഷ്ടപ്പെടുന്നതെങ്കിലും ഏത് നിറത്തിലുള്ള സ്‌മോക്കി ഐയും പരീക്ഷിക്കാം. ഏത് നിറത്തിലുള്ള സ്‌മോക്കി ഐ ആണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ നിറത്തിന്റെ മൂന്ന് നാല് ഷേഡുകളെങ്കിലും കൈയില്‍ ഉണ്ടായിരിക്കണം എന്നുമാത്രം. ഏത് കളറാണോ ഇടാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ ലൈറ്റ് ഷേഡ്, ക്രീമി ഷേഡ്, ഡാര്‍ക്ക് സ്‌മോക്കി ഷേഡ്, ബേസ് ഷേഡ് എന്നിവ ഉണ്ടെങ്കില്‍ പാര്‍ട്ടിക്കൊരുങ്ങുമ്പോള്‍ കണ്ണിന്റെ സൗന്ദര്യം കൂട്ടുന്ന സ്‌മോക്കി ഐ മേക്കപ്പ് സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ.


സ്‌മോക്കി ഐ ഇനി വളരെ എളുപ്പം.

സ്‌മോക്കി ഐ മേക്കപ്പ് തുടങ്ങുന്നതിന് മുമ്പായി കണ്ണുകള്‍ക്ക് ചുറ്റും ആദ്യം തന്നെ കണ്‍സീലര്‍ ഇട്ടുകൊടുക്കണം. കണ്ണുകള്‍ക്ക് ചുറ്റും ഇരുണ്ടനിറമുള്ളവര്‍ക്കും പാടുകള്‍ ഉള്ളവര്‍ക്കും കണ്‍സീലര്‍ ഇടുന്നത് അതെല്ലാം മറയ്ക്കാന്‍ സഹായിക്കും. അല്ലാത്തവര്‍ക്ക് ഫൗണ്ടേഷന്‍ മാത്രം ഇട്ടാലും മതി. അതിനുശേഷം ഐലിഡുകളില്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ അതേ നിറമുള്ള ഐഷാഡോ ഇട്ടുകൊടുക്കാം.

തുടര്‍ന്ന് കണ്ണ് അടച്ചു പിടിച്ച് കണ്ണിന്റെ ഐലിഡില്‍ നല്ല കറുത്ത നിറത്തിലുളള ഐഷാഡോ ഒരു ഔട്ട്‌ലൈന്‍ പോലെ ഇട്ടുകൊടുക്കണം. കണ്ണിന്റെ വാലറ്റത്തായി അല്‍പം വീതി കൂട്ടിയാണ് കറുപ്പ് നിറത്തിലുള്ള ഐഷാഡോ ഇടേണ്ടത്. ഔട്ട്‌ലൈന് ഉള്ളിലായി ഗ്രേ നിറത്തിലുള്ള ഐഷാഡോ ഇടണം. അതോടൊപ്പം തന്നെ കണ്ണിന്റെ ഉള്‍ക്കോണുകളിലും ഒരു ഔട്ട്‌ലൈന്‍ പോലെ ഗ്രേ കളറിലുള്ള ഐഷാഡോ ഇടാന്‍ ശ്രദ്ധിക്കണം. പിന്നീട് ഒരു നല്ല ബ്രഷ് ഉപയോഗിച്ച് ഈ രണ്ട് ഐഷാഡോകളും ബ്ലെന്‍ഡ് ചെയ്യാം.

ഐഷാഡോ ഇട്ട് കഴിഞ്ഞാല്‍ കണ്ണിന് മുകളിലും അടിയിലും ഉള്‍വശത്തും കറുത്ത ഐപെന്‍സില്‍ കൊണ്ട് കണ്ണെഴുതാം. പീലികള്‍ വിടര്‍ന്നിരിക്കാന്‍ മസ്‌ക്കാരയിടണം. കണ്‍പീലി കുറവാണെങ്കില്‍ കൃത്രിമമായ കണ്‍പീലികള്‍ വക്കുന്നത് കണ്ണിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ സഹായിക്കും.