ഭൂരിപക്ഷത്തിന്റെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പം എന്താണ്? മൃദുലമായ ഭംഗിയുള്ള മുഖത്ത് കുറുകെ വീണ മുടിച്ചുരുള്‍, രൂപഭംഗിയുള്ള മുഖഘടന, നാണം ഘനീഭവിച്ച കണ്ണുകള്‍... അങ്ങനെ അങ്ങനെ പലതും. എന്നാല്‍ സ്ത്രീകള്‍ സധൈര്യം ജീവിതത്തിലേയ്ക്കിറങ്ങിയ ഈ കാലത്ത് സ്ത്രീ സങ്കല്‍പ്പം കുറേ മാറിയിട്ടുണ്ട്. പുതിയ പല വെല്ലുവിളികളും സ്വീകരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള സങ്കല്‍പ്പം ഇന്ന് സമൂഹത്തിന് പരിചിതമാണ്. മുടിയുടെ ഫാഷനിലും ഈ മാറ്റം പ്രത്യക്ഷമാണ്. പുതിയ ചില ഷോര്‍ട്ട് ഹെയര്‍സ്റ്റൈലുകള്‍ ഇതാ...


ബ്രെയ്ഡ്‌സ്


നീണ്ട മുടിച്ചുരുളുകളെ മുറിക്കാന്‍ മടിയാണെങ്കില്‍, ബ്രെയ്ഡുകളായി കെട്ടിവെയ്ക്കാം. വൃത്തിയായി പിന്നി തലയ്ക്ക് ചുറ്റും കെട്ടിവെച്ചാല്‍ നല്ല സ്റ്റൈലിഷ് ലുക്കായിരിക്കും. കേട്ടാല്‍ കടന്ന കൈയായിപ്പോകും എന്ന് തോന്നിയേക്കാം. പക്ഷെ നിങ്ങളുടേത് നല്ല വട്ട മുഖമാണെങ്കില്‍ മറ്റൊരു ഹെയര്‍സ്റ്റൈലും ഇതിലധികം മനോഹരമായിരിക്കില്ല.


ആംഗിള്‍ ബോബ്


എഴുപതുകളില്‍ ബോബ് കട്ട് പ്രശസ്തമായിരുന്നു. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കും എന്ന് പറയുന്നതുപോലെ ബോബ് കട്ട് തിരിച്ചുവന്നിരിക്കുന്നു, ചില വ്യത്യാസങ്ങളോടെ. ആംഗിള്‍ ബോബാണ് ഈ പുതിയ അവതാരം. മുടി നീളം കുറച്ച് ബോബ് ചെയ്യുക. എന്നിട്ട് മുന്‍ഭാഗത്ത് കുറച്ച് മുടി ഒരു കോണിലേയ്ക്ക് വലിച്ചുവെയ്ക്കുക. അതാണ് ആംഗിള്‍ ബോബ്.


മെസ്സി ബണ്‍


തലയുടെ പിന്നില്‍ മുടി അഴിഞ്ഞ മട്ടില്‍ ബണ്ണായി കെട്ടിയുയര്‍ത്തി വെയ്ക്കുക. അതിലെ ചില ഇഴകളുടെ അറ്റം തോളില്‍ അലസമായി ഇഴഞ്ഞു കിടക്കാന്‍ അനുവദിക്കുക. ഇപ്പോള്‍ നിങ്ങളുടെ ഹെയര്‍സ്റ്റൈല്‍ മെസ്സി ബണ്ണായി. അങ്ങനെ അശ്രദ്ധയുടെ സൗന്ദര്യം പ്രകടിപ്പിച്ച് ആഘോഷമായി നടക്കാം.


ഫ്രിന്‍ജസ്


ഫ്രിന്‍ജസിനെ ഫാഷനബിളാക്കിയത് കത്രീന കൈഫാണ്. അത്ര കൃത്യവും ക്രമവുമല്ലാതെ മുടി ചെറുതാക്കുക. അതോടൊപ്പം ചില ഇഴകള്‍ നെറ്റിയിലേയ്ക്ക് വീഴാന്‍ അനുവദിക്കുക. ഈ സ്റ്റൈല്‍ നിങ്ങളുടെ ആകര്‍ഷണീയത കുറേക്കൂടി വര്‍ദ്ധിപ്പിക്കും.


ഷോര്‍ട്ട് കേള്‍സ്


അത്ര ക്രമമല്ലാതെ മുടി ചെറുതാക്കി വെട്ടുക. എന്നിട്ട് വക്കുകള്‍ ചുരുളുകളാക്കി വെയ്ക്കുക. ആ ചുരുളുകള്‍ മുഖത്തിന് ചുറ്റും അഴിഞ്ഞു കിടക്കട്ടെ. കനത്ത താടിയെല്ലുള്ളവര്‍ക്ക് ഈ സ്റ്റൈല്‍ പ്രത്യേകം നല്ലതാണ്. താടിയെല്ലിന്റെ മുഴച്ച് നില്‍പ്പിനെ ഈ സ്റ്റൈല്‍ ഏറെക്കുറെ മറയ്ക്കും. ഈ സ്റ്റൈല്‍ മൃദുവും തരളവുമായ ലുക്ക് നല്‍കും.