വല്ലാത്ത ക്ഷീണം, ഒരു അഞ്ച് മിനിട്ട് കൂടി കിടക്കാം എന്നോര്‍ത്ത് അലാറം ഓഫ് ചെയ്ത് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. 'എന്താ സുഖമില്ലേ?' എന്നു ചോദിച്ച് ഭര്‍ത്താവ് കുലുക്കി വിളിച്ചപ്പോഴാണ് നേരം അതിന്റെ പാടുനോക്കി പോയതറിയുന്നത്. പറന്നു നടന്ന് വീട്ടിലെ ജോലിയെല്ലാം തീര്‍ത്ത് കഴിഞ്ഞപ്പോഴേക്കും ഓഫീസിലേക്ക് പോകാനുളള സമയമായി. പെട്ടൊന്നൊരു കാക്കക്കുളിയും കുളിച്ച് ഓഫീസിലേക്കിറങ്ങാമെന്നു കരുതിയാല്‍ മുടി ഉണങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും? എണ്ണമയവും അഴുക്കും പിടിച്ചിരിക്കുന്ന മുടി കഴുകാതെ പോകുന്നതെങ്ങനെ? ഇത്തരത്തിലുള്ള ഒരു അനുഭവമെങ്കിലും ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും അല്ലേ.

ഇനി വെള്ളമിറ്റ് വീഴുന്ന മുടിയുമായി ബസിലോടിക്കേറാനൊന്നും മിനക്കെടേണ്ട. ഒരു പോംവഴിയുണ്ട്, ഡ്രൈ ഷാമ്പൂ. മുടിയിലെ എണ്ണമയം വലിച്ചെടുത്ത് മുടിക്ക് ഫ്രഷ് ലുക്ക് നല്‍കാന്‍ സഹായിക്കുന്നതാണ് ഡ്രൈഷാമ്പൂ. ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ. പൗഡര്‍ ഡ്രൈ ഷാമ്പൂകളും സ്േ്രപ ഡ്രൈഷാമ്പൂകളും വിപണിയിലുണ്ട്. താല്പര്യം പോലെ തിരഞ്ഞെടുക്കാവുന്നതേയുള്ളൂ.

മുടി നന്നായി ചീകിയതിന് ശേഷം വേണം ഡ്രൈഷാമ്പൂ മുടിയില്‍ ഇടാന്‍. പൗഡര്‍ രൂപത്തിലുള്ളതാണെങ്കില്‍ എണ്ണമയം കൂടുതല്‍ തോന്നുന്ന ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ തൂവണം. അതിന് ശേഷം വേണമെങ്കില്‍ വിരലുകള്‍ ഉപയോഗിച്ച് പൗഡറിനെ എല്ലായിടത്തേക്കും എത്തിക്കാവുന്നതാണ്. പക്ഷേ ഷാമ്പൂ ഇട്ടതിന് ശേഷം തലയില്‍ തിരുമ്മുന്നത് ഒഴിവാക്കണം. അതു പോലെ കുറച്ച് അകത്തി പിടിച്ചായിരിക്കണം തലയിലേക്ക് ഷാമ്പൂ ഇടേണ്ടത്.

വേണമെങ്കില്‍ ഷാമ്പൂ ഇട്ടതിനു ശേഷം മുടി മെല്ലെ ചീകുന്നതും നന്നായിരിക്കും. മുടിയുടെ റൂട്ടിലായാണ് ഷാമ്പൂ ഇടേണ്ടത്. മുടിയുടെ തുമ്പിലും എണ്ണമയമുണ്ടെങ്കില്‍ ഷാമ്പൂ അവിടേയും ഇടണം.

അഞ്ചോ പത്തോ മിനിട്ടുകള്‍ കഴിയുമ്പോഴേക്കും ഷാമ്പൂ തലയിലെ എണ്ണമയമൊക്കെ വലിച്ചെടുത്തു കഴിഞ്ഞിരിക്കും. സ്വതവേ എണ്ണമയമുള്ള മുടിയാണെങ്കില്‍ ഇതിന് അല്പം കൂടെ സമയമെടുത്തേക്കാം. തുടര്‍ന്ന് തല കീഴായി പിടിച്ചതിന് ശേഷം മുടി നന്നായി ചീകുക. വേണമെങ്കില്‍ ഒരു ഡ്രൈയറും ഉപയോഗിക്കാം. ഇനി കണ്ണാടിയിലേക്ക് നോക്കൂ. മുടി നല്ല ഫ്രഷ് ആയി ഇരിക്കുന്നില്ലേ.

ഇതൊരു അടിപൊളി വിദ്യയാണല്ലോ എന്നുകരുതി എപ്പോഴും ഇത്തരത്തില്‍ ചെയ്യുന്നത് നല്ലതല്ല കേട്ടോ. കാരണം ഇത് മുടിയലെ എണ്ണമയം കുറയ്ക്കാന്‍ മാത്രമേ സഹായിക്കൂ. അഴുക്ക് കളയണമെങ്കില്‍ മുടി കഴുകുക തന്നെ വേണം. പക്ഷേ എപ്പോഴും ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. ഒന്നിടവിട്ട ദിവസങ്ങളിലോ അതല്ലെങ്കില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളിലോ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മൂന്നുതവണ ഡ്രൈ ഷാമ്പൂ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ തീര്‍ച്ചയായും മുടി കഴുകാന്‍ മടിക്കരുത്. ഏത് തരം മുടിക്കും ഡ്രൈഷാമ്പൂ നന്നായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉണങ്ങിയ മുടിയിലായിരിക്കണം ഡ്രൈ ഷാമ്പൂ ഉപയോഗിക്കേണ്ടത്. നനഞ്ഞ മുടിയില്‍ ഒരിക്കലും ഡ്രൈ ഷാമ്പൂ ഉപയോഗിക്കരുത്.