ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എപ്പോഴോ ആണ് അറ്റം വളഞ്ഞ കമ്പിയില്‍ നൂല് കുടുക്കി വലിച്ചെടുത്ത് മനോഹരമായ ലെയ്‌സ് ഉണ്ടാക്കുന്ന 'ക്രോഷേ തുന്നല്‍' ഹരമായി മാറുന്നത്. പിന്നീട് ക്രോഷേ ലഹരി തലയ്ക്കുപിടിച്ച ദിവസങ്ങളായിരുന്നു. ഒഴിവു വേളകളില്‍ കൂട്ടുകാരികളുമായി കളി പറഞ്ഞിരിക്കുമ്പോഴും കൈ തുന്നല്‍ പണിയിലായിരിക്കും. ലെയ്‌സിന്റെ വലിപ്പം കൂടി വരുന്നതിനൊപ്പം, മനസ്സില്‍ സന്തോഷവും തുന്നിച്ചേര്‍ത്തു.

നൂല് കുടുങ്ങാതെ കൂടുതല്‍ വേഗത്തില്‍ ക്രോഷേ ചെയ്‌തെടുക്കുന്നതിന് കൂട്ടുകാരികളുമായി പന്തയം വയ്ക്കുന്നതും സ്ഥിരം. ഇങ്ങനെ കുഞ്ഞുമേശവിരിയും സോഫയ്ക്കിടുന്ന അലങ്കാര ഉടുപ്പും ആവേശത്തോടെ തുന്നിയെടുത്തിട്ടുണ്ട്... ഏതൊരു പെണ്‍കുട്ടിയുടെയും സ്‌കൂള്‍ ഓര്‍മയില്‍ ഉണ്ടാകാനിടയുള്ള അനുഭവമാണിത്. പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരുകാലത്ത് ഇഷ്ടവിനോദമായിരുന്നു ക്രോഷേ തുന്നല്‍. എന്നാല്‍ ഇന്ന് ക്രോഷേ, ഫാഷനില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്.

ക്രോഷേ എന്നാല്‍ സെലിബ്രിറ്റികള്‍ മാത്രം ധരിക്കുന്നത് എന്നായിരുന്നു ആദ്യകാല സങ്കല്പം. നിറയെ തുളകള്‍ വീണ ബനിയന്‍ പോലെയുള്ള തുണി... അത് പെനിലോപ് ക്രൂസും സ്‌കാര്‍ലെറ്റ് ജോണ്‍സണും പോലുള്ള ഹോളിവുഡ് താരങ്ങള്‍ ഇട്ടാല്‍ മതി, ഞങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു കുറച്ചു മുമ്പുവരെ കോളേജ് സുന്ദരികളുടെ അഭിപ്രായം. എന്നാല്‍, ഇന്ന് അവര്‍ ക്രോഷേ വര്‍ക്കുള്ള ടോപ്പുകളും മറ്റും തേടി കടകള്‍ തോറും കയറിയിറങ്ങുന്നു. ഇതിനു കാരണം മറ്റൊന്നുമല്ല, ക്രോഷേയെ ജനകീയമാക്കാന്‍ ഫാഷന്‍ ലോകത്ത് നടക്കുന്ന പരീക്ഷണങ്ങള്‍ തന്നെ.

മനോഹരമായ ക്രോഷേ പൂവുകളുമായി വരുന്ന ചുരിദാറുകളും കുര്‍ത്തകളും ഇട്ട് കാമ്പസ്സില്‍ വിലസ്സുന്ന സുന്ദരിമാര്‍, ഇത് ക്രോഷേ വസന്തത്തിന്റെ കാലമെന്ന് സാക്ഷ്യം പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലെ സ്ത്രീകളാണ് ക്രോഷേ തുന്നലിന് തുടക്കം കുറിച്ചത്. ഫാഷന്‍ പൂത്തുലഞ്ഞ വിക്ടോറിയന്‍ കാലഘട്ടത്തിലും ക്രോഷേ തുന്നല്‍ സ്ത്രീകള്‍ക്കിടയില്‍ വിനോദമായി തുടര്‍ന്നു. വിക്ടോറിയ ഫാഷനിലെ ഒഴിച്ചുകൂടാന്‍ കഴിയാത്തവയായിരുന്നു ലെയ്‌സും ക്രോഷേയും.

ചുരിദാറിലും കുര്‍ത്തകളിലും ഷാളുകളിലും ക്രോഷേ പിടിപ്പിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ക്രോഷേ പിടിപ്പിച്ച ചുരിദാറുകളാണ് കാമ്പസ് ഫാഷനില്‍ ഇന്ന് മാറ്റുരയ്ക്കുന്നത്. ചുരിദാറിന്റെ അറ്റത്തും കഴുത്തിലും കൈയിലും ക്രോഷേ പിടിപ്പിക്കുന്നത് പുത്തന്‍ സ്റ്റൈലും ഭംഗിയുമാണ്. ആദ്യം വെള്ളയുടെ വിവിധ നിറഭേദങ്ങളില്‍ മാത്രം കണ്ടിരുന്ന ക്രോഷേ ഇന്ന് ഇഷ്ടമുള്ള നിറങ്ങളിലെല്ലാം വിപണിയിലുണ്ട്.

തുണി വാങ്ങി ചുരിദാര്‍ തയ്ച്ച് ധരിക്കുന്നവര്‍ക്ക് ചുരിദാറിന്റെ നിറത്തിന് ചേരുന്ന നിറത്തിലുള്ള ക്രോഷേ മുറിച്ചുവാങ്ങി പിടിപ്പിക്കാവുന്നതാണ്. മീറ്ററിന് 40 രൂപ മുതല്‍ ഇതിന് വിലയുണ്ട്. ക്രോഷേ തുന്നലുകള്‍ സാരിബ്ലൗസിന്റെ കൈയിലും പരീക്ഷിക്കാവുന്നതാണ്.

ചുരിദാറില്‍ മാത്രമല്ല സ്‌കര്‍ട്ടിലും ജീന്‍സിലും ക്രോഷേ പരീക്ഷിക്കാവുന്നതാണ്. ചെറിയ കഷണം ക്രോഷേ ജീന്‍സിന്റെ പോക്കറ്റിന് പുറത്തോ കാല്‍മുട്ടിന്റെ ഭാഗത്തോ തുന്നിപ്പിടിപ്പിക്കുന്നത് ട്രെന്‍ഡാണ്. സ്‌കര്‍ട്ടിന്റെ അറ്റത്തും വെയ്സ്റ്റ്‌ലൈനിലും ക്രോഷേ പിടിപ്പിക്കുന്നത് സ്‌കര്‍ട്ടിനെ കൂടുതല്‍ മനോഹരമാക്കുന്നു. സ്‌കര്‍ട്ടിന്റെ അറ്റത്ത് അസിമെട്രിക് കട്ടുള്ള ക്രോഷേ പിടിപ്പിക്കുന്നത് സ്‌കര്‍ട്ടിന് ഭംഗിയേകും, ഒപ്പം ട്രെന്‍ഡിയുമാക്കും.

ക്രോഷേ കൊണ്ടുള്ള സ്റ്റോളും സ്‌കാര്‍ഫുമാണ് കാമ്പസ്സിലെ മറ്റൊരു ഹരം. ഇതിനു പുറമെ ക്രോഷേ ഓവറോള്‍, നഷ്രഗ്ഗ്, തൊപ്പി എന്നിവയും വന്‍ ഹിറ്റുതന്നെ. കോട്ടണ്‍, ഡെനിം, ജോര്‍ജറ്റ്, ഷിഫോണ്‍, സാറ്റിന്‍ എന്നു തുടങ്ങി ഏത് തുണിക്കൊപ്പവും ക്രോഷേ ഇണങ്ങും. സാറ്റിന്‍, ജോര്‍ജറ്റ്, ഷിഫോണ്‍ എന്നിവയിവുള്ള സ്ലീവ്‌ലെസ്സ് ടോപ്പുകള്‍ക്കൊപ്പം ക്രോഷേ നഷ്രഗ്ഗോ, വെയ്സ്റ്റ് കോട്ടോ ഓവറോളോ ധരിക്കുന്നത് സ്റ്റൈലാണ്. അക്‌സസറി ഫാഷന്‍ ലോകത്ത് ആരെയും ആകര്‍ഷിക്കുന്ന ക്രോഷേ മാലകളും വളകളുമാണ് മിന്നും താരങ്ങള്‍. ഒപ്പം ക്രോഷേ ഷൂകളും ബാഗുകളും ബെല്‍റ്റുകളും വിലസുന്നുണ്ട് എന്നതും, ഈ സീസണിലെ ഫാഷന്‍ ക്രോഷേയ്‌ക്കൊപ്പം ആണെന്നതിന് തെളിവാണ്. സാധാരണ കൊമ്പുവളകള്‍ വാങ്ങി അതില്‍ ക്രോഷേ പിടിപ്പിച്ച് വളകള്‍ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്.