തക്കാളി വെറും തക്കാളിയല്ല, ആളൊരു കേമനാണ്. നിരവധി വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് പോഷക സമ്പുഷ്ടമായ തക്കാളി ആരോഗ്യം മാത്രമല്ല സൗന്ദര്യവും പ്രദാനം ചെയ്യുന്നു. തക്കാളി ഫെയ്‌സ്പാക്കുകള്‍ ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും സഹായിക്കും. ചര്‍മ്മത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി ഉപയോഗിക്കുകയാണെങ്കില്‍ വളരെ പെട്ടന്നുതന്നെ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.എണ്ണമയമുള്ള ചര്‍മ്മത്തിന്


തക്കാളി രണ്ടായി മുറിച്ച് പിഴിഞ്ഞ് തക്കാളി നീര് എടുക്കണം. അതിലേക്ക് കുക്കുംബര്‍ നീരും തേനും സമം ചേര്‍ക്കണം. ഇത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. മുഖത്തെ എണ്ണമയം അകറ്റുന്നതിനോടൊപ്പം മുഖക്കുരു തടയുന്നതിനും ഈ ഫെയ്‌സ്പാക്ക് ഇടുന്നത് ഗുണം ചെയ്യും.


വരണ്ട ചര്‍മ്മത്തിന്


തക്കാളി മുറിച്ച് നീരെടുത്തതിന് ശേഷം അതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇതും രണ്ടും കൂടി നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. 15-20 മിനിട്ടിന് ശേഷം മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്. ചര്‍മ്മം മൃദുവാകുന്നതിനോടൊപ്പം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ഈ ഫെയ്‌സ്പാക്ക് സഹായിക്കും.


സാധാരണ ചര്‍മ്മത്തിന്


സാധാരണ ചര്‍മ്മക്കാരാണെങ്കില്‍ തക്കാളി നീരില്‍ നാലോ അഞ്ചോ തുള്ളി ചെറുനാരങ്ങ നീര് ചേര്‍ക്കണം. രണ്ടും കൂടി നന്നായി മിക്‌സ് ചെയ്ത ശേഷം ഇത് മുഖത്ത് തേച്ചുപിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം മൃദുവാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം ഉണ്ടാക്കുന്നതിനും തക്കാളിയും നാരങ്ങയും ചേര്‍ന്ന ഈ ഫെയ്‌സ്പാക്ക് സഹായകമാണ്. ഇതിലേക്ക് ഓട്ട്മീല്‍ ഓയില്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ വളരെ നന്നായിരിക്കും.ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിനും തക്കാളി സഹായിക്കും. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം, രണ്ടായി മുറിച്ച് കുരു നീക്കം ചെയ്‌തെടുത്ത തക്കാളി വൃത്താകൃതിയില്‍ മുഖത്ത് ഉരസുക. മുഖത്ത് പറ്റിയ തക്കാളി പള്‍പ്പ് അതുപോലെ തന്നെ വച്ച് അരമണിക്കൂറിന് ശേഷം കഴികിക്കളയുക. അതല്ലെങ്കില്‍ തക്കാളി നന്നായി അരച്ചെടുത്ത് രാത്രി മുഖത്തിട്ട ശേഷം പിറ്റേന്ന് കഴുകാവുന്നതാണ്. തക്കാളി ചര്‍മ്മത്തിന് നല്‍കുന്ന അഴക് നിങ്ങള്‍ക്ക് വളരെ പെട്ടന്ന് തന്നെ കാണാനാകും.