മുംബൈ അന്ധേരി വെര്‍സോവയിലെ 'ആരാം നഗര്‍' എന്ന കോളനി. പഴയ നിരവധി ബംഗ്ലാവുകള്‍ നിറഞ്ഞ ഈ കോളനിയില്‍ പലതിനു പുറത്തും പല വേഷങ്ങളില്‍ അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന സുന്ദരികളായ യുവതികളെ കാണാം. ക്യാമറയും ലൈറ്റും ആക്ഷനും ഒക്കെയായി സജീവമായിരിക്കുന്നു അകമ്പുറങ്ങള്‍! പരസ്യലോകമെന്ന മായാപ്രപഞ്ചത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായ 'ഓഡിഷന്‍സ്' അഥവാ 'സ്‌ക്രീന്‍ ടെസ്റ്റിങ്' അഥവാ 'ഭാഗ്യജാതകം തിരുത്തിക്കുറിക്കല്‍' നടക്കുകയാണിവിടെ. നീണ്ട ക്യൂവില്‍ ഊഴം കാത്തുനില്‍ക്കുന്ന ചെറുപ്പക്കാരികളുടെ മുഖത്ത് ഉത്കണ്ഠയോ നിരാശയോ അല്ല, പകരം എല്ലാം വെട്ടിപ്പിടിക്കാന്‍ പോകുന്ന നാളെയെക്കുറിച്ചുള്ള പ്രതീക്ഷയും തന്റേടവുമാണ്.

തൊട്ടടുത്ത ചില ബംഗ്ലാവുകളിലെ നെയിംപ്ലേറ്റുകളിലേക്ക് ഒന്ന് നോക്കൂ! സുബി സാമുവേല്‍, രാകേഷ് ശ്രേഷ്ഠ... ബോളിവുഡ്ഡിലെ പ്രഗത്ഭരായ ഫാഷന്‍ ഫോട്ടോ ഗ്രാഫര്‍മാര്‍! സൂപ്പര്‍താരങ്ങളാണ് ക്ലയന്റ്‌ലിസ്റ്റിലെങ്കിലും നാളെയുടെ വാഗ്ദാനങ്ങളായേക്കാവുന്ന പുതുമുഖങ്ങളുടെ പോര്‍ട്ട്‌ഫോളിയോ എടുക്കാനും ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു നിരതന്നെ ഗ്ലാമര്‍നഗരമായ മുംബൈയില്‍ ഉണ്ട്. പോക്കറ്റിന് കനം സ്വല്പം കട്ടിയില്‍തന്നെ വേണം എന്നേയുള്ളൂ.

ഗോരെഗാവിലെ ബംഗ്ലാവില്‍ ആനൂജാ ലോക്ക്‌റെയുടെ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. ആര്‍ക്കോ നിര്‍ദേശം കൊടുക്കുകയാണ് അനൂജ. 'ഹൈ സൊസൈറ്റി വെഡ്ഡിങ് സീനാണ്. ബ്രൈഡ് മദറിന്റെ ഓഡിഷനാണ്. നോര്‍ത്ത് സ്റ്റൈലായതുകൊണ്ട് സല്‍വാര്‍ കമ്മീസ് മതി'-പിറ്റേ ദിവസത്തേക്കുള്ള ഒരു സ്‌ക്രീന്‍ ടെസ്റ്റിന്റെ പശ്ചാത്തലം മോഡലിന് വിശദീകരിച്ചുകൊടുക്കുകയാണ് അനൂജ.

അനൂജയുടെ മുന്‍പില്‍ തുറന്നുവെച്ച ലാപ്‌ടോപ്പില്‍ പലതരം മോഡലുകളുടെ പടങ്ങള്‍. മണിപ്പൂരി ലുക്കുള്ള മെയില്‍ മോഡലിനെ തിരയുകയാണ് പടങ്ങള്‍ക്കിടയില്‍ അനൂജ. ഉച്ചയ്ക്കുശേഷം 'ഡോമിനോസ് പിസ്സ'യ്ക്കുവേണ്ടിയുള്ള ഓഡിഷന് ആവശ്യം മണിപ്പൂര്‍ ലുക്കുള്ള മെയിലടക്കം 7 വയസ്സിനും 55 വയസ്സിനും ഇടയ്ക്കുള്ള മോഡലുകളാണ്.

മോഡല്‍ കോര്‍ഡിനേറ്ററാണ് അനൂജ. മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഗ്ലാമറിന്റെ ലോകത്തേക്കുള്ള മോഡലിന്റെ ആദ്യചവിട്ടുപടി! ഓരോ പരസ്യത്തിന്റെയും സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നതനുസരിച്ചുള്ള മോഡലുകളെ തിരഞ്ഞെടുത്തു കൊടുക്കുന്നത് മോഡല്‍ കോര്‍ഡിനേറ്ററാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍നിന്നും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ പരസ്യ ഏജന്‍സിയും ക്ലയന്റും ചേര്‍ന്ന് തിരഞ്ഞെടുക്കുന്നു. (ക്ലയന്റെന്നാല്‍ ഏത് പ്രോഡക്റ്റിനാണോ പരസ്യം, അതുമായി ബന്ധപ്പെട്ടവര്‍) അതിനനുസരിച്ച് പരസ്യചിത്രം ഷൂട്ട് ചെയ്യുന്നു.

വെറും സൗന്ദര്യത്തിന്റെ പേരില്‍ ഒന്നോ രണ്ടോ പരസ്യങ്ങള്‍ കിട്ടിയേക്കാം. പക്ഷേ, ഫീല്‍ഡില്‍ തുടരണമെങ്കില്‍ കഴിവുകൂടിയേ പറ്റൂ. അതുകൊണ്ട് അഭിനയത്തിലുള്ള ട്രെയിനിങ്ങോ തിയേറ്റര്‍ പരിചയമോ ആണ് ഒരു മോഡലിന്റെ വിജയത്തിന് ആവശ്യം വേണ്ട ഘടകങ്ങളെന്ന് അനൂജ പറയുന്നു.

വര്‍ഷങ്ങളോ മാസങ്ങളോ നീളുന്ന ഭാഗ്യപരീക്ഷണം. ചിലപ്പോള്‍ ആദ്യ ഓഡിഷനില്‍ തന്നെ ഭാഗ്യം തെളിഞ്ഞെന്നു വരാം. മനസ്സിനെ ശരിക്കും പാകപ്പെടുത്തിയാല്‍ മാത്രമേ രക്ഷയുള്ളൂ എന്നാണ് എലിറ്റ് ഏജന്‍സിയിലെ കോര്‍ഡിനേറ്ററായ ശര്‍മിഷ്ഠ പറയുന്നത്. ഒരുതരം സ്ട്രഗ്ള്‍ ആണ് ഭാഗ്യപരീക്ഷണം. വര്‍ഷങ്ങളോളം പ്രതീക്ഷയോടെ സ്‌ക്രീന്‍ ടെസ്റ്റുകളില്‍ പങ്കെടുത്ത് മനംമടുത്ത് മുംബൈ വിട്ടുപോകുന്നവര്‍ ധാരാളമുണ്ടെന്ന് ശര്‍മിഷ്ഠ. അപൂര്‍വം ചിലര്‍ നാടകരംഗത്തെക്കോ സീരിയല്‍ രംഗത്തേക്കോ ചേക്കേറുന്നു.


സ്‌ക്രീന്‍ ടെസ്റ്റുകള്‍ കേള്‍ക്കുന്നത്ര എളുപ്പമായിരിക്കണമെന്നില്ല. ചില ടെസ്റ്റുകളില്‍ സാരിയും ഹെവി ജ്വല്ലറിയും മറ്റുമായി കനത്ത മെയ്ക്കപ്പായിരിക്കും. തൊട്ടടുത്ത ഓഡിഷനില്‍ ജീന്‍സും ടോപ്പും ധരിച്ച് തീര്‍ത്തും കാഷ്വല്‍ വേഷമായിരിക്കും. സ്ടിക്‌സ് ഹെയര്‍ കളര്‍, പാന്റലൂണ്‍സ്, എവറസ്റ്റ് മസാല, റിന്‍ സോപ്പ് തുടങ്ങി അനവധി പ്രൊഡക്ടുകള്‍ക്ക് കാസ്റ്റിങ് ചെയ്ത് അനൂജയുടെ ഈ ഫീല്‍ഡിലേക്കുള്ള തുടക്കം സത്യദേവ് ദുബേയുടെ കീഴില്‍ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു. ''അതുകൊണ്ടായിരിക്കാം ഓരോ ഓഡീഷനും പോയി തിരസ്‌കരിക്കപ്പെടുന്ന മോഡലിന്റെ വിഷമം എനിക്ക് ശരിക്കും മനസ്സിലാകും.''

മോഡലിങ് രംഗത്ത് ഭാഗ്യപരീക്ഷണത്തിനെത്തുന്നവര്‍ ആദ്യപടിയായി പോര്‍ട്ട്‌ഫോളിയോ ഷൂട്ട് ചെയ്യുന്നു. 'ജസ്റ്റ് മോഡല്‍' ഡയറക്ടറി വഴിയോ ഫേസ്ബുക്ക് തുടങ്ങിയ നെറ്റ് വര്‍ക്കിങ് സൈറ്റ് വഴിയോ മോഡല്‍ കോര്‍ഡിനേറ്റര്‍മാരുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് പോര്‍ട്ട്‌ഫോളിയോ അവര്‍ക്കെത്തിക്കുകയാണ് അടുത്ത പടി. മിക്ക കോര്‍ഡിനേറ്റര്‍മാരും രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കാറില്ല. ഒരു കോര്‍ഡിനേറ്റര്‍ക്ക് പല പരസ്യ ഏജന്‍സികളുമായും ബന്ധം കാണും. പുതിയ പരസ്യത്തിന്റെ ഷൂട്ടിങ് നടത്തേണ്ട അവസരത്തില്‍ ഏജന്‍സികള്‍ കോര്‍ഡിനേറ്റര്‍മാരെ സമീപിക്കുന്നു. സ്‌ക്രീന്‍ ടെസ്റ്റില്‍ വിജയിച്ചാല്‍ മോഡലിന് ആ പരസ്യത്തിലഭിനയിക്കാം. അതല്ലെങ്കില്‍ അടുത്ത ഓഡിഷനു വേണ്ടി ബാഗ് പാക്ക് ചെയ്യാം.

അനൂജയുടെ മോഡല്‍ ബാങ്കില്‍ 5 വയസ്സു മുതല്‍ 75 വയസ്സുവരെയുള്ള മോഡലുകള്‍ ഉണ്ട്. ഓരോ മോഡലിന്റെയും ഫോട്ടോകളും കോണ്‍ടാക്ട് ഡീറ്റെയില്‍സും വര്‍ക്ക് പ്രൊഫൈലും ലാപ്‌ടോപ്പില്‍ സേവ്ഡ് ആണ്. പുതുതായി ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയവരെ കൂടാതെ പ്രശസ്തരായ മോഡലുകളും ടിവി താരങ്ങളും സിനിമാ താരങ്ങളും ഉണ്ട്.

മോഡല്‍ ആവണമെങ്കില്‍ അതിസുന്ദരിയോ സുന്ദരനോ ആവണം എന്ന മുന്‍പത്തെ കാഴ്ചപ്പാടല്ല ഇന്നെന്ന് അനൂജ പറയുന്നു. തനതായ വ്യക്തിത്വവും ആകര്‍ഷകമായി അത് പ്രസന്റ് ചെയ്യാനുള്ള കഴിവുമാണ് മോഡലിന് ആവശ്യം. മെലിഞ്ഞവര്‍, തടിച്ചവര്‍, പ്രായമായവര്‍, കുട്ടികള്‍, കറുത്തവര്‍ തുടങ്ങി ഏതുതരം ആളുകള്‍ക്കും മോഡലിങ് ഫീല്‍ഡില്‍ ഡിമാന്റുണ്ട്. പക്ഷേ, ക്യാമറയ്ക്കു മുന്‍പില്‍ എക്‌സപ്രസ് ചെയ്യാനുള്ള എല്ലാ മോഡലുകള്‍ക്കും എല്ലാ ഓഡീഷന്റെയും മെസ്സേജ് അയയ്ക്കും. സ്റ്റുഡിയോവിലെത്തുമ്പോഴായിരിക്കും അയാളുടെ/അവളുടെ ഏജ് ഗ്രൂപ്പിലുള്ള മോഡലിന്റെ ആവശ്യമേ അവിടെ ഇല്ല എന്നു മനസ്സിലാവുന്നത്. അതുകൊണ്ട് ഞാന്‍ സ്‌ക്രിപ്റ്റിന്റെ ഡിമാന്റനുസരിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത മോഡല്‍സിനെ മാത്രമേ ഓരോ ഓഡീഷനും അയയ്ക്കൂ. അവരുടെ നിരാശയുടെ ആഴവും നമ്മള്‍ മനസ്സിലാക്കേണ്ടേ?'', അനുജ വിശദീകരിക്കുന്നു.


സോറി, അത് നീയല്ല ചെയ്യുന്നത്


'ഈ മുഖം ഓര്‍മയുണ്ടോ?' അബ്ബാസിന്റെ കൂടെ നാക്ക് മൂക്കിന് മുട്ടിച്ച് ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യാന്‍ ഹാര്‍പിക് ആണ് നല്ലത് എന്ന് പ്രഖ്യാപിക്കുന്ന അജിതാ കുല്‍ക്കര്‍ണിയെ പ്രേക്ഷകര്‍ ഓര്‍ക്കാതിരിക്കില്ല. കോള്‍ഗേറ്റ്, വീഡിയോകോണ്‍, മാരി ബിസ്‌കറ്റ്, മാരുതി വെര്‍സാ കാര്‍, വിപ്രോ ശിക്കാക്കായി, കോക്ക് തുടങ്ങി നിരവധി പ്രൊഡക്ടുകള്‍ വിപണി പിടിച്ചടക്കാന്‍ സഹായിച്ചുകൊണ്ട് കഴിഞ്ഞ 12 വര്‍ഷമായി അജിത മോഡലിങ് രംഗത്തുണ്ട്. 250-ഓളം പരസ്യങ്ങളില്‍ അഭിനയിച്ചു. നിരവധി ഹിന്ദി പടങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ പ്ലസ്സില്‍ 'പ്യാര്‍ കാ ദര്‍ദ് ഹെ മീഠാ മീഠാ പ്യാരാ പ്യാരാ' എന്ന സീരിയലിലും അഭിനയിക്കുന്നു.

സഹോദരിയുടെകൂടെ തമാശയ്ക്ക് ചെയ്ത ഒരു ഓഡിഷനാണ് അജിതയെ ഗ്ലാമര്‍ ലോകത്തേക്ക് നയിച്ചത്. ആദ്യ ഓഡിഷനില്‍ തന്നെ സെലക്ട് ആയി. 'സോന്‍പരി' എന്ന ഹിറ്റ് സീരിയലിലൂടെ ശ്രദ്ധേയയായി.


ഗോരഗാവിലെ വീട്ടില്‍ അജിതയെ കണ്ടപ്പോള്‍ ഒരു ഓഡിഷന് പോകാനുള്ള തയ്യാറെടുപ്പിലാണ്. 'ഇത്ര എക്‌സ്പീരിയന്‍സുണ്ടായിട്ടും ഓഡിഷന് പോകേണ്ടി വരുമോ' എന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയാണ് അജിതയുടെ ഉത്തരം. 'സൂപ്പര്‍ സ്റ്റാര്‍ ആണെങ്കില്‍ ഈ സ്‌ക്രീന്‍ ടെസ്റ്റിന്റെ ആവശ്യമില്ല. ഷൂട്ടിങ് ദിവസം, മണിക്കൂറുകള്‍ മാത്രം അഭിനയിച്ച് കനത്ത ഫീസും വാങ്ങി പോയാല്‍ മതി. ഞങ്ങളുടെ കാര്യം പോകട്ടെ, ഇന്നലത്തെ ഓഡിഷന് എന്റെ കൂടെ ഊഴംകാത്ത് ഇരുന്നത് സറീനാ വഹാബായിരുന്നു! അറിയോ?' ക്ലയന്റിന് സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതിയില്‍ അതേ കോസ്റ്റ്യൂമില്‍ തന്നെ മോഡലിനെ കാണണം. എങ്കിലേ അവരുടെ പ്രൊഡക്ട്‌സ് വില്‍ക്കാന്‍ ആ മോഡലിന് കഴിയുമോ എന്ന് ക്ലയന്റ് തീരുമാനിക്കൂ.

പരസ്യരംഗത്തും സീരിയല്‍ രംഗത്തും ഇന്ന് മത്സരം വളരെയധികമാണെന്ന് അജിത പറയുന്നു. ബജറ്റ് കുറവാണ്, അഭിനയമറിയില്ലെങ്കില്‍ ഞങ്ങള്‍ പഠിപ്പിച്ചേക്കും എന്നും പറഞ്ഞാണ് സീരിയലില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതുതന്നെ. മോഡലിങ്ങിലും സ്ഥിതി വളരെ വ്യത്യസ്തമൊന്നുമല്ല. ഏത് കുറഞ്ഞ ഫീസിനും അഡ്ജസ്റ്റ് ചെയ്യാന്‍ മോഡല്‍സ് തയ്യാറാണ്. ഓഡിഷനില്‍ സെലക്ട് ആയാലും അടുത്ത ഡിമാന്റ് 'ഞങ്ങളുടെ ബജറ്റ് ഇതാണ്. അതില്‍ അഡ്ജസ്റ്റ് ചെയ്യുന്ന മോഡലിനെ വിട്ടോളൂ' എന്നാണ്. മോഡലിങ് ഫീല്‍ഡിന്റെ അപരനാമമാണ് അനിശ്ചിതത്വം എന്ന് അജിത പറയുന്നു. സെലക്ഷനും കഴിഞ്ഞ് ഷൂട്ടിങ് ഡേറ്റും ഫിക്‌സ് ചെയ്ത് പുറപ്പെടാനൊരുങ്ങുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ വരും 'സോറി, അത് നീയല്ല ചെയ്യുന്നത്' എന്നും പറഞ്ഞ്. 'വലിയൊരു പ്രൊജക്ടിന്റെ കാര്യത്തില്‍ എനിക്കങ്ങനെ സംഭവിച്ചിട്ടുണ്ട്. കുറെനാള്‍ ഞാന്‍ ഡിപ്രസ്സ്ഡ് ആയിരുന്നു. പുറംലോകത്തെ അഭിമുഖീകരിക്കാന്‍ തന്നെ മടിയായിരുന്നു. പിന്നെ പിന്നെ നല്ലതിന് ആയിരിക്കും എന്ന് ചിന്തിക്കാന്‍ തുടങ്ങി. ആ ചിന്ത എന്നെ നോര്‍മലാക്കി. ആഗ്രഹിച്ചതുപോലെ വളരെ നല്ല മറ്റൊരു അസൈന്‍മെന്റ് എന്റെ മടിയില്‍ വന്നുവീണു. ഇന്നറിയാം ഇത്തരം അനുഭവങ്ങള്‍ ഈ ഫീല്‍ഡില്‍ സാധാരണമാണെന്ന്. അത് മനസ്സിലാക്കേണ്ട പക്വത കൈവരാന്‍ സമയമെടുത്തു. ഇന്നങ്ങനെ സംഭവിച്ചാല്‍ എനിക്ക് വിഷമമൊന്നും തോന്നില്ല.' അജിത ഫിലോസഫിക്കലാകുന്നു.

അജിതയുടെ അഭിപ്രായത്തില്‍ മോഡലുകളെ ജനം അത്ര പെട്ടെന്ന് തിരിച്ചറിയുന്നില്ല. 30 സെക്കന്റുകള്‍ക്കുള്ളില്‍ ഒന്ന് മിന്നിമറഞ്ഞ് പോകുന്നതല്ലേയുള്ളൂ. ഇവളെ എവിടയോ കണ്ടിട്ടുണ്ടല്ലോ എന്ന മട്ടില്‍ ആളുകള്‍ ഒന്ന് തിരിഞ്ഞുനോക്കും. അതുതന്നെ അംഗീകാരം!

അജിതയുടെ ഭര്‍ത്താവ് ഡോക്ടറാണ്. മക്കള്‍ വിദേശത്ത് പഠിക്കുന്നു. മക്കളുടെ പ്രായമോ തന്റെ പ്രായമോ അജിത വെളിപ്പെടുത്തുന്നില്ല. ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുന്നു. 'ഈ ഇന്‍ഡസ്ട്രിയില്‍ പ്രായം തുറന്നുപറയുന്നത് ദോഷം ചെയ്യും. പിന്നെ ഗ്രാന്‍ഡ് മദര്‍ റോളിലേക്കായിരിക്കും വിളിക്കുക. ഇന്നത്തെ പോലെ 25-35 വയസ്സിന്റെ കാറ്റഗറിയിലേക്കായിരിക്കില്ല.' എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേ എന്ന മട്ടില്‍ അജിത ചിരിക്കുന്നു! ''കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും മോഡലിങ് രംഗം മോശമാണെന്ന് ഞാന്‍ പറയില്ല. മോശമായിരുന്നെങ്കില്‍ ഞാനീ രംഗത്തേക്ക് വരുമായിരുന്നില്ല.


പ്രായം പറപറക്കും, അറിയാതെ


ജീന്‍സും ടോപ്പും ധരിച്ച് വളരെ സ്റ്റൈലിഷ് ആയ ഒരു ടിപ്പിക്കല്‍ മുംബൈ അപ്മാര്‍ക്കറ്റ് വനിത! പ്രായം നാല്പതുകളില്‍! 'മുന്നാബായ് എം.ബി.ബി.എസ്സില്‍' ആത്മഹത്യാശ്രമത്തില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാവുന്ന പയ്യന്റെ അമ്മയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആ പാവം അമ്മയുമായി ഏതു രീതിയിലും മുന്‍പിലിരിക്കുന്ന സുന്ദരിയെ ബന്ധപ്പെടുത്താന്‍ എനിക്ക് പറ്റുന്നില്ല! പ്രായത്തെക്കുറിച്ച് അജിതാ കുല്‍ക്കര്‍ണി പറഞ്ഞ കമന്റ് ആണ് ആദ്യം ഓര്‍മവന്നത്. എന്റെ ധര്‍മസങ്കടം കണ്ടിട്ടാവണം അനുരാധ പൊട്ടിച്ചിരിക്കുന്നു. ''ഹോളിവുഡ്ഡില്‍ മെറില്‍ സ്ട്രീപ്പിനൊക്കെ അഭിനയജീവിതത്തിലെ ഏറ്റവും ബെസ്റ്റ് റോളുകള്‍ ലഭിക്കുന്നത് വയസ്സാംകാലത്താണ്. എന്നാല്‍ അമേരിക്കയില്‍ നിന്നും ബാഗും പാക്ക് ചെയ്ത് മുംബൈയിലേക്ക് വീണ്ടും ചേക്കേറിയ നമ്മുടെ മാധുരി ദീക്ഷിതിന് ബോളിവുഡ്ഡില്‍ എവിടെയാണ് റോള്‍? അപ്പോള്‍ പിന്നെ ഞങ്ങള്‍ മോഡലുകളുടെ കാര്യം എന്തായിരിക്കും!''

കഴിഞ്ഞ 15 വര്‍ഷമായി പരസ്യരംഗത്ത് സജീവമായിട്ടുള്ള അനുരാധ 'ഫെയര്‍ ആന്‍ഡ് ലവ്‌ലി', 'ബ്രിട്ടാനിയ', 'സാഫി' തുടങ്ങി നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമടുത്ത കാലത്ത് പുറത്തിറങ്ങിയ 'സിന്ദഗി നാ മിലേ ദോബാരാ' എന്ന സിനിമയടക്കം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 'ഗ്ലാമര്‍ ഫീല്‍ഡില്‍ പ്രായം, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ പ്രായം, അക്ഷരാര്‍ഥത്തില്‍ പറപറന്ന് പോകുന്നു. 25 വയസ്സായ പെണ്‍കുട്ടികള്‍പോലും 7,8 വയസ്സായ കുട്ടികളുടെ അമ്മയായി സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിക്കുന്നു. 30 വയസ്സ് കഴിഞ്ഞാല്‍ നേരെ വല്ല അമ്മായിയമ്മ റോളിലേക്കും പ്രൊമോഷന്‍കിട്ടും'- അനുരാധ പറയുന്നു.


മോഡലിങ് രംഗം തീര്‍ത്തും അനിശ്ചിതത്വത്തിന്റെതും അരക്ഷിതാവസ്ഥയുടേതുമാണ്. തന്നെപോലെ മോശമല്ലാത്ത സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലേതാണെങ്കില്‍ അതൊരു ഹോബിയോ പാഷനോ ആയെടുത്താല്‍ മതി. പക്ഷേ, ഗ്ലാമറിന്റെ മായികലോകത്തില്‍ ഭാഗ്യം തേടി പ്രതിദിനം മുംബൈയിലെത്തുന്ന അസംഖ്യം പുതുമുഖങ്ങളുടെ കാര്യം പരിതാപകരമാണെന്ന് അനുരാധ പറയുന്നു. താമസം വളരെ എക്‌സ്‌പെന്‍സീവാണ് മുംബൈയില്‍. പതിനായിരങ്ങള്‍ എണ്ണിക്കൊടുത്താല്‍ കിട്ടുന്ന ഒരു കുഞ്ഞുമുറിയില്‍ നാലഞ്ച് പേര്‍ താമസിക്കും, എന്നോ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഭാഗ്യദേവതയെയും കാത്ത്! വല്ലപ്പോഴും കിട്ടുന്ന കുഞ്ഞുറോളുകള്‍ ആശ്രയിച്ച് മുംബൈയില്‍ ജീവിച്ചുപോവുക ബുദ്ധിമുട്ടാണ്. അനന്തരഫലം ഫ്രസ്റ്റേഷന്‍, ഡിപ്രഷന്‍ ഇവയൊക്കെ തന്നെ.

പത്താം ക്ലാസ്സിലെയും കോളേജിലെയും കുട്ടികള്‍ക്ക് ഫ്രഞ്ച് പഠിപ്പിക്കുന്ന അനുരാധയെ സംബന്ധിച്ചിടത്തോളം അതൊരു സ്ഥിരവരുമാനത്തിന് പുറമെ മനസ്സിനെ ഹാപ്പിയാക്കാനുള്ള ഉപാധി കൂടിയാണ്.

ഒരു ഓഡിഷന് പോയിക്കഴിഞ്ഞാല്‍ ഒരു കുഞ്ഞുറോളിനുപോലും വന്ന ക്രൗഡിനെക്കണ്ടാല്‍ ഇത്രയും പേരെങ്ങനെ ഇതറിഞ്ഞു എന്നുപോലും തോന്നും. പരസ്യരംഗത്തെ അനുഭവംവെച്ച് ഏത് റോളിലും താന്‍ എളുപ്പം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടും എന്ന് പറയുമ്പോഴും ഏത് ചെറിയ ബജറ്റിലും റോള്‍ കൈക്കലാക്കാന്‍ തുനിയുന്നവരാണ് പ്രൊഡ്യൂസര്‍മാരെക്കൊണ്ട് ബജറ്റ് കട്ടിങ് ചെയ്യിപ്പിക്കുന്നതെന്ന പരാതി അനുരാധയ്ക്കുണ്ട്.

'ഇത്രയും മുതല്‍മുടക്കുള്ള പരസ്യരംഗത്ത് മോഡല്‍സിന്റെ ഫീസ് കുറച്ച് തന്റെ പോക്കറ്റ് വീര്‍പ്പിക്കാനായിരിക്കും പ്രൊഡക്ഷന്‍ മാനേജര്‍ ആലോചിക്കുക. ആ മനോഭാവത്തിനെ വളമിട്ടു വളര്‍ത്തുകയാണ് ഭാഗ്യപരീക്ഷണത്തിനെത്തുന്ന പുതുമുഖങ്ങളില്‍ ഭൂരിപക്ഷവും.'

ഇങ്ങനെ പരാതിപ്പെട്ടാലും 30 ദിവസവും ഓഫീസില്‍ പോയി ജോലി ചെയ്യുന്ന ഒരു മിഡില്‍ക്ലാസ്സുകാരന്റെ ശമ്പളം ഒന്ന് രണ്ട് ദിവസത്തെ ഷൂട്ടിങ് കൊണ്ട് ഒരു മോഡല്‍ ഉണ്ടാക്കുന്നു.

റോളിന് വേണ്ടിയുള്ള പരക്കംപായലിനിടയില്‍ 'പെണ്‍കുട്ടി'യുടെ റോളില്‍ നിന്ന് 'പ്രായമായ' റോളിലേക്കുള്ള മാറ്റം കടന്നുവരുന്നു. വേഗവും മനസ്സിനെ വിഷമിപ്പിക്കുമെന്ന് പറയുന്ന അനുരാധ അത്തരം വിഷമങ്ങള്‍ അതിജീവിക്കാനുള്ള 'വിസ്ഡം' ഒന്നും എനിക്ക ില്ലല്ലോ എന്നും പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.

ബിസിനസ്സുകാരനായ ഭര്‍ത്താവും സ്‌കൂളില്‍ പഠിക്കുന്ന മകളും അടങ്ങിയതാണ് അനുരാധയുടെ കുടുംബം. അഭിനയിക്കാനുള്ള മോഹം അത്രയ്ക്കുള്ളതുകൊണ്ട് വീണ്ടും വീണ്ടും ഓഡിഷനില്‍ പങ്കെടുക്കുന്നു എന്ന് സമ്മതിക്കുന്ന അനുരാധ പക്ഷേ, പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു 'എന്റെ മോള്‍ ഈ ചെറുപ്രായത്തിലേ വളരെ ക്ലിയറായി തീരുമാനിച്ചു കഴിഞ്ഞു ആ ഭാഗത്തേക്ക് നോക്കുകപോലുമില്ലെന്ന്. ദേര്‍ ഈസ് ഒണ്‍ലി വണ്‍ അമിതാഭ് ബച്ചന്‍ എന്നാണവള്‍ പ്രഖ്യാപിക്കുക. കഷ്ടം, അത്രയും വിസ്ഡം എനിക്കില്ലല്ലോ!'


എല്ലാവര്‍ക്കും വേണ്ടത് അതുതന്നെ

പതിനേഴാം വയസ്സില്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നും മുംബൈ മഹാനഗരത്തിലേക്ക് ഭാഗ്യാന്വേഷണാര്‍ഥം കുടിയേറിയതാണ് നിഷാ ചൗധരി. ബോളിവുഡ് താരം മഹിമാ ചൗധരിയുടെ കുടുംബപാരമ്പര്യം അവകാശപ്പെടുന്ന നിഷയെ കൂട്ടുകാരികളാണ് നല്ല ഫിഗര്‍, നല്ല മുഖം, മോഡലിങ്ങില്‍ ഷൈന്‍ ചെയ്യും എന്നൊക്കെ പറഞ്ഞ് പ്രോത്സാഹനം നല്‍കിയത്.

2006-ല്‍ മുംബൈയിലെത്തിയ നിഷ പറ്റിയ അബദ്ധങ്ങളുടെ ഭാണ്ഡക്കെട്ടാണ് ആദ്യമഴിച്ചത്. മോഡല്‍ കോ-ഓഡിനേറ്റര്‍മാര്‍ എന്നുപറഞ്ഞ് പരിചയപ്പെട്ട എല്ലാവര്‍ക്കും ഫോണ്‍ നമ്പര്‍ നല്‍കി. അവസരം കാത്ത് ഇരിക്കുന്നതിനിടയില്‍ അതാ വരുന്നു തുടരെ തുടരെ അസമയത്ത് പോലും ഫോണ്‍വിളി.വീട് വാങ്ങിത്തരാം, വണ്ടി വാങ്ങിത്തരാം എന്നൊക്കെയുള്ള വാഗ്ദാനങ്ങളോടുകൂടിയുള്ള, അസമയത്ത് കമ്പനി കൂടാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഫോണ്‍വിളികള്‍. സഹിക്കവയ്യാതായപ്പോള്‍ ഫോണ്‍ നമ്പര്‍ മാറ്റേണ്ടിവന്നു നിഷയ്ക്ക്.

സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോയപ്പോഴുള്ള അനുഭവവും ഇതുതന്നെയെന്ന് നിഷ പറയുന്നു. 'കാസ്റ്റിങ് കൗച്ച്' (ഇമേെശിഴ രീൗരവ) എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോംപ്രമൈസ് തന്നെയാണ് എവിടെയും ആവശ്യമെന്ന് കൂസലില്ലാതെ നിഷ പറയുന്നു. ഈയിടെ നടന്ന ഒരു സംഭവവും നിഷ വിശദീകരിക്കുന്നു. ഒരു ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്‍ഡിന് മോഡലിങ് ചെയ്യാന്‍ വലിയൊരു തുകയുടെ പ്രതിഫലം ഓഫര്‍ ചെയ്തുകൊണ്ടുള്ള ഫോണ്‍. കക്ഷികളെ കാണാന്‍ പോയപ്പോഴാണ് അവരുടെ തനിനിറം മനസ്സിലാകുന്നത്. അങ്ങനെയൊരു പരസ്യമേയില്ല. അവര്‍ക്ക് വേണ്ടത് മറ്റുപലതുമായിരുന്നു. ''വലിയ വലിയ ഹീറോയിന്‍സ് പോലും ആ നിലയിലായത് കോംപ്രമൈസ് ചെയ്തിട്ടാണ്. അപ്പോള്‍ പിന്നെ നിനക്കെന്താ'' തുടങ്ങിയതരം പ്രലോഭനങ്ങള്‍.

മോഡലിങ്ങിലെത്തേണ്ട വഴികളെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് നിഷ മുംബൈയിലെത്തിയത്. ഒരുപക്ഷേ, അമിതമായ ആത്മവിശ്വാസത്തിന്റെ ബലത്തില്‍.തുടക്ക നാളുകളില്‍ മെല്ലെ മെല്ലെ മോഡലിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. അല്പസ്വല്പം പ്രിന്റ് പരസ്യങ്ങള്‍ ചെയ്തു.

കാര്യങ്ങളൊന്നും വിചാരിച്ചതുപോലെ നടക്കാത്തതില്‍ മനംനൊന്ത് ഒരിക്കല്‍ ഒക്കെ മതിയാക്കി തിരിച്ചുപോയതാണ് നിഷ. പക്ഷേ, എത്ര ബുദ്ധിമുട്ടിയാലും ഒരിക്കലും മോഡലിങ്ങിലും അഭിനയത്തിലും ഉള്ള ആഗ്രഹം കൈവെടിയാന്‍ പറ്റില്ല എന്ന് മനസ്സിലായപ്പോള്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ നിഷ മുംബൈയിലേക്ക് ചേക്കേറിയിരിക്കുന്നു.