ഓഫീസ്, അടുക്കള, കുട്ടികള്‍ എന്നിങ്ങനെ തിരക്കോടു തിരക്കായ ജീവിതത്തിനിടയില്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോകാന്‍ നമുക്കെവിടെ നേരം എന്നു പരിതപിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങളും എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില മാസ്‌ക്കുകളിലൂടെ മുഖകാന്തി വര്‍ദ്ധിപ്പിക്കാനുളള പൊടിക്കൈകള്‍ പറഞ്ഞു തരാം. പണവും സമയവും ലാഭിക്കുന്ന ഈ മാസ്‌ക്കുകള്‍ ഒന്നു പരീക്ഷിച്ചു നോക്കെന്നേ.

തക്കാളി മാസ്‌ക്ക്
- തക്കാളി നന്നായി ഞെരടി കുഴമ്പു രൂപത്തിലാക്കുക.അതിലേക്ക് രണ്ട് സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് നന്നായി കൂട്ടിയോജിക്കുക. ഇനി ഈ കൂട്ട് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കൂ. ഇരുപത് മിനിട്ടിനു ശേഷം തണുത്തവെളളത്തില്‍ മുഖം കഴുകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഈ ഫേസ്പാക്ക് സഹായിക്കും.

ബദാം മാസ്‌ക്ക് -
നാലോ അഞ്ചോ ബദാം രാത്രി പാലില്‍ ഇട്ടു വെക്കണം. പിറ്റേദിവസം ഇവയുടെ തൊലി കളഞ്ഞ് അവ നന്നായി പാലില്‍ തന്നെ അരച്ചെടുക്കുക. അരച്ചെടുത്ത ബദാം കൂട്ട് രാത്രിയില്‍ മുഖത്തിട്ട് നേരംവെളുക്കുമ്പോള്‍ കഴുകി കളയാം. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ഇപ്രകാരം ചെയ്യുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മഞ്ഞള്‍ മാസ്‌ക്ക് -
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ മുത്തശ്ശിമാര്‍ നിര്‍ദേശിക്കാറുളള മാര്‍ഗമാണ് മഞ്ഞള്‍. മഞ്ഞള്‍ ചര്‍മ്മരോഗങ്ങളെ അകറ്റാനും നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു ഉത്തമ സൗന്ദര്യസഹായിയാണ് മഞ്ഞള്‍. ഒരു സ്പൂണ്‍ മഞ്ഞളിന്റെ കൂടെ മൂന്ന് സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് യോജിപ്പിക്കു.ഇത് മുഖത്തിട്ട് ഇരുപത് മിനിറ്റിനുശേഷം കഴുകിക്കളയാം.

നേന്ത്രപ്പഴം മാസ്‌ക്ക്
- രണ്ട് സ്പൂണ്‍ തൈര് ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നേന്ത്രപ്പഴത്തെ നന്നായി കുഴച്ചെടുക്കുക. മിക്‌സിയില്‍ ഇട്ട് അടിച്ചെടുത്താലും മതി. ഇത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. മുപ്പത് മിനിട്ടിനു ശേഷം മുഖം കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഇപ്രകാരം ചെയ്യുകയാണെങ്കില്‍ കുട്ടികളുടേതുപോലെ മൃദുലമായ ചര്‍മ്മം നിങ്ങള്‍ക്കും സ്വന്തമാക്കാം.

ഓട്‌സ് മാസ്‌ക്ക് -
ദിവസവും യാത്ര ചെയ്യുന്നവരുടെ മുഖചര്‍മ്മം പൊടിയും പുകയുമടിച്ച് കരവാളിക്കുന്നത് കണ്ടിട്ടില്ലേ. കരുവാളിപ്പും മുഖത്തെ ചുളിവുകളും അകറ്റാനുളള ഒരു നല്ല മാസ്‌ക്കാകാം ഇനി അല്ലേ? ആദ്യം തന്നെ നാല് സ്പൂണ്‍ ഓട്‌സ് പൊടിച്ച് എടുക്കുക. ഇതിലേക്ക് നാല് ബദാം പൊടിയായി അരിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ തേന്‍ കുറച്ച് പാല്‍ എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ലേപനം പുരട്ടി അഞ്ചു മിനിട്ടു കഴിയുമ്പോള്‍ രണ്ടു മൂന്നു മിനിട്ട് നന്നായി മസാജ് ചെയ്യുക. മസാജിനുശേഷം ഇളംചൂടുവെളളത്തില്‍ മുഖം കഴുകാം.

ഈയിടെയായി മുഖത്തിന് നല്ല തിളക്കമാണല്ലോ, ഏത് ബ്യൂട്ടിപാര്‍ലറിലാണ് പോകുന്നത്്? എന്നു ചോദിക്കുന്ന സഹപ്രവര്‍ത്തകരോട് ഇനി ഒരു കളളച്ചിരിയോടെ പറയാം ബ്യൂട്ടിപാര്‍ലറിലോ ഞാനോ..? (കടപ്പാട്- ഫെമിന)