നിറത്തിന് യോജിച്ച ഫൗണ്ടേഷന്‍, പാടുകള്‍ മറയ്ക്കാന്‍ കണ്‍സീലര്‍, കണ്ണിനു വലുപ്പം തോന്നിക്കാന്‍ ഐഷാഡോ... സുന്ദരിയാവാന്‍ എന്തെല്ലാം വഴികള്‍!ഒന്ന് പുറത്തിറങ്ങുമ്പോള്‍ മുടിയൊന്ന് കോതിയിട്ടില്ലെങ്കില്‍, വട്ടത്തിലൊരു പൊട്ടുകുത്തിയില്ലെങ്കില്‍, ഒന്ന് വാലിട്ട് കണ്ണ് എഴുതിയില്ലെങ്കില്‍ എന്തോ കുറവുള്ള പോലെ തോന്നും. വല്ല ചടങ്ങുകള്‍ക്കോ മറ്റോ പോവേണ്ടിവന്നാലത്തെ കഥ പറയാനുമില്ല.
ആഘോഷങ്ങളെന്തുമാകട്ടെ, മേക്കപ്പില്‍ ഇത്തിരി കരുതല്‍ വേണം. ചര്‍മത്തിന്റെ നിറം, സ്വഭാവം, മുഖത്തിന്റെ ആകൃതി എന്നിവയ്ക്കനുസരിച്ചാവണം മേക്കപ്പ്. കണ്ണ്്, ചുണ്ടുകള്‍, കവിളുകള്‍ അങ്ങനെ ഓരോന്നിനും പ്രത്യേക ടച്ച് അപ് വേറെയും വേണം. ലൈറ്റ് മേക്കപ്പാണ് ഏറ്റവും അനുയോജ്യം. മേക്കപ്പ് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാം.


തുടക്കം ക്ലെന്‍സറില്‍


മുഖം നന്നായി കഴുകിയശേഷം മേക്കപ്പ് ചെയ്യാന്‍ തുടങ്ങാം. ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതാണ് മേക്കപ്പിന്റെ ആദ്യ പടി. അതുകഴിഞ്ഞ് വൃത്തിയുള്ള കോട്ടണ്‍ കൊണ്ട് തുടച്ചെടുക്കണം. ക്ലെന്‍സിങ്ങിനുശേഷം ഐസ് ഒരു കോട്ടണില്‍ പൊതിഞ്ഞ് മുഖത്ത് മസാജ് ചെയ്യുക. ഐസ് വെളളം മുഖത്ത് സ്‌പ്രേ ചെയ്ത് ഒപ്പിയെടുക്കുകയുമാവാം. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ നനഞ്ഞ കോട്ടണ്‍ ആസ്ട്രിജന്‍ ലോഷനില്‍ മുക്കി മുഖം തുടയ്ക്കണം. വരണ്ട ചര്‍മമാണെങ്കില്‍ സ്‌കിന്‍ ടോണര്‍ മതിയാകും. ശേഷം അല്‍പം മോയിസ്ചറൈസര്‍ മുഖത്തും കഴുത്തിലും പുരട്ടണം. മോയിസ്ചറൈസര്‍ അധികമായാല്‍ ചര്‍മം എണ്ണമയമായി തോന്നും. ചര്‍മത്തില്‍ കൂടുതല്‍ എണ്ണമയമുള്ളവര്‍ മോയിസ്ചറൈസര്‍ പുരട്ടേണ്ട. തണുപ്പുകാലത്ത് മോയിസ്ചറൈസര്‍ ഉപയോഗിക്കാനും മറക്കേണ്ട. അഞ്ച് മിനിട്ട് കഴിഞ്ഞേ ഫൗണ്ടേഷന്‍ പുരട്ടാവൂ. ചെറിയ കുത്തുകളായി മുഖത്ത് ഇട്ടശേഷം എല്ലായിടത്തും ഒരുപോലെ പുരട്ടണം. നനവുളള കോസ്‌മെറ്റിക് സ്‌പോഞ്ച് കൊണ്ടും ക്രീം മൃദുവായി തേച്ചുപിടിപ്പിക്കാം. ഫൗണ്ടേഷന്റെ അളവ് കൂടുതലാവാതെയും കുറഞ്ഞുപോവാതെയും ശ്രദ്ധിക്കണം.നിറമറിഞ്ഞ് മേക് അപ്


ചര്‍മത്തിന് യോജിക്കുന്ന നിറത്തിലുള്ള ഫൗണ്ടേഷന്‍ കടകളില്‍ ലഭ്യമാണ്. വെളുത്തവര്‍ സാറ്റിന്‍ റോസ് അല്ലെങ്കില്‍ നാച്വറല്‍/ഐവറി, ഇരുനിറമുള്ളവര്‍ സാറ്റിന്‍ ബ്രിഡ്ജ്, ഇരുണ്ടവര്‍ സാറ്റിന്‍ ഗോള്‍ഡ് റോസ് എന്നീ ഫൗണ്ടേഷനാണ് ഉപയോഗിക്കേണ്ടത്. വെളുത്തവര്‍ ഇരുണ്ട നിറത്തിലുള്ള ഫൗണ്ടേഷനിട്ടാല്‍ മുഖത്ത് മാസ്‌ക് ധരിച്ചതുപോലെ തോന്നിക്കും. എപ്പോഴും ഇളം നിറത്തിലുള്ള ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നതാണ് ചേരുക. മുഖത്തെ മേക്കപ്പ് ഒലിച്ചിറങ്ങാതിരിക്കാന്‍ വാട്ടര്‍ പ്രൂഫ് മേക്കപ്പ് സഹായിക്കും. ഫൗണ്ടേഷന്‍ അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ ഫൗണ്ടേഷനിട്ടത് പാടുകളായും വരകളായും മുഖത്ത് കാണും. ഇരുണ്ടനിറമുള്ളവര്‍ തേന്‍ അടങ്ങിയ മേക്കപ്പ് ക്രീമുകളും മറ്റും ഉപയോഗിക്കരുത്. പ്രത്യേകിച്ചും മഞ്ഞ നിറത്തിലുള്ളവ. മേക്കപ്പിനോട് താത്പര്യമില്ലാത്തവര്‍ക്ക് അല്‍പം ലിക്വിഡ് ഫൗണ്ടേഷന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്തും ഉപയോഗിക്കാം. ദൈനംദിന ഉപയോഗത്തിന് ലിക്വിഡ് ഫൗണ്ടേഷനാണ് നല്ലത്. ഇന്ന് ത്രീ ഇന്‍ വണ്‍ ഫൗണ്ടേഷന്‍ ലഭ്യമാണ്. ഇതില്‍ ഫൗണ്ടേഷനും കണ്‍സീലറും സണ്‍സ്‌ക്രീനും ഉണ്ടാകും.മുഖത്തെ കറുത്തപാടുകളും കുഴികളും മറയ്ക്കാന്‍ കണ്‍സീലര്‍ ഉപയോഗിക്കാം. ഫൗണ്ടേഷന്റെ അതേ നിറത്തിലുള്ള കണ്‍സീലര്‍ മതി. വെളുത്തവര്‍ മഞ്ഞ കലര്‍ന്ന കണ്‍സീലര്‍ ഉപയോഗിക്കുകയാണെങ്കില്‍ കണ്ണിനു ചുറ്റുമുള്ള കറുപ്പും പാടുകളും മറയ്ക്കാന്‍ സഹായകമാകും. കണ്‍സീലര്‍ ഇട്ടശേഷം കോംപാക്ട് ഇടാം. കോംപാക്ട് പൗഡറും ഫൗണ്ടേഷനും മുഖത്ത് പുരട്ടുന്നതിനു മുമ്പ് താടിയുടെ വശങ്ങളിലായി അല്‍പം തേച്ചു നോക്കണം. എപ്പൊഴും മുഖത്തിന്റെ നിറത്തിനൊത്ത ഷെയ്ഡ് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മുഖം വെളുപ്പിക്കാമെന്ന് കരുതി ഇളം ഷെയ്ഡ് കോംപാക്ട് ഉപയോഗിക്കരുത്. പ്രത്യേകിച്ചും ഇരുണ്ട നിറമുളളവര്‍ ലൈറ്റ് ഷെയ്ഡുകള്‍ ഉപേക്ഷിക്കണം. ലൈറ്റ് ഷെയ്ഡ് മുഖത്ത് അധിക മേക്കപ്പ് ചെയ്തതായി തോന്നിക്കും. കവിളുകള്‍ക്ക് പിങ്ക് അല്ലെങ്കില്‍ കോറല്‍ ഷെയ്ഡ് നല്‍കാം. ഷിമ്മര്‍ ഉള്ള കോംപാക്ട് പൗഡറും വാങ്ങാന്‍ കിട്ടും. ഷിമ്മര്‍ ഉപയോഗിച്ച ശേഷം കോംപാക്ട് ഇടുമ്പോള്‍ മുഖത്തിന് തിളക്കം കൂടും.
മുഖത്തിന്റെ ആകൃതി മാറ്റാനും മേക്കപ്പിന് സാധിക്കും. വലിയ മുഖം ചെറുതാക്കാനും, ചെറിയ മുഖം വലുതാക്കാനും, പരന്ന മൂക്ക് നീളമുള്ളതാക്കാനും കഴിയും. കോംപാക്ട് ഡാര്‍ക് ഷെയ്ഡുകൊണ്ട് കട്ടിങ്‌സ് ചെയ്യുന്നതാണ് ഇതിനുള്ള വഴി. പരന്നമൂക്കാണെങ്കില്‍ ഷെയ്ഡില്‍ വെളളനിറം കൊണ്ട് മൂക്കിന്റെ പാലത്തിനു നേരെ ലൈനിടണം. എന്നിട്ട് മൂക്കിന്റെ മേലെ കണ്ണിന്റെ ഇരുവശത്തായി ഡാര്‍ക് ഷെയ്ഡ് നല്‍കണം.
മുഖത്തിന്റെ ആകൃതിമാറ്റാന്‍ അല്‍പം ബ്ലഷറാകാം. നീണ്ട മുഖമാണെങ്കില്‍ താടിയുടെ കീഴ്ഭാഗത്ത് ഒരിഞ്ച് മുകളിലായി ബ്ലഷറിടണം. വീതികൂടിയ മുഖത്തിന് കവിളുകളുടെ വശങ്ങളിലായി ഡാര്‍ക്ക് നിറത്തിലുള്ള ബ്ലഷറിടാം. ജെല്ലി ബ്ലഷര്‍ ഉപയോഗിച്ചശേഷം കുറച്ച് പൗഡറോ അല്ലെങ്കില്‍ കോംപാക്ടോ പുരട്ടാം. അപ്പോള്‍ ബ്ലഷര്‍ ഉപയോഗിച്ചതായി മനസ്സിലാവില്ല. ബ്ലഷര്‍ ക്രീം ജെല്‍, കോംപാക്ട് ഇടുന്നതിനു മുന്‍പേയും പൗഡര്‍ കോംപാക്ട് ഇട്ടശേഷവും ഉപയോഗിക്കാം. ഇരു നിറമുള്ളവര്‍ ബ്ലഷര്‍ ഉപയോഗിക്കുമ്പോള്‍ ഷെയ്ഡില്‍ റോസും കോറല്‍ ബ്ലഷറും നന്ന്. ബ്രൗണ്‍, പീച്ച്, എന്നീ ഷെയ്ഡുകള്‍ വേണ്ട. പകല്‍വേളയില്‍ ഇരുണ്ട നിറമുള്ളവര്‍ കടും റോസും രാത്രിയില്‍ പ്ലം, വൈന്‍, ബ്രോണ്‍സ് ഷെയ്ഡുകളും ഉപയോഗിക്കാം. കവിളുകള്‍ക്ക് കൂടുതല്‍ ശോഭവരുത്താന്‍ ഷിമ്മറോ, റൂഷോ ഉപയോഗിക്കാം. കവിളുകളുടെ നടുവില്‍ നിന്നും മുകളിലേക്ക് ചെവിയുടെ വശത്തേക്കാണ് റൂഷ് ഇടേണ്ടത്. സ്വര്‍ണനിറം കലര്‍ന്ന ഷിമ്മര്‍ പുരട്ടുകയാണെങ്കില്‍ മുഖം രാത്രിയില്‍ തിളങ്ങും.


നിറങ്ങള്‍ കണ്ണിനും


ആറെ മൃദുലമായ ചര്‍മമായതിനാല്‍ ആദ്യം കണ്ണിനുചുറ്റും ഐ ക്രീം ഇടണം. കണ്ണിനുചുറ്റുമുളള കറുപ്പ് പോകാന്‍ ഐ ജെല്‍ പുരട്ടിയശേഷം മുഖത്തു പുരട്ടിയ ഫൗണ്ടേഷന്‍ നിറത്തേക്കാളും ഇരുണ്ട ഷെയ്ഡ് നല്‍കാം. ഇതുകഴിഞ്ഞ്് ഫൗണ്ടേഷന്റെ അതേ നിറത്തിലുള്ള കണ്‍സീലര്‍ പുരട്ടാം. ഇതുകൊണ്ട് കണ്ണിനു ചുറ്റുമുള്ള കറുപ്പ് മറയ്ക്കാനാകും. ശേഷം ഐഷാഡോ ഉപയോഗിക്കാം. ഓരോരുത്തരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് വസ്ത്രങ്ങള്‍ക്കിണങ്ങിയ നിറങ്ങളും ഐ ഷാഡോസിനായി തെരഞ്ഞെടുക്കാം. എന്നാലും ഇളം നിറത്തിലുളള ഐഷാഡോകള്‍ക്കാണ് കൂടുതല്‍ ഭംഗി . കളര്‍ മിക്‌സ് ചെയ്യുമ്പോള്‍ കണ്ണിന്റെ ഭംഗി കളയാതെ ശ്രദ്ധിക്കാം.
ഐഷാഡോയുടെ ശരിയായ ഉപയോഗത്തിലൂടെ കണ്ണുകളുടെ ആകൃതി മാറ്റാനാവും. ഐഷാഡോ സെലക്ട് ചെയ്യുമ്പോള്‍ ടോണുകള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം. പുരികത്തിന് കീഴിലായി ഉപയോഗിക്കേണ്ടത് ഇളം നിറത്തിലുള്ള ഷെയ്ഡാണ്. കണ്‍പോളകള്‍ക്ക് ചര്‍മത്തിന്റെ നിറത്തിനനുയോജ്യമായതും. ഇളം നിറത്തിലുള്ള ഷെയ്ഡുകള്‍ വലിയ കണ്ണുകളെ ചെറുതായി തോന്നിക്കും. കടും നിറത്തിലുള്ളവ ചെറിയ കണ്ണുകളെ വലുതായും കാണിക്കും. ഏത് നിറമുള്ളവര്‍ക്കും മാറ്റ്പൗഡര്‍ ഐഷാഡോസ് ചേരും. പുരട്ടാന്‍ ബ്രഷ് ഉപയോഗിക്കാം. ക്രീം ഐഷാഡോയും എല്ലാവര്‍ക്കും ചേരുന്നതാണ്. കണ്‍പോളകളില്‍ ഐഷാഡോ നല്‍കുമ്പോള്‍ താഴെനിന്നും മുകളിലേക്ക് നേര്‍പ്പിച്ചു വരയ്ക്കണം.ഐഷാഡോസില്‍ പലതരമുണ്ട്. പവര്‍ഷാഡോസ് നനഞ്ഞ ബ്രഷ് കൊണ്ട് പുരട്ടിയാല്‍ കൂടുതല്‍ ഭംഗി കിട്ടും. ജെല്‍ ഷാഡോ എണ്ണമയമുള്ള ചര്‍മത്തിന് നന്നായി ഇണങ്ങും. ഗ്രീന്‍ ഷാഡോ എല്ലാവര്‍ക്കും ഭംഗി നല്‍കില്ല. മേക്കപ്പ് വേര്‍തിരിച്ചറിയാവുന്ന വിധത്തില്‍ വേണം ഐഷാഡോ ഇടാന്‍. പുരികത്തിന് താഴെ നിന്ന് തുടങ്ങാം. ശേഷം ചെറിയ കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് സ്മഡ്ജ് ചെയ്യാം. ഐഷാഡോ ഇട്ടശേഷം അനുയോജ്യമായ ഐ ലിഡ് ഷാഡോ എഴുതാം. പുരികത്തിനു താഴെയും കണ്‍പോളകളിലെയും ഷാഡോകള്‍ യോജിപ്പിച്ച് കണ്ണിന് ഭംഗിയേകാം.
വെളുത്തവര്‍ക്ക് കണ്ണിന് ഷിമ്മര്‍ ഐഷാഡോ എഴുതാം. മസ്‌ക്കാരയില്‍ കറുപ്പും ഐലൈനറില്‍ ബ്രൗണും പരീക്ഷിച്ചാല്‍ രാത്രി സല്‍ക്കാരങ്ങളില്‍ തിളങ്ങാം. ഇരു നിറമുള്ളവര്‍ കണ്ണിനു ഷെയ്ഡ് നല്‍കാന്‍ ബ്രൗണ്‍, കോപ്പര്‍, ബെര്‍ഗണ്ടി, ഇരുണ്ട മെറ്റലിക് കളര്‍ എന്നിവ ഉപയോഗിക്കാം. ഇവര്‍ക്ക് ഐലൈനറിനു പകരം കട്ടിയില്‍ മസ്‌ക്കാരയിട്ടാല്‍ ഭംഗിയേറും.
കണ്ണിന് സ്മഡ്ജ് ചെയ്യുന്നത് ചെറിയ കണ്ണിനെ വലുതാക്കാനും കണ്ണിന്റെ സൗന്ദര്യം എടുത്തുകാട്ടാനുമാണ്. ഐപെന്‍സില്‍ കണ്ണിന്റെ മുകളിലും താഴെയും എഴുതി സ്മഡ്ജ് ചെയ്യുന്നത് മറ്റൊരു രീതിയാണ്. ശേഷം ലിക്വിഡ് ഐലൈനര്‍ ഉപയോഗിക്കാം. ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍ കണ്‍പോളകള്‍ക്കു പുറത്തുനിന്നും അകത്തേക്ക് എഴുതണം.
കണ്ണിന് വെയ്ക്കാവുന്ന കൃത്രിമ ഐലാഷസുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഐലാഷസ് വെച്ചശേഷം മസ്‌ക്കാരയിടാം. മസ്‌ക്കാര കണ്‍പീലികള്‍ക്ക് കട്ടിനല്‍കി ആകര്‍ഷകമാക്കും. നേര്‍ത്തരീതിയില്‍ മസ്‌ക്കാര ഇടുന്നതാണ് നല്ലത്. മസ്‌ക്കാര ഉപയോഗിക്കുന്നതിനുമുമ്പ് പീലികള്‍ ഒരു ബ്രഷ് കൊണ്ട് മുകളിലേക്ക് ചുരുട്ടുകയും ചീകിവൃത്തിയാക്കുകയും വേണം. മുകളിലും താഴെയും മസ്‌ക്കാര ഇട്ടാല്‍ കണ്ണിന് വലുപ്പം തോന്നും. മസ്‌ക്കാര ഉണങ്ങിയശേഷം ബ്രഷ് കൊണ്ട് കണ്‍പീലികള്‍ വിടര്‍ത്തണം. മേക്കപ്പ് വേഗത്തില്‍ മായാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് ഐലൈനറും മസ്‌ക്കാരയും സഹായിക്കും. പുരികത്തിനും ചെറുതായൊരു ടച്ച് കൊടുക്കാം. പുരികങ്ങള്‍ ചെറിയ ബ്രഷ് കൊണ്ട് ചീകി ഐബ്രൊപെന്‍സില്‍ ഉപയോഗിച്ച് ഷെയ്ഡ് നല്‍കാം. നേര്‍ത്ത പുരികം കട്ടിയായി തോന്നിക്കാനാണിത്.


ശ്രദ്ധയോടെ ലിപ്സ്റ്റിക്


ചുണ്ടില്‍ നേരിട്ട് മേക്കപ്പ് ചെയ്യരുത്. ഫൗണ്ടേഷനിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞേ ലിപ്സ്റ്റിക് ഇടാവൂ. ഫൗണ്ടേഷനിട്ടാല്‍ ചുണ്ടിന്റെ നിറം കൂടുതല്‍ നേരം മായാതെ നില്‍ക്കും. തീരെ ചെറിയ ചുണ്ടാണെങ്കില്‍ ലിപ് ലൈനര്‍ ഉപയോഗിച്ച് ചുണ്ടിന്റെ പുറത്ത് കടുത്ത നിറംകൊണ്ട് വരയ്ക്കണം. ശേഷം അതിനകത്തായി ഇളം കളര്‍ ലിപ്സ്റ്റിക് ഇടാം. ഇത് ചുണ്ടുകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നിക്കും. വലിയ ചുണ്ടുകളാണെങ്കില്‍ ചുണ്ടിന്റെ ആകൃതിയില്‍ നിന്നും അല്‍പം അകത്തായി വരയ്ക്കണം. ശേഷം അരികില്‍ ഇളം നിറവും അകത്ത് കടുത്ത നിറവും കൊടുക്കാം. ഇത് ചുണ്ടിന്റെ വലുപ്പവും കട്ടിയും കുറച്ച് കാട്ടും. പര്‍പ്പിള്‍ , ബ്രൗണ്‍, ബ്രോണ്‍സ് എന്നീ നിറങ്ങള്‍ വലിയ ചുണ്ടുള്ളവര്‍ക്ക് ചേരും.
ലിപ് ബ്രഷ് കൊണ്ടും ലിപ്സ്റ്റിക് ഇടാം. ലിപ് ബ്രഷ് ഉപയോഗിച്ചാല്‍ ചുണ്ടിന് നല്ല ഫിനിഷിങ് കിട്ടും. ലിപ്സ്റ്റിക് കൂടുതലാണെങ്കില്‍ ടിഷ്യുപേപ്പറില്‍ ചുണ്ടുകള്‍ അമര്‍ത്തിയാല്‍ മതി. ലിപ്സ്റ്റിക് ഇട്ടത് അറിയാതിരിക്കാന്‍ ന്യൂട്രല്‍ പിങ്ക് നിറം ഉപയോഗിക്കാം. കണ്‍പോളകള്‍ക്ക് നല്‍കുന്നപോലെ ഇപ്പോള്‍ ചുണ്ടിനും സ്മഡ്ജ് ചെയ്യുന്നുണ്ട്. ഗ്ലാമറിനായി രണ്ടു ചുണ്ടുകളിലും വ്യത്യസ്ത നിറങ്ങള്‍ പരീക്ഷിക്കുന്നവരുമുണ്ട്.
ലിപ്സ്റ്റിക് കളറും ബ്ലഷറിന്റെ കളറും ഒന്നായിരിക്കുന്നത് നന്ന്. എണ്ണമയമുള്ള ചര്‍മത്തിന് പൗഡര്‍ബ്ലഷറാണ് നല്ലത്. വരണ്ട ചര്‍മത്തിന് ക്രീം ബ്ലഷറും. ലിപ് ഗ്ലോസ് കൂടുതലായി തിളങ്ങുന്നെങ്കില്‍ ഐസ്‌കട്ട കൊണ്ട് ചുണ്ടില്‍ ഉരച്ചാല്‍മതിയാകും. തടിച്ച ചുണ്ടുകള്‍ക്ക് ഇളം നിറവും നേരിയ ചുണ്ടുകള്‍ക്ക് ഇരുണ്ട നിറവും ചേരും. കറുത്ത ചുണ്ടുളളവര്‍ക്കും ലിപ്സ്റ്റിക് ഇടാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും ലിപ്‌ഗ്ലോസ് മാത്രം ഉപയോഗിക്കാം.


നെയില്‍ ആര്‍ട്ട്

നഖത്തില്‍ നെയില്‍ ആര്‍ട്ടാണ് ഇന്നത്തെ ഫാഷന്‍. ഡബിള്‍ കളറിട്ടും സ്റ്റിക്കര്‍ ഒട്ടിച്ച് പോളിഷ് ചെയ്തും നഖം ഭംഗിയാക്കാം. നഖത്തില്‍ വെള്ള നിറത്തിലുള്ള നെയില്‍ പെന്‍സില്‍ ഉപയോഗിച്ച് കളര്‍ വരുത്താം. പൊട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കടും നിറത്തിലുള്ളവയാവാം. ഫോട്ടോകളിലും ദൂരക്കാഴ്ചകളിലും ഈ പൊട്ടുകള്‍ക്ക് ഭംഗിയേറും. വട്ടമുഖമുള്ളവര്‍ക്ക്് ചെറിയ നീളത്തിലുളള പൊട്ടാണ് യോജിക്കുക. നീണ്ട മുഖമുള്ളവര്‍ക്ക് വട്ടത്തിലുളള പൊട്ടുകള്‍ തിരഞ്ഞെടുക്കാം. രാത്രി കിടക്കുന്നതിനു മുമ്പ് മേക്കപ്പ് പൂര്‍ണമായും കളയാന്‍ മറക്കരുത്. ചര്‍മ സ്വഭാവം മനസ്സിലാക്കി ഫേയ്‌സ് വാഷ് ഉപയോഗിക്കാം.


കടപ്പാട്:
സുജാത പി.
മനാമ ബ്യൂട്ടി പാര്‍ലര്‍
കോഴിക്കോട്‌