മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പേഴ്‌സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ്... ഇവ എന്തുമാകട്ടെ... യൂണിക് ലുക്ക് വേണമെങ്കില്‍ മുളയില്‍ തീര്‍ത്തവ അണിയണം. ഏതു വേഷത്തിനൊപ്പവും മനോഹരമായ മുളയാഭരണങ്ങള്‍ക്ക് ചേര്‍ന്നു കിടക്കാനാവും എന്നതാണ് ഇവയുടെ പ്രത്യേകത. യൂണിക്കാവുന്നതോടൊപ്പം ഇക്കോ ഫ്രണ്ട്‌ലി എന്ന മേല്‍വിലാസവും നേടിയെടുക്കാം. നേര്‍ത്ത മുള സംസ്‌കരിച്ച് ചെറുതായി മുറിച്ചാണ് ബാംബൂ മുത്തുകള്‍ നിര്‍മിക്കുന്നത്. ഇവയ്‌ക്കൊപ്പം ചിപ്പിയും ഗ്ലാസും ചേര്‍ത്ത് മനോഹരമായ മാലകള്‍ കോര്‍ത്തെടുക്കുന്നു. വിവിധ നിറങ്ങളില്‍ ഇവ ലഭ്യമാണ്.
ഇവയ്‌ക്കൊപ്പം മാലയ്ക്ക് യോജിച്ച കമ്മലുകളും കിട്ടും. ഈറ്റ ചെറുതായി മുറിച്ച് സാന്‍ഡ്‌പേപ്പര്‍ കൊണ്ട് ഉരച്ചാണ് വളകള്‍ ഉണ്ടാക്കുന്നത്. വിവിധ ആകൃതിയിലും ബഹുവര്‍ണത്തിലുമുള്ള വളകളുണ്ട്. വീതി കൂടിയ വളകള്‍ക്കായിരുന്നു ആദ്യമാദ്യം ആവശ്യക്കാര്‍. ഇപ്പോള്‍ വീതി കുറഞ്ഞ വളകളും സുന്ദരിമാരുടെ കൈകളില്‍ ചേക്കേറിയിട്ടുണ്ട്.
മുളയില്‍ തീര്‍ത്ത മോതിരങ്ങളോടും യുവത്വത്തിന് പ്രിയം തന്നെ. ഒരു വിരലില്‍ മാത്രം അണിയാവുന്നതും മൂന്ന് വിരലുകളില്‍ കൂട്ടി അണിയാവുന്നതുമായ മുള മോതിരങ്ങളുണ്ട്.
മുളയില്‍ തീര്‍ത്ത ബാഗുകളോടും പേഴ്‌സുകളോടും മൊബൈല്‍ പൗച്ചുകളോടും ഇഷ്ടം കൂടുന്നത് കാമ്പസിലുള്ളവരാണ്. മുളന്തണ്ടുകള്‍ക്കൊപ്പം ജ്യൂട്ട് മെറ്റീരിയലും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ബാഗുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.