ചിരി നന്നായാല്‍ പകുതി നന്നായി എന്നല്ലേ. ചിരി നന്നാവണമെങ്കില്‍ നല്ല തൊണ്ടിപ്പഴം പോലുളള ചുണ്ടുകളും മുല്ലമൊട്ടു തോല്‍ക്കുന്ന ദന്തനിരകളും കൂടി വേണം. ദന്തസംരക്ഷണത്തിന് നാം പലപ്പോഴും തയ്യാറാവുന്നുണ്ടെങ്കിലും ചുണ്ടിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധപോര. മഞ്ഞുകാലത്ത് വലിഞ്ഞു പൊട്ടുമ്പോള്‍ മാത്രമാണ് ചുണ്ടിനെ കുറിച്ച് നാം ആകുലപ്പെടാറുളളത്.

ഒരല്പം മനസ്സുവെച്ചാല്‍ ചുണ്ടുകളെ മനോഹരമാക്കാവുന്നതേയുളളു. വരണ്ട ചുണ്ടുകള്‍ക്കുളള ചില സംരക്ഷണ മാര്‍ഗങ്ങള്‍ നോക്കാം.

* കാപ്പിപ്പൊടിയില്‍ അല്പം ഒലീവ് ഓയില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിനെ ചുണ്ടുകളില്‍ തേച്ചു പിടിപ്പിക്കുക. മൂന്ന് നാല് മിനിട്ടിന് ശേഷം ചെറുതായി മസാജ് ചെയ്ത് ചെറുചൂടുവെളളത്തില്‍ കഴുകി കളയുക

* ഒരു സ്പൂണ്‍ പഞ്ചസാരയിലേക്ക് അര സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുഴച്ച് ചുണ്ടില്‍ പുരട്ടുക. മൂന്ന് മിനിട്ടിന് ശേഷം ചെറുചൂടുവെളളത്തില്‍ മുക്കിയ കോട്ടണ്‍ ഉപയോഗിച്ച് തുടച്ചു കളയാം.

* ബേക്കിംഗ് സോഡ വെളളത്തില്‍ കുഴച്ചെടുത്ത് ചുണ്ടില്‍ തേച്ചു പിടിപ്പിക്കാം. രണ്ടു മിനിട്ടിനു ശേഷം ചെറു ചൂടുവെളളത്തില്‍ മുക്കിയ കോട്ടണ്‍ ഉപയോഗിച്ച് തുടച്ചുമാറ്റാം.

* പഞ്ചസാരയും തേനും ഒരേ അളവില്‍ എടുത്തുണ്ടാക്കിയ മിശ്രിതം ചുണ്ടില്‍ തേച്ച് പിടിപ്പിച്ച് മൂന്ന് നാലു മിനിട്ടിനുശേഷം ചൂടുവെളളത്തില്‍ മുക്കിയ കോട്ടണ്‍ ഉപയോഗിച്ച് തുടച്ചുമാറ്റുക.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇപ്രകാരം ചെയ്താല്‍ മതിയാകും. ചുണ്ടിലെ ചര്‍മ്മം വളരെ ലോലമാണ് അതുകൊണ്ട് ചുണ്ടില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നതും മറ്റും സൂക്ഷിച്ചുവേണം. ചിലരെ സംബന്ധിച്ചിടത്തോളം ചുണ്ടിന്റെ കറുത്ത നിറമായിരിക്കും പ്രശ്‌നം. അതിനുമുണ്ട് പോംവഴികള്‍ ഇനി പറയുന്നപോലെ ഒന്നു ചെയ്തു നോക്കൂ.

* രണ്ട് മൂന്ന് തുളളി ബീറ്റ്‌റൂട്ട് ജ്യൂസ് ചുണ്ടില്‍ തേച്ചു പിടിപ്പിച്ച് മസാജ് ചെയ്യുന്നത് ചുണ്ടിന് ചുവപ്പു നിറം കൈവരിക്കാന്‍ സഹായിക്കും.

* എന്നും ഒലീവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നതും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും.

* മഞ്ഞള്‍പൊടിയില്‍ തേന്‍ ചേര്‍ത്ത് കുഴച്ച് ഒരു പേസ്റ്റുണ്ടാക്കി ചുണ്ടില്‍ കനത്തില്‍ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം കഴുകി കളയാം

* റോസ് ഇതളുകള്‍ പാലില്‍ അരച്ച് ചുണ്ടില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. പാല് ചുണ്ട് കറുത്തു പോകുന്നത് തടയുന്നതിനോടൊ പ്പം റോസ് ഇതളുകള്‍ ചുണ്ടിന് ചുവന്ന നിറം കൈവരാന്‍ സഹായിക്കുകയും ചെയ്യും.