പുതിയ നിറഭേദങ്ങളുമായി റെഡ് ലിപ്സ്റ്റിക് വീണ്ടും തരംഗമാവുന്നു...ലിപ്സ്റ്റിക്കുകളിലെ ഇഷ്ടനിറം ഏതെന്നു ചോദിച്ചാല്‍ ആദ്യം വരുന്ന മറുപടി ചുവപ്പ് എന്നാവും. ഫാഷന്‍ ലോകത്തില്‍ ഹെവി മേക്കപ്പുകള്‍ ലൈറ്റ് മേക്കപ്പിന് വഴിമാറിയപ്പോള്‍ ചുവപ്പ് ചുണ്ടുകള്‍ അധികമാരും തിരഞ്ഞെടുക്കാതെയായി. എന്നാല്‍ ചുവന്ന ലിപ്സ്റ്റിക്കുകള്‍ സര്‍വ്വപ്രൗഡിയോടെയും മടങ്ങിവന്നിരിക്കുന്നതാണ് ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡ്. ചുവപ്പിന്റെ വിവിധ വകഭേദങ്ങളോടെയാണ് പുതിയവരവ്. മെറ്റാലിക് ക്രിംസണ്‍, വെര്‍മില്ല്യന്‍ റെഡ്, വെല്‍വെറ്റ് റെഡ്, വൈന്‍ റെഡ്, ക്ലാസ്സിക്ക ്‌മെറൂണ്‍ തുടങ്ങിയവയാണ് ഈ ഇനത്തിലെ പുത്തന്‍ നിറങ്ങള്‍.


ചുവപ്പ് തിരഞ്ഞെടുക്കുമ്പോള്‍


ചുവപ്പ് ലിപ്സ്റ്റിക് അണിയാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും, എന്നാലും നമ്മുടെ നിറത്തിന് ഇണങ്ങുമോ എന്ന ചിന്ത മിക്കവര്‍ക്കും കാണും. ഏതു ചര്‍മ്മക്കാര്‍ക്കും ഇണങ്ങുന്നതാണ് ചുവപ്പ്. എന്നാല്‍ ചര്‍മ്മത്തിന്റെ നിറം, മുടിയുടെ നിറം എന്നിവയ്ക്കനുതരിച്ചു വേണം ചുവന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍.

തിരഞ്ഞെടുക്കാനൊരു എളുപ്പവഴിയുണ്ട്. ആദ്യം ഒരു കോട്ടണ്‍ കൊണ്ട് ചുണ്ട് തുടയ്ക്കുക. ശേഷം മേല്‍ചുണ്ടില്‍ ചുവന്ന ലിപ്സ്റ്റിക് തേക്കുക. ചുണ്ടിന്റെ ശരിയായ നിറത്തേക്കാള്‍ 2 പടി കടുത്തതാണ് തിരഞ്ഞെടുത്ത ലിപ്സ്റ്റിക്കെങ്കില്‍ നിങ്ങള്‍ക്ക് ചേരുന്ന നിറമാണെന്ന് ഉറപ്പിക്കാം. കറുത്ത മുടിയുള്ളവര്‍ക്ക് ബ്രൗണിന്റെ അംശമുള്ള ഡാര്‍ക്ക ്‌ചോക്ലേറ്റ് റെഡ് പോലുള്ള ചുവന്ന ലിപ്സ്റ്റിക്കാണ് ഇണങ്ങുക. നല്ല വെളുത്ത ചര്‍മ്മക്കാര്‍ക്ക് ചെറി ചുവപ്പ്, കോറല്‍ ചുവപ്പ്, പീച്ച് ചുവപ്പ് എന്നിവയും. ഇടത്തരം ചര്‍മ്മക്കാര്‍ക്ക് നീലയുടെ അംശം കലര്‍ന്ന ചുവപ്പും ഓറഞ്ചിനോടടുത്തു നില്‍ക്കുന്ന ചുവപ്പും നന്നായി ഇണങ്ങും. ഇരുണ്ട ചര്‍മ്മക്കാര്‍ക്ക് ബ്രൗണ്‍ നിറം കലര്‍ന്നതും, ബ്രിക്ക് റെഡ് അല്ലെങ്കില്‍ സ്വര്‍ണ്ണനിറം കലര്‍ന്ന ചുവപ്പുമാണ് നല്ലത്.

മാറ്റ് ഫിനിഷ്, ഗ്ലോസി എന്നിങ്ങനെ രണ്ടു തരം ലിപ്സ്റ്റിക്കുകളാണ് ഉള്ളത്. പകല്‍ സമയത്താണ് അണിയുന്നതെങ്കില്‍ മാറ്റ് ഫിനിഷുള്ളവ തിരഞ്ഞെടുക്കാതിരിക്കുക. പകല്‍ സമയത്ത് ചുവപ്പ് ലിപ്‌സ്റ്റിക്കിനൊപ്പം മേക്കപ്പ് കഴിവതും ഒഴിവാക്കുക. ചുവപ്പിന്റെ കാഠിന്യം കുറയ്ക്കാനായി ലിപ് ഗ്ലോസ്സ് ഇടാനും മറക്കരുത്. ഓഫീസിലേക്കും മറ്റും ചുവപ്പ് ലിപ്സ്റ്റിക് ഇടുവര്‍ ലിപ്സ്റ്റിക്കിനു പകരം ചുവപ്പ് നിറത്തിലുള്ള ജെല്‍ അല്ലെങ്കില്‍ ഗ്ലോസ്സ് മാത്രം അണിയുന്നത് ലാളിത്യം പകരും.


എങ്ങനെ അണിയണം


ലിപ്സ്റ്റിക് അണിയുന്നതിനു മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം. ചുണ്ടിലെ ഈര്‍പ്പം മാറ്റിയശേഷം ഫൗണ്ടേഷന്‍ ക്രീ പുരട്ടുക. ചുണ്ടിലെ ചുളിവു കളെ മായ്ക്കാനും ലിപ്സ്റ്റിക് ചുണ്ടിനു പുറത്തേക്ക് ഒലിക്കാതിരിക്കാനും ഇത് സഹായിക്കും. ലിപ്സ്റ്റിക് കുറേ നേരം നിലനില്‍ക്കാനും ഇത് ഉപകരിക്കുന്നു. ഇതിനുശേഷം ലൈനര്‍ ഉപയോഗിച്ച് ഔട്ട്‌ലൈന്‍ നല്‍കി ലിപ്‌സ്റ്റിക് ഇടുക. ശേഷം ലിപ് ഗ്ലോസ് പുരട്ടി മിനുക്കുക.

ചുവന്ന ലിപ്സ്റ്റിക് അണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുഖത്ത് മറ്റെവിടെയും ചുവപ്പിന്റെ അംശങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തലാണ്. അതുപോലെ ചുവന്ന ലിപ്സ്റ്റിക് അണിയുമ്പോള്‍ മറ്റ് മേക്കപ്പ്, പ്രത്യേകിച്ച് കണ്ണെഴുതുന്നത് കുറയ്ക്കുന്നതാണ് നല്ലത്. ഇത് ചുവപ്പിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും, ചുണ്ടുകള്‍ ആകര്‍ഷകമാക്കും. കനം കൂടിയതും ആഡംഭരവുമായ ആഭരണങ്ങളും ഒഴിവാക്കുകയാണെങ്കില്‍ ചുവപ്പിന്റെ ഭംഗി ഒന്നുകൂടി എടുത്തുകാണിക്കും.

ചുവപ്പ് ലിപ്സ്റ്റിക്ക് അണിയുമ്പോള്‍ എന്തു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നതാണ് മറ്റൊരു ആശങ്ക. കറുപ്പ്, ചുവപ്പ് വസ്ത്രങ്ങളുടെ ഒപ്പം ചുവപ്പ് ലിപ്സ്റ്റിക് പ്രൗഡിയുടെ പ്രതീകമായാണ് സെലിബ്രിറ്റികള്‍ കണക്കാക്കുന്നത്. എന്നാല്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പവും ഇപ്പോഴത്തെ പുത്തന്‍ ട്രെന്‍ഡായ പാസ്തല്‍ നിറങ്ങള്‍ക്കൊപ്പവും ചുവപ്പ് ലിപ്‌സ്റ്റിക്ക് പരീക്ഷിക്കാവുന്നതാണ്.