മൊബൈല്‍ ഫോണുകള്‍ മാത്രമല്ല മൊബൈല്‍ പൗച്ചുകളും സ്മാര്‍ട്ടാണ്. രൂപവും ഭാവവും മാറ്റിയെത്തിയ മൊബൈല്‍ പൗച്ചുകള്‍ക്കിപ്പോള്‍ യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. ആഗ്രഹിക്കുന്ന നിറത്തിലും ആകര്‍ഷണീയമായ ഡിസൈനുകളിലും പൗച്ചുകള്‍ ലഭ്യമാണ് എന്നത് തന്നെ കാരണം.
ഒറ്റ നിറത്തിലുള്ള പൗച്ചുകളോടായിരുന്നു ആദ്യമാദ്യം പ്രിയം. പിന്നീട് ഈ പൗച്ചുകളില്‍ കല്ലുകളും മുത്തുകളും ബട്ടണുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തരം അലങ്കാരം കൂടിയ മൊബൈല്‍ പൗച്ചുകളോട് പെണ്‍കുട്ടികള്‍ക്കായി പ്രിയം. ആകര്‍ഷണീയങ്ങളായ മൊബൈല്‍ വസ്ത്രം ലഭിക്കുമെന്നായപ്പോള്‍, മൊബൈല്‍ പെണ്‍കുട്ടികളുടെ കൈകളില്‍ സ്‌റ്റൈലായി ഇരിപ്പുറപ്പിച്ചു. ആണ്‍കുട്ടികളാവട്ടെ ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റുകളില്‍ മൊബൈല്‍ സൂക്ഷിക്കുന്ന ശീലമങ്ങ് തുടര്‍ന്നു.

ജീന്‍സ്, വൂളന്‍, ബട്ടണ്‍സ്, മുത്ത്, പ്ലാസ്റ്റിക് എന്നിങ്ങനെ വിവിധ ഇനം മെറ്റിരിയിലുകളിലാണ് പൗച്ചുകളെത്തുന്നത്. പെണ്‍കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ പൗച്ചുകളുടെ ശേഖരണം ഹോബിയുമായിട്ടുണ്ട്. വസ്ത്രത്തിനിണങ്ങും വിധം കൈയിലൊതുക്കി സ്‌റ്റൈലായി കൊണ്ടുനടക്കാന്‍ ഇവര്‍ തിരഞ്ഞെടുക്കുന്നത് കുഞ്ഞന്‍ പൗച്ചുകളെയാണ്. മുത്തുകള്‍ പതിപ്പിച്ചും കല്ലുകള്‍ പതിപ്പിച്ചും മനോഹരമായതാണ് ഈ കുഞ്ഞന്‍ പൗച്ചുകള്‍. മുത്ത്, പ്ലാസ്റ്റിക്, നൂല് എന്നിവ കൊണ്ടുള്ള ഹാങിങ്സുകള്‍ ഇവയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. പൗച്ചുകളുടെ വര്‍ക്കുകളുടെയും രൂപത്തിനും അനുസരിച്ചാണ് വില. മുപ്പത് രൂപയാണ് തുടക്കവില.
പാവക്കുട്ടികളുെടയും ടെഡി ബയറിന്റെയും രൂപത്തിലുള്ള മൊബൈല്‍ പൗച്ചുകളും കോളേജ് കുമാരികള്‍ക്കിടയില്‍ ഹിറ്റാണ്. ഗ്രാഫിക്ക് മൊബൈല്‍ പൗച്ചുകളോട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഇഷ്ടം കൂടുന്നുണ്ട്. മഹാന്മാരുടെ മുഖങ്ങള്‍ മുതല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ ഈ പൗച്ചുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്രാഫിക് പൗച്ചുകളുടേത് പോലെ ആണ്‍-പെണ്‍ ഭേദമില്ലാതെ ഉപയോഗിക്കുന്ന മൊബൈല്‍ വസ്ത്രമാണ് ഫ്ളിപ്പ് കവേഴ്സ്. മൊബൈലിന് ഗ്രാന്റ് ലുക്ക് നല്‍കുന്നതോടൊപ്പം സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കേമനുമാണ് ഫ്ളിപ്പ് കവേഴ്സ്. ഫോണിന്റെ മോഡലിന് അനുസരിച്ച് ഇഷ്ടമുള്ള നിറങ്ങളില്‍ ഫ്ളിപ്പ് കവേഴ്സ് തിരഞ്ഞെടുക്കാം.