നാല് പതിറ്റാണ്ടുകൊണ്ട് കേരളം നടന്നു തീര്‍ത്ത ഫാഷന്‍ വഴികളിലൂടെ ഒരുതിരിച്ചുപോക്ക്...
1970 കളുടെ തുടക്കമായിരുന്നു അത്. കള്ളിച്ചെല്ലമ്മയില്‍ അഴിഞ്ഞ മുടിയും വാരിക്കെട്ടി ഷീല ഇറങ്ങിവന്നപ്പോള്‍ കണ്ടുനിന്ന സ്ത്രീകളുടെ മനസ്സിലേക്ക് പതിഞ്ഞത് നായികയുടെ പുള്ളിക്കുത്തുകളുള്ള ബ്ലൗസായിരുന്നു. അകന്നുപോവുന്ന കാമുകനെ നോക്കി പുഴയോരത്തുനിന്ന് അവര്‍ നെടുവീര്‍പ്പിടുമ്പോഴും കാഴ്ചക്കാര്‍ ബ്ലൗസില്‍നിന്ന് കണ്ണെടുത്തില്ല. അഴകളവുകളെ എടുത്തുകാട്ടുകയും ബ്ലൗസുകളില്‍ ഡിസൈനുകള്‍ ചന്തംചാര്‍ത്തുകയും ചെയ്യുന്ന ഫാഷനിലേക്ക് കേരളം തിരിഞ്ഞുതുടങ്ങുകയായിരുന്നു. സ്ലീവ്‌ലെസായിരുന്ന ബ്ലൗസ് മുട്ടിനു താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. സിനിമകളുടെ ചുവടുപിടിച്ച് മലയാളി സ്ത്രീകളുടെ വസ്ത്രങ്ങളിലെ അഭിരുചികള്‍ മാറിമറിയുകയായിരുന്നു. പിന്നാലെ സാരിയിലും വന്നു മാറ്റങ്ങള്‍. കോട്ടണും സില്‍ക്കും കാഞ്ചീപുരവും ബനാറസും ചേര്‍ന്ന് കേരളത്തെ പട്ടുടുപ്പിച്ചു. ഇപ്പോള്‍ ഓരോ ദിവസവും പരീക്ഷണമെന്ന കലയ്ക്കു പിന്നാലെയാണ് യുവത്വം. എന്തൊക്കെയാണ് ഫാഷനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാലുപതിറ്റാണ്ടായി കേരളത്തില്‍ മാറിമറിയുന്ന ഫാഷന്‍ തരംഗങ്ങളിലൂടെ ഒരു ക്യാറ്റ് വാക്ക് നടത്തിയാലോ..


സാരിയില്‍ തെളിഞ്ഞ യുവത്വം


എഴുപതുകളുടെ അവസാനമാവുമ്പോഴാണ് സാരികളില്‍ പൂക്കള്‍ വിരിഞ്ഞുതുടങ്ങിയത്. കറുപ്പ് പുള്ളികള്‍ മാത്രമുള്ള സാരികള്‍ സീമയും ജയഭാരതിയും മാറ്റിയുടുത്തു. അവര്‍ കടുംനിറമുള്ള സാരികള്‍ ചുറ്റിവന്നപ്പോള്‍ യുവതികളുടെ മനസ്സ് തുടിച്ചു. അവര്‍ കല്യാണത്തിനും പെണ്ണുകാണലിനും സാരിയെ കൂട്ട് വിളിക്കാന്‍ തുടങ്ങി. ഇത്തിരി തടി കൂടുതലായിരുന്നു അന്നത്തെ നായികമാര്‍ക്കെല്ലാം. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന ജോര്‍ജെറ്റും ഷിഫോണും അവര്‍ക്ക് തിരശ്ശീലയില്‍ അഴക് പകര്‍ന്നു. ആ സാരിയുടെ ചുളിവുകളും വടിവുകളും കണ്ട് ആണുങ്ങള്‍ അന്തം വിട്ടുനിന്നു. അതോടെ വീടുകള്‍ക്കകത്തുനിന്ന് മുണ്ടും നേരിയതും അപ്രത്യക്ഷമായി. ഫോറിന്‍സാരിയും ഇസ്തിരി വടിവില്‍ മുഖം ചുളുക്കാതെ വന്ന ഓര്‍ഗാന്റി സാരിയും സ്ത്രീകളുടെ മനസ്സിലേക്ക് കയറി. എണ്‍പതുകളുടെ പകുതിയാവുമ്പോഴാണ് ശാന്തികൃഷ്ണയെയും കാര്‍ത്തികയെയും പോലുള്ള കൃശഗാത്രികള്‍ യുവാക്കളുടെ മനസ്സില്‍ പ്രണയം നിറച്ച് കടന്നുവന്നത്. അതോടെ മെലിഞ്ഞ ശരീരപ്രകൃതിയായി ട്രെന്‍ഡ്. മെലിഞ്ഞവര്‍ക്കൊപ്പം ഓര്‍ഗാന്റി സാരികളുടെ വരവായി. അത് ശരീരത്തില്‍നിന്ന് ഇത്തിരി പൊങ്ങിനില്‍ക്കുമായിരുന്നു, തടിയില്ലെങ്കിലും തടി തോന്നിക്കാനൊരു പാഴ്ശ്രമം.

'എന്റെ അമ്മ കോളേജില്‍ പഠിക്കുന്ന കാലത്തൊക്കെ, അന്നത്തെ പെണ്‍കുട്ടികള്‍ ഒരു പ്രത്യേക രീതിയിലാണ് സാരി ഉടുത്തിരുന്നത്. ഒരു സ്‌കര്‍ട്ട് പോലെ. നമുക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള ഫാഷന്‍ അന്നുമുണ്ടായിരുന്നു. ഇപ്പോഴോ, പലതരം ഡിസൈനര്‍ സാരികളുടെ കാലമായി. പല കഷ്ണങ്ങള്‍ മുറിച്ചുചേര്‍ത്തും പടം വരച്ച് കളര്‍ ചെയ്തും സാരിയുണ്ടാക്കുന്ന ഫാഷന്‍.' ഗൃഹലക്ഷ്മി ഫാഷന്‍ കണ്‍സള്‍ട്ടന്റും ഡിസൈനറുമായ കുക്കു പരമേശ്വരന്റെ മൊഴി.

നടി ശ്രീദേവിയാണ് പെണ്ണുങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ സാരികളുടെ അംബാസഡര്‍. മുമ്പ് നായികയായിരുന്ന കാലത്ത് അവര്‍ ഉപയോഗിച്ചത് മുഴുവന്‍ ഷിഫോണ്‍ സാരികളായിരുന്നു. 'ഇംഗ്ലീഷ് വിംഗ്ലീഷ് 'എന്ന സിനിമയിലൂടെ തിരിച്ചുവരുമ്പോള്‍ ധരിച്ചത് കോട്ടണ്‍ സാരികളും. സിനിമ കഴിഞ്ഞിറങ്ങിയവര്‍ ശ്രീദേവിയുടെ അഭിനയത്തേക്കാള്‍ ചര്‍ച്ച ചെയ്തത് അവരുടുത്ത സാരിയെപ്പറ്റി. ഫേസ്ബുക്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലും ശ്രീദേവിയുടെ സാരികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് സാരിപ്രേമികള്‍ക്ക് മതിയായിട്ടുമില്ല. പോച്ചംപള്ളി സില്‍ക്കിന്റെ പ്രൗഡിയും കോട്ടണ്‍ സാരിയുടെ ലാളിത്യവുമൊക്കെ ഓര്‍മയില്‍ സൂക്ഷിക്കുന്ന ചിലരെങ്കിലുമുണ്ടിന്ന്. എന്നാലും പഴയ തലമുറയുടെ അതേ അഭിനിവേശം സാരിയോട് പുലര്‍ത്തുന്നുണ്ടോ ഇപ്പോഴുള്ളവര്‍.

'ഇപ്പോള്‍ സാരി തിരഞ്ഞെടുക്കുന്നവരുടെ ശതമാനം കുറഞ്ഞു. എല്ലാവരും ജീന്‍സ്-കുര്‍ത്തി പാറ്റേണിലേക്ക് വരികയാണ്. മുപ്പതുകളിലൊക്കെ ഉള്ളവരാണെങ്കിലും ലെഗ്ഗിന്‍സൊക്കെ ചൂസ് ചെയ്യുന്നവരാണ് അധികവും. അതേപോലെ ജീന്‍സും ത്രീഫോര്‍ത്തും. ഇതൊരു വലിയ മാറ്റമാണ്.' ന്യൂ വേവ് കാലത്തെ ഫാഷന്‍ട്രെന്‍ഡുകളിലൂടെ സിനിമാ കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ്. ജീവിതശൈലിയിലും കാലത്തിലും വന്ന മാറ്റങ്ങള്‍ വസ്ത്രങ്ങളിലും പ്രതിഫലിക്കുന്നു ഇന്ന്.

'ഇപ്പോള്‍ വീടുകളില്‍പോലും സാരി ഉടുത്തുനില്‍ക്കുന്നവര്‍ കുറവാണ്. അപ്പോള്‍ സിനിമകളിലെ കഥാപാത്രങ്ങളെമാത്രം സാരി ഉടുപ്പിച്ചിട്ടു കാര്യമില്ലല്ലോ. സംവിധായകര്‍ സാരി വേണമെന്ന് പറഞ്ഞാലും ഞാന്‍ പറയും, 'അയ്യോ, ചുരിദാര്‍ ആക്കാമെന്ന്്. കഥാപാത്രത്തിന് മുപ്പതില്‍ താഴെയാണ് പ്രായമെങ്കില്‍ ത്രീഫോര്‍ത്തും ലെഗ്ഗിന്‍സുമൊക്കെ കൊടുക്കും.' സമീറയുടെ കമന്റ്.


നോക്കെത്താദൂരത്തുനിന്ന് ചുരീദാറിന്റെ വരവ്


1990 കഴിഞ്ഞപ്പോഴാണ് മലയാളി അടിമുടി മാറുന്നത്. നിറങ്ങളുടെ ഉത്സവ കാലമായിരുന്നു അത്. 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയില്‍ നദിയ മൊയ്തു ഒരു വരവുവന്നു. അപ്പോഴാണ് ശരീരം മൊത്തം മൂടിയ ചുരിദാറിന്റെ ഒരു പാറ്റേണ്‍ മലയാളിക്ക് പിടികിട്ടുന്നത്. പാവാടയും ബ്ലൗസും മിഡിയുമൊക്കെ മാറ്റി സ്ത്രീകള്‍ ചുരിദാറിലേക്ക് കയറിനിന്നു. നോക്കെത്താദൂരത്തിനുവേണ്ടി ചുരിദാര്‍ ഒരുക്കിയ കോസ്റ്റിയൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലത്തിന്റെ ഓര്‍മയില്‍നിന്ന് ഒരു ഫ്ലാഷ് ബാക്ക്. 'അന്ന് ചുരിദാര്‍ തയ്ക്കുകയാണ്. കളര്‍ഫുള്‍ സാരികളെടുത്തിട്ട് വെട്ടി സ്റ്റിച്ചുചെയ്യും. ബോംബെയിലാണ് അന്നൊക്കെ ചുരിദാര്‍ ഉള്ളത്. അത് പഞ്ചാബികള്‍ ഇട്ടുനടന്ന വസ്ത്രമാണ്. അവരുടേത് ലൂസായിട്ടുള്ള ഡ്രസ്സായിരുന്നു. അതിന്റെ ലൂസ് ഇത്തിരി കുറച്ച് ഫാഷന്‍പോലെയാക്കി കേരളത്തില്‍ ചുരിദാര്‍ അവതരിപ്പിക്കുകയായിരുന്നു.' നദിയയുടെ കോസ്റ്റിയൂം നാടെങ്ങും ഹിറ്റായി. 'അക്കാലം കോളേജുകളില്‍ പോലും നദിയ സ്‌റ്റൈലായിരുന്നു. വലിയ കൂളിങ്ങ് ഗ്ലാസും മുകളിലേക്ക് ചീകിക്കെട്ടിയ മുടിയുമായി കോളേജ് കുമാരികള്‍ എങ്ങും ചെത്തിനടന്നു', സംവിധായകന്‍ ഫാസില്‍ എഴുതുന്നു.

മലയാളി സ്ത്രീ കുറെക്കൂടി ഒതുക്കം ആഗ്രഹിച്ച കാലം. ശരീരത്തിന്റെ സ്വകാര്യതകള്‍ ഒതുക്കി സൂക്ഷിക്കാനും ജീവിതത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാനും കൊതിച്ച അവളില്‍ ചുരിദാര്‍ പുതിയ മഴവില്ലുകള്‍ തീര്‍ത്തു. അവളില്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസം പ്രതിഫലിച്ചു. ആദ്യകാലത്ത് അധികം വര്‍ക്കൊന്നുമില്ലാതെ പ്ലെയിന്‍ ചുരിദാര്‍ ആയിരുന്നു ട്രെന്‍ഡ്. പിന്നെ പലതരംവര്‍ക്കുകളും എംബ്രോയ്ഡറിയും വന്നു. പേരുകളും മോഡലുകളും മാറിത്തുടങ്ങി. ചുരിദാറിന്റെ വരവ് സാരിയെ കുറച്ചൊന്ന് പിന്നോട്ട് വലിച്ചു. ആഘോഷവേളയ്ക്ക് കസവുസാരി തിരഞ്ഞെടുത്തിരുന്നവര്‍ ചുരിദാറിന്റെ പുതിയ മോഡലുകളിലേക്ക് കണ്ണയയ്ക്കാന്‍ തുടങ്ങി. കല്യാണത്തിനൊക്കെ ധരിക്കാന്‍ ഡിസൈനര്‍ ചുരിദാറുകള്‍ തന്നെ ഇറങ്ങി. ഇപ്പോഴും കാര്യമായി മാറ്റമൊന്നും വന്നിട്ടില്ല ചുരിദാറിന്. ഇടയ്ക്ക് കൈയ്ക്ക് ഇത്തിരി നീളം കൂടിയോ കുറഞ്ഞോ വരും. അല്ലെങ്കില്‍ കഴുത്ത് ഇത്തിരി കയറിയോ ഇറങ്ങിയോ വരും. ഇടയ്ക്ക് ഷോര്‍ട്ട് ചുരിദാറും പട്യാല ബോട്ടവും മറ്റുചിലപ്പോള്‍ അനാര്‍ക്കലി. എങ്ങനെ വന്നാലും ചുരിദാറിന്റെ സൗന്ദര്യത്തിന് കുറവൊന്നുമില്ല.


രണ്ടായിരത്തിനുതൊട്ട് മുമ്പ് വരെ നമ്മുടെ നാട്ടിന്‍പുറങ്ങളെ ചലിപ്പിച്ചൊരു കടകട ശബ്ദവും കാലത്തിനൊപ്പം അപ്രത്യക്ഷമായിതുടങ്ങി. കഴുത്തിലൊരു ടേപ്പും ചുറ്റി തയ്യല്‍ക്കാരന്‍ ഒരു സ്റ്റൂളില്‍ ഞെളിഞ്ഞിരുന്നപ്പോള്‍ ആളുകള്‍ വട്ടംകൂടിയിരുന്നു. ചുരിദാറിന് അളവെടുത്ത് തയ്ച്ചുകൊണ്ടിരുന്നത് എത്ര പെട്ടെന്നാണ് വിസ്മൃതിയിലേക്ക് മറഞ്ഞത്. ഷര്‍ട്ടും പാന്റും ചുരിദാറും തയ്ച്ച് ഉപയോഗിച്ചിരുന്നവര്‍ ബ്രാന്റുകളിലേക്ക് വീണു. ബ്രാന്‍ഡഡ് സാധനങ്ങള്‍ ഇടാനും ഫ്രീ സൈസസ് വരാനും തുടങ്ങി.


കാമ്പസിലെ കുട്ടിക്കൂറ മണം


നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ മുടിയില്‍ തുളസിക്കതിരും നെറ്റിയില്‍ വലിയൊരു ചന്ദനക്കുറിയും നിറഞ്ഞുനിന്നിരുന്നു, രണ്ടായിരത്തിനുമുമ്പുവരെ. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ടി. പാര്‍വതി പറയുന്നത് കേള്‍ക്കൂ.

'പണ്ട് ഒരു കുട്ടിക്കൂറ പൗഡറും കണ്‍മഷിയും ശിങ്കാര്‍ പൊട്ടുമുണ്ടെങ്കില്‍ മേക്കപ്പ് കഴിഞ്ഞു. അന്നത്തെ സൗന്ദര്യസങ്കല്‍പത്തിന്റെ മാക്‌സിമമാണ് കണ്ണെഴുതുകയും പൊട്ട് തൊടുകയുമൊക്കെ. ലിപ്‌സ്‌ററിക്ക് ഇടുന്നത് അന്ന് വലിയ പാപമായിരുന്നു. പിന്നീട് മിസ് യൂണിവേഴ്‌സ് മത്സരങ്ങളൊക്കെ വരുന്നതോടെയാണ് നമ്മളും മാറുന്നത്. സുസ്മിതയും ഐശ്വര്യയും നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ വന്നിരുന്നു. പിന്നെ അവര്‍ പറയുന്നതെല്ലാം വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ കത്രീന കൈഫ് ഉപയോഗിക്കുന്ന ഹെയര്‍ കളറിന്റെ അതേ കളറും ഫെയര്‍നെസ് ക്രീമും നെയില്‍ പോളിഷും ഉപയോഗിച്ചില്ലെങ്കില്‍ ശരിയാവില്ലെന്നായി''.

കാമ്പസുകളിലും മാറ്റത്തിന്റെ കാലമാണ്. മിഡിയും ടോപ്പും ഫ്രോക്കും ചോളിയും മിന്നിമാഞ്ഞുപോയി. ഇതിനുപിന്നാലെയാണ് ജീന്‍സ് വന്നത്. അത് മാത്രം കാലത്തെ അതിജീവിച്ചുനില്‍ക്കുന്നു. ജീന്‍സില്‍ ഫിറ്റിലും വെയ്സ്റ്റിലും സ്റ്റൈലുകള്‍ മാറുന്നുവെന്ന് മാത്രം. ലോ വെയ്‌സ്റ്റ് ജീന്‍സില്‍ ശരീരം തുറന്നുകാട്ടുന്നതില്‍ അത്ര നാണിക്കാനുണ്ടോ എന്നു ചോദിക്കുന്നു പുതിയ സുന്ദരികള്‍. കാമ്പസില്‍ റിമയുടെ ഒക്കെ സ്‌റ്റൈലിലുള്ള പെണ്‍കുട്ടികളും നിറഞ്ഞുനില്‍ക്കുന്നു. അവര്‍ വേറൊരു തരം ഡ്രസ്സിങ്ങും സ്റ്റൈലിങ്ങുമൊക്കെയാണ്. മേക്കപ്പ് ഉപയോഗിക്കണമെന്നുതന്നെയില്ല. നൂറുശതമാനം ഒരു മെട്രോ സ്‌റ്റൈലിലേക്കുള്ള പറിച്ചുനടല്‍. സാധാരണ പെണ്‍കുട്ടിയായി ആദ്യം വന്ന രമ്യ നമ്പീശന്റെ മേക്ക് ഓവര്‍ പോലും കാമ്പസില്‍ ഓളങ്ങളുണ്ടാക്കി.

കൊച്ചിയില്‍ ഫാഷന്‍ ഡിസൈനിങ്ങ് പഠിക്കുന്ന ഹിമ ഹരിദാസ് പുതിയ തലമുറയെ ഇങ്ങനെ വരച്ചുവെയ്ക്കുന്നു. 'ഇത്തിരിയൊക്കെ ശരീരം തുറന്നുകാണിക്കുന്നതില്‍ അത്ര തെറ്റുണ്ടോ, കാലമെത്ര മാറിപ്പോയി. ഇപ്പോഴും മൂടിപ്പുതയ്ക്കുന്ന വസ്ത്രവും ധരിച്ചുനടക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം'. ഹിമയ്ക്ക് പിന്നില്‍, മറൈന്‍ഡ്രൈവിലെ തണല്‍മരങ്ങള്‍ക്കിടയിലൂടെ നാല് മോഡേണ്‍ യൂത്ത് ഹൈഹീല്‍ഡ് ഷൂവില്‍ കയറിപ്പോയി. ത്രീഫോര്‍ത്തിലും സ്ലീവ്‌ലെസ് ബനിയന്‍ ടോപ്പിലും തിളയ്ക്കുന്ന സൗന്ദര്യം.
'പഴയ ഹാഫ് സാരിയും പട്ടുപാവാടയും ഒക്കെ ഇട്ടുനടക്കുന്ന പെണ്‍കുട്ടികളെ ഇനിയും കാണണമെന്ന് പറഞ്ഞാല്‍ നടക്കില്ല.' ഈ അടുത്ത കാലത്തിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് ഫാഷന്‍ കാഴ്ചകളിലേക്ക് മുഖം തിരിക്കുന്നു.

'ഫാഷന്‍ മാറ്റങ്ങളില്‍ വളരെ വെല്‍ക്കമിങ്ങാണ് ഞാന്‍. പെണ്‍കുട്ടികളാണെങ്കില്‍ ആകര്‍ഷകമായ വസ്ത്രം ധരിക്കുക എന്നതാണ് പ്രധാനം. അവളെ കാണുമ്പോള്‍ അവളോട് സംസാരിക്കണം എന്നൊരു തോന്നല്‍ ആണിനുണ്ടാവണം.'പുരുഷന്റെ കാഴ്ചകളില്‍ നിന്ന് ഒരു ഫ്രെയിം പിറക്കുന്നു.

ഇപ്പോള്‍ സിനിമകളും ഫാഷന്‍ മാഗസിനുകളും ചാനലുകളും ഇന്റര്‍നെറ്റും ഒക്കെ വന്ന് കൈപിടിച്ച് വലിക്കുമ്പോള്‍ ഫാഷനും നോക്കിയിരിക്കാന്‍ ആവില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ എന്തിലാണ് മാറ്റമില്ലാത്തത്. ജീവിതരീതി തന്നെ നോക്കൂ, പണ്ടൊക്കെ മാസത്തില്‍ ഒന്നോ രണ്ടോ വട്ടം പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചാണ്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ സമയമുണ്ടാവുമോ എന്നതായി ചിന്ത. ഔട്ടിങ്ങ് എത്രയോ കൂടി. ഓരോ വട്ടം പുറത്തുപോവുമ്പോഴും ഓരോ ഡ്രസ് മാറിവരാന്‍ തുടങ്ങി. ഒരു വസ്ത്രംതന്നെ ആവര്‍ത്തിച്ചിട്ടാല്‍ ആര്‍ക്കായാലും ബോറടിക്കില്ലേ.

ലോകവും ജീവിതവും ഇങ്ങനെ മാറിക്കൊണ്ടേയിരിക്കും, ഒപ്പം ഫാഷനും. ഒരു അഭിമുഖത്തില്‍ നടി രേവതിയോട് എന്താണ് നിങ്ങള്‍ സിനിമയില്‍ ശരീരം അധികം കാണിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ എന്റേത് നല്ല ശരീരമല്ല, അല്ലെങ്കില്‍ കാണിച്ചേനെ എന്നായിരുന്നു മറുപടി. പുതിയ തലമുറയുടെ മുദ്രാവാക്യം തന്നെ ഇങ്ങനെയാണ്. 'നല്ല ടോണും ഭംഗിയും ആബ്‌സുമൊക്കെയുള്ള പെണ്‍പിള്ളാരാണെങ്കില്‍ ഇഷ്ടമുള്ള പോലെ നടക്കാന്‍ എന്തിനു മടിക്കണം'.