ദിവസേന ഓഫീസിലേയ്ക്കുള്ള യാത്ര. തിരക്കിട്ട ജോലി...ഇതിനിടയില്‍ തലമുടിയുടെ സൗന്ദര്യം നോക്കുന്നത് പോയിട്ട് മുടി ഭംഗിയായി കെട്ടിവെയ്ക്കാന്‍ കൂടി കഴിയാറില്ല പലര്‍ക്കും. മറ്റു ചിലരുടെ മുടിയുടെ ഭംഗിയും തിളക്കവുമൊക്കെ കാണുേമ്പാഴാണ് സ്വന്തം മുടിയെക്കുറിച്ച് ഓര്‍ക്കുക. ഭംഗി പോയിട്ട് വൃത്തികൂടിയില്ലെന്നറിയുക അപ്പോഴാണ്.
തലമുടി വൃത്തിയായി സൂക്ഷിക്കാന്‍ വിചാരിക്കുന്നതു പോലെ അത്ര സമയമൊന്നും വേണ്ട. വീട്ടിലെ മറ്റു ജോലികള്‍ ചെയ്യുന്നതിനിടയില്‍ മുടി സംരക്ഷണവും ആകാം. തലയില്‍ എണ്ണ നന്നായി തേച്ചുപിടിപ്പിച്ച ശേഷം എന്തു ജോലിയും ചെയ്യാമല്ലോ. ജോലി കഴിയാറാകുമ്പോള്‍ എണ്ണ കഴുകിക്കളയുകയുമാവാം. അല്പം ക്ഷമയും മനസും വേണമെന്നു മാത്രം.
മുടി കൊഴിച്ചില്‍, താരന്‍, ചൊറിച്ചില്‍ എന്നിവയകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതേയുള്ളൂ. ഏതെങ്കിലും ആയുര്‍വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ് ചെയ്യുക. ശേഷം നല്ല തിളച്ച വെള്ളത്തില്‍ മുക്കിയ ടര്‍ക്കിടവല്‍ ഉപയോഗിച്ച് മുടി നന്നായി കെട്ടിവെയ്ക്കാം. മുടിയില്‍ നേരിട്ട് ആവി കൊള്ളിക്കരുത്. മുടിയിലെ താരന്‍ അകറ്റാന്‍ ഈ ഹോട്ട് ട്രീറ്റ്‌മെന്റ് ഗുണം ചെയ്യും. ഹോട്ട് ട്രീറ്റ്‌മെന്റിനു ശേഷം മുടിയില്‍ പായ്ക്കിടാം.
മുടിക്ക് ഇണങ്ങുന്ന വിധത്തില്‍ പായ്ക്ക് ഇടാന്‍ ശ്രദ്ധിക്കണം. മുട്ടവെള്ള, കറ്റാര്‍വാഴപ്പോള എന്നിവ അരച്ച് ചേര്‍ത്തു പായ്ക്ക് തയാറാക്കാം. ഇത് ഏതുതരം മുടിക്കും ഇണങ്ങുന്ന വിധത്തിലുള്ള പായ്ക്കാണ.് പായ്ക്ക് മുടിയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം. മുടി മിനുസമാക്കുന്നതിനും താരന്‍ അകറ്റുന്നതിനും ഇത് ഗുണം ചെയ്യുന്നു.
ആഴ്ചയിലൊരിക്കല്‍ താളി ഉപയോഗിക്കുന്നത് തലമുടിയിലെ അഴുക്ക് നീക്കം ചെയ്യാന്‍ മാത്രമല്ല തിളക്കം കൂട്ടാനും നല്ലതാണ്. ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, കറ്റാര്‍വാഴപ്പോള എന്നിവ അരച്ച് പിഴിഞ്ഞെടുക്കുക. താളി പാകത്തിനു വെള്ളത്തില്‍ കലക്കി മുടിയില്‍ തേക്കാം. ശേഷം ചെറുപയറുപൊടിയിട്ടു കഴുകാം.
മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നതരം വെളിച്ചെണ്ണ ആഴ്ച്ചയില്‍ ഒരുതവണ പുരട്ടുന്നത് നന്ന്. നെല്ലിക്ക, താന്നിക്ക, കഞ്ഞുണ്ണി, മൈലാഞ്ചി, ചെമ്പരത്തിയില, കുറുന്തോട്ടിയില, തെച്ചിപ്പൂവ് എന്നിവ വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുന്നത് മുടി വളരാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തല കഴുകുന്നത് താരന്‍ അകറ്റും. മുടി കൂടുതല്‍ വരണ്ടിരിക്കുന്നുവെന്നു തോന്നിയാല്‍ ദിവസവും എണ്ണ തേച്ചു കുളിക്കാന്‍ ശ്രദ്ധിക്കണം.
വീട്ടിലിരുന്നു ഇത്രയും ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ബ്യൂട്ടിപാര്‍ലറിലെ സേവനം തേടുന്നതാണ് നല്ലത്. മുടിയുടെ മിക്ക പ്രശ്‌നങ്ങളും അകറ്റാന്‍ മുടിയ്ക്ക് സ്പാ ചെയ്യാം. മുടി കൊഴിച്ചിലും താരനും അകറ്റുന്നതോടൊപ്പം തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ഉപകരിക്കും. തലയോട്ടിയുടെ അവസ്ഥയനുസരിച്ചാണ് സ്പാ തെരഞ്ഞെടുക്കേണ്ടത്. ചിലര്‍ക്ക് മുടി പൊട്ടുന്നതാവും പ്രശ്‌നം. ചിലര്‍ക്ക് താരന്‍. ഇതനുസരിച്ച് സ്പായില്‍ ചേര്‍ക്കുന്ന സിറപ്പില്‍ മാറ്റം വരുത്താം.
പയറുപൊടി, പഴം, ഒലിവ് ഓയില്‍, കറ്റാര്‍വാഴ തുടങ്ങിയവയാണ് ഹെയര്‍സ്പായിലെ ചേരുവകള്‍. സ്പായ്ക്കു പുറമേ മുടിയുടെ ആരോഗ്യത്തിന് ആഴ്ചയിലൊരിക്കല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. ഓയില്‍ മസാജ് വീട്ടിലും ചെയ്യാവുന്നതാണ്. ഏതെങ്കിലും ആയുര്‍വേദ എണ്ണ ചെറുതായി ചൂടാക്കി തലയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം.