മഞ്ഞിന്‍കുളിരുള്ള തണുപ്പോടെ ഡിസംബറിതാ ക്രിസ്മസ് ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ബേക്കറികളിലെ ചില്ലുപാളികള്‍ക്കപ്പുറം മാടിവിളിക്കുകയാണ് സുന്ദരികളും സുന്ദരന്മാരുമായ കിടിലന്‍ കേക്കുകള്‍. ഒരുമിച്ചിരുന്ന് കിന്നാരം പറയുന്ന പ്ലം കേക്കുകള്‍ക്കപ്പുറത്ത് പ്രത്യേക ഇരിപ്പിടത്തില്‍ അന്യോന്യം ചങ്ങാത്തം കാണിക്കാതെയാണ് അവരുടെ ഇരിപ്പ്. 

ഇക്കൊല്ലം കാഴ്ചയിലും രുചിയിലും അവതരണത്തിലും വൈവിധ്യങ്ങളേറെ അവകാശപ്പെടുന്ന കേക്കുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. ഫോട്ടോ പ്രിന്റഡ് കേക്കിനാണ് ആരാധകരേറെയും. തിരെഞ്ഞടുത്ത കേക്കിന്റെ അരികുവശങ്ങളിലെ അലങ്കാരങ്ങളൊഴിച്ചുള്ള മുകള്‍ഭാഗം മുഴുവനായും പിറന്നാളുകാരന്റെയോ ഇഷ്ടമുള്ളവരുടെയോ ചിത്രം പ്രിന്റ് ചെയ്തുതരും. കേക്കിന് പുറമെ പ്രിന്റ് ചെയ്യുന്നതിന് 200 രൂപയാണ് അധികചാര്‍ജ്ജ്. മഴവില്ലിന്റെ ഏഴുനിറങ്ങള്‍ വിവിധ രുചികളോടെ സമ്മേളിക്കുന്നതാണ് റെയിന്‍ബോ കേക്ക്. ഓര്‍ഡര്‍ അനുസരിച്ചാണ് പല ബേക്കറികളിലും ഈ കേക്കുകള്‍ തയ്യാറാക്കുന്നത്. 650 രൂപയാണ് ഈ കേക്കിന്റെ വില.

image cake

കേക്ക് രുചികളിലെ താരങ്ങള്‍ ഇനിയുമുണ്ട്. കറുപ്പും ഓറഞ്ച് ചോക്കളേറ്റും കൂടിക്കലര്‍ന്ന ബ്ലാക്ക് മാജിക് കേക്ക് ഫ്രഷ് ക്രീമിലാണ് തയ്യാറാക്കുന്നത്. മഞ്ഞുമലയുടെ പേരുള്ള മൗണ്ട് ബ്ലാങ്ക് കേക്ക് വെള്ളനിറത്തിലുള്ളതാണ്. ഫ്രഷ് ക്രീമില്‍ തയ്യാറാക്കുന്ന ഗാറ്റോ കേക്കുകളാണ് മറ്റൊരു പുതുമ. പൈനാപ്പിള്‍, സ്‌ട്രോബറി, മാങ്ങ, ഓറഞ്ച്, കിവി തുടങ്ങിയ രുചികളില്‍ ലഭ്യമാണ്. 550 രൂപയാണ് വില. ചോക്കളേറ്റ് കഷണങ്ങള്‍ ഉള്ളിലുള്ള ചോക്കളേറ്റ് ട്രഫിള്‍ കേക്കിന് 600 രൂപ വിലയുണ്ട്. പുറമെ വെള്ള കോട്ടിങ്ങുള്ള വൈറ്റ് ചോക്കളേറ്റ് ട്രഫിളും വില്‍പ്പനയ്ക്കുണ്ട്.

കാരമല്‍ ചേര്‍ത്തുണ്ടാക്കുന്ന വാഞ്ചോ കേക്കിന് 600 രൂപയുണ്ട്. കൂടാതെ റെഡ് വെല്‍വെറ്റ്, സ്‌ട്രോബെറി, ഫ്രഷ് ഫ്രൂട്ടുകള്‍ ചേര്‍ത്ത ഗാറ്റോ, ബ്ലൂ ഗാറ്റോ, റാസ്പ്ബറി, ബ്ലൂബെറി, ചോക്കളേറ്റ് മര്‍ഫി, ബട്ടര്‍ സ്‌കോച്ച് കേക്ക്, കാരറ്റ് കേക്ക്, ഡേറ്റ്‌സ് പുഡ്ഡിങ്, ഡ്രൈഫ്രൂട്ടുകള്‍ നിറഞ്ഞ പ്ലം കേക്കുകള്‍, നട്ട് കേക്ക്, ക്രീം കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, ഹണി ഫോറസ്റ്റ് തുടങ്ങിയ കേക്കുകളും വിപണിയിലുണ്ട്.