പുത്തന്‍ രുചിക്കൂട്ടുകള്‍ രൂപം കൊള്ളുന്നതിന്റെ 'മാജിക്' ലക്ഷ്മി നായര്‍ വിശദീകരിക്കുന്നു. ഒപ്പം അവര്‍ യാത്രകളില്‍ കണ്ടെത്തിയ 10 വിഭവങ്ങളും...ലക്ഷ്മി നായരുടെ തിരുവനന്തപുരം പത്മാനഗറിലെ വീട്ടിലേക്ക് വലതുകാല്‍വെച്ചതേയുള്ളൂ, അടുക്കളയിലെ ചീനച്ചട്ടിയിലെ എണ്ണയില്‍ക്കിടന്ന് പുളയുന്ന കരിമീന്‍ ശീീീീ.... എന്ന് ശബ്ദമുണ്ടാക്കി ഞങ്ങളെ സ്വാഗതം ചെയ്തു. ''രുചികരമായ ഭക്ഷണം വെച്ചുവിളമ്പുന്നതിനേക്കാള്‍ ആനന്ദകരമായ കാര്യം മറ്റെന്തുണ്ട്. ആ ആനന്ദം ഞാന്‍ ആവോളം അനുഭവിക്കുന്നു'', ലക്ഷ്മിനായര്‍ രുചിനിറഞ്ഞ പുഞ്ചിരിയോടെ പൂമുഖത്തു തന്നെ നില്പുണ്ട്.

പാചകം 'ബോറന്‍' ഏര്‍പ്പാടായി കരുതിയിരുന്ന കാലത്താണ് 'മാജിക് ഓവനു'മായി ലക്ഷ്മിനായര്‍ വരുന്നത്. ആ 'മാജിക്' മലയാളിയുടെ പാചകത്തോടുള്ള സമീപനംതന്നെ മാറ്റിമറിച്ചു. ടിവിയില്‍ നിറഞ്ഞുനിന്ന് ലക്ഷ്മി പറഞ്ഞുതരുന്ന റെസിപ്പികള്‍ പരീക്ഷിച്ച് വീട്ടമ്മമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് വെച്ചുവിളമ്പാന്‍ തുടങ്ങി. 'ഭാര്യയുടെ പാചകം മോശമാണെന്നു പറഞ്ഞ് വിവാഹമോചനത്തിന് ഒരുങ്ങുന്ന ഭര്‍ത്താക്കന്മാര്‍ക്ക് വാക്കില്ലാതായി' എന്ന് ലക്ഷ്മിനായര്‍ തമാശ പറയുന്നു.


കൊതിപ്പിക്കുന്ന വിജയം


പത്തുവര്‍ഷം മുമ്പാണ് കൈരളി ചാനലിലെ 'മാജിക് ഓവനി'ല്‍ അവതാരകയാകുന്നത്. ഒരു മലയാളം ചാനലില്‍ ലൈവ് കുക്കറി ഷോ ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് ഷോയുടെ ഫലം എന്താകുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷേ, പ്രേക്ഷകരുടെ പ്രതികരണം അനുകൂലമായി. തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഷോയ്ക്ക് പ്രൈം ടൈം കിട്ടി, ബ്രാന്‍ഡിങ് വന്നു. ഇപ്പോള്‍ 400-നുമേല്‍ എപ്പിസോഡുകള്‍ പിന്നിട്ടു. സ്വന്തമായി ഉണ്ടാക്കിയ ആയിരത്തോളം വിഭവങ്ങള്‍ ഷോയിലൂടെ ഞാന്‍ പരിചയപ്പെടുത്തി.
ഒരിക്കല്‍പോലും മലയാളികള്‍ക്ക് ഇഷ്ടപ്പെടാത്തതോ, നാട്ടില്‍ കിട്ടാത്തതോ ആയ സാധനങ്ങള്‍കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം പോലും ഷോയില്‍ അവതരിപ്പിച്ചിട്ടില്ല. മറുനാടന്‍ വിഭവങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നാട്ടില്‍ കിട്ടാത്ത ചേരുവകള്‍ ഉണ്ടെങ്കില്‍ അതിനുപകരം ഏതു ചേര്‍ക്കണമെന്ന് പറയാറുണ്ട്. പാചകം എളുപ്പമാക്കാനും ശ്രദ്ധിക്കുന്നു. എല്ലാ ചേരുവകള്‍ക്കും കൃത്യമായ അളവ് നിര്‍ദേശിക്കാറുണ്ട്. ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കള്‍ റെസിപ്പിയില്‍ ഉള്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. റെസിപ്പിയില്‍ ഞാനൊരു ട്രേഡ് സീക്രട്ടും ഒളിപ്പിച്ചുവെക്കാറുമില്ല. ഇതുകൊണ്ടൊക്കെയാണ് സാധാരണക്കാരായ പ്രേക്ഷകരുടെ പിന്തുണ കിട്ടിയത്. ''ഷോയില്‍ കാണിക്കുന്ന വിഭവം എനിക്ക് പറ്റിയതല്ല'', എന്ന് ഒരാള്‍ പറഞ്ഞാല്‍ കഴിഞ്ഞില്ലേ, കഥ.


കുടുംബത്തിന്റെ പിന്തുണ


എന്റെ പാചകപരീക്ഷണങ്ങള്‍ ഏറെയും വീട്ടില്‍ത്തന്നെയാണ്. വിഭവം ആദ്യമായി രുചിക്കുന്നത് ഭര്‍ത്താവ് അഡ്വ. അജയ്കൃഷ്ണനും മക്കള്‍ പാര്‍വതി, വിഷ്ണുനാഥ് എന്നിവരുമാണ്. ഭര്‍ത്താവിനും മക്കള്‍ക്കും പാചകം അറിയില്ലെങ്കിലും ഭക്ഷണം ആസ്വദിച്ചു കഴിക്കാനും എന്താണ് കുറവ്, കൂടുതല്‍ എന്ത് എന്നൊക്കെ പറയാനും അറിയാം. അവരാണെന്റെ വിമര്‍ശകര്‍.


പാചക നിയമങ്ങള്‍


ടൈമിങ്, ക്ഷമ, കൈയളവിലെ കൃത്യത എന്നിവയാണ് പാചകത്തിന്റെ അടിസ്ഥാന നിയമങ്ങള്‍. ടൈമിങ് - ചേരുവകളില്‍ ഓരോന്നും എത്ര വേവണം, എത്രനേരം വഴറ്റണം, കുറുകണം എന്നൊക്കെ തീരുമാനിക്കുന്ന സമയം. ടൈമിങ് പിഴച്ചാല്‍ രുചി മാറും. ക്ഷമ എന്നാല്‍ പാകം നോക്കിനോക്കി ചെയ്യാനുള്ള മനസ്സ്. എങ്ങനെയെങ്കിലും ഈ പണി തീര്‍ത്താല്‍ മതിയെന്നു ചിന്തിച്ച് പാചകത്തിന് ഇറങ്ങാതിരിക്കുക. കൈയളവ് - ചേരുവകളുടെ അളവ് കിറുകൃത്യമാകണം. ഓരോ ചേരുവയും ഇത്രയളവില്‍ വേണം എന്ന കൃത്യമായ ധാരണ ഉണ്ടാവണം.


റെസിപ്പി വരുന്ന വഴി


കഥയും കവിതയുമൊക്കെ എഴുതുന്നതുപോലെയാണ് ഒരു റെസിപ്പി തയ്യാറാക്കുന്നതും. യാത്രയ്ക്കിടയില്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സംസാരിച്ചിരിക്കുമ്പോള്‍.... എപ്പോഴാണ് ആശയം വീണുകിട്ടുക എന്നു പറയാന്‍ പറ്റില്ല. ഉടനെ അതൊരു കടലാസ്സില്‍ കുറിച്ചുവെക്കും. പിന്നെ അതെങ്ങനെ രുചികരമായ വിഭവമാക്കിമാറ്റാമെന്ന് ആലോചിക്കും. പിന്നെയത് മനസ്സിലിട്ട് പാകപ്പെടുത്തും. അതുകഴിഞ്ഞ് പ്രാക്ടിക്കലായി ചെയ്തുനോക്കും. ആദ്യശ്രമത്തില്‍തന്നെ വിഭവം നന്നാവുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. അഞ്ചോ ആറോ തവണ ചേരുവകള്‍ മാറിമാറി പരീക്ഷിക്കും. സ്വയം തൃപ്തി തോന്നിയാല്‍ വീട്ടില്‍ മറ്റുള്ളവര്‍ക്കും വിളമ്പും. അവരും ഓക്കെ പറഞ്ഞാല്‍ സംഗതി റെഡി.

ഇത് പുതിയ വിഭവങ്ങളുടെ കാര്യം. നമ്മുടെ നാട്ടില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളുണ്ട്. അത്തരം വിഭവങ്ങള്‍ പുനഃസൃഷ്ടിക്കുന്നത് എനിക്കൊരു ഹോബിയാണ്. അതിന് മുത്തശ്ശിമാരാണ് ആശ്രയം. ഞാന്‍ ഏതു വീട്ടില്‍ പോയാലും മുത്തശ്ശിമാരുടെ അടുത്തുകൂടും. സംസാരിച്ച് സംസാരിച്ച് അവരില്‍നിന്ന് വിവരങ്ങള്‍ ഊറ്റിയെടുക്കും. അങ്ങനെ ഒരുപാട് വിഭവങ്ങളുടെ പാചകരഹസ്യങ്ങള്‍ മുത്തശ്ശിമാരില്‍നിന്ന് കിട്ടിയിട്ടുണ്ട്.


ഫാഷന്‍, മോഡലിങ്, ന്യൂസ് റീഡിങ്


എറണാകുളം സെന്റ്‌തെരേസാസില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് മോഡലിങ്ങിലും ഫാഷന്‍ ഷോകളിലുമൊക്കെ താത്പര്യമുണ്ടായിരുന്നു. കോളേജ് തലത്തില്‍ ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടുമുണ്ട്. സെന്റ് തെരേസാസ് വിട്ടപ്പോള്‍ അതൊക്കെ നിന്നുപോയി. അതിനുശേഷം ലോ അക്കാദമിയില്‍ നിയമപഠനത്തിന് ചേര്‍ന്നെങ്കിലും ജേര്‍ണലിസത്തോടായിരുന്നു താത്പര്യം. ദൂരദര്‍ശനില്‍ ന്യൂസ് റീഡറാകുന്നത് അങ്ങനെയാണ്.

ഒരു വര്‍ഷം ദൂരദര്‍ശനിലുണ്ടായിരുന്നു. ഇത്രയും ആത്മവിശ്വാസം പക്ഷേ, അന്നുണ്ടായിരുന്നില്ല. ടെന്‍ഷന്‍ ബോധ്യമായപ്പോള്‍ ആ ജോലി അധികകാലം തുടര്‍ന്നില്ല. പക്ഷേ, അന്ന് ക്യാമറയെ അഭിമുഖീകരിച്ചതിന്റെ അനുഭവം ഇപ്പോള്‍ കുക്കറിഷോ ഷൂട്ട് ചെയ്യുമ്പോള്‍ സഹായമാകുന്നുണ്ട്.


എനിക്കിഷ്ടപ്പെട്ട വിഭവങ്ങള്‍


മീന്‍ കറിയില്‍ തൃശ്ശൂര്‍, കോട്ടയം സ്റ്റൈലാണ് എനിക്കിഷ്ടം. മാങ്ങയിട്ട് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉശിരന്‍ സാധനം. കുട്ടനാട്ടിലെ താറാവ് മപ്പാസ്, ഉലര്‍ത്ത്, വട്ടയപ്പം, കള്ളപ്പം ഉഗ്രന്‍. കോഴിക്കോടിന്റെ കോഴിനിറച്ചതിന് ഞാന്‍ ഫുള്‍മാര്‍ക്ക് കൊടുക്കും. ചട്ടിപ്പത്തിരി, ഉന്നക്ക, കലത്തപ്പം എന്നിവയും കൊള്ളാം. സദ്യയില്‍ തിരുവനന്തപുരം സ്റ്റൈലാണ് ഇഷ്ടം. മാമ്പഴ പുളിശ്ശേരി, കരിമീന്‍ പൊള്ളിച്ചത്, കപ്പയിറച്ചി, കപ്പമീന്‍, കൊഞ്ച് കൊടം പുളിയിട്ട് വെച്ചത് എന്നിവയ്ക്കും എന്റെ മെനുവില്‍ പ്രഥമ പരിഗണനയുണ്ട്.രുചിക്കാത്ത വിമര്‍ശനങ്ങള്‍

പാചകം ചെയ്യുന്നവര്‍ വൃത്തിയോടെയും ഭംഗിയായും വസ്ത്രം ധരിക്കരുത് എന്നു വല്ല നിയമവുമുണ്ടോ? എന്റെ മേക്കപ്പിനെയും വസ്ത്രധാരണ രീതിയെയും പരാമര്‍ശിച്ചുകൊണ്ടുള്ള മുഴുവന്‍ അഭിപ്രായങ്ങളും ശ്രദ്ധിക്കാറുണ്ട്. ഞാന്‍ മോഡേണായി വേഷം ധരിക്കുന്നതില്‍ അസൂയാലുക്കളാണ് ചിലര്‍. ചിലര്‍ക്ക് എന്നെ സാരിപോലുള്ള പരമ്പരാഗത വേഷത്തില്‍ കാണണമെന്ന നിര്‍ബന്ധം. ഞാന്‍ ജീന്‍സും ടോപ്പുമിടുന്നത് ഇവര്‍ക്ക് കണ്ടുകൂടാ. എന്നാല്‍, ഈ ചെയ്ഞ്ച് നല്ലതാണെന്നു പറയുന്ന ആള്‍ക്കാരുമുണ്ട്. പക്ഷേ, ഞാനിതൊന്നുമല്ല നോക്കുന്നത്. എനിക്ക് തൃപ്തിതരുന്നുണ്ടോ എന്നതാണ് പ്രധാനം. ഞാന്‍ ഇന്ത്യ മുഴുവന്‍ രുചിതേടി യാത്ര നടത്തുന്നു. എല്ലായിടത്തും സാരിയണിഞ്ഞു പോകാന്‍ പറ്റുമോ? അതുകൊണ്ട് ജീന്‍സും ടോപ്പുമിടുന്നു.

വിഷ്വല്‍ മീഡിയ ആയതുകൊണ്ട് ലുക്കിന് പ്രാധാന്യമുണ്ട്. പ്രോഗ്രാമിന്റെ ഷൂട്ടിങ് മിക്കപ്പോഴും എട്ടുപത്തു മണിക്കൂറൊക്കെ നീളാറുണ്ട്. ഇത്രയും നേരം ലൈറ്റിനു മുന്നില്‍ നില്‍ക്കുന്നത് ചര്‍മത്തിന് ദോഷമാണ്. ലൈറ്റിന്റെ ചൂടില്‍ ചര്‍മം വരളാതിരിക്കണമെങ്കില്‍ മേക്കപ്പില്ലാതെ പറ്റില്ല. എങ്കിലും ആവശ്യത്തില്‍ കൂടുതല്‍ മേക്കപ്പ് ഞാനുപയോഗിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല.


നമുക്കൊരു ഡയറ്റ്


ശീലിച്ചുവന്ന പരമ്പരാഗത ഡയറ്റ് തന്നെയാണ് നമുക്ക് നല്ലത്. ഇതില്‍ ചില നല്ല സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ഓട്ട്‌സ്, സോയ, കോണ്‍ ഫ്ലവര്‍, പാടനീക്കീയ പാല്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. പഴവര്‍ഗങ്ങളില്‍ പപ്പായ, ഏത്തപ്പഴം എന്നിവ നല്ലത്. എണ്ണ ഉപയോഗം പരമാവധി കുറയ്ക്കണം.

ഡയറ്റിങ് ശീലമാക്കുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്ത ഡയറ്റിങ് ദോഷമാകും. എന്റെ മകളെ മുന്നില്‍ക്കണ്ട് കൗമാരക്കാര്‍ക്ക് സ്വീകരിക്കാവുന്ന ഒരു ഡയറ്റ് പ്ലാന്‍ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താവുന്ന പ്ലാനാണിത്. രാവിലെ കോണ്‍ഫ്‌ളേക്‌സ് അല്ലെങ്കില്‍ ഓട്ട്‌സ്, ഒരു ഗ്ലാസ് പാട നീക്കിയ പാല്‍, ഒരു ഏത്തപ്പഴം, ഉച്ചയ്ക്ക് ചോറ്, മീന്‍കറി, പച്ചക്കറി തോരന്‍ വെച്ചത്, രാത്രി തക്കാളി ജ്യൂസ്, ചിക്കന്‍ കുരുമുളകും ഉപ്പും ചേര്‍ത്ത് വേവിച്ച് മള്‍ട്ടി ഗ്രെയ്ന്‍സ് ബ്രെഡിനകത്തുവെച്ച് സാന്‍ഡ്‌വിച്ച് പോലെ ഒന്നോ രണ്ടോ. അല്പം സലാഡ്‌സ്, ഇടയ്ക്ക് ക്ഷീണം തോന്നുകയാണെങ്കില്‍ പഴങ്ങള്‍ കഴിക്കാം.


യാത്രയിലെ അനുഭവങ്ങള്‍


'കൈരളി'യിലെ 'ടേസ്റ്റ് ഓഫ് ഇന്ത്യ' എന്ന പരിപാടിക്കുവേണ്ടി ഇന്ത്യയൊട്ടാകെ ഞാന്‍ രുചി തേടി യാത്ര നടത്തിയിട്ടുണ്ട്. രസകരമായിരുന്നു ഓരോ യാത്രകളും. അരുണാചല്‍ പ്രദേശിലേക്ക് നടത്തിയ രുചി തേടി യാത്ര മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. ട്രൈബല്‍ സ്റ്റൈലിലുള്ള ഭക്ഷണമാണ് അവിടെ. കാട്, മൃഗങ്ങള്‍, മത്സ്യബന്ധനം ഇതിനെ ചുറ്റിപ്പറ്റിയാണ് അവിടത്തുകാരുടെ ജീവിതം. മുളകൊണ്ടും ചുടുകട്ടകൊണ്ടും ഉണ്ടാക്കുന്ന ഒറ്റമുറി വീടുകള്‍. വലിയൊരു വിറകടുപ്പ് എല്ലാ വീട്ടിലും. ചൂടുകായലും ഭക്ഷണം പാകം ചെയ്യലും ഈ അടുപ്പുകൊണ്ട് നടക്കും. കമ്മ്യൂണിറ്റി ഈറ്റിങ്ങാണ് മറ്റൊരു പ്രത്യേകത. കുടുംബാംഗങ്ങള്‍ നിലത്ത് വട്ടമിട്ടിരിക്കും. ഒരു വലിയ തടിപ്പാത്രത്തില്‍നിന്ന് എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക. സ്‌നേഹത്തിന്റെ ഈ കൂട്ടായ്മയില്‍ എനിക്കേറെ രസം തോന്നി.

ചോളപ്പൊടികൊണ്ടുള്ള ചോറും 'മിഥുന്‍' എന്ന മൃഗത്തിന്റെ ഇറച്ചി ചുട്ടതുമാണ് പ്രധാന ഭക്ഷണം. 'മിഥുന്‍' കാട്ടുമൃഗമാണെങ്കിലും മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങും. ഈ മൃഗത്തിന്റെ ഇറച്ചിയോ, ചോരയോയില്ലാത്ത ഭക്ഷണം അവിടെ കിട്ടാന്‍ പ്രയാസമാണ്. ഒരു മിഥുന് 15,000 രൂപയാണ് വില. മിഥുന്റ ചോരയില്‍ അരിയിട്ട് വേവിച്ച് ചോറുപോലെ കഴിക്കുന്നത് അവിടത്തെ 'ഹെല്‍ത്തി ഫുഡാ'ണ്.
പട്ടുനൂല്‍പ്പുഴുവിനെ പുഴുങ്ങി 'മെഴുക്കുപുരട്ടി'പോലെ വെക്കുന്നതും, ധാന്യങ്ങള്‍കൊണ്ട് ഉണ്ടാക്കുന്ന 'അപ്വോങ്‌സ്' എന്ന ലോക്കല്‍ ബിയറും അരുണാചലിന്റെ തനത് ഭക്ഷണമാണ്. രുചി തേടി ഇന്ത്യയില്‍ പലയിടത്തുപോയിട്ടുണ്ടെങ്കിലും ഒന്നും രുചിച്ചുനോക്കാതെ മടങ്ങേണ്ടിവന്ന ഒരേ ഒരു സ്ഥലമാണ് അരുണാചല്‍.


ദേശത്തിന്റെ രുചികള്‍പോഹ(മഹാരാഷ്ട്ര)

വെള്ള അവല്‍ 150 ഗ്രാം
കടുക് അര ടീസ്​പൂണ്‍
കപ്പലണ്ടിയെണ്ണ മൂന്നു ടേബിള്‍ സ്​പൂണ്‍
സവാള ചെറുതായി അരിഞ്ഞത് ഒന്ന് വലുത്
പച്ചമുളക് ചെറുതായി അരിഞ്ഞത് രണ്ട്
മഞ്ഞള്‍പ്പൊടി അര ടീസ്​പൂണ്‍
കായപ്പൊടി കാല്‍ ടീസ്​പൂണ്‍
പഞ്ചസാര രണ്ട് ടീസ്​പൂണ്‍
മല്ലിയില അരിഞ്ഞത് രണ്ട് ടീസ്​പൂണ്‍
കറിവേപ്പില രണ്ടു തണ്ട്

ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, പച്ചമുളക്, മഞ്ഞള്‍പ്പൊടി, സവാള, കായപ്പൊടി എന്നിവ ഇട്ട് വഴറ്റിയശേഷം കുതിര്‍ത്ത അവലും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചേരുവകള്‍ അവലില്‍ നന്നായി യോജിച്ചു കഴിഞ്ഞാല്‍ രണ്ട് ടീസ്​പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക. മുകളില്‍ തേങ്ങ ചിരകിയതും മല്ലിയില അരിഞ്ഞതും ഒരു ചെറുനാരങ്ങ നാലായി മുറിച്ചതും വെച്ച് അലങ്കരിച്ചു വിളമ്പുക. അവലില്‍ അല്‍പ്പം വെള്ളം തളിച്ച് ഒന്ന് ഇളക്കി ഒരു ചിപ്പിലിപ്പാത്രത്തില്‍ വെക്കുക. 10 മിനുട്ട് കഴിയുമ്പോള്‍ പാകത്തിന് കുതിര്‍ന്നിരിക്കും. വെള്ളം ഒട്ടും കൂടാന്‍ പാടില്ല.


ഹാല്‍ബായ്(കര്‍ണാടകയിലെ വില്ലേജ് സ്വീറ്റ്)


പച്ചരി അര കിലോ കുതിര്‍ത്തത്
തേങ്ങ ചിരകിയത് ഒരു കപ്പ്
കോണ്‍ഫ്‌ളോര്‍ 25 ഗ്രാം
ഏലക്ക 25 ഗ്രാം
ശര്‍ക്കര നാല് ഇടത്തരം ഉണ്ട
വെള്ളം മൂന്നു ലിറ്റര്‍
നെയ്യ് അര കിലോ

പച്ചരിയും തേങ്ങയും ഏലക്കയും ഒന്നിച്ചാക്കി പാലുപോലെ അരച്ചെടുക്കുക. അരയ്ക്കാന്‍ ആവശ്യമായ വെള്ളം ചേര്‍ക്കാം. ഇതിലേക്ക് കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് കലക്കിവെക്കുക. ശര്‍ക്കര ചീകിയതില്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഈ ശര്‍ക്കര വെള്ളം കലക്കിവെച്ചിരിക്കുന്ന അരി പേസ്റ്റിലേക്ക് യോജിപ്പിച്ച് കുറേശ്ശെ നെയ്യും ചേര്‍ത്ത് അടുപ്പില്‍ വെച്ച് കൈയെടുക്കാതെ ഇളക്കുക. മാവ് നല്ല കട്ടിയായി പാത്രത്തില്‍ നിന്നും വിട്ടുവരുന്ന പാകമാകുമ്പോള്‍ ഒരു ട്രേയിലേക്ക് പകര്‍ന്നു മാറ്റി മുകള്‍ഭാഗം നിരത്തിവെക്കുക. ഏകദേശം എട്ടു മണിക്കൂര്‍ കഴിഞ്ഞ് നന്നായി ഉറച്ചശേഷം കഷണങ്ങളായി മുറിച്ചു വിളമ്പുക.


അയലക്കറി മംഗലാപുരം സ്റ്റൈല്‍


അയല മത്സ്യത്തിനെ മംഗലാപുരത്ത് ബാന്‍ഗുഡ എന്നാണ് പറയുക. അയലക്കറിക്ക് പുളിമൂഞ്ചി എന്നാണ് ഇവിടുത്തെ പേര്. മൂഞ്ചി എന്നാല്‍ മുളക്. അങ്ങനെ പുളിയും മുളകും ധാരാളമായി ചേര്‍ത്ത് തയ്യാറാക്കുന്ന അയലക്കറി എന്ന് സാരം.

അയല (വലുത് മുഴുവനെ വരഞ്ഞത്) രണ്ട്
പിരിയന്‍ മുളക് 8-10 എണ്ണം വറുത്തത്
മല്ലി വറുത്തത് ഒരു ടേബിള്‍ സ്​പൂണ്‍
വെളുത്തുള്ളി നാല് അല്ലി
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്​പൂണ്‍
എണ്ണ രണ്ടു ടേബിള്‍സ്​പൂണ്‍
ഇഞ്ചി (ചെറുതായി അരിഞ്ഞത്) ഒരു ടേബിള്‍സ്​പൂണ്‍
പച്ചമുളക് (ചെറുതായി അരിഞ്ഞത്) രണ്ടെണ്ണം
സവാള (ചെറുതായി അരിഞ്ഞത്) അര കപ്പ്
വെള്ളം ഒന്നര കപ്പ്
പുളി ഒരു നാരങ്ങാവലുപ്പത്തില്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്

വറുത്ത മല്ലി, മുളക്, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ ഒന്നിച്ചാക്കി പേസ്റ്റ് രൂപത്തില്‍ അരച്ചുവെക്കുക. പുളി പിഴിഞ്ഞുവെക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മുളക് പേസ്റ്റും ചേര്‍ത്ത് പച്ച ചുവ മാറുംവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് വെള്ളവും പുളി പിഴിഞ്ഞതും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്‍ മുഴുവനോടെ ഇട്ട് തിരിച്ചും മറിച്ചും ഇളക്കി സാവധാനം വേവിക്കുക. മീന്‍ വെന്ത് അരപ്പ് കുഴഞ്ഞ് കഷണങ്ങളില്‍ പൊതിയുന്ന പാകത്തിന് അടുപ്പില്‍ നിന്നും മാറ്റുക.


ഗോലിബജായ്(ഉഡുപ്പി)

മൈദ അഞ്ചു കപ്പ്
ഉഴുന്ന് അരച്ചത് ഒരു കപ്പ്
സോഡാപ്പൊടി കാല്‍ ടീസ്​പൂണ്‍
കായപ്പൊടി കാല്‍ ടീസ്​പൂണ്‍
ഇഞ്ചി (ചെറുതായി അരിഞ്ഞത്) ഒരു ടേബിള്‍സ്​പൂണ്‍
പച്ചമുളക്(ചെറുതായി അരിഞ്ഞത്) ഒരു ടേബിള്‍സ്​പൂണ്‍
തേങ്ങ(കൊത്തിയരിഞ്ഞത്) കാല്‍ കപ്പ്
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

ചേരുവകള്‍ എല്ലാംകൂടി ഒന്നിച്ചാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഉഴുന്നുവടയുടെ പാകത്തിന് കുഴച്ച് ഉരുട്ടി നാരങ്ങാവലുപ്പത്തിലുള്ള ഉരുളകളായി വിരലുകള്‍ കൊണ്ട് ഷേപ്പ് ചെയ്ത് ചൂടായിക്കിടക്കുന്ന വെളിച്ചെണ്ണയില്‍ ഇട്ട് സ്വര്‍ണനിറത്തില്‍ കരുകരുപ്പായി വറുത്തെടുക്കുക. ഇങ്ങനെ വറുത്തെടുത്ത ഗോളിബജെ നല്ല ചൂടോടെ തേങ്ങാചമ്മന്തിയോടൊപ്പം വിളമ്പുക.


തൊണ്ടക്ക പല്യ

കോവക്ക-അര കിലോ നീളത്തിലോ വട്ടത്തിലോ അരിഞ്ഞ്
മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് ഊറ്റിയത്
സവാള (ചെറുതായി അരിഞ്ഞത്) രണ്ട്
പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്) അഞ്ച്
ടൊമാറ്റോ (ചെറുതായി അരിഞ്ഞത്) രണ്ട്
എണ്ണ ഒന്നര ടീസ്​പൂണ്‍
കടുക് അര ടീസ്​പൂണ്‍
വെളുത്തുള്ളി ഒരു ചെറിയ ഉണ്ട ചതച്ചത്
കടലപ്പരിപ്പ് രണ്ട് ടേബിള്‍സ്​പൂണ്‍
തേങ്ങ ചിരകിയത് അര മുറി
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അര ടീസ്​പൂണ്‍
നാരങ്ങാനീര് ഒരു ടേബിള്‍സ്​പൂണ്‍
മല്ലിയില കാല്‍ കപ്പ്

എണ്ണ ചൂടാക്കി കടുക്, കടലപ്പരിപ്പ് ഇട്ട് താളിച്ചശേഷം വെളുത്തുള്ളി ചതച്ചത്, സവാള, പച്ചമുളക്, ടൊമാറ്റോ എന്നിവ വഴറ്റുക. ഇതിലേക്ക് വേവിച്ച കോവക്ക, മഞ്ഞള്‍പ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവയും ചേര്‍ത്ത് വീണ്ടും അഞ്ചു മിനുട്ട് വഴറ്റുക. അവസാനമായി തേങ്ങ ചിരകിയതും നാരങ്ങാനീരും മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കി വിളമ്പുക.


കറീഡ് പ്രോണ്‍സ് വിത്ത് റൈസ്(പോണ്ടിച്ചേരി ഇന്‍ഡോ-ഫ്രഞ്ച് ഫ്യൂഷന്‍ ഡിഷ്)


കൊഞ്ച് 200 ഗ്രാം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് രണ്ട് ടീസ്​പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് അര ടീസ്​പൂണ്‍
സവാള ചെറുതായി അരിഞ്ഞത് അര കപ്പ്
സെലറി ചെറുതായി അരിഞ്ഞത് രണ്ട് ടീസ്​പൂണ്‍
വെണ്ണ രണ്ട് ടേബിള്‍സ്​പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്​പൂണ്‍
ജീരകപ്പൊടി അര ടീസ്​പൂണ്‍
മുളകുപൊടി അര ടീസ്​പൂണ്‍
വൈറ്റ് വൈന്‍ രണ്ട് ടേബിള്‍സ്​പൂണ്‍
വൈറ്റ് സോസ് ഒരു കപ്പ്
മല്ലിയില കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം കാല്‍ കപ്പ്

വെണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സെലറി, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് കൊഞ്ചും ചേര്‍ത്ത് അഞ്ച് മിനുട്ട് വഴറ്റുക. ഇനി ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവയും ചേര്‍ത്ത് വഴറ്റി കാല്‍ കപ്പ് വെള്ളവും ഒഴിച്ച് പാത്രം അടച്ച് വേവിക്കുക. കൊഞ്ച് വെന്തശേഷം വൈറ്റ് വൈനും ഉപ്പും വൈറ്റ് സോസും ചേര്‍ത്ത് തിളവന്ന് തുടങ്ങുമ്പോള്‍ മല്ലിയിലയും ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റുക. ഒരു പാത്രത്തില്‍ വേവിച്ച വെള്ളച്ചോറ് എടുക്കുക. നടുക്ക് ഒരു കുഴി ഉണ്ടാക്കി അതിന്റെ ഉള്ളില്‍ ഈ കറി നിറച്ച് വിളമ്പുക.


വൈറ്റ് സോസ് തയ്യാറാക്കുന്ന വിധം


ഒരു ടേബിള്‍ സ്​പൂണ്‍ വെണ്ണ ചൂടാക്കി ഒരു ടേബിള്‍ സ്​പൂണ്‍ മൈദ ചേര്‍ത്ത് വഴറ്റുക. മാവ് പതഞ്ഞ് തുടങ്ങുമ്പോള്‍ 3/4 കപ്പ് പാല്‍ ചേര്‍ത്ത് ചെറുതീയില്‍ കൈയെടുക്കാതെ ഇളക്കി കുറുക്കുക.


കൊങ്കണ്‍ ഫിഷ്‌കറി(കൊങ്കണ്‍-മഹാരാഷ്ട്ര)


ദശ കട്ടിയുള്ള മീന്‍ (കഷ്ണങ്ങളാക്കിയത്)1/2 കി.ഗ്രാം
ഇഞ്ചി അരച്ചത് രണ്ട് ടേബിള്‍സ്​പൂണ്‍
വെളുത്തുള്ളി അരച്ചത് രണ്ട് ടീസ്​പൂണ്‍
മുളകുപൊടി ഒരു ടേബിള്‍ സ്​പൂണ്‍
അരിപ്പൊടി 1/2 കപ്പ് ഒന്നിച്ചാക്കിവയ്ക്കുക.
മഞ്ഞള്‍പൊടി 1/4 ടീസ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

മീന്‍ കഷ്ണങ്ങളില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. (മാരിനേഷന് വേണ്ടി). 1/2 മണിക്കൂറിന് ശേഷം മീനിന്റെ കഷ്ണങ്ങള്‍ മുളകുപൊടി- അരിപ്പൊടി മിശ്രിതത്തില്‍ ഇട്ട് റോള്‍ ചെയ്ത് ചൂടായി കിടക്കുന്ന എണ്ണയില്‍ തിരിച്ചും മറിച്ചും ഇട്ട് മൂപ്പിച്ച് എടുക്കുക.


പ്രോണ്‍ കാല്‍ദീര്‍

കൊഞ്ച് 500 ഗ്രാം
ടൊമാറ്റാ(ചെറുതായി അരിഞ്ഞത്) ഒന്ന് ഇടത്തരം
സവാള (ചെറുതായി അരിഞ്ഞത്) ഒന്ന്
കുറുകിയ തേങ്ങാപ്പാല്‍ രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ രണ്ട് ടേബിള്‍സ്​പൂണ്‍


മസാലയ്ക്ക് വേണ്ട ചേരുവകള്‍


ഇഞ്ചി അരിഞ്ഞത് ഒന്നര ടീസ്​പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്​പൂണ്‍
ടൊമാറ്റോ ഒന്ന്
മല്ലിയില 1/4 കപ്പ്
പച്ചമുളക് 5 എണ്ണം
മഞ്ഞള്‍പ്പൊടി 1/2 ടീസ്​പൂണ്‍
ഒന്നിച്ചാക്കി അരയ്ക്കുക.


മാരിനേഷനുവേണ്ട ചേരുവകള്‍


ഇഞ്ചി (അരച്ചത്) അര ടീസ്​പൂണ്‍
വെളുത്തുള്ളി (അരച്ചത്) അര ടീസ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്

കൊഞ്ച് കഴുകി വൃത്തിയാക്കിയതില്‍ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ച് 15 മിനിറ്റ് മാരിനേറ്റ് ചെയ്യാനായി വയ്ക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ മാറിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന കൊഞ്ച് ഇതിലിട്ട് വഴറ്റുക (5 മിനിറ്റ്). 5 മിനിറ്റിന് ശേഷം അരച്ചുവെച്ചിരിക്കുന്ന മസാല പേസ്റ്റും ചേര്‍ത്ത് പച്ചച്ചുവ മാറുന്നവരെ വഴറ്റുക. ഇനി ഇതിലേക്ക് തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത്
പാത്രം അടച്ച് വേവിക്കുക. കൊഞ്ച് വെന്ത് ചാറ് കുറുകി തുടങ്ങുമ്പോള്‍ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക.


ബിബിന്‍കാ(ഗോവ)


1. മുട്ട 12 എണ്ണം
2. മൈദ 200 ഗ്രാം
3. പഞ്ചസാര 1/2 കി.ഗ്രാം
4. കുറുകിയ തേങ്ങാപ്പാല്‍ 2 കപ്പ്
5. തേങ്ങയുടെ 2-ാം പാല്‍ 1 കപ്പ്
6. ജാതിക്കാപ്പൊടി 1/4 ടീസ്​പൂണ്‍
7. നെയ്യ് 100 ഗ്രാം

മുട്ടയുടെ മഞ്ഞ മാത്രം വേര്‍തിരിച്ച് എടുക്കുക. ഈ മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക. മൈദ മാവും പഞ്ചസാരയും ഒന്നിച്ചാക്കി യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്ത് കട്ടയില്ലാതെ കലക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ജാതിക്കപ്പൊടിയും ചേര്‍ക്കുക. അവസാനമായി കുറുകിയ തേങ്ങാപാലും ചേര്‍ത്ത് നന്നായി ഇളക്കി കലക്കുക. ഇനി ഒരു കുഴിയുള്ള പാത്രത്തില്‍ ഒരു ടേ.സ്​പൂണ്‍ നെയ്യ് ഒഴിച്ച് അടുപ്പില്‍ വെക്കുക. നെയ്യ് ഉരുകി തുടങ്ങുമ്പോള്‍ കലക്കിവെച്ചിരിക്കുന്ന മാവില്‍ നിന്നും ഒരു തവി കോരി ഒഴിക്കുക. ഒന്ന് വെന്ത് തുടങ്ങുമ്പോള്‍ പാത്രത്തോടെ എടുത്ത് ചൂടായി കിടക്കുന്ന ഓവനില്‍ വെച്ച് മുകള്‍ഭാഗം ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക. (20 മിനുട്ട് സമയം). പുറത്ത് എടുത്ത് മുകള്‍ഭാഗത്ത് 1/2 ടേ.സ്​പൂണ്‍ നെയ്യ് തടവുക. ഇതിന്റെ മുകളിലായി വീണ്ടും ഒരു തവി മാവ് കോരി ഒഴിച്ച് ഓവനില്‍ വെച്ച് മുകള്‍ഭാഗം ബ്രൗണ്‍ ആകുന്നതുവരെ (15 മിനുട്ട്) ബേക്ക് ചെയ്യുക. വീണ്ടും പുറത്ത് എടുത്ത് നെയ്യ് തടവി ഒരു തവി മാവ് കോരി ഒഴിച്ച് വീണ്ടും ബേക്ക് ചെയ്യുക. ഈ രീതിയില്‍ 9 ലെയര്‍ ആകുന്നതുവരെ ബേക്ക് ചെയ്യുക. (ഇങ്ങനെ തയ്യാറാക്കാന്‍ 4 മണിക്കൂറോളം എടുക്കും).


രാജസ്ഥാനി ബാട്ടിയ(രാജസ്ഥാനി ചപ്പാത്തി)


ഗോതമ്പുമാവ് 1 കപ്പ്
കടലമാവ് 1 കപ്പ്
നെയ്യ് 1 ടേ.സ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

ഗോതമ്പുമാവ്, കടലമാവ്, ഉപ്പ് എന്നിവ ഒന്നിച്ചാക്കി വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പോലെ കുഴയ്ക്കുക. ഇതില്‍ നിന്നും ഉരുളകള്‍ ഉരുട്ടിയെടുത്ത് അല്പം കട്ടിയായി (െറട്ടിയുടെ കട്ടിയില്‍) പരത്തുക. ചൂടായി കിടക്കുന്ന തവയില്‍ തിരിച്ചും മറിച്ചും ഇട്ട് വാട്ടി എടുക്കുക. എന്നിട്ട് വിരലുകള്‍ കൊണ്ട് പിച്ചി പിച്ചി ഒരു വശത്തായി അലങ്കരിക്കുക. ഇനി ഈ ചപ്പാത്തിയുടെ മറുവശത്ത് അല്പം വെള്ളം തടവിയശേഷം ഒരു തന്തൂരി അടുപ്പില്‍ ഒട്ടിച്ചുവച്ച് ചുട്ടെടുക്കുക. ചൂടോടുകൂടി തന്നെ ഇതിന്റെ മുകളിലായി വെണ്ണ തടവുക.


പാചകം മടുക്കാതിരിക്കാന്‍ വഴികള്‍


തയ്യാറാക്കുന്ന വിഭവം മറ്റുള്ളവര്‍ക്ക് ഇഷ്ടമാകുമോ എന്ന് ഉത്കണ്ഠപ്പെടാതെ പാചകം ചെയ്യുക.

എല്ലാവര്‍ക്കും നന്നായി പാചകം ചെയ്യാന്‍ കഴിയില്ല. പക്ഷേ, താത്പര്യം കൈവിടാതിരുന്നാല്‍ ദിവസങ്ങള്‍ക്കകം പാചകത്തിലെ കഴിവ് മെച്ചമാക്കാം.

ദിവസവും ഒരേ ഭക്ഷണം ഉണ്ടാക്കാതെ ഇടയ്‌ക്കൊക്കെ വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിക്കുക.

അധികം സങ്കീര്‍ണതകളില്ലാതെ എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷണങ്ങള്‍ പാകംചെയ്യുക.

പാചകം മെച്ചമാക്കാന്‍ ഏതൊരു സ്ത്രീക്കും പ്രേരണയാകുന്നത് അവര്‍ തയ്യാറാക്കിയ ഭക്ഷണത്തെക്കുറിച്ച് ഭര്‍ത്താവില്‍നിന്ന് കേള്‍ക്കുന്ന നല്ല വാക്കുകളാണ്. 'നീ വെച്ച മീന്‍കറിക്ക് എന്തൊരു രുചി' എന്ന് പറഞ്ഞുനോക്കൂ. അടുത്ത തവണ അതിലും രുചിയുള്ള മീന്‍കറി ഭാര്യവെച്ചുതരും. പ്രോത്സാഹനങ്ങള്‍ പാചകം ചെയ്യുന്നയാളുടെ ആത്മവിശ്വാസം കൂട്ടും.

മറ്റുള്ളവര്‍ മനോഹരമായി പാചകം ചെയ്യുന്നത് അല്പസമയം നോക്കിനില്‍ക്കുന്നതും ആത്മവിശ്വാസം കൂട്ടും.

ആത്മാര്‍ഥതയോടെ പാചകം ചെയ്താല്‍ മടുപ്പോ ക്ഷീണമോ ഉണ്ടാകില്ല. പാചകം ചെയ്തില്ലെങ്കിലും പ്രശ്‌നമില്ല, പുറത്ത് ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വരുത്താമെന്നു വിചാരിക്കുന്നത് മടുപ്പ് കൂട്ടും.