മൂന്നാം വര്‍ഷ മെഡിസിന് പഠിക്കുമ്പോള്‍ കേസ് പ്രസന്റേഷന് വാര്‍ഡില്‍ പോയപ്പോഴാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ അവളെ കണ്ടത്. രക്താര്‍ബുദമാണെന്ന് സംശയമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞെന്ന് വിതുമ്പിയത് എന്റെ കൈകള്‍ പിടിച്ചു കൊണ്ടാണ്. കുറേനാള്‍ ബസിലെ സഹയാത്രികയായിരുന്നത് കൊണ്ട് മുന്‍പരിചയവുമുണ്ട്. പെട്ടെന്ന് കേട്ടപ്പോള്‍ ഷോക്കായിരുന്നു. 

അതൊന്നും പുറത്ത് കാണിക്കാതെ വാര്‍ഡില്‍ നിന്നിറങ്ങിയപ്പോള്‍ അവളുടെ അമ്മ വന്ന് മുന്നില്‍ നിന്നു, സംസാരിച്ചു. പ്രസവശേഷം മാനസികാസ്വാസ്ഥ്യമുണ്ടായ അവളുടെ അമ്മയെ അച്ഛന്‍ ഒഴിവാക്കി. അദ്ദേഹം വേറെ വിവാഹവും കഴിച്ചു. ഏറെ കഷ്ടപ്പെട്ടാണ് മൂന്ന് മക്കളെ ആ അമ്മ വളര്‍ത്തിയത്. അവരുടെ സകല പ്രതീക്ഷയും തല്ലിക്കെടുത്തി ഒടുവില്‍ അവള്‍ പോയി. നാല് വര്‍ഷം കഴിഞ്ഞിട്ടും ആ രണ്ട് മുഖങ്ങള്‍ മനസ്സില്‍ നിന്ന് പോയിട്ടില്ല. അമ്മമനസ്സുകള്‍ ചിലപ്പോഴെല്ലാം തീരാനോവാണ്

മുന്‍പൊരിക്കല്‍ ഒരുകൂട്ടം ഭിന്നശേഷിക്കാരുടെ ഇടയിലേക്ക് കടന്നു ചെന്നപ്പോഴും കണ്ടത് വേവുന്ന അമ്മമാരെയാണ്. അവരുടെ മുഖത്തുള്ള ചിരി നെഞ്ചില്‍ ഇല്ലെന്നുറപ്പാണ്. ചിലരെങ്കിലും തനിച്ചാണ്, ചിലര്‍ തനിച്ചാക്കപ്പെടുകയാണ്. എന്നും കുഞ്ഞുങ്ങളെ എടുത്ത് ചികിത്സക്ക് കൊണ്ടു വരുന്നത് കണ്ട് സഹതപിക്കുന്നവരും ഒരിക്കല്‍ പോലും 'ഇന്ന് ഞങ്ങള്‍ കൊണ്ടാക്കിത്തരാം' എന്ന് പറയുന്നത് കേള്‍ക്കുന്നില്ല. അവരുടെ ലോകത്തേക്ക് ഒരിക്കല്‍ പോലും കടന്ന് ചെല്ലാന്‍ ബോധപൂര്‍വ്വം നമ്മള്‍ ശ്രമിക്കാതിരിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം രോഗിയായ മൂത്ത മകളെ കുത്തിവെപ്പെടുപ്പിക്കാന്‍ ആധി പൂണ്ട മാതാപിതാക്കള്‍ വന്നത് കിടപ്പിലായ രണ്ടാമത്തെ കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ മറ്റൊരാളില്ലാത്തത് കൊണ്ട് വീട്ടില്‍ തനിച്ച് കിടത്തി പൂട്ടിയിട്ടാണ്. ആ അമ്മയുടെ കണ്ണീര്‍ തന്നെ മനസ്സില്‍ നിന്ന് വറ്റി വരുന്നതേയുള്ളൂ. അല്‍പം മനസ്സമാധാനത്തോടെ പുറത്തിറങ്ങാനോ, ആശുപത്രിയിലോ പൊതുപരിപാടികള്‍ക്കോ പോകാനോ അവര്‍ക്ക് സാധിക്കില്ല. എന്തിന് പറയുന്നു, ഒന്ന് മൂത്രമൊഴിക്കാന്‍ പോകാന്‍ പോലും സൈ്വര്യമില്ലാത്ത അമ്മമാരുണ്ട്. ഇവരെ പലപ്പോഴും തനിച്ചാക്കുന്നത് ബന്ധുക്കള്‍ മാത്രമല്ല, ഈ കുഞ്ഞില്‍ തുല്യ അവകാശമുള്ള ജീവിതപങ്കാളി പോലുമാണ്. ഭിന്നശേഷിക്കാരായ മക്കളെയും അവരെ നോക്കുന്ന ഭാര്യമാരേയും പൊന്നുപോലെ നോക്കുന്ന പുരുഷന്മാരെ വിസ്മരിക്കുന്നില്ല. എന്നാല്‍ ചില കുടുംബങ്ങളിലെങ്കിലും അതല്ല അവസ്ഥ.

ദാമ്പത്യജീവിതത്തിലും നിത്യകാര്യങ്ങളിലും കല്ലുകടിയാവുന്ന ഭിന്നശേഷിയുള്ള മക്കളെ ജന്മം കൊടുത്ത അച്ഛന്‍ തന്നെ ശത്രുവായി കാണുന്ന അവസ്ഥ പോലുമുണ്ട്. അച്ഛനും നൊന്തുപ്രസവിച്ച കുഞ്ഞിനുമിടയില്‍ കിടന്ന് ശ്വാസംമുട്ടുന്ന ആ അമ്മമനസ്സുകളുടെ നോവ് ആരറിയാന്‍ ?  ഒന്നു ശ്രദ്ധിച്ചാല്‍ കാണാം, അവരുടെ കണ്ണില്‍ പതിഞ്ഞുകിടക്കുന്ന വേവലാതികളുടെ സങ്കടക്കടല്‍. നടുക്കയത്തില്‍ അവര്‍ ഒഴുക്കിനെതിരെ നീന്തേണ്ടി വരുന്നത് പൂര്‍ണമായും തന്നെ ആശ്രയിക്കുന്ന ഒരു കുഞ്ഞുമായിട്ടാണല്ലോ? 

സാധാരണ കുഞ്ഞുങ്ങളുടെ വാക്കും നോക്കും ചിരിയും അമ്മമനസ്സില്‍ കുളിരാകുമ്പോള്‍, ഈ കുഞ്ഞുങ്ങള്‍ അവര്‍ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നത് ഒന്ന് പറഞ്ഞെങ്കില്‍, വെള്ളം വേണമെന്നോ ഉറങ്ങണമെന്നോ ഒന്ന് സൂചിപ്പിച്ചെങ്കില്‍ എന്നെല്ലാമാണ് പെറ്റമ്മ മോഹിക്കുന്നത്. ഈ കുഞ്ഞിന്റെ പിറവിയോടെ ലോകം ചുരുങ്ങിപ്പോകുന്ന മാതാവിന്റെ സഹനം എങ്ങും രേഖപ്പെടുത്തുന്നില്ല. 

മാനസികാസ്വാസ്ഥ്യമുള്ള കുഞ്ഞിന്റെ സുരക്ഷിതത്വമാണ് അടുത്ത വിഷയം. അരുതെന്ന് പറയാന്‍ ഇവര്‍ക്കറിയില്ല. അരുതെന്ന് പറയിക്കേണ്ട അമ്മക്ക് അതിനൊട്ട് ആവുന്നുമില്ല. ലൈംഗിക വളര്‍ച്ചയെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ഇല്ലാതിരിക്കാന്‍, അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ഗര്‍ഭിണി ആകാതിരിക്കാന്‍ ഗര്‍ഭപാത്രം എടുത്ത് കളഞ്ഞവരുണ്ട് നമ്മുടെ നാട്ടില്‍. ഈ കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയും അവര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. 

ലൈംഗിക വളര്‍ച്ച എത്തിയെങ്കിലും ബൗദ്ധികമായ വളര്‍ച്ചക്കുറവ് മൂലം സ്ത്രീകളോട് മകന്‍ അപമര്യാദയായി പെരുമാറാതിരിക്കാന്‍ ഏറെ പണിപ്പെടുന്ന അമ്മമാരുണ്ട്. പൊതുമദ്ധ്യത്തില്‍ സ്വയംഭോഗത്തിന് മുതിരുന്ന മകനെ വിലക്കാനും വഴക്ക് പറയാനും പിടിച്ചു മാറ്റാനുമൊന്നുമുള്ള ഊര്‍ജം അവരുടെ തളര്‍ന്ന ശരീരങ്ങളില്‍ ബാക്കിയില്ല. അവരുടെ ചേഷ്ടകള്‍ നിയന്ത്രിക്കാനും ഈ അമ്മമാരെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. മനസ്സ് വളരാത്ത ഒരു മുതിര്‍ന്ന പുരുഷന്റെ  അമ്മയുടെ ഗതികേടിന്റെ പാരമ്യതയാണത്. കെട്ടിപ്പടുത്ത സ്വര്‍ഗങ്ങളില്‍ നിന്ന് പുറത്തിറങ്ങാത്ത സ്വയം പ്രഖ്യാപിത ഭാഗ്യവാന്‍മാരായ നമുക്ക് ഇത്തരം ചില തിരിച്ചറിവുകള്‍, നമുക്ക് ചുറ്റും ഇങ്ങനെ ചിലത് കൂടിയുണ്ടെന്ന നേര്‍ക്കാഴ്ചകള്‍ ഒഴിച്ചു കൂടാനാവാത്തവയാണ്. 

എന്താണ് നമുക്ക് ചെയ്യാനാവുക? എന്നെങ്കിലും 'ചാരിറ്റി' എന്ന പേരില്‍ നൂറ് രൂപ കൈയില്‍ വെച്ചു കൊടുത്താല്‍ തീരുന്നതല്ല നമുക്ക് ചുറ്റുമുള്ള അമ്മമനസ്സുകളുടെ ഭാരത്തിനോടുള്ള ഉത്തരവാദിത്വം. പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുന്നത് ആരുടേയും പുണ്യമോ മറിച്ചാകുന്നത് മുജ്ജന്മപാപമോ അല്ല. എവിടെയോ കേട്ടത് പോലെ 'അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കഥകള്‍ മാത്രമാണ്' എന്നതും സത്യം.

മക്കളെയോര്‍ത്തുള്ള വേദനകള്‍ക്ക് മരുന്നായി ഒരമ്മക്കും ആരുടേയും സഹതാപം ആവശ്യമില്ല. സമൂഹം അവരേയും ആ കുഞ്ഞിനേയും അവരില്‍ ഒരാളായി കാണാന്‍ പഠിക്കണം. 'എന്നാലും നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ' എന്ന് മൂക്കത്ത് വിരല്‍ വെക്കുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒരു പൂ നുള്ളും പോലെ നിസ്സാരമാണ്. ഒരമ്മയുടെ നെഞ്ചിലെ കനലിലേക്കാണ് നമ്മള്‍ അറക്കപ്പൊടി വിതറുന്നത്. കത്തലടങ്ങുന്നില്ല, കനലും.

നമ്മള്‍ ചെയ്യേണ്ടത്, അവര്‍ക്ക് ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ഉപദ്രവമാകാതിരിക്കുക എന്നതാണ്. അവരോട് മിണ്ടിയാല്‍ പോലും ബാധ്യതയായേക്കുമോ എന്ന ഭീതി ഒഴിവാക്കുക. 'സാരമില്ല' എന്ന് പറയാന്‍ കഴിയണം. അവര്‍ക്കൊപ്പം നില്‍ക്കണം. വെറും സാമ്പത്തിക സഹായത്തിലപ്പുറം അവരുടെ പുനരധിവാസത്തിന് വേണ്ടി ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന സെന്ററുകളുണ്ടാവണം. ഒത്ത് പിടിച്ചാല്‍ സാധിക്കാത്തതല്ല ഇതൊന്നും. അനവധി തൊഴിലവസരങ്ങളുള്ള മേഖല കൂടിയാണിത്. ആ കുഞ്ഞുങ്ങളും മാതാപിതാക്കളും രക്ഷപ്പെടുകയും ചെയ്യും.

കുഞ്ഞുങ്ങളെയോര്‍ത്ത് വേദനിക്കുന്ന അമ്മമാര്‍ ചുറ്റുമുണ്ട്. മക്കള്‍ നിത്യരോഗികളായിരിക്കാം, ഭിന്നശേഷിക്കാരായിരിക്കാം, പഠനവൈകല്യങ്ങളോ ലഹരിക്കെടുതിയില്‍ പെട്ടവരോ ആകാം. കുട്ടികളെ സ്വസ്ഥമായി വളര്‍ത്താനുള്ള സാഹചര്യമില്ലാത്ത കുടുംബമാകാം. കുട്ടികള്‍ മരണപ്പെട്ട് ഹൃദയത്തില്‍ തറച്ച ചൂണ്ടക്കൊളുത്ത് പറിച്ചെറിയാന്‍ സാധിക്കാത്ത അമ്മക്കിളികളുണ്ടാവാം. ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ എനിക്കും നിങ്ങള്‍ക്കും ചുറ്റുമവരെല്ലാമുണ്ട്. ചേര്‍ത്ത് പിടിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല, മുഖത്ത് കൊട്ടിയടക്കപ്പെടരുത് വാതിലുകള്‍. അപമാനിക്കരുത്, അവഹേളിക്കരുത്. അതിനുള്ള യോഗ്യതയില്ല നമുക്ക്. 

എട്ട് പ്രസവിച്ച് കാന്‍സറിന് ചികിത്സ തേടാതെ മരിക്കുന്ന അമ്മയെ പ്രതീകവത്കരിക്കുന്നയിടത്ത്, ജീവിച്ചിരിക്കുന്ന ഈ ഇതിഹാസങ്ങളെ, അമ്മയെന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്ന് ചോദിച്ചാല്‍ നിസ്സംശയം ചൂണ്ടിക്കാണിവുന്നവരെ നാം സ്വീകരിക്കുന്നത് അവജ്ഞയോടെയാണ്. ഇനിയുമതുണ്ടാകരുത്...

അമ്മയുടെ കണ്ണുനീര് കൊണ്ടും കണ്ടും വേണ്ട നമ്മുടെ ചിരികള്‍...