വലിയൊരു മുറി.
അതിനു നടുവിലൊരു ടേബിള്‍.

ചുറ്റും പച്ചയുടുപ്പിട്ടു തലയില്‍ തൊപ്പിയും മാസ്‌കും ഗ്ലൗസുമിട്ട് കത്തിയും പിടിച്ചൊരു ഡോക്ടര്‍. കൂടെ അദ്ദേഹത്തിന്റെ പരിവാരം. കുറേ ഉപകരണങ്ങള്‍... പിന്നെ, ഹൃദയമിടിപ്പിനെ അനുസ്മരിപ്പിക്കുന്ന അത്യാവശ്യം പേടിയാവുന്ന പശ്ചാത്തലസംഗീതവും.

പൊതുജനങ്ങള്‍ക്കു സിനിമ എന്ന മാധ്യമം പകര്‍ന്നു കൊടുത്ത ഓപ്പറേഷന്‍ തിയേറ്ററിന്റെ ദൃശ്യമിതാണ്. മെഡിസിനു ചേര്‍ന്നു രണ്ടാം വര്‍ഷമെത്തുംവരെ എന്റെ സങ്കല്‍പവും ഏതാണ്ട് ഇതുതന്നെ. മിണ്ടാതെ, ഉരിയാടാതെ, ഗൗരവത്തില്‍ മുങ്ങി ജോലി ചെയ്യുന്ന ഡോക്ടര്‍ സര്‍ജറി കഴിഞ്ഞ് പുറത്ത് വന്ന് 'സക്‌സസ്' എന്ന് പറയുന്നു. എല്ലാവരും സന്തോഷാതിരേകത്താല്‍ കണ്ണീരണിയുന്നു. ആഹാ, മനോഹരം !

അല്ല, ഞാനൊരു സര്‍ജനല്ല. 
സര്‍ജറി വേണ്ടി വരുന്ന ഉപരിപഠന വിഭാഗങ്ങളോടു താല്‍പര്യവുമില്ല. അത്രയേറെ ശുഷ്‌കാന്തിയോടെ മണിക്കൂറുകള്‍ നിന്നനില്‍പില്‍ ജോലി ചെയ്യാന്‍ ഉള്ള കഴിവുള്ളതായി തോന്നിയിട്ടില്ല. പക്ഷേ, സര്‍ജറി എന്ന അദ്ഭുതലോകത്തോടു തോന്നിയിട്ടുള്ള ബഹുമാനം ചെറുതല്ല. 

കണ്ടിട്ടുണ്ടോ ഓപ്പറേഷന്‍ തിയേറ്ററിനകം? അറിയാമോ ഉള്ളിലേക്ക് കയറും തോറും പലതായി പിരിയുന്ന ആ നിശബ്ദമായ തണുപ്പന്‍ മുറികളുടെ അകത്തളങ്ങള്‍? പുറംലോകം ഭീതിപ്പെടുന്ന അന്തരീക്ഷമൊന്നും അവിടെയില്ല. ഗൗരവമാര്‍ന്ന കാര്യങ്ങള്‍ നടക്കുന്ന വളരെ ഉത്തരവാദിത്തമുള്ള, കണിശതയുള്ള ആ മുറികളിലൊന്നിലൂടെ....

സര്‍ജറിക്കു കയറുന്നതിനു  തൊട്ടുമുന്‍പു പേരിന് അല്‍പം ബ്ലഡ് പ്രഷര്‍ കൂടാത്ത രോഗികളുണ്ടാകില്ല. സൂചികുത്തിനെ പേടിക്കുന്നവര്‍ കത്തി വെക്കുന്നതിനെ എങ്ങനെയാണു ലഘുവായി കാണുക? നമ്മുടെ ചിരിയിലും ഇടപെടലിലുമാണ് അവര്‍ കുറച്ചെങ്കിലും ധൈര്യം സംഭരിക്കുന്നത്.  

'മയക്ക് ഡോക്ടര്‍' എന്ന് വിളിക്കപ്പെടുന്ന അനസ്തറ്റിസ്റ്റ് വരുംവരെ മാത്രമേ ഈ ഭീതിക്കും ഭയത്തിനും ആയുസ്സുള്ളൂ. അവരുടെ മരുന്നുകളില്‍ റിലാക്‌സ് ആകുന്ന രോഗി പിന്നീടുണരുന്നതു ശസ്ത്രക്രിയ കഴിഞ്ഞിട്ടാകും .

സര്‍ജന്‍ വന്നു കൈ കഴുകി ഗ്ലൗ ഇടുന്നതു മുതല്‍ സകലതിനും ഒരു ക്രമമുണ്ട്. ചോദിക്കുമ്പോള്‍ ചോദിക്കുന്ന ഉപകരണം എടുത്തു കൊടുക്കുന്ന നേഴ്‌സിനും കൂടെ നില്‍ക്കുന്ന അസിസ്റ്റന്റിനും മിടിപ്പും ശ്വസനവും ബ്ലഡ് പ്രഷറും അളന്നു കൊണ്ടേയിരിക്കുന്ന അനസ്തറ്റിസ്റ്റും ചേര്‍ന്നു സുന്ദരമായ ടീം വര്‍ക്കാണ് ഓരോ സര്‍ജറിയും.

രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയയായിട്ടുണ്ട്. സംഗതികളെക്കുറിച്ചു ധാരണയുള്ളതു കൊണ്ടാകാം വലിയ കൂസലൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, തിയേറ്ററിനു പുറത്തു കാത്തിരിക്കുന്ന പരിപാടി വന്‍ദുരന്തമാണ് എന്നതിനു സംശയവുമില്ല.

പഠിച്ച മെഡിക്കല്‍ കോളേജിനു പുറത്തുള്ള ആശുപത്രിയില്‍ ഭര്‍ത്താവിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. തിയേറ്ററിനകത്തു കയറാന്‍ നിര്‍വ്വാഹമില്ല. മണിക്കൂറുകള്‍ പലതു കഴിഞ്ഞു. എന്താണകത്തു സംഭവിക്കുന്നത് എന്നറിയാന്‍ മാര്‍ഗമില്ല. ചെയ്യുന്ന സര്‍ജറിയുടെയും കൊടുത്ത അനസ്‌തേഷ്യയുടെയും ഇത്രയേറെ കോംപ്ലിക്കേഷനുകള്‍ പഠിച്ചത്  എനിക്കോര്‍മ്മയുണ്ടായിരുന്നു എന്നറിഞ്ഞതു നേരം പോകുന്തോറും ഒരു സ്ലൈഡ്‌ഷോ പോലെ അവ കണ്‍മുന്നില്‍ തെളിയാന്‍ തുടങ്ങിയപ്പോഴാണ്.

നാലു മണിക്കൂര്‍ പുറത്തുനിന്ന് മനസ്സില്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടും പുറത്തു സമ്മര്‍ദം കാണിക്കാതെ ഓടി നടന്നും ആ നേരം കഴിഞ്ഞു. എല്ലാം കഴിഞ്ഞ് ഒരാള്‍ക്കു മാത്രം കാണാമെന്നു പറഞ്ഞപ്പോള്‍ ഓടിച്ചെന്നതു മയങ്ങിക്കിടക്കുന്ന പ്രിയപ്പെട്ടവന്റെ അടുത്തേക്കാണ്. ഫ്‌ലൂയിഡ് ഇടാന്‍ കൈയില്‍ കുത്തിയിരുന്ന കാനുല പോലും ഒരു ഭീകരജീവിയും അധികപ്പറ്റുമായിട്ടാണ് ആ വേളയില്‍ തോന്നിയത്. ആ കാഴ്ച കാണുന്ന 'സാധാരണക്കാരന്‍ ' ആദ്യമായി ചിന്തയില്‍ വന്നതും അന്നാണ്.

പല തവണ കയറിയ ഓപ്പറേഷനുകളില്‍ ഒന്നില്‍ പോലും തോന്നാത്ത ഭീതി അന്ന് ആ മുറിക്കു വെളിയില്‍ നിമിഷങ്ങള്‍ പെറുക്കിത്തീര്‍ത്ത നേരത്തറിഞ്ഞു. അന്നു മുതല്‍ ആ കാത്തിരിപ്പുകാരോട് ഒരല്‍പം ക്ഷമ കൂടുതല്‍ കാണിക്കാന്‍ തുടങ്ങിയെന്നതാണ് സത്യം. 

ചികിത്സയെന്ന അനിവാര്യതയില്‍ ഒഴിച്ചു കൂടാന്‍ വയ്യാത്ത നിഴല്‍വേളകള്‍... മനുഷ്യത്വം തണല്‍ വിരിക്കുമ്പോള്‍ മാത്രം ആശ്വാസം പെയ്യുന്ന ചോരച്ചിത്രങ്ങള്‍. വേദനയും വിഷമവും കേള്‍ക്കാന്‍ മാത്രമായി ചേര്‍ത്തു വെച്ചിരിക്കുന്ന രാപ്പകലുകള്‍. കണ്ണീരും... അതേ കണ്ണീര്‍ രത്‌നം പോലെ തിളങ്ങുന്ന ചിരിയില്‍ കോര്‍ത്തു വെച്ചതുമെല്ലാം ചിതറിയിട്ട ആശുപത്രി ഇടനാഴി...

'കുറിപ്പടിയില്‍ കിട്ടാത്തത്' തന്നെയാണ് ഇവയെല്ലാം.  അവയാണ് ഇനിയുള്ള അക്ഷരങ്ങളും...


ഡോക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ ഇന്‍ഫോ ക്ലിനിക്കിന്റെ അഡ്മിനാണ് ലേഖിക.