കുത്തിവെച്ച് കുത്തിവെച്ച് ഒടുക്കം സ്വന്തം തോളത്ത് കേറി എംആര്‍ വാക്‌സിനെടുത്ത് വീട്ടില്‍ വന്ന് കയറിയ ദിവസം മനസ്സില്‍ വിഷമമായിരുന്നു. വാക്‌സിനെടുത്തതിന്റെ സങ്കടമെന്ന് തെറ്റിദ്ധരിക്കരുത്. കുത്തിവെപ്പ് കൊണ്ട് എനിക്ക് കൂടി മീസില്‍സിനും റുബല്ലക്കുമെതിരെ സംരക്ഷണം കിട്ടിയതിന്റെ ആശ്വാസം മാത്രം. പക്ഷേ, സ്വന്തം മക്കളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഡോക്ടറുടെ ശരീരത്തില്‍ വാക്‌സിന്‍ പരീക്ഷിക്കണം എന്ന് വരുന്ന ദുര്‍ഗതിയില്‍ നിന്നും എന്താണ് നാം പഠിക്കേണ്ടത്? കഴിഞ്ഞ വര്‍ഷം കൃത്യമായ കുത്തിവെപ്പുകള്‍ എടുക്കാത്തത് കാരണം ഡിഫ്തീരിയ വന്ന് ഒരു കൗമാരക്കാരന്‍ മരിച്ചതിന് തൊട്ടടുത്താണ് എനിക്ക് സ്വയം കുത്തിവെച്ച് വാക്‌സിന്റെ സുരക്ഷിതത്വം തെളിയിക്കേണ്ടി വന്നത് എന്നുമോര്‍ക്കണം.

സ്വന്തം കുട്ടികളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ വാഗ്വാദവും വക്കാണവുമെല്ലാം. മെഡിക്കല്‍ കോളേജില്‍ വെച്ച് പത്തും ഇരുപതും മിനിറ്റ് ഉള്ളില്‍ വിറച്ച് വൈവയെ നേരിട്ടത് ഇന്നൊരു മുതല്‍ക്കൂട്ടായിരിക്കുന്നു. കഴിഞ്ഞ ദിവസം മൂന്ന് യുവാക്കള്‍ മുന്നില്‍ നിന്ന് ഒന്നര മണിക്കൂറാണ് വാക്‌സിനെക്കുറിച്ച് ചോദിച്ചത്. തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്രവും സാമൂഹികവുമായ കാര്യങ്ങള്‍ വെച്ച് ഉദാഹരണസഹിതം ഉത്തരം പറഞ്ഞു കൊണ്ടേയിരുന്നു. എവിടെയും ആശങ്കകളില്ലാത്ത ഉത്തരങ്ങളില്‍ തൃപ്തരായത് കൊണ്ടാകാം, അവരുടെ മൂന്ന് കുട്ടികള്‍ക്ക് എംആര്‍ വാക്‌സിന്‍ എടുത്തു. ഈ കണ്ട സംസാരം മുഴുവന്‍ കഴിഞ്ഞ് അവര്‍ പോകുമ്പോള്‍ അവര്‍ തമ്മില്‍ നേഴ്‌സുമാര്‍ കേള്‍ക്കേ പറഞ്ഞത് ഇതാണ്.

'എടാ നമുക്ക് കുട്ടികളെ വീട്ടില്‍ കൊണ്ടുപോവുകയല്ലേ?'

'വേണ്ടെടാ, ഇവിടെ നിന്നോട്ടേ. അഥവാ വല്ലതും വന്നാല്‍ അവര് നോക്കിക്കോളും...'

ഇതാണ് മലപ്പുറത്തെ അവസ്ഥ. ആശങ്കകള്‍ ഒഴിയുന്നതേയില്ല. തിരിച്ചുമുണ്ട്. അത്തരത്തില്‍ ഒരനുഭവം കഴിഞ്ഞ ദിവസം മഞ്ചേരിക്കടുത്തുള്ള ഒരു സ്‌കൂളില്‍ വെച്ചുണ്ടായി.

''ഡോക്ടറേ, ഞങ്ങള്‍ എത്രയോ ചികിത്‌സിച്ചിട്ട് ഉണ്ടായ മോളാണ്. അവളുടെ തലയോട്ടിയുടെ ഒരു ഭാഗത്തിന് കട്ടി കുറവാണ്. അവള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ പറ്റുമോ?'. കൈയില്‍ സിടി സ്‌കാന്‍ ഫിലിമുകളും ഒരു കെട്ട്  മെഡിക്കല്‍ റെക്കോര്‍ഡുകളുമായി വന്നൊരു അമ്മയുടെ ചോദ്യമാണ്.

മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പ്രകാരം അവള്‍ക്ക് തലച്ചോറിന് പുറത്തേക്ക് വളര്‍ന്നൊരു മുഴയുണ്ട്. നിരുപദ്രവകാരിയാണ്. നിലവില്‍ ആ അഞ്ച് വയസ്സുകാരി മരുന്നൊന്നും കഴിക്കുന്നില്ല. കാഴ്ചയില്‍ ആരോഗ്യവതിയുമാണ്. കുറച്ച് കാലത്തിന് ശേഷം സര്‍ജറി പറഞ്ഞിട്ടുണ്ടത്രേ. 

എംആര്‍ വാക്‌സിന്‍ കൊടുത്തോളാന്‍ പറഞ്ഞു. ഇഞ്ചക്ഷന്‍ എടുത്ത മോളെയും കൊണ്ട് ആ അമ്മ കരഞ്ഞു തിരിച്ച് വരുന്നത് കണ്ട് ഉള്ളൊന്നു കാളി. ഇനിയിപ്പോ എന്ത് പരാതിയാണാവോ!

'ഡോക്ടറേ, ഞങ്ങള്‍ ഈ പ്രായം വരെ ഇങ്ങനത്തെ പത്ത് കുട്ടികളെ വളര്‍ത്താനുള്ള ചിലവ് ഈയൊരു മോള്‍ക്ക് വേണ്ടി ചെലവാക്കി. അവള്‍ ഇപ്പോള്‍ കളിക്കുന്നു, പഠിക്കുന്നു. ഞങ്ങളത്ര പൈസക്കാരൊന്നുമല്ല. മൂപ്പര്‍ക്ക് കൂലിപ്പണിയാണ്. എന്നിട്ടും ഒരു കുറവും മോള്‍ക്ക് വരുത്തീട്ടില്ല.

ഓള്‍ക്ക് സാധാരണ കുട്ടികളെപ്പോലെ കുത്തിവെപ്പ് കൊടുക്കാന്‍ പറ്റുന്നതൊന്നും വിശ്വയ്ക്കാന്‍ പറ്റാഞ്ഞിട്ടാണ് ഞാന്‍ നെലോള്‍ക്ക്ണത്. ഞങ്ങളെ കുട്ടിക്കും ഇതിനൊക്കെ ഭാഗ്യമുണ്ടായല്ലോ. ഡോക്ടറൊന്നും വിചാരിക്കരുത്‌ട്ടോ...'

കണ്ണ് നിറഞ്ഞ് പോയി. വിദ്യാസമ്പന്നരായ പലരും വാട്ട്‌സപ്പ് 'സര്‍വ്വകലാശാല'യെ കണ്ണുമടച്ച് വിശ്വസിച്ച് യാതൊന്നും ചിന്തിക്കാതെ മുന്‍വിധികള്‍ക്ക് സ്വന്തം മക്കളെ പണയം വെക്കുമ്പോള്‍ 'കഷ്ടപ്പാടിനൊപ്പം ബുദ്ധിമുട്ട്' എന്ന ദുരവസ്ഥയില്‍ കഴിയുന്നവര്‍ പോലും എത്രമാത്രം ശാസ്ത്രാവബോധമാണ് കാഴ്ചവെക്കുന്നത് !

നാലാം ക്ലാസിലെ കുട്ടികള്‍ തമ്മില്‍ ''ഇയ് കുത്തിവെപ്പ് എടുത്തീലേ, അനക്ക് കുട്ടികളുണ്ടാകൂല'' എന്ന് പറഞ്ഞ് കളിയാക്കുന്നത് കണ്ട് തലയില്‍ കൈ വെച്ചിരുന്നിട്ടുണ്ട്. ആറാം ക്ലാസുകാരന്‍ നോട്ട്ബുക്കില്‍ നിന്ന് പറിച്ച അരിക് തോരണം പോലെയായ പേജില്‍ 'കുത്തിവെപ്പില്‍ എനിക്കെന്തെങ്കിലും സംബവിച്ചാല്‍ ഡോട്ടര്‍ ഉത്തരവാതിയാണ്, signeture' എന്നെഴുതി കൊണ്ടു വന്നു. അക്ഷരതെറ്റുകളുടെ  അക്ഷയപാത്രമായ അങ്ങനെയൊരു സമ്മതപത്രം അവന്റെ കുഞ്ഞിതലയിലെ ബുദ്ധിയല്ലെന്നുറപ്പ്. വളര്‍ന്ന് വരുന്ന തലമുറ കൂടി ഇത് തലച്ചോറില്‍ ഊട്ടിയുറപ്പിക്കുന്നു. വാക്‌സിന്‍ വിരുദ്ധത വേരാഴ്ത്തിയിരിക്കുന്നത് ചെറിയ ആഴത്തിലേക്കല്ല. 

ഓരോയിടത്തും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടി വരുന്നു, ചിലയിടത്ത് തൊണ്ടയിടറുന്നു, പല സ്‌കൂളുകളിലും മണിക്കൂറുകള്‍ ശാസ്ത്രം പറഞ്ഞ് നില്‍ക്കുന്നു. ചിലയിടത്ത് സ്വന്തം മക്കള്‍ക്ക് വാക്‌സിനെടുത്ത ചിത്രം കാണിക്കേണ്ടി വരുന്നു. മറ്റു ചിലപ്പോള്‍ സ്വയം വാക്‌സിനെടുത്ത വാര്‍ത്ത പറയുന്നു. അത് പറഞ്ഞപ്പോള്‍ ഒരിക്കല്‍ കിട്ടിയ മറുപടി ' ഗവണ്‍മെന്റിന് കീഴില്‍ ജോലി ചെയ്യുമ്പോള്‍ ഇങ്ങക്കതൊക്കെ ചെയ്യേണ്ടി വരും'. എന്ത് പറയാനാണ് ! 

ഇത് ഒരു ഡോക്ടറുടെ കഥയല്ല. മലപ്പുറത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇങ്ങനെയൊരു നൂറ് അനുഭവകഥകളുണ്ട് പറയാന്‍. എത്ര ശ്രമകരമാണെങ്കിലും മീസില്‍സിനും റുബല്ലക്കുമെതിരെയുള്ള ഈ യജ്ഞം ഞങ്ങള്‍ തുടരുക തന്നെയാണ്. ഓരോ കുട്ടിയുടേയും അവകാശം നിറവേറ്റാനുള്ള ഈ പരിശ്രമം ആരോഗ്യരംഗത്തിനൊരു പൊന്‍തൂവലാണ്.

ഞങ്ങള്‍ക്കറിയാം, ഇത് ഞങ്ങളുടേയും രക്ഷിതാക്കളുടേയും കടമ മാത്രമാണ്. കുഞ്ഞുങ്ങള്‍ക്കത് അവരുടെ അവകാശവും. അഭിമാനമാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍. അതിനായ് ഞങ്ങളുണ്ടാകും. ശാസ്ത്രവിരുദ്ധര്‍ എത്ര ശ്രമിച്ചാലും ഉണ്ടാകുക തന്നെ ചെയ്യും.