Shimna Coloumn
വര: മനോജ്കുമാര്‍

പുരുഷന്‍മാര്‍ക്ക് പ്രസവവാര്‍ഡിലേക്ക് പ്രവേശനമില്ല. വാര്‍ഡിനകത്താണ് വനിതാമുന്നേറ്റം. വാര്‍ഡിന് പുറത്ത് പണിത തിണ്ണകളിലെല്ലാം പുരുഷകേസരികളുടെ അതിപ്രസരം.  രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ അന്നത്തെ പ്രധാനവാര്‍ത്തകളറിയാന്‍ അവര്‍ക്കിടയിലൂടെ രണ്ട് റൗണ്ട് നടന്നാല്‍ മതി. ചാനല്‍ ചര്‍ച്ചകള്‍ തോറ്റ് പോകുന്ന സംസാരമാണ്. 

അവര്‍ക്കിടയിലൊന്നും പെടാത്തൊരു കൂട്ടിരിപ്പുകാരന്‍ എപ്പോഴും തനിച്ചിരിക്കുന്നത് കാണാം. കട്ടിമീശയുള്ള ഇരുണ്ട് നീണ്ടൊരാള്‍. ഹൗസ് സര്‍ജന്‍മാരായ ഞങ്ങളെ ഉള്‍പ്പെടെ ആരെയും അങ്ങേര്‍ക്ക് കണ്ടുകൂടാ. തൊട്ടതിനും പിടിച്ചതിനുമെല്ലാം ചീത്ത വിളിക്കും. അയാളുടെ ഭാര്യ നടക്കുമ്പോള്‍ കാല് തെന്നിയാല്‍ പോലും നേഴ്‌സിംഗ് സ്‌റ്റേഷനിലെ നേഴ്‌സിന് കണ്ണും കാതും നിറയേ കേള്‍ക്കാം. ആ ഒരു വാര്‍ഡ് തന്നെ അയാളെക്കൊണ്ട് പൊറുതി മുട്ടിയിരുന്നു. എനിക്ക് നോക്കാനുള്ള രോഗികളില്‍ പ്രസവമടുത്ത അയാളുടെ ഭാര്യ ഉള്‍പ്പെടാത്തതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു, പത്തു മീറ്റര്‍ അകലവും പാലിച്ചു. സ്വാഭാവികമായും എനിക്കയാളുടെ ഭാര്യയുടെ യാതൊരു വിവരവും അറിയില്ലായിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞു. അന്നെനിക്ക് ലേബര്‍ റൂം നൈറ്റ് ഡ്യൂട്ടിയാണ്. ഒരു മുപ്പത്തേഴുകാരി ലേബര്‍ ടേബിളിലുണ്ട്. കേസ് ഷീറ്റ് നോക്കിയപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന അധികപരിഗണനയുടെ കാരണം വ്യക്തമായി.  വിവാഹശേഷം അഞ്ച് വര്‍ഷം വന്ധ്യതാചികിത്സ നടത്തി ആദ്യമായി ഗര്‍ഭം ധരിച്ചു. അത് അലസിപ്പോയി. മൂന്നു തവണ ടെസ്റ്റ് ട്യൂബ് ഗര്‍ഭത്തിന് ശ്രമിച്ചു, ഫലിച്ചില്ല. ഒരു തവണ മാസം തികഞ്ഞ് പ്രസവിച്ചത് ചാപിള്ളയെയാണ്. വിവാഹം കഴിഞ്ഞ് പതിനേഴ് വര്‍ഷമാകുന്നു. ഫലത്തില്‍ ഇപ്പോള്‍ പാതിവഴിയെത്തി അമ്മയെ പേറ്റുനോവനുഭവിപ്പിക്കുന്നത് അവരുടെ ആദ്യത്തെ കണ്‍മണിയാണ്.

പ്രസവ സമയത്തുടനീളം അവരുടെ ബ്ലഡ് പ്രഷര്‍ ഉയര്‍ന്നു തന്നെ നിന്നു. സിസേറിയന്‍ പല തവണ പരിഗണിച്ചെങ്കിലും കുഴപ്പമില്ലാതെ തന്നെ അവര്‍ പ്രസവിച്ചു. കുഞ്ഞിനെ പീഡിയാട്രീഷ്യന് കൈമാറുന്ന നേരത്ത് ഞാനവരെയൊന്ന് പാര്‍ത്തു നോക്കി. അവരുടെ കണ്ണുകള്‍ തുടരെ ചാലിട്ടൊഴുകുന്നത് ചെവിയുടെ കുഴിയില്‍ ചെന്ന് തളംകെട്ടി കിടക്കുന്നു. ഒരു നോട്ടം നോക്കാനേ സാധിച്ചുള്ളൂ,  ഗൈനക്കോളജിസ്റ്റിനോടൊപ്പം ഡെലിവറി നോട്ടെഴുതാന്‍ പോകേണ്ടി വന്നു. അപ്പോഴേക്കും സിസ്റ്റര്‍ ആ മാലാഖക്കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞിരുന്നു. 

അന്ന് കുഞ്ഞുവാവയെ പുറത്തു കാണിക്കാന്‍ കൊണ്ടുപോയത് ഞാനാണ്. അമ്മയുടെ പേര് വിളിച്ചപ്പോള്‍ ഓടി വന്ന മനുഷ്യനെ കണ്ട് ഞാനൊന്ന് ഞെട്ടി. എല്ലാവരേയും ചീത്ത വിളിച്ചോണ്ട് നടക്കുന്ന ഇങ്ങേരുടെ കുട്ടിയായിരുന്നോ ഇത്! കുഞ്ഞിനെ കൈമാറുന്നേരം മോളുടെ ഭാരവും പറഞ്ഞു കൊടുത്തു. 

എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ മനുഷ്യന്‍ പഞ്ഞിക്കൂട്ടം പോലുള്ള ആ കുഞ്ഞിപൈതലിനെ എന്റെ കൈയില്‍ നിന്നുമേറ്റു വാങ്ങി മാറോടണച്ചു വിതുമ്പാന്‍ തുടങ്ങി. ആ വിതുമ്പല്‍ പിന്നെയൊരു പൊട്ടിക്കരച്ചിലായി. അവളെ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞ് തളര്‍ന്ന് അയാളിരുന്നു. ആ വാവ അയാളുടെ കൈയില്‍ നിന്ന് വീഴുമോ എന്ന് പോലും ഒരു വേള ഞാന്‍ ഭയപ്പെട്ടു. ആരൊക്കെയോ വന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച ആ പിതാവിനെ വിറയ്ക്കുന്ന മനസ്സോടെ ഒന്ന് തിരിഞ്ഞ് നോക്കി ഞാന്‍ ലേബര്‍ റൂമിലേക്ക് തിരിച്ചു നടന്നു. 

ആ നേരമത്രയും, അന്നത്തെ ഉറക്കം അടുത്തു പോലും വരാതിരുന്ന രാവ് മുഴുവനും ആ മനുഷ്യനെക്കുറിച്ച് മുന്‍വിധി വെച്ച് പുലര്‍ത്തിയ എന്റെ മനസ്സിന്റെ കരണത്തടിക്കുകയായിരുന്നു ഞാന്‍. സര്‍വ്വ സൗഭാഗ്യങ്ങളുടേയും നടുവില്‍ ജീവിച്ചിട്ടും പരാതികളൊടുങ്ങാത്ത എന്റെ ലോകം തീയിട്ട് നശിപ്പിച്ചു കൊണ്ട് ആ അച്ഛനും അമ്മയും കരഞ്ഞു കൊണ്ടേയിരുന്നു...