ഴുതുന്നതിന്റെ സിംഹഭാഗവും MR (Measles Rubella) വാക്‌സിനേഷന്‍ ക്യാംപെയിനിനെ കുറിച്ചാണ്. എന്തിന് ഇത്രയേറെ ഒരു കാര്യത്തിന് വേണ്ടി വാദിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. സംശയക്കണ്ണ് കൊണ്ട് കാണുന്നവരുണ്ട്. കൂടുതല്‍ ചോദിച്ചറിയാന്‍ എത്തുന്നവരുണ്ട്. സ്വന്തം മക്കളുടെ സുരക്ഷയെ കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരുന്ന ദുരവസ്ഥ വല്ലാത്ത അദ്ഭുതം ജനിപ്പിക്കുന്നു എന്ന് പറയാതെ വയ്യ.

ഒക്ടോബര്‍ മൂന്നു തൊട്ട് ഒരു മാസത്തേക്ക് പത്താം മാസം മുതല്‍ പത്താം ക്ലാസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും എടുക്കുന്ന മീസില്‍സ് റുബല്ല വാക്‌സിന്‍ എന്ത് കൊണ്ടായിരിക്കും ഇത്രയേറെ ആശങ്കകള്‍ക്ക് വഴി വെക്കുന്നത്? വെയിലും മഴയും കണക്കാക്കാതെ രാജ്യത്ത് നിന്ന് അഞ്ചാം പനിയും റുബല്ലയും ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നവരുടെ നൂറിലൊന്ന് അധ്വാനം എഴുതാനും സംസാരിക്കാനും വേണ്ടി എടുക്കുന്നില്ലെങ്കിലും, പറയുന്നതില്‍ പലതും വാക്‌സിന്‍ വിരുദ്ധരുടെ പേക്കൂത്തിന് ഇടയില്‍ താറാവിനു മേല്‍ വെള്ളം വീണ പോലെ എങ്ങുമെത്താതെ പോകുന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് എന്ന് തുറന്നുപറയാതെ വയ്യ. 

മീസില്‍സ് എന്ന അഞ്ചാം പനിക്കും റുബെല്ല എന്ന ജര്‍മന്‍ മീസില്‍സിനുമെതിരെയുള്ള ഈ ഒറ്റ കുത്തിവെപ്പ് ഈ രണ്ട് രോഗങ്ങളേയും അവയുടെ സങ്കീര്‍ണതകളേയും തടയുവാന്‍ വേണ്ടിയുള്ളതാണ്. മീസില്‍സ് ഗുരുതരമായാല്‍ ശ്വാസകോശ അണുബാധയിലേക്കും മരണത്തിലേക്കും നീങ്ങാം. ഗര്‍ഭാവസ്ഥയില്‍ റുബെല്ല ഉണ്ടായാല്‍ ഗര്‍ഭസ്ഥശിശുവിന് കാഴ്ച വൈകല്യം, കേള്‍വിക്കുറവ്, ഹൃദയവൈകല്യം എന്നിവ ഉണ്ടാകാം. ഗര്‍ഭിണിക്ക് റുബെല്ല വന്നാല്‍ ഗര്‍ഭഛിദ്രം ചെയ്യാം എന്നെല്ലാമുള്ള ബാലിശമായ ചര്‍ച്ചകളുടെ അര്‍ത്ഥശൂന്യത അറിയണമെങ്കില്‍ പത്തും പന്ത്രണ്ടും വര്‍ഷം കാത്തു നിന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് റുബെല്ല വരണം. ആ കുഞ്ഞിനെ ഇല്ലാതാക്കേണ്ട ഗതികേടിനോളം വരുമോ ഒരു കുത്തിവെപ്പ്? അതല്ലെങ്കില്‍ ഒരായുസ്സ് മുഴുവന്‍ വൈകല്യമുള്ള കുഞ്ഞിനെ പേറുന്ന നിത്യദു:ഖത്തോളം വരുമോ ഒരു പ്രതിരോധകുത്തിവെപ്പ്? 

വാക്‌സിന്‍ വിരുദ്ധരുടെ ലക്ഷ്യം എന്ത് തന്നെയായാലും രോഗം വന്നാല്‍ നഷ്ടമുണ്ടാകുന്നത് നമുക്ക് മാത്രമാണ്. അമേരിക്കന്‍ ഗൂഢാലോചനാ സിദ്ധാന്തവും ബില്‍ഗേറ്റ്‌സും രാസവിഷവും കാളകൂടവുമൊന്നും പാടി നടക്കുന്നവര്‍ കുഞ്ഞിന് രോഗം വരുമ്പോള്‍ നമുക്ക് കൂട്ടുണ്ടാകില്ല. കുത്തിവെപ്പുകള്‍ മറ്റു രാജ്യങ്ങളില്‍ ഇല്ലെന്ന് ഊന്നിപ്പറയുന്നവര്‍ വെറുതെയെങ്കിലും അവിടങ്ങളിലെ കുത്തിവെപ്പ് പട്ടിക ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാതിരിക്കാന്‍ സാധിക്കുന്നുമില്ല. കുത്തിവെപ്പ് നിരോധിച്ചെന്ന് ചിലര്‍ പാടുന്ന അമേരിക്കയില്‍ കുഞ്ഞിന് കുത്തിവെപ്പ് എടുക്കാത്തതിന്റെ പേരില്‍ അമ്മ അറസ്റ്റിലായ വാര്‍ത്ത കണ്ടു. ഓസ്‌ട്രേലിയയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കിട്ടണമെങ്കില്‍ പോലും വാക്‌സിന്‍ എടുത്തിട്ടുണ്ടാകണം. ഹജ്ജിന് പോകണമെങ്കില്‍ വാക്‌സിനെടുക്കണം. ദക്ഷിണാഫ്രിക്കയില്‍ പോകാന്‍ യെല്ലോ ഫീവര്‍ വാക്‌സിനെടുക്കണം. നമ്മള്‍ മാത്രമെന്താണ് വാക്‌സിനേഷനെ ഇടംകണ്ണിട്ട് നോക്കുന്നത്?

തിരൂര്‍ ഭാഗത്തൊരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൈകൂപ്പിക്കൊണ്ട് 'കുത്തിവെപ്പ് മുടക്കരുതേ' എന്ന് വാക്‌സിന്‍ വിരുദ്ധരോട് കേണപേക്ഷിക്കുന്ന  ഡോക്ടറുടെ ചിത്രം ഇന്ന് കാണുകയുണ്ടായി. വല്ലാത്ത വേദനയാണ് തോന്നിയത്. പുറംരാജ്യങ്ങളില്‍ വാക്‌സിനേഷന്‍ കൃത്യമായി എടുത്തില്ലെങ്കില്‍ സ്‌കൂള്‍ അഡ്മിഷന്‍ നിഷേധിക്കപ്പെടുന്നു, ചില രാജ്യങ്ങളിലേക്ക് പ്രവേശനം പോലും നിഷേധിക്കുന്നു. എന്നിട്ടും നമ്മുടെ രാജ്യത്തു സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നല്‍കുമ്പോള്‍ മുഖം വാടുന്നത് ആരോഗ്യപ്രവര്‍ത്തകരുടേത് മാത്രമാകുന്നു എന്നതാണ് സങ്കടകരം.  മനസ്സിലാക്കാന്‍ മടിക്കുന്ന ജനങ്ങള്‍ നമുക്കില്ല, അവരെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രം 'സോഷ്യല്‍ മീഡിയ സാമൂഹ്യവിരുദ്ധര്‍'  നമുക്കുള്ളതാണ് നമ്മുടെ ശാപം. കാര്യങ്ങള്‍ വ്യക്തമാക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ മറന്ന് വാക്‌സിനേഷന് തയ്യാറായി മുന്നിട്ട് വരുന്ന രക്ഷിതാക്കള്‍ അഭിമാനകരമായ ദൃശ്യം തന്നെയാണ്.

വാക്‌സിന്‍ വിരുദ്ധര്‍ നെഞ്ചും വിരിച്ച് നടന്നിട്ടും യാതൊരു നടപടിയുമില്ലാത്ത നാടാണ് നമ്മുടേത്. വാക്‌സിന്‍ വിരുദ്ധതയുടെ അടിസ്ഥാനം വാട്ട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും അപ്പുറം കുട്ടിക്ക് കുത്തിവെക്കുന്ന വേദന മാത്രമായ ഒരു കൂട്ടം രക്ഷിതാക്കളുടെ സ്‌നേഹത്തിനോട് പല തവണ തിരുത്ത് പറയേണ്ടി വന്നിട്ടുണ്ട്. അവരോട് സ്‌നേഹത്തിന്റെ ഭാഷ ഫലിക്കാറുണ്ട്, ഫലിച്ചിട്ടുമുണ്ട്. ഒ.പി.യില്‍ വന്ന മീസില്‍സ് ഉള്ള കുഞ്ഞിനു കുത്തിവെപ്പ് എടുക്കാത്തതിന് വഴക്ക് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് ''ഓല് പറയുന്നതല്ലേ ഞമ്മക്ക് കേള്‍ക്കാന്‍ പറ്റൂ ഡോക്ടറെ'' എന്ന്  നിസ്സഹായായി പറഞ്ഞ ഇത്തയോട് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്ന് അന്തിച്ച് ഇരുന്നിട്ടുണ്ട്. സമൂഹത്തിന്റെ ഒരു ഭാഗം ഈ അവസ്ഥയിലാണ്.

മറ്റൊരു കൂട്ടര്‍ അന്ധതയുടെ അഹങ്കാരത്തില്‍. വാക്‌സിന്‍ കൊടുക്കാന്‍ ആവശ്യപ്പെട്ട് ബോധവല്‍ക്കരണത്തിന് ചെന്ന നേഴ്‌സിനെ ചീത്ത വിളിച്ച് വാതില്‍ കൊട്ടിയടച്ചത് എന്റെ അയല്‍പക്കത്താണ്. അവരോട് താണുകേണ് പറഞ്ഞ് തിരുത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. 

എന്റെ മക്കള്‍ക്ക് MR വാക്‌സിന്‍ നല്‍കുന്നത് ഫെയ്‌സ്ബുക്ക് ലൈവ് വന്ന ശേഷം കുറേയേറെ പേര്‍ വാക്‌സിനേഷന് തയ്യാറായിക്കൊണ്ട് ഇന്‍ബോക്‌സില്‍ വന്നതും കുത്തിവെപ്പ് എടുക്കാത്തവരും സന്തോഷത്തോടെ മുന്നിട്ട് വന്നതുമെല്ലാം നല്ല അനുഭവങ്ങളാണ്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍, അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ വരെ ആരോഗ്യപ്രവര്‍ത്തകര്‍ ഭൂമിയോളം താഴേണ്ടി വരുന്നു. 

ഗൂഢാലോചനാസിദ്ധാന്തവും സോഷ്യല്‍ മീഡിയ വൈദ്യവും അരങ്ങ് വാഴുന്നു. ഒരു മൂലക്കിരുന്ന് ഡിഫ്തീരിയയും മീസില്‍സുമെല്ലാം പല്ലിളിക്കുന്നുണ്ടാവാം. അതിനിടയില്‍ എങ്ങോ ഒരു നേരിയ തിരിവെട്ടമായി ആരോഗ്യമേഖലയുണ്ടാവാം. വിഷമവും നിരാശയും തോന്നായ്കയല്ല.  

പക്ഷേ, ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങള്‍ ചുറ്റും കാണുന്നുണ്ട്. MR വാക്‌സിനേഷന്‍ ആദ്യദിവസം മാത്രമെടുത്തത് 2,85,551 കുട്ടികളാണ്. അത് ചെറിയൊരു സംഖ്യയല്ല. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഞങ്ങളും സ്വപ്‌നം കാണുന്നുണ്ട്, വാക്‌സിന്‍ പ്രതിരോധ്യ രോഗങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതായ മലയാളനാട്. അതുണ്ടാകണമെന്നറിയാം, അതുണ്ടാകുമെന്നറിയാം. 

അറിയാമല്ലോ... പ്രതിരോധത്തോളം വരില്ല പ്രതിവിധി. കുഞ്ഞിന്റെ അവകാശങ്ങള്‍ നിറവേറ്റാം, ഈ ഒക്‌ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ മൂന്ന് വരെ പത്താം മാസം മുതല്‍ പത്താം ക്ലാസ് വരെയുള്ള നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നമുക്ക് MR വാക്‌സിന്‍ നല്‍കാം. അവര്‍ക്ക് മുന്‍പ് MMR/Measles വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ പോലും ഈ വാക്‌സിന്‍ നല്‍കുന്നത് അധികസംരക്ഷണം നല്‍കും. 

ആവര്‍ത്തിച്ചു പറയുന്നത് ആവര്‍ത്തിച്ചുള്ള വാക്‌സിന്‍ വിരുദ്ധതക്കുള്ള മറുപടിയാണ്. ഞങ്ങള്‍ക്കിതിലുള്ള ആത്മവിശ്വാസമാണ് ഈ ആവര്‍ത്തനം. നേരിന്റെ തനിയാവര്‍ത്തനം.

വാക്‌സിന്‍ ജീവാമൃതമാണ്, അവകാശമാണ്. നിഷേധിക്കരുത്...